യാഗപീഠം പുതുക്കിപ്പണിയുന്നു
3
അങ്ങനെ, ഏഴാംമാസത്തില്‍ യിസ്രായേല്‍ജനത തങ്ങളുടെ സ്വന്തം പട്ടണങ്ങളിലേക്കു നീങ്ങിയിരുന്നു. അക്കാലത്ത് ജനങ്ങളെല്ലാം യെരൂശലേമില്‍ കണ്ടുമുട്ടി. അവര്‍ ഒരൊറ്റ ജനതയായി ഒന്നിച്ചിരുന്നു. അനന്തരം യോസാദാക്കിന്‍റെ പുത്രനായ യേശുവയും അയാളോടൊപ്പമുണ്ടായിരുന്ന പുരോഹിതന്മാരും ശെയല്‍ത്തീയേലിന്‍റെ പുത്രനായ സെരൂബ്ബാബേലിനോടും അയാളോടൊപ്പമുണ്ടായിരുന്നവരോടും ചേര്‍ന്ന് യിസ്രായേലിന്‍റെ ദൈവത്തിന്‍റെ യാഗപീഠം പണിതു. തങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനാണ് അവര്‍ യിസ്രായേലിന്‍റെ ദൈവത്തിന് യാഗപീഠം പണിതത്. മോശെയുടെ നിയമത്തില്‍ പറയുന്പോലെ തന്നെയാണവര്‍ അതു നിര്‍മ്മിച്ചത്. ദൈവത്തിന്‍റെ വിശുദ്ധദാസനായിരുന്നു മോശെ.
അവര്‍ക്ക് തങ്ങളുടെ അയല്‍ക്കാരായ മറ്റു ജനങ്ങളെ ഭയമായിരുന്നു. എന്നാല്‍ അതവര്‍ക്കു തടസ്സമായിരുന്നില്ല. അവര്‍ പഴയ അസ്ഥിവാരത്തിന്മേല്‍ തന്നെ യാഗപീഠം പണിയുകയും അതിന്മേല്‍ യഹോവയ്ക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. പ്രഭാതത്തിലും സായാഹ്നത്തിലും അവര്‍ ആ ബലികളര്‍പ്പിച്ചു. അനന്തരം അവര്‍ മോശെയുടെ നിയമത്തില്‍ പറയുന്പോലെ തന്നെ കൂടാരത്തിരുനാള്‍ ആഘോഷിച്ചു. തിരുനാളിന്‍റെ ഓരോ ദിവസവും അവര്‍ ശരിയായ എണ്ണം ഹോമയാഗങ്ങളര്‍പ്പിച്ചു. അതിനുശേഷം അവര്‍ ഓരോ ദിവസവും ഹോമയാഗങ്ങളും പൌര്‍ണ്ണമിദിവസത്തേക്കുള്ള വഴിപാടുകളും യഹോവ കല്പിച്ചിട്ടുള്ള മറ്റു എല്ലാ വഴിപാടുകളും ദൈവത്തിന് അര്‍പ്പിക്കാന്‍ തുടങ്ങി. ഇഷ്ടാനുസൃതം യഹോവയ്ക്കു ജനങ്ങള്‍ സമ്മാനങ്ങളും ബലികളും സമര്‍പ്പിക്കാനും തുടങ്ങി. അങ്ങനെ, ഏഴാം മാസത്തിന്‍റെ ഒന്നാം ദിവസം തന്നെ ഈ യിസ്രായേലുകാര്‍ യഹോവയ്ക്കു ബലികളര്‍പ്പിക്കാന്‍ തുടങ്ങി. ആലയം പുതുക്കിപ്പണിയാതെ പോലും അവരതു ചെയ്തു.
ആലയത്തിന്‍റെ പുനര്‍നിര്‍മ്മാണം
അനന്തരം തടവില്‍നിന്നും തിരികെ വന്നവര്‍ കല്ലുവെട്ടുകാര്‍ക്കും മരപ്പണിക്കാര്‍ക്കും പണം നല്‍കി. ആഹാരം വീഞ്ഞ്, ഒലീവെണ്ണ എന്നിവയും അവര്‍ നല്‍കി. അവര്‍ ആ പണം ലെബാനോനില്‍നിന്നു ദൈവദാരുമരങ്ങള്‍ കൊണ്ടുവരുന്നതിന് ടൈറുകാര്‍ക്കും സീദോന്‍കാര്‍ക്കും നല്‍കുന്നതിനുപയോഗിക്കുകയും ചെയ്തു. ശലോമോന്‍ ആദ്യത്തെ ആലയം പണിതപ്പോള്‍ ചെയ്തതുപോലെ ദേവദാരുത്തടികള്‍ സമുദ്രതീരപട്ടണമായ യാഫോവിലേക്കു കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരാനായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെയൊക്കെ ചെയ്യാന്‍ പാര്‍സിരാജാവായ കോരേശ് അവര്‍ക്ക് അനുവാദം നല്‍കി.
