19
അപ്പോള്‍ യേശുവിനെ കൊണ്ടുപോയി ചാട്ടയടി നല്‍കുവാന്‍ പീലാത്തൊസ് കല്പന നല്‍കി. ഭടന്മാര്‍ മുള്ളുകൊന്പുകള്‍ കൊണ്ട് ഒരു കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയില്‍ ചാര്‍ത്തി. അവരവനെ ഒരു നീളന്‍ ചെങ്കുപ്പായം അണിയിച്ചു. അവര്‍ പലവട്ടം അവന്‍റെയടുത്തുവന്ന് “യെഹൂദന്മാരുടെ രാജാവേ വന്ദനം!” എന്നു വിളിക്കുകയും യേശുവിന്‍റെ മുഖത്ത് ഇടിക്കുകയും ചെയ്തു.
പീലാത്തൊസ് വീണ്ടും പുറത്തേക്കു വന്ന് യെഹൂദരോടു പറഞ്ഞു, “നോക്കൂ ഞാന്‍ ഇവനെ പുറത്തേക്കു കൊണ്ടുവരുന്നു. ഇവനെതിരെ കുറ്റമൊന്നും ആരോപിക്കാന്‍ ഞാന്‍ കാണുന്നില്ലെന്നറിയിക്കുവാനാണത്.” അപ്പോള്‍ മുള്‍ക്കിരീടവും ചുവപ്പു മേലങ്കിയും ധരിച്ച യേശു പുറത്തു വന്നു. പീലാത്തൊസ് യെഹൂദരോട് പറഞ്ഞു, “ഇതാ അവന്‍.”
മഹാപുരോഹിതന്മാരും യെഹൂദ കാവല്‍ക്കാരും അവനെ കണ്ടപ്പോള്‍ വിളിച്ചു കൂകി, “അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!”
പക്ഷേ പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ തന്നെ കൊണ്ടുപോയി അവനെ ക്രൂശിക്കുക. അവനെതിരെ ചാര്‍ത്താന്‍ കുറ്റമൊന്നും ഞാന്‍ കാണുന്നില്ല.”
യെഹൂദര്‍ പറഞ്ഞു, “സ്വയം ദൈവപുത്രനെന്നു വിശേഷിപ്പിക്കുന്ന ഇവന്‍ മരിക്കണമെന്നു പറയുന്ന ഒരു ന്യായപ്രമാണം ഞങ്ങള്‍ക്കുണ്ട്.”
ഇതുകേട്ട് പീലാത്തൊസ് കൂടുതല്‍ ഭയന്നു. അയാള്‍ വീണ്ടും കൊട്ടാരത്തിനുള്ളിലേക്കു പോയി. അയാള്‍ യേശുവിനോടു ചോദിച്ചു, “നീ എവിടെ നിന്നു വരുന്നു?” എന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല. 10 “നീയെന്നോടു സംസാരിക്കില്ലേ. എനിക്കു നിന്നെ വിട്ടയയ്ക്കാനുള്ള അധികാരമുണ്ടെന്നോര്‍ക്കുക. നിന്നെ ക്രൂശിക്കാനുള്ളതും.”
11 യേശു മറുപടി പറഞ്ഞു, “ദൈവം നിന്നെ ഏല്പിച്ചിട്ടുള്ള അധികാരമേ നിനക്ക് എന്‍റെമേല്‍ ഉള്ളൂ. അതിനാല്‍ എന്നെ നിന്നെ ഏല്പിച്ചവന്‍ കൂടുതല്‍ പാപത്താല്‍ കുറ്റവാളിയാണ്.”
12 അതിനുശേഷം പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ യെഹൂദര്‍ വിളിച്ചു പറഞ്ഞു, “സ്വയം രാജാവാകുന്നവന്‍ കൈസര്‍ക്കെതിരാണ്. അതിനാല്‍ അവനെ താങ്കള്‍ വിട്ടയച്ചാല്‍ താങ്കള്‍ കൈസറിന്‍റെ ശത്രുവാകും.”
