ലാസറിന്‍റെ മരണം
11
ബേഥാന്യയില്‍ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായി കിടന്നു. ഇവിടെത്തന്നെയാണ് മറിയയും സഹോദരി മാര്‍ത്തയും താമസിച്ചിരുന്നത്. (ഇതേ മറിയയാണ് പിന്നീട് യേശുവിനെ തൈലാഭിഷേകം ചെയ്തതും അവന്‍റെ കാലുകളെ തലമുടികൊണ്ട് തുടച്ചതും.) മറിയയുടെ സഹോദരനാണ് ഇപ്പോള്‍ രോഗിയായ ലാസര്‍. അതുകൊണ്ട് മറിയയും മാര്‍ത്തയും സന്ദേശവുമായി ഒരാളെ യേശുവിന്‍റെയടുത്തേക്കു അയച്ചു പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ പ്രിയ സുഹൃത്ത് ലാസര്‍ രോഗിയായിരിക്കുന്നു.”
ഇതു കേട്ട് യേശു പറഞ്ഞു, “ഈ രോഗത്തിന്‍റെ അന്ത്യം മരണമല്ല. ഇതു ദൈവത്തിന്‍റെ മഹത്വത്തിന്‍റേതാണ്. മനുഷ്യപുത്രനു മഹത്വമുണ്ടാകാനാണു ഇതു വന്നത്.” (യേശു മാര്‍ത്തയെയും സഹോദരിയെയും ലാസറെയും സ്നേഹിച്ചിരുന്നു). ലാസര്‍ രോഗിയാണെന്നു കേട്ടപ്പോള്‍ യേശു താന്‍ പാര്‍ത്തിരുന്നിടത്തു രണ്ടു ദിവസം കൂടി തങ്ങി. അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നമുക്ക് യെഹൂദ്യയിലേക്കു മടങ്ങണം.”
ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ ഗുരോ, യെഹൂദ്യയിലെ യെഹൂദര്‍ അങ്ങയെ കല്ലെറിയാന്‍ ശ്രമിച്ചവരാണ്. അതും ഈയിടെ. എന്നിട്ടും അങ്ങയ്ക്കു അവിടെ പോകണമെന്നോ?”
യേശു മറുപടി പറഞ്ഞു, “ദിവസം പന്ത്രണ്ടു മണിക്കൂര്‍ പ്രകാശമുണ്ടെന്നതു ശരിയല്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിമറിഞ്ഞു വീഴുന്നില്ല. കാരണമെന്തെന്നാല്‍ ഈ ലോകത്തിന്‍റെ വെളിച്ചത്തില്‍ അവനു കാണാം. 10 പക്ഷേ രാത്രിയില്‍ നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം? അവന്‍റെ കാഴ്ചയ്ക്കു വേണ്ട പ്രകാശമില്ല.”
11 യേശു ഇതെല്ലാം പറഞ്ഞതിനു ശേഷം പറഞ്ഞു, “നമ്മുടെ സുഹൃത്ത് ലാസര്‍ ഉറങ്ങുന്നു. അവനെ ഉണര്‍ത്താനാണു ഞാന്‍ പോകുന്നത്.”
12 ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ കര്‍ത്താവേ, അവന്‍ ഉറങ്ങുകയാണെങ്കില്‍ സുഖം പ്രാപിക്കും.” 13 ലാസര്‍ മരിച്ചുവെന്നാണ് യേശു അര്‍ത്ഥമാക്കിയത്. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ലാസര്‍ സ്വാഭാവികമായി ഉറങ്ങുന്നുവെന്ന് യേശു പറഞ്ഞുവെന്നാണ്.
14 അതിനാല്‍ യേശു വ്യക്തമാക്കി, “ലാസര്‍ മരിച്ചു. 15 ഞാനവിടെ ഇല്ലായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ കരുതി ഞാന്‍ സന്തോഷിക്കുന്നു. കാരണം ഇപ്പോള്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമല്ലോ. നമുക്കിപ്പോള്‍തന്നെ അവന്‍റെയടുത്തു പോകാം.”
