യേശു ശിഷ്യന്മാരെ സമാശ്വസിപ്പിക്കുന്നു
14
യേശു പറഞ്ഞു, “നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക. എന്‍റെ പിതാവിന്‍റെ വസതിയില്‍ അനേകം മുറികളുണ്ട്. അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും ഞാന്‍ നിങ്ങളോടു പറയുകയില്ലായിരുന്നു. നിങ്ങള്‍ക്കവിടെ ഒരിടമുണ്ടാക്കാന്‍ ഞാന്‍ പോകുന്നു. അവിടെ നിങ്ങള്‍ക്കൊരിടമുണ്ടാക്കിയിട്ട് ഞാന്‍ തിരിച്ചു വരാം. ഞാനുള്ള സ്ഥലത്ത് നിങ്ങളും ഉണ്ടായിരിക്കേണ്ടതിനായി, അപ്പോള്‍ നിങ്ങളെ എന്നോടൊപ്പം കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേയ്ക്കുള്ള വഴി നിങ്ങള്‍ക്കറിയാം.”
തോമസ് പറഞ്ഞു, “നീ പോകുന്നത് എവിടേക്കാണെന്നു ഞങ്ങള്‍ക്കറിയില്ല കര്‍ത്താവേ. പിന്നെങ്ങനെ ഞങ്ങള്‍ക്കു വഴിയറിയാനാവും?”
യേശു മറുപടി പറഞ്ഞു, “വഴിയും സത്യവും ജീവനും ഞാനാകുന്നു. പിതാവിലേക്കുള്ള ഏകമാര്‍ഗ്ഗം എന്നിലൂടെയാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്നെ അറിഞ്ഞെങ്കില്‍ എന്‍റെ പിതാവിനെയും അറിയണം. എന്നാലിപ്പോള്‍ നിങ്ങള്‍ക്ക് എന്‍റെ പിതാവിനെ അറിയാം. നിങ്ങളവനെ കണ്ടിട്ടുമുണ്ട്.”
ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തന്നാലും. ഞങ്ങള്‍ക്കതു മതിയാകും.”
യേശു മറുപടി പറഞ്ഞു, “ഫിലിപ്പോസേ, ഞാന്‍ ഇത്രയും കാലം നിങ്ങളോടൊത്തുണ്ടായിരുന്നു. അതിനാല്‍ നിങ്ങളെന്നെ അറിയണം. എന്നെ കണ്ടവന്‍ പിതാവിനെയും കണ്ടിട്ടുണ്ട്. പിന്നെന്താണ്, ‘ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തരൂ’ എന്നു പറയുന്നത്? 10 ഞാന്‍ പിതാവിലും പിതാവ് എന്നിലുമുണ്ടെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും എന്നില്‍ നിന്നും വന്നതല്ല. പിതാവ് എന്നില്‍ വസിച്ച് അവന്‍റെ ജോലികള്‍ ചെയ്യുന്നു. 11 എന്‍റെ പിതാവ് എന്നിലും ഞാന്‍ പിതാവിലും വസിക്കുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക. അല്ലെങ്കില്‍ എന്‍റെ അത്ഭുതപ്രവര്‍ത്തികള്‍ നിമിത്തം വിശ്വസിക്കുക.
12 “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്നില്‍ വിശ്വസിക്കുന്നവന് ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാനാവും. അതെ, ഞാന്‍ ചെയ്തതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പോലും അവന്‍ ചെയ്യും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ പിതാവിലേക്കു പോകുന്നു. 13 എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാനതു നിങ്ങള്‍ക്കായി ചെയ്യും. അപ്പോള്‍ പിതാവിന്‍റെ മഹത്വം പുത്രനിലൂടെ കാണിക്കപ്പെടും. 14 എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ചോദിച്ചാല്‍ ഞാനതു നിറവേറ്റും.
പരിശുദ്ധാത്മാവിന്‍റെ വാഗ്ദാനം
15 “നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കണം. 16 മറ്റൊരു സഹായിയെക്കൂടി അയയ്ക്കാന്‍ ഞാന്‍ പിതാവിനോട് അഭ്യര്‍ത്ഥിക്കും. ആ സഹായിയെ എന്നെന്നേയ്ക്കുമായി അവന്‍ നിങ്ങള്‍ക്കു നല്‍കും. 17 ആ സഹായി* സഹായി അഥവാ “ആശ്വാസദായകന്‍” പരിശുദ്ധാത്മാവ്. സത്യത്തിന്‍റെ ആത്മാവായിരിക്കും. സത്യത്തിന്‍റെ ആത്മാവ് പരിശുദ്ധാത്മാവ്. യേശുവിന്‍റെ അനുയായികളെ ദൈവത്തിന്‍റെ സത്യം മനസ്സിലാക്കാന്‍ സഹായിക്കുക… അവന്‍റെ ജോലിയായിരുന്നു. യോഹ. 16:13. ലോകത്തിന് അവനെ സ്വീകരിക്കാനാവില്ല. കാരണം ലോകം അവനെ കാണുകയോ അറിയുകയോ ഇല്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. അവന്‍ നിങ്ങളോടൊപ്പവും നിങ്ങളിലും വസിക്കുന്നു.
