യേശുവും നിക്കോദേമൊസും
3
നിക്കോദേമൊസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അയാള്‍ പരീശന്മാരില്‍ ഒരാളായിരുന്നു. അവന്‍ ഒരു പ്രധാന യെഹൂദനേതാവായിരുന്നു. ഒരു രാത്രി നിക്കോദേമൊസ് യേശുവിനെ സമീപിച്ചു. നിക്കോദേമൊസ് പറഞ്ഞു, “ഗുരോ, ദൈവം അയച്ച ഒരു അദ്ധ്യാപകനാണു അങ്ങെന്നു ഞങ്ങള്‍ക്കറിയാം. ദൈവസഹായമില്ലാതെ അങ്ങു ചെയ്ത അത്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യാനാവില്ല.”
യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വീണ്ടും ജനിക്കണം. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ അവനു ദൈവരാജ്യം കാണാനാവില്ല.”
നിക്കോദേമൊസ് പറഞ്ഞു, “എന്നാല്‍ വൃദ്ധനായ ഒരാള്‍ക്ക് എങ്ങനെ വീണ്ടും ജനിക്കാനാവും. ഒരാള്‍ക്കു വീണ്ടും അമ്മയുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാവില്ല. അതിനാലാര്‍ക്കും രണ്ടാമതു ജനിക്കാനുമാവില്ല.”
പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കണം. വെള്ളത്താലും ആത്മാവിനാലും ജനിക്കാത്തവന് ദൈവരാജ്യത്തേക്ക് പ്രവേശനമില്ല. ഒരാളുടെ ശരീരം അയാളുടെ മനുഷ്യരായ അപ്പനമ്മമാരില്‍ നിന്നു ജനിച്ചതാണ്. പക്ഷേ ഒരുവന്‍റെ ആത്മീയ ജീവിതമാകട്ടെ ആത്മാവില്‍ നിന്നും ജനിച്ചതുമാണ്. ഞാന്‍ പറഞ്ഞിനെപ്പറ്റി വിസ്മയിക്കേണ്ട, ‘നീ വീണ്ടും ജനിക്കണം.’ കാറ്റ് അതിനു പോകേണ്ടിടത്തേക്കു വീശുന്നു. കാറ്റിന്‍റെ സ്വരം നീ കേള്‍ക്കുന്നു. എന്നാല്‍ കാറ്റ് എവിടെനിന്നു വരുന്നു എന്നോ അതെങ്ങോട്ടു പോകുന്നുവെന്നോ നിനക്കറിയില്ല. ആത്മാവില്‍ നിന്നു ജനിച്ചവനെപ്പറ്റിയും അതുപോലെയാണ്.”
നിക്കോദേമൊസ് ചോദിച്ചു, “ഇതൊക്കെ എങ്ങനെ സംഭവിക്കും?”
10 യേശു പറഞ്ഞു, “യിസ്രായേലിലെ ഗുരുവാണല്ലോ നീ. പക്ഷേ നിനക്കിപ്പോഴും ഒന്നും മനസ്സിലാകാത്തതെന്ത്? 11 ഞാന്‍ നിന്നോടു സത്യമായി പറയുന്നു, ഞങ്ങള്‍ അറിയുന്നവയെപ്പറ്റി ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ കണ്ടതിനെപ്പറ്റി ഞങ്ങള്‍ പറയുന്നു. പക്ഷേ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ സ്വീകരിക്കുന്നില്ല. 12 ഞാന്‍ നിങ്ങളോടു ഭൂമിയിലെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ നിങ്ങള്‍ എന്നെ വിശ്വസിച്ചില്ല. അതിനാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ പറയുന്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ വിശ്വസിക്കില്ല! 13 സ്വര്‍ഗ്ഗത്തില്‍നിന്നും വന്നിറങ്ങിയ മനുഷ്യപുത്രനല്ലാതാരും സ്വര്‍ഗ്ഗത്തിലേക്കു കയറിയിട്ടില്ല.
14 “മരുഭൂമിയില്‍ മോശെ സര്‍പ്പത്തെ ഉയര്‍ത്തി.* മരുഭൂമിയില്‍ … ഉയര്‍ത്തി ദൈവത്തിന്‍റെ ജനത സര്‍പ്പദംശനമേറ്റ് മരിക്കുകയായിരുന്നതിനാല്‍, ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി ഒരു തൂണില്‍ തൂക്കുവാന്‍ ദൈവം മോശെയോടു പറഞ്ഞു. ആ സര്‍പ്പത്തിനെ നോക്കുന്നവര്‍ രക്ഷപ്പെടും. സംഖ്യ. 21:4-9 വായിക്കുക. മനുഷ്യപുത്രനെ സംബന്ധിച്ചും അങ്ങനെ തന്നെ. മനുഷ്യപുത്രനും ഉയിര്‍ത്തപ്പെടണം. 15 മനുഷ്യപുത്രനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവന്‍ ലഭിക്കേണ്ടതിനു തന്നെ.”
