യേശുവിന്‍റെ കല്ലറ ശൂന്യം
(മത്താ. 28:1-10; മര്‍ക്കൊ. 16:1-8; ലൂക്കൊ. 24:1-12)
20
ആഴ്ചയിലെ ആദ്യത്തെ ദിവസം പുലര്‍ച്ചെ മഗ്ദലക്കാരി മറിയ യേശുവിന്‍റെ കല്ലറയിലേക്കു പോയി. അപ്പോള്‍ ഇരുട്ടായിരുന്നു. വാതില്‍ക്കല്‍ അടച്ചിരുന്ന വലിയ കല്ല് തള്ളിമാറ്റപ്പെട്ടിരുന്നു. അതുകണ്ട് മറിയ ശിമോന്‍ പത്രൊസിന്‍റെയും മറ്റേ ശിഷ്യന്‍റേയും (യേശു വളരെ സ്നേഹിച്ചിരുന്നവന്‍.) അടുത്തേക്ക് ഓടി. മറിയ പറഞ്ഞു, “അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും കൊണ്ടുപോയി. എവിടെയാണവനെ വെച്ചതെന്നറിഞ്ഞു കൂടാ.”
അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു. ഇരുവരും ഓടുകയായിരുന്നുവെങ്കിലും മറ്റേ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി. അതിനാല്‍ അയാള്‍ ആദ്യം കല്ലറയിലെത്തി. അയാള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി. നേര്‍മ്മയുള്ള തുണിക്കഷണങ്ങളവിടെ ചിതറിക്കിടക്കുന്നതു കണ്ടെങ്കിലും അയാള്‍ അകത്തേക്കു കയറിയില്ല.
അപ്പോള്‍ ശിമോന്‍ പത്രൊസ് അയാള്‍ക്കു പിന്നിലെത്തി. പത്രൊസ് കല്ലറയ്ക്കുള്ളിലേക്കു കടന്നു. അവിടെ നേര്‍മ്മയുള്ള തുണിക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് അയാള്‍ കണ്ടു. യേശുവിന്‍റെ തലയില്‍ കെട്ടിയിരുന്ന തുണിയും അയാള്‍ കണ്ടു. അതാകട്ടെ ചുരുട്ടി മറ്റൊരിടത്തിരിക്കുന്നതാണ് കണ്ടത്. അപ്പോള്‍ മറ്റേ ശിഷ്യനും അകത്തു കടന്നു. അയാളായിരുന്നു കല്ലറയ്ക്കടുത്ത് ആദ്യം വന്നത്. സംഭവിച്ചതൊക്കെ കണ്ട് അയാള്‍ വിശ്വസിച്ചു. (യേശു ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് അവര്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.)
യേശു മഗ്ദല മറിയയ്ക്കു പ്രത്യക്ഷപ്പെടുന്നു
(മര്‍ക്കൊ. 16:9-11)
10 അനന്തരം ശിഷ്യന്മാര്‍ ഇരുവരും തങ്ങളുടെ വീടുകളിലേയ്ക്കു മടങ്ങി. 11 പക്ഷേ മറിയ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി. 12 വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാരെ അവള്‍ അവിടെ കണ്ടു. യേശുവിന്‍റെ ശരീരം ഇരുന്നിടത്ത് അവരിരുന്നിരുന്നു. ഒരു ദൂതന്‍ യേശുവിന്‍റെ പാദം ഇരുന്നിടത്തും ഇരുന്നു.
13 ദൂതന്മാര്‍ മറിയയോടു ചോദിച്ചു, “സ്ത്രീയേ നീയെന്തിനാണു കരയുന്നത്?”
മറിയ മറുപടി പറഞ്ഞു, “ചിലര്‍ എന്‍റെ കര്‍ത്താവിന്‍റെ ശരീരം എടുത്തു കൊണ്ടുപോയി. അവരവനെ എവിടെ വെച്ചു എന്നെനിക്കറിയില്ല.” 14 മറിയ അതു പറഞ്ഞു തീര്‍ന്നപ്പോള്‍ യേശു മുന്പില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍ അത് യേശുവാണെന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല.
15 യേശു അവളോടു ചോദിച്ചു, “സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? ആരെയാണ് നീ തേടുന്നത്?”
ഇതു തോട്ടക്കാരനാണെന്നു മറിയ കരുതി. എന്നിട്ടവള്‍ ചോദിച്ചു, “നിങ്ങള്‍ അവനെ കൊണ്ടുപോയിട്ടുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ എവിടെയാണ് അവനെ വെച്ചിട്ടുള്ളത്, അപ്പോള്‍ എനിക്ക് അവിടെപ്പോയി അവനെ എടുക്കാം.”