13 യെഹൂദര്‍ പറഞ്ഞത് പീലാത്തൊസ് കേട്ടു. അയാള്‍ യേശുവിനെ പുറത്തു കൊണ്ടുവന്നു. പീലാത്തൊസ് കല്‍ത്തളത്തിലെ (ഇതിന് എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നു പറയും.) ന്യായാസനത്തില്‍ ഇരുന്നു. 14 പെസഹാവാരത്തിന്‍റെ തയ്യാറെടുപ്പുദിനം ഉച്ചയോടടുത്തിരുന്നു. പീലാത്തൊസ് യെഹൂദരോടു പറഞ്ഞു, “ഇതാ നിങ്ങളുടെ രാജാവ്.”
15 യെഹൂദര്‍ വിളിച്ചു പറഞ്ഞു, “അവനെ കൊണ്ടു പോകുക! അവനെ കൊണ്ടുപോകുക! അവനെ ക്രൂശിക്കുക!”
പീലാത്തൊസ് യെഹൂദരോട് ചോദിച്ചു, “നിങ്ങളുടെ രാജാവിനെ ക്രൂശിക്കാനാണോ എന്നോടാവശ്യപ്പെടുന്നത്?”
മഹാപുരോഹിതന്മാര്‍ മറുപടി പറഞ്ഞു, “ഞങ്ങളുടെ ഏക രാജാവ് കൈസറാണ്.”
16 അതുകൊണ്ട് പീലാത്തൊസ് യേശുവിനെ ക്രൂശിക്കാന്‍ അവരെ ഏല്പിച്ചു.
യേശുവിനെ ക്രൂശിക്കുന്നു
(മത്താ. 27:32-44; മര്‍ക്കൊ. 15:21-32; ലൂക്കൊ. 23:26-39)
ഭടന്മാര്‍ യേശുവിനെ കൊണ്ടുപോയി. 17 യേശു സ്വന്തം ക്രൂശു ചുമന്നിരുന്നു. “തലയോടിടം” എന്നറിയപ്പെടുന്ന (യെഹൂദ ഭാഷയില്‍ “ഗോല്‍ഗോഥാ”) സ്ഥലത്തേക്കവന്‍ പോയി. 18 അവിടെ അവര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ മറ്റു രണ്ടുപേരെക്കൂടി ക്രൂശിച്ച് അവന്‍റെ ഇരുവശത്തുമായി സ്ഥാപിച്ചു. യേശു മദ്ധ്യത്തിലായിരുന്നു.
19 പീലാത്തൊസ് ഒരടയാളമെഴുതി കുരിശില്‍ ചാര്‍ത്തി. അടയാളം ഇങ്ങനെയായിരുന്നു: “നസറെത്തിലെ യേശു യെഹൂദന്മാരുടെ രാജാവ്. 20 എബ്രായഭാഷയിലും, റോമ, യവനഭാഷകളിലും അതെഴുതപ്പെട്ടിരുന്നു. യേശുവിനെ ക്രൂശിച്ചത് നഗരത്തോടടുത്ത സ്ഥലമായിരുന്നതിനാല്‍ അനേകം യെഹൂദര്‍ അതു വായിച്ചു.
21 യെഹൂദ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടു പറഞ്ഞു, “‘യെഹൂദരുടെ രാജാവ് എന്നെഴുതേണ്ട’ എന്നാല്‍ ഞാന്‍ യെഹൂദരുടെ രാജാവാണെന്ന് ഇയാള്‍ പറയുന്നു എന്നെഴുതുക.”
22 പീലാത്തൊസ് മറുപടി പറഞ്ഞു, “എഴുതിയതു ഞാന്‍ തിരുത്തുകയില്ല.”
