1
തെസ്സലൊനീക്യര്‍ക്ക് എഴുതിയ രണ്ടാം ലേഖനം നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യയിലെ വിശ്വാസികളുടെ കൂട്ടത്തിന് പൌലൊസും സില്വാനൊസും തിമൊഥെയൊസും അഭിവാദ്യങ്ങള്‍ നേരുന്നു.
പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നുമുള്ള കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.
നിങ്ങളുടെ വിശ്വാസവും പരസ്പരമുള്ള സ്നേഹവും വര്‍ദ്ധിക്കുന്നതുകൊണ്ട് ദൈവത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എപ്പോഴും നന്ദി പറയുന്നത് ശരിയായ കാര്യമാണ്. അതുകൊണ്ട് നിങ്ങളെക്കുറിച്ച് മറ്റു ദൈവസഭകളില്‍ ഞങ്ങള്‍ പുകഴ്ത്തി പറയുന്നു. ബലത്തോടെ വിശ്വാസമുള്ളവരായി നിങ്ങള്‍ തുടരുന്ന രീതിയെപ്പറ്റി ഞങ്ങള്‍ മറ്റു സഭകളില്‍ പറയുന്നു. വളരെ ഏറെ ബുദ്ധിമുട്ടുകളും പീഢനങ്ങളും സഹിച്ചിട്ടും നിങ്ങള്‍ ഉറച്ച വിശ്വാസത്തിലും ബലത്തിലും തുടരുന്നു.
പൌലൊസ് ദൈവത്തിന്‍റെ ന്യായവിധിയെപ്പറ്റി
നീതിപൂര്‍വ്വമായ ദൈവവിധിയുടെ തെളിവാണ് കഷ്ടങ്ങളെല്ലാം നിങ്ങള്‍ സഹിക്കുന്നത്, ദൈവരാജ്യത്തിനു ദൈവം നിങ്ങളെ അര്‍ഹരാക്കുന്നതിനായാണ്. ശരിയേതോ അതു ദൈവം ചെയ്യും. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് അവനും ദുരിതങ്ങള്‍ നല്‍കും. നിങ്ങളില്‍ പ്രയാസം ഉള്ള എല്ലാവര്‍ക്കും ദൈവം സമാധാനം നല്‍കുകയും ചെയ്യും. കര്‍ത്താവായ യേശു അതിശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്പോള്‍ ദൈവം ഈ സഹായം നമുക്ക് തരും. ദൈവത്തെ അറിയാത്തവരെ ശിക്ഷിക്കുവാനായി എരിതീയുമായി അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വരും. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവരെ അവന്‍ ശിക്ഷിക്കും. എക്കാലത്തേക്കും നിലനില്‍ക്കുന്ന ഒരു നശീകരണം കൊണ്ട് അവര്‍ ശിക്ഷിക്കപ്പെടും. കര്‍ത്താവിനോടൊപ്പമായിരിക്കാന്‍ അവരെ അനുവദിക്കയില്ല. അവരെ അവന്‍റെ മഹാശക്തിയില്‍ നിന്നും അകറ്റി നിര്‍ത്തും. 10 കര്‍ത്താവ് വരുന്ന ദിവസം ഇതു സംഭവിക്കും. മഹത്വവും ബഹുമാനവും തന്‍റെ വിശുദ്ധന്മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും സ്വീകരിക്കുന്നതിനു വേണ്ടി യേശു വരും. വിശ്വാസികളൊക്കെ യേശുവിന്‍റെ പ്രഭാവത്തില്‍ അത്ഭുതപ്പെടും. നിങ്ങള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചതിനാല്‍ നിങ്ങള്‍ ആ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും.
11 അതിനാലാണ് ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അവനാല്‍ വിളിക്കപ്പെട്ട നല്ല വഴിയില്‍ നമ്മുടെ ദൈവം നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളിലുള്ള നന്മ, നിങ്ങളെക്കൊണ്ട് സല്‍പ്രവൃത്തി ചെയ്യിക്കുന്നു. നിങ്ങളിലുള്ള വിശ്വാസം നിങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ഈ കാര്യങ്ങളൊക്കെ കൂടുതല്‍ കൂടുതലായി ചെയ്യുവാന്‍ ദൈവം തന്‍റെ ശക്തി തന്നു നിങ്ങളെ സഹായിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 12 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന് നിങ്ങളില്‍ മഹത്വമുണ്ടാകുമെന്നതിനു ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ക്രിസ്തുവില്‍ മഹത്വം ഉണ്ടാകും. ആ മഹത്വം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും പിതാവായ ദൈവത്തിന്‍റെയും കൃപയില്‍ നിന്നു വരുന്നതാണ്.