16 യേശു അവളെ വിളിച്ചു, “മറിയേ,”
മറിയ യേശുവിനു നേര്‍ക്കു തിരിഞ്ഞു യെഹൂദഭാഷയില്‍ പറഞ്ഞു, “റബ്ബോനി!” (“ഗുരു” എന്ന് അര്‍ത്ഥം)
17 അപ്പോള്‍ യേശു അവളോടു പറഞ്ഞു, “എന്നെ പിടിച്ചു നിര്‍ത്തരുത്. ഞാനിതുവരെ പിതാവിന്‍റെ അടുക്കലേക്കു പോയില്ല. നീ എന്‍റെ സഹോദരന്‍ന്മാരുടെ അടുത്തുചെന്ന് ഇങ്ങനെ പറയുക: ‘ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും അടുത്തേയ്ക്കു പോകുന്നു. ഞാന്‍ എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്കു പോകുന്നു.’”
18 മഗ്ദലമറിയ ശിഷ്യന്മാരുടെ അടുത്തു ചെന്നു പറഞ്ഞു, “കര്‍ത്താവിനെ ഞാന്‍ കണ്ടു.” യേശു അവളോടു പറഞ്ഞതെല്ലാം അവള്‍ അവരോടു പറഞ്ഞു.
യേശു തന്‍റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
(മത്താ. 28:16-20; മര്‍ക്കൊ. 16:14-18; ലൂക്കൊ. 24:36-49)
19 അന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.” 20 ഇതു പറഞ്ഞിട്ട് അവന്‍ ശിഷ്യന്മാരെ തന്‍റെ കൈകളും പാര്‍ശ്വവും കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ വളരെ സന്തോഷിച്ചു.
21 അപ്പോള്‍ യേശു വീണ്ടും പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചു. അതുപോലെ ഞാന്‍ നിങ്ങളെയും അയയ്ക്കുന്നു.” 22 ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെമേല്‍ ഊതി. യേശു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. 23 നിങ്ങള്‍ ആളുകളുടെ പാപം പൊറുത്താല്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. നിങ്ങള്‍ പൊറുക്കാതിരുന്നാല്‍ അവരില്‍ പാപങ്ങള്‍ നിലനില്‍ക്കും.”
യേശു തോമസിനു പ്രത്യക്ഷപ്പെടുന്നു
24 യേശു വന്നപ്പോള്‍ തോമസ് എന്നു വിളിക്കുന്ന ദിദിമൊസ് ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായിരുന്നു തോമസ്. 25 മറ്റു ശിഷ്യന്മാര്‍ “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്നവനോടു പറഞ്ഞു. തോമസ് പറഞ്ഞു, “അവന്‍റെ കൈകളിലെ ആണിത്തുളകള്‍ കാണാതെ ഞാനിതു വിശ്വസിക്കില്ല. അവന്‍റെ ആണിപ്പഴുതുകളില്‍ എന്‍റെ വിരലിടുകയും പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്യാതെ ഞാനിതു വിശ്വസിക്കയില്ല.”
26 ഒരാഴ്ചയ്ക്കു ശേഷം അവന്‍റെ ശിഷ്യന്മാര്‍ വീണ്ടും വീട്ടിലിരിക്കുകയായിരുന്നു. തോമസും അവരോടൊപ്പം ഉണ്ടായിരുന്നു. കതകുകള്‍ അടച്ചിരുന്നുവെങ്കിലും യേശു അവരുടെ മുന്പില്‍ വന്നു നിന്നു. എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം!” 27 അപ്പോള്‍ യേശു തോമസിനോടു പറഞ്ഞു, “നിന്‍റെ വിരല്‍ ഇതാ ഇവിടെ കടത്തുക. ഇതാ എന്‍റെ കൈകള്‍. നിന്‍റെ കൈകള്‍ എന്‍റെ പളളയില്‍ വയ്ക്കുക. സംശയം അവസാനിപ്പിച്ച് വിശ്വസിക്കുക.”
28 തോമസ് യേശുവിനോട് പറഞ്ഞു, “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!”
29 യേശു തോമസിനോടു പറഞ്ഞു, “എന്നെ കണ്ടതുകൊണ്ട് നീ വിശ്വസിച്ചു. എന്നെ കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഏറെ അനുഗൃഹീതര്‍.”
യോഹന്നാന്‍ എന്തിന് ഈ സുവിശേഷം എഴുതി
30 യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പല അത്ഭുതപ്രവര്‍ത്തികളും കാണിച്ചു. അവ ഈ സുവിശേഷത്തില്‍ എഴുതിയിട്ടില്ല. 31 യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കാനാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടത്. വിശ്വാസത്തിലൂടെ അവന്‍റെ നാമത്തില്‍ ജീവന്‍ കിട്ടുന്നതിനും.