അതിനാല്‍, ശെയല്‍തീയേലിന്‍റെ പുത്രനായ സെരൂബ്ബാബേലും യോസാദാക്കിന്‍റെ പുത്രനായ യേശുവയും അവര്‍ യെരൂശലേമില്‍ എത്തിയതിനു ശേഷം രണ്ടാം വര്‍ഷം രണ്ടാം മാസം തന്നെ ജോലിയാരംഭിച്ചു. അവരുടെ സഹോദരന്മാരായ പുരോഹിതന്മാരും ലേവ്യരും യെരൂശലേമിലേക്കു മോചിതരായി വന്നവരും എല്ലാം അവരോടൊപ്പം ജോലി തുടങ്ങി. ഇരുപതും അതിനുമേലും പ്രായമുള്ളവരെ അവര്‍ ദൈവാലയം പണിയുന്നതിന്‍റെ നേതാക്കളായി തെരഞ്ഞെടുത്തു. യഹോവയുടെ ആലയം പണിക്കു മേല്‍നോട്ടം വഹിച്ചവര്‍ ഇവരൊക്കെയാണ്: യേശുവയും അയാളുടെ പുത്രന്മാരും, കദ്മീയേലും അയാളുടെ പുത്രന്മാരും (യെഹൂദയുടെ പിന്‍ഗാമികള്‍), ഹെനാദാദിന്‍റെ പുത്രന്മാരും അയാളുടെ സഹോദരന്മാരും, ലേവ്യരും. 10 പണിക്കാര്‍ യഹോവയുടെ ആലയത്തിന്‍റെ അടിത്തറ കെട്ടുന്ന പണി പൂര്‍ത്തിയാക്കി. അടിത്തറയുടെ പണി കഴിഞ്ഞപ്പോള്‍ പുരോഹിതന്മാര്‍ തങ്ങളുടെ പുരോഹിതവസ്ത്രം ധരിച്ചു. അനന്തരം അവര്‍ തങ്ങളുടെ കാഹളവും എടുത്തു. ആസാഫിന്‍റെ പുത്രന്മാര്‍ തങ്ങളുടെ ഇലത്താളങ്ങളും എടുത്തു. യഹോവയെ സ്തുതിക്കാന്‍ അവര്‍ തങ്ങളുടെ സ്ഥാനങ്ങളിലെല്ലാം നിന്നു. മുന്പ് യിസ്രായേല്‍രാജാവായിരുന്ന ദാവീദ് കല്പിച്ചതുപോലെ തന്നെയായിരുന്നു അത്. 11 അവര്‍ പ്രതികരണഗാനങ്ങളും സ്തുതിഗാനങ്ങളും പാടി. ‘യഹോവ നല്ലവനായതിനാല്‍ അവനെ സ്തുതിക്കുക. അവന്‍റെ സത്യസ്നേഹം നിത്യമാകുന്നു’ എന്നവര്‍ പാടി. അപ്പോള്‍ എല്ലാവരും ആഹ്ലാദംകൊണ്ട് ഉറക്കെ ആര്‍ക്കുകയും യഹോവയെ സ്തുതിക്കുകയും ചെയ്തു. യഹോവയുടെ ആലയത്തിന് അസ്ഥിവാരമിട്ടതുകൊണ്ടാണവര്‍ ഇങ്ങനെ ചെയ്തത്.
12 എന്നാല്‍ വൃദ്ധപുരോഹിതര്‍, ലേവ്യര്‍, കുടുംബനായകര്‍ എന്നിവരില്‍ അധികം പേരും കരഞ്ഞു. എന്തുകൊണ്ടെന്നാല്‍ അതിസുന്ദരമായിരുന്ന ആദ്യത്തെ ആലയത്തെപ്പറ്റി ആ വൃദ്ധര്‍ ഓര്‍മ്മിച്ചു. പുതിയ ആലയം കണ്ടപ്പോഴാണവര്‍ കരഞ്ഞത്. മറ്റുള്ളവരധികവും ആഹ്ലാദം കൊണ്ടാര്‍ത്തു വിളിക്കുന്പോഴായിരുന്നു അവര്‍ കരഞ്ഞത്. 13 ആ ശബ്ദം വളരെ ദൂരെപ്പോലും കേള്‍ക്കാമായിരുന്നു. ആഹ്ലാദത്തിന്‍റെയും കരച്ചിലിന്‍റെയും ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തത്ര കോലോഹലമായിരുന്നു അവരെല്ലാം കൂടി ഉണ്ടാക്കിയത്.