16 തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു. 17 ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. തന്‍റെ പുത്രനിലൂടെ ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ അയച്ചത്. 18 ദൈവപുത്രനില്‍ വിശ്വസിക്കുന്നവനെ വിധിക്കില്ല. എന്നാല്‍ വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ദൈവത്തിന്‍റെ ഏകപുത്രനില്‍ വിശ്വസിച്ചില്ല. 19 ഇക്കാര്യങ്ങള്‍ കൊണ്ടവര്‍ വിധിക്കപ്പെട്ടു: വെളിച്ചം ലോകത്തിലേക്കു വന്നു കഴിഞ്ഞു. എന്നാലാളുകള്‍ക്കതു വേണ്ടിയിരുന്നില്ല. പകരം അവര്‍ക്ക് ഇരുട്ടാണ് അഭികാമ്യം. എന്തുകൊണ്ടെന്നാല്‍ അവരുടെ ചെയ്തികള്‍ ദുഷ്ടത നിറഞ്ഞതായിരുന്നു. 20 ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. അവര്‍ വെളിച്ചത്തിലേക്കു വരില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്ത എല്ലാ ചീത്തപ്രവൃത്തിയും വെളിച്ചത്തു തെളിയും. 21 സത്യമായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പ്രകാശത്തിലേക്കു വരും. അപ്പോള്‍ അയാളുടെ പ്രവൃത്തികള്‍ ദൈവത്തിലൂടെയാണു ചെയ്തതെന്ന് വെളിപ്പെടും.
യേശുവും സ്നാപക യോഹന്നാനും
22 അതിനുശേഷം യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടൊത്തു താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി. 23 യോഹന്നാനും ഐനോനില്‍ ആളുകളെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ശാലേമിനടുത്തുള്ള സ്ഥലമായിരുന്നു ഐനോന്‍. അവിടെ ഇഷ്ടംപോലെ വെള്ളം ഉണ്ടായിരുന്നതു കൊണ്ടാണ് യോഹന്നാന്‍ അവിടെ സ്നാനം നടത്തിയത്. സ്നാനപ്പെടുന്നതിന് ആളുകള്‍ അങ്ങോട്ടു പോയിരുന്നു. 24 (അന്ന് യോഹന്നാന്‍ തടവില്‍ ആക്കപ്പെട്ടിരുന്നില്ല.)
25 യോഹന്നാന്‍റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ഒരു വാദമുണ്ടായി. ശുദ്ധീകരണത്തെപ്പറ്റിയായിരുന്നു തര്‍ക്കം. 26 അതിനാല്‍ ശിഷ്യന്മാര്‍ യോഹന്നാനെ സമീപിച്ചു. അവര്‍ പറഞ്ഞു, “റബ്ബീ, യോര്‍ദ്ദാന്‍ നദിയുടെ മറുകരയില്‍ അങ്ങയോടൊത്തുണ്ടായിരുന്ന ആളെ ഓര്‍ക്കുന്നില്ലേ? അയാളെപ്പറ്റിയായിരുന്നു അങ്ങ് പ്രസംഗിച്ചിരുന്നത്. ആ മനുഷ്യന്‍ ആളുകളെ സ്നാനപ്പെടുത്തുന്നു. ഒട്ടേറെപ്പേര്‍ അവനെ സമീപിക്കുന്നുമുണ്ട്.”
27 യോഹന്നാന്‍ മറുപടി പറഞ്ഞു, “ദൈവം നല്‍കുന്നതേ ആര്‍ക്കും കിട്ടൂ. 28 ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടതല്ലേ? ‘ഞാന്‍ ക്രിസ്തുവല്ല,’ അവന്‍റെ വഴിയൊരുക്കുവാന്‍ ദൈവം അയച്ചവന്‍ മാത്രമാണു ഞാന്‍.’ 29 വധു വരന്‍റേതു മാത്രമാണ്. വരന്‍റെ സഹായിയും സുഹൃത്തുമായവന്‍ വരന്‍റെ വരവിന് കാത്തുനില്‍ക്കുന്നു. അയാളുടെ സ്വരം കേള്‍ക്കുന്പോള്‍ സുഹൃത്ത് ആഹ്ലാദിക്കുന്നു. എന്‍റെ ആഹ്ലാദസമയം ഇതാ എത്തിയിരിക്കുന്നു. 30 അവന്‍ വളരണം. ഞാന്‍ എളിയവനാകുകയും വേണം.
സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നവന്‍
31 “മുകളില്‍ നിന്നു വരുന്നവന്‍ എല്ലാവരെക്കാളും ശ്രേഷ്ഠനാണ്. ഭൂമിയിലുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൂമിയിലെ കാര്യങ്ങളെപ്പറ്റി പറയുന്നു. പക്ഷേ സ്വര്‍ഗ്ഗത്തില്‍നിന്നും വരുന്നവന്‍ മറ്റെല്ലാവരെക്കാള്‍ ശ്രേഷ്ഠനാണ്. 32 താന്‍ കണ്ടതും കേട്ടതും അവന്‍ പറയുന്നു. പക്ഷേ അവന്‍റെ വാക്കുകള്‍ ജനങ്ങള്‍ സ്വീകരിക്കുന്നില്ല. 33 അവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നവന്‍ ദൈവം സത്യമാണെന്നതിനും മുദ്ര പതിപ്പിക്കുന്നു. 34 ദൈവം അവനെ അയച്ചു. ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ഉച്ചരിക്കുന്നു. ദൈവം ആത്മാവിനെ മുഴുവനായി അവനു നല്‍കിയിരിക്കുന്നു. 35 പിതാവ് പുത്രനെ സ്നേഹിക്കുന്നു. പിതാവ് പുത്രന് എല്ലാറ്റിനും മേലെ ശക്തി നല്‍കി. 36 പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവന് ആ ജീവിതമൊരിക്കലും ലഭിക്കില്ല. ദൈവകോപം അവനിലുണ്ടാകും.”