23 യേശുവിനെ കുരിശില്‍ തറച്ച ശേഷം ഭടന്മാര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഊരിയെടുത്തു. അതിനെ നാലായി പകുത്തു. ഓരോ ഭടനും ഓരോ ഭാഗമെടുത്തു. അവന്‍റെ അടിക്കുപ്പായവും അവര്‍ എടുത്തു. ആ കുപ്പായം തയ്യലില്ലാത്തതും അടിമുടി നെയ്തതുമായ ഒരു കഷണമായിരുന്നു. 24 അതുകൊണ്ട് പട്ടാളക്കാര്‍ പരസ്പരം പറഞ്ഞു, “ഇതു നമുക്കു കീറണ്ട, നറുക്കിട്ട് ആര്‍ക്കെടുക്കണമെന്ന് തീരുമാനിക്കാം.” തിരുവെഴുത്തില്‍ എഴുതിയിട്ടുള്ളത് യാഥാര്‍ത്ഥ്യമാകുവാനാണങ്ങനെ സംഭവിച്ചത്:
“എന്‍റെ വസ്ത്രങ്ങള്‍ അവര്‍ വീതം വെച്ചു,
എന്‍റെ ഉടുപ്പിനായി അവര്‍ നറുക്കിട്ടു.” സങ്കീര്‍ത്തനങ്ങള്‍ 22:18
അതിനാല്‍ ഭടന്മാരങ്ങനെ ചെയ്തു.
25 കുരിശിനരുകില്‍ യേശുവിന്‍റെ അമ്മയും അവന്‍റെ അമ്മയുടെ സഹോദരിയും നില്‍ക്കുന്നുണ്ടായിരുന്നു. ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും അവരോടൊത്തുണ്ടായിരുന്നു. 26 യേശു തന്‍റെ അമ്മയെ കണ്ടു. താന്‍ സ്നേഹിച്ച ശിഷ്യനും അവിടെ നില്‍ക്കുന്നത് യേശു കണ്ടു. അവന്‍ അമ്മയോടു പറഞ്ഞു, “സ്ത്രീയേ, ഇതാ നിന്‍റെ മകന്‍.” 27 അനന്തരം യേശു തന്‍റെ ശിഷ്യനോടു പറഞ്ഞു, “ഇതാ നിന്‍റെ അമ്മ.” അതിനാല്‍ അതിനുശേഷം ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ വീട്ടില്‍ താമസിപ്പിച്ചു.
യേശു മരിക്കുന്നു
(മത്താ. 27:45-56; മര്‍ക്കൊ. 15:33-41; ലൂക്കൊ. 23:44-49)
28 പിന്നീട്, എല്ലാം ചെയ്തു കഴിഞ്ഞു എന്ന് യേശു അറിഞ്ഞു. തിരുവെഴുത്ത് യാഥാര്‍ത്ഥ്യമാകാന്‍ അവന്‍ പറഞ്ഞു, “എനിക്കു ദാഹിക്കുന്നു.” 29 അവിടെ വിനാഗിരി നിറച്ച ഒരു ഭരണി ഉണ്ടായിരുന്നു. ഭടന്മാര്‍ അതില്‍ ഒരു നീര്‍പ്പഞ്ഞി മുക്കി. നീര്‍പ്പഞ്ഞി ഒരു ഈസോപ്പു കന്പില്‍ കെട്ടിവച്ച് യേശുവിന്‍റെ വായിലേക്കടുപ്പിച്ചു. 30 യേശു വിനാഗിരി നുണഞ്ഞു. എന്നിട്ടവന്‍ പറഞ്ഞു, “എല്ലാം പൂര്‍ത്തിയായി.” യേശു തന്‍റെ തല കുനിച്ചു, മരിച്ചു.
31 ഈ സമയം തയ്യാറെടുപ്പു ദിവസമായിരുന്നു. പിറ്റേന്ന് ഒരു വിശേഷപ്പെട്ട ശബ്ബത്തും ആയിരുന്നു. ശബ്ബത്തു ദിവസം ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് യെഹൂദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ അവരുടെ കാലുകള്‍ ഒടിച്ച് താമസിയാതെ അവര്‍ മരിക്കാന്‍ ഇടയാക്കാന്‍ യെഹൂദര്‍ പീലാത്തൊസിനോട് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് ശരീരങ്ങള്‍ കുരിശില്‍ നിന്ന് ഇറക്കാനും അപേക്ഷിച്ചു. 32 ഭടന്മാര്‍ വന്ന് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന ഒരുവന്‍റെ കാലുകള്‍ ഒടിച്ചു. എന്നിട്ട് രണ്ടാമന്‍റെയും കാലുകള്‍ ഒടിച്ചു. 33 യേശുവിനെ സമീപിച്ച ഭടന്മാര്‍ അവന്‍ മരിച്ചുകഴിഞ്ഞതായി കണ്ടു. അതിനാല്‍ അവര്‍ അവന്‍റെ കാലുകള്‍ ഒടിച്ചില്ല.