18 “അപ്പനമ്മമാരില്ലാത്ത കുട്ടികളെപ്പോലെ ഞാന്‍ നിങ്ങളെ ഒറ്റയ്ക്ക് ഉപേക്ഷിക്കില്ല. ഞാന്‍ നിങ്ങളിലേക്കു മടങ്ങിവരും. 19 അല്പസമയം കൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല. പക്ഷേ നിങ്ങള്‍ എന്നെക്കാണും. ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും. 20 ആ ദിവസം ഞാന്‍ പിതാവിലുണ്ടെന്ന് നിങ്ങളറിയും. നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ഉണ്ടെന്ന് നിങ്ങളറിയും. 21 എന്‍റെ കല്പനകള്‍ അറിഞ്ഞ് അവ അനുസരിക്കുന്നവന്‍ എന്നെ യഥാര്‍ത്ഥത്തിലും സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കും. ഞാനവന് എന്നെ കാട്ടിക്കൊടുക്കും.”
22 അപ്പോള്‍ യൂദാ (യൂദാ ഇസ്കര്യോത്ത് അല്ല) ചോദിച്ചു, “പക്ഷേ കര്‍ത്താവേ, എന്തുകൊണ്ടാണ് നീ നിന്നെത്തന്നെ ഞങ്ങള്‍ക്കു കാട്ടുകയും ലോകത്തിനു കാട്ടാതിരിയ്ക്കുകയും ചെയ്യുന്നത്?”
23 യേശു മറുപടി പറഞ്ഞു, “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കും. ഞാനും എന്‍റെ പിതാവും അവനിലേക്കു വന്ന് അവനോടൊത്തു വസിക്കും. 24 എന്നാല്‍ എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കയില്ല. നിങ്ങള്‍ കേള്‍ക്കുന്ന എന്‍റെ വചനങ്ങളൊന്നും എന്‍റേതല്ല. അതെല്ലാം എന്നെ അയച്ച എന്‍റെ പിതാവില്‍ നിന്നും ആണ്.
25 “ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്ന കാലത്ത് ഞാനിതെല്ലാം പറഞ്ഞിരുന്നു. 26 പക്ഷേ സഹായി നിങ്ങളെ എല്ലാം പഠിപ്പിക്കും. ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മ്മിക്കാന്‍ സഹായി നിങ്ങള്‍ക്കു കാരണമാകും. പിതാവ് എന്‍റെ നാമത്തില്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവായിരിക്കും ആ സഹായി.
27 “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. ഞാന്‍ തരുന്നത് എന്‍റെ തന്നെ സമാധാനമാണ്. ലോകം ചെയ്യുന്നതില്‍നിന്നും വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് ഞാന്‍ സമാധാനം തരുന്നത്. അതിനാല്‍ നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ഭയപ്പെടേണ്ട. 28 ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടല്ലോ, ‘ഞാന്‍ പോകുന്നു. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും.’ നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍ ഞാന്‍ പിതാവിലേക്കു മടങ്ങുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. കാരണം പിതാവ് എന്നേക്കാള്‍ ശ്രേഷ്ഠനാണ്. 29 ഇതു സംഭവിക്കും മുന്പ് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നു. അപ്പോള്‍ ഇതു സംഭവിക്കുന്പോള്‍ നിങ്ങള്‍ വിശ്വസിക്കും.
30 “ഞാനിനി അധികം നേരം നിങ്ങളോടു സംസാരിക്കയില്ല. ഈ ലോകത്തിന്‍റെ ഭരണാധിപന്‍ വരുന്നു. അവന് എന്‍റെമേല്‍ ഒരു ശക്തിയുമില്ല. 31 പക്ഷേ ഞാനെന്‍റെ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം അറിയണം. അതിനായി പിതാവ് കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു.
“വരൂ, നമുക്കിവിടം വിട്ടുപോകാം.”