16 അപ്പോള്‍ ദിദിമൊസ് എന്നു വിളിക്കപ്പെടുന്ന തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു, “നമ്മള്‍ക്കും പോകാം. യെഹൂദ്യയില്‍ യേശുവിനോടൊപ്പം നമുക്കും മരിക്കാം.”
യേശു ബേഥാന്യയില്‍
17 യേശു ബേഥാന്യയിലെത്തി. അപ്പോഴേക്കും ലാസര്‍ മരിച്ചുവെന്നും കല്ലറയിലായിട്ടു തന്നെ നാലു ദിവസമായെന്നും യേശു അറിഞ്ഞു. 18 യെരൂശലേമില്‍നിന്നും രണ്ടു നാഴിക മാറിയായിരുന്നു ബേഥാന്യ. 19 അനേകം യെഹൂദര്‍ മാര്‍ത്തയേയും മറിയയേയും കാണാന്‍ വന്നു. സഹോദരനെക്കുറിച്ച് അവരെ സമാധാനിപ്പിക്കാനാണ് യെഹൂദര്‍ വന്നത്.
20 യേശു വരുന്നെന്നു മാര്‍ത്ത അറിഞ്ഞു. അവള്‍ ചെന്ന് അവനെ സന്ധിച്ചു. എന്നാല്‍ മറിയ വീട്ടില്‍ തങ്ങി. 21 മാര്‍ത്ത യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു. 22 എങ്കിലും ദൈവത്തോട് ഇപ്പോഴും നീ ആവശ്യപ്പെടുന്നത് എന്തുതന്നെയായാലും നിനക്കവന്‍ തരുമെന്ന് എനിക്കറിയാം.”
23 യേശു പറഞ്ഞു, “നിന്‍റെ സഹോദരന്‍ എഴുന്നേറ്റു വീണ്ടും ജീവിക്കും.”
24 മാര്‍ത്ത പറഞ്ഞു, “അന്ത്യനാളില്‍ ആളുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അവനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കറിയാം.”
25 യേശു അവളോടു പറഞ്ഞു, “ഞാനാകുന്നു പുനരുത്ഥാനം. ഞാനാണ് ജീവന്‍. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും വീണ്ടും ജീവിക്കും. 26 എന്നില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും മരിക്കില്ല. നീയിതു വിശ്വസിക്കുന്നുവോ മാര്‍ത്തേ?”
27 മാര്‍ത്ത മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ദൈവപുത്രനായ ക്രിസ്തു നീയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലേക്കു വരുന്നവന്‍ നീയാണ്.”
യേശു കരയുന്നു
28 ഇത്രയും പറഞ്ഞ് മാര്‍ത്ത മറിയയുടെ അടുത്തേക്കു പോയി. അവള്‍ മറിയയോട് ഒറ്റയ്ക്കു സംസാരിച്ചു. മാര്‍ത്ത പറഞ്ഞു, “ഗുരു ഇവിടെയുണ്ട്. അവന്‍ നിന്നെ അന്വേഷിക്കുന്നു.” 29 അതു കേട്ടയുടനെ മറിയ എഴുന്നേറ്റ് യേശുവിന്‍റെ അടുത്തേക്ക് ഓടി. 30 യേശു ഇതുവരെ ഗ്രാമത്തിലെത്തിയിരുന്നില്ല. അവനപ്പോഴും മാര്‍ത്ത അവനെ സന്ധിച്ച സ്ഥലത്തു തന്നെയായിരുന്നു. 31 മറിയയെ വീട്ടില്‍ വച്ചു ആശ്വസിപ്പിച്ചു കൊണ്ടിരുന്ന യെഹൂദരും അവളോടൊപ്പം പോയി. അവള്‍ പെട്ടെന്നു പുറത്തേക്കു പോകുന്നതവര്‍ കണ്ടിരുന്നു. അവള്‍ ലാസറിന്‍റെ കല്ലറയില്‍ കരയാന്‍ പോകുകയാണെന്ന് അവര്‍ കരുതി. 32 അവള്‍ യേശുവുണ്ടായിരുന്ന സ്ഥലത്തെത്തി. മറിയ യേശുവിനെ കണ്ടപ്പോള്‍ അവന്‍റെ കാല്‍ക്കല്‍ വീണു. മറിയ പറഞ്ഞു, “കര്‍ത്താവേ, നീയിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.”