34 എന്നാല്‍ ഭടന്മാരില്‍ ഒരുവന്‍ തന്‍റെ കുന്തം കൊണ്ട് യേശുവിന്‍റെ പള്ളയില്‍ കുത്തി. ചോരയും വെള്ളവും പുറത്തു ചാടി. 35 (അതു നേരില്‍ കണ്ട ഒരുവന്‍ പറഞ്ഞിരിക്കുന്നു. നിങ്ങളും വിശ്വസിക്കുന്നതിനു വേണ്ടിയാണ് അവനിതു പറഞ്ഞത്. അയാള്‍ പറഞ്ഞതെല്ലാം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.) 36 തിരുവെഴുത്ത് സത്യമാവാന്‍ വേണ്ടിയാണിങ്ങനെ സംഭവിച്ചത്: “അവന്‍റെ എല്ലുകളൊന്നും ഒടിക്കപ്പെടുകയില്ല.” ഉദ്ധരണി പുറ. 12:46; സംഖ്യ. 9:12; സങ്കീ. 34:20. 37 മറ്റൊരു തിരുവെഴുത്തു പറയുന്നു, “തങ്ങള്‍ കുത്തിയവനെ അവര്‍ നോക്കും.” ഉദ്ധരണി സെഖ. 12:10.
യേശുവിനെ സംസ്കരിക്കുന്നു
(മത്താ. 27:57-61; മര്‍ക്കൊ. 15:42-47; ലൂക്കൊ. 23:50-56)
38 പിന്നീട് അരിമഥ്യായില്‍ നിന്നും വന്ന യോസേഫ് എന്നൊരാള്‍ പീലാത്തൊസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. (യോ സേഫ് യേശുവിന്‍റെ ഒരു ശിഷ്യനായിരുന്നു. എന്നാല്‍ യെഹൂദരെ ഭയപ്പെട്ടതിനാല്‍ അയാളിക്കാര്യം ആരോടും പറഞ്ഞില്ല.) പീലാത്തൊസ് അനുവദിച്ചു.
39 നിക്കൊദേമൊസും യോസേഫിനെ അനുഗമിച്ചു. ഒരു രാത്രിയില്‍ യേശുവിനെ കാണാന്‍ വന്നവനാണ് നിക്കൊദേമൊസ്. അയാളുടെ കൈയില്‍ നൂറു റാത്തല്‍ സുഗന്ധ ദ്രവ്യമുണ്ടായിരുന്നു. മീറായും അകിലും ചേര്‍ന്ന ഒരു സുഗന്ധക്കൂട്ടായിരുന്നു അത്. 40 ഇവരിരുവരും ചേര്‍ന്ന് യേശുവിന്‍റെ ശരീരം ചുമന്നു. അവര്‍ മൃതദേഹം നേര്‍മയുള്ള തുണികളില്‍ പൊതിഞ്ഞു. (ഇത് യെഹൂദരുടെ ശവസംസ്കാരരീതിയിലൊന്നാണ്.) 41 യേശു ക്രൂശിക്കപ്പെട്ടിടത്ത് ഒരു തോട്ടമുണ്ടായിരുന്നു. അവിടെ ഒരു പുതിയ കല്ലറയും. അവിടെ മുന്പ് ആരെയും സംസ്കരിച്ചിട്ടില്ല. 42 അവര്‍ യേശുവിനെ ആ കല്ലറയില്‍ അടക്കി. കാരണം ആ കല്ലറ സമീപത്തുള്ളതായിരുന്നു. മാത്രവുമല്ല, അത് യെഹൂദരുടെ ശബ്ബത്തിന്‍റെ ഒരു ദിവസം കൂടിയായിരുന്നു.