33 മറിയ കരയുന്നത് യേശു കണ്ടു. അവളോടൊപ്പം വന്ന യെഹൂദരെയും യേശു കണ്ടു. അവരും കരയുകയായിരുന്നു. യേശുവിനു കടുത്ത ദുഃഖം തോന്നി. അവന്‍റെ ഹൃദയം കലങ്ങി മറിഞ്ഞു. 34 യേശു ചോദിച്ചു, “എവിടെയാണു നിങ്ങളവനെ സംസ്കരിച്ചത്?”
അവര്‍ പറഞ്ഞു, “കര്‍ത്താവേ, വന്നു കണ്ടാലും.”
35 യേശു കരഞ്ഞു.
36 യെഹൂദര്‍ പറഞ്ഞു, “നോക്കൂ, യേശു ലാസറിനെ എത്രമാത്രം സ്നേഹിച്ചിരുന്നു.”
37 പക്ഷേ ചില യെഹൂദര്‍ പറഞ്ഞു, “യേശു ഒരന്ധനു കാഴ്ച നല്‍കി. ലാസര്‍ മരിക്കുന്നതില്‍ നിന്നു തടയാന്‍ എന്തുകൊണ്ട് അവനൊന്നും ചെയ്തില്ല?”
യേശു ലാസറിനെ വീണ്ടും ജീവിപ്പിക്കുന്നു
38 വീണ്ടും യേശുവിന്‍റെ മനസ്സില്‍ ദുഃഖം നിറഞ്ഞു. ലാസറിനെ അടക്കം ചെയ്ത കല്ലറയിലേക്കവന്‍ പോയി. വാതില്‍ വലിയൊരു കല്ലുകൊണ്ടടച്ച ഒരു ഗുഹയായിരുന്നു അത്. 39 യേശു കല്പിച്ചു, “കല്ല് എടുത്തു മാറ്റൂ.”
മാര്‍ത്ത പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ലാസര്‍ മരിച്ചിട്ടു നാലു ദിവസമായി. അതു തുറന്നാല്‍ ദുര്‍ഗന്ധമുണ്ടാവും.” മരിച്ച ആളുടെ സഹോദരിയായിരുന്നു മാര്‍ത്ത.
40 അപ്പോള്‍ യേശു മാര്‍ത്തയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞത് ഓര്‍മ്മിക്കുക. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ മഹത്വം നിനക്കു കാണാമെന്നു ഞാന്‍ പറഞ്ഞില്ലേ?”
41 അതിനാലവര്‍ കല്ല് ഉരുട്ടി മാറ്റി. അപ്പോള്‍ യേശു മുകളിലേക്കു നോക്കി പറഞ്ഞു, “പിതാവേ, എന്നെ ശ്രവിച്ചതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു. 42 അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്‍റെ ചുറ്റുമുള്ള ആളുകളെ കരുതിയാണ് ഞാനതൊക്കെ പറഞ്ഞത്. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.” 43 ഇതു പറഞ്ഞതിനു ശേഷം യേശു വലിയ ഉച്ചത്തില്‍ വിളിച്ചു, “ലാസര്‍ പുറത്തു വരൂ.” 44 മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ തുണിക്കഷണങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. മുഖം തൂവാലയില്‍ പൊതിഞ്ഞിരുന്നു.
യേശു ആളുകളോടു പറഞ്ഞു, “അവന്‍റെമേല്‍ നിന്ന് വസ്ത്രങ്ങളെടുത്ത് അവനെ പോകാനനുവദിക്കുക.”
യേശുവിനെ വധിക്കാന്‍ ആലോചന
(മത്താ. 26:1-5; മര്‍ക്കൊ. 14:1-2; ലൂക്കൊ. 22:1-2)
45 മറിയയെ സന്ദര്‍ശിക്കാന്‍ വളരെയധികം യെഹൂദര്‍ എത്തിയിരുന്നു. യേശു ചെയ്തത് അവര്‍ കണ്ടു. അവരിലധികംപേരും യേശുവില്‍ വിശ്വസിച്ചു. 46 എന്നാല്‍ ചില യെഹൂദര്‍ പരീശന്മാരുടെ അടുത്തേക്ക് ചെന്നു. യേശു ചെയ്തതെല്ലാം അവര്‍ പരീശന്മാരോടു വിവരിച്ചു. 47 അപ്പോള്‍ പരീശന്മാരും മഹാപുരോഹിതന്മാരും ചേര്‍ന്ന് യെഹൂദസഭ വിളിച്ചുകൂട്ടി. അവര്‍ ചോദിച്ചു, “നാമെന്തു ചെയ്യാന്‍ ഈ മനുഷ്യന്‍ വളരെ അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യുന്നു. 48 അവനെ ഈ വഴിയില്‍ തുടരാന്‍ നമ്മള്‍ അനുവദിച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ ദൈവാലയവും രാജ്യവും കൈയടക്കും.”
49 ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യാഫാവും അവിടെയുണ്ടായിരുന്നു. കയ്യാഫാവ് പറഞ്ഞു, “നിങ്ങള്‍ക്കൊന്നും അറിയുകയില്ല. 50 ദേശം മുഴുവനും നശിക്കുന്നതിലും ഒരു മനുഷ്യന്‍ ജനത്തിനു വേണ്ടി മരിക്കുന്നതു നിങ്ങളുടെ നന്മയ്ക്കാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നില്ല.”
51 ഇതു കയ്യാഫാവ് സ്വയം ചിന്തിച്ചുണ്ടാക്കിയതല്ല. അവനായിരുന്നു ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍. ആ നിലയില്‍ പ്രവചിക്കുകയായിരുന്നു അയാള്‍. യേശു രാജ്യത്തിനുവേണ്ടി മരിക്കുമെന്ന് അയാള്‍ പറഞ്ഞു. 52 അതെ, യെഹൂദജനതയ്ക്കുവേണ്ടി യേശു മരിക്കണം. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന ദൈവത്തിന്‍റെ മറ്റു മക്കള്‍ക്കു വേണ്ടിയും കൂടിയാണ് അവന്‍ മരിക്കുന്നത്. അവരെയെല്ലാം സംഘടിപ്പിച്ച് ഒന്നാക്കുന്നതിന് അവന്‍ മരിക്കണം.
53 അന്ന് യെഹൂദാനേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു, 54 അതിനാലവന്‍ യെഹൂദരുടെയിടയില്‍ സ്വതന്ത്രമായി നടക്കുന്നതു നിര്‍ത്തി. അവന്‍ യെരൂശലേംവിട്ട് മരുഭൂമിയ്ക്കടുത്തൊരിടത്തേക്കു പോയി. യേശു എഫ്രയീമിലെ നഗരത്തിലേക്കു പോയി ശിഷ്യന്മാരോടൊത്ത് അവിടെ തങ്ങി.
55 യെഹൂദരുടെ പെസഹ ഉത്സവം അടുത്തിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്ന് അനവധിയാളുകള്‍ പെസഹായ്ക്ക് യെരൂലേമിലേക്കു പോയി. ശുദ്ധീകരണത്തിനുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്കാണവര്‍ പോയത്. 56 അവര്‍ യേശുവിനെ തിരഞ്ഞു. ദൈവാലയത്തില്‍ അവര്‍ പരസ്പരം ചോദിച്ചു, “യേശു ഉത്സവത്തിനു വരുമോ? നിനക്കെന്തു തോന്നുന്നു.” 57 മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെപ്പറ്റി ഒരു പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ആരെങ്കിലും യേശുവിനെ കണ്ടാലുടന്‍ തങ്ങളെ വിവരമറിയിക്കണം. അപ്പോള്‍ മഹാപുരോഹിതന്മാര്‍ക്കും പരീശന്മാര്‍ക്കും യേശുവിനെ പിടിക്കാമല്ലോ.