യേശു ഒരു ശമര്യാക്കാരിയോടു സംസാരിക്കുന്നു
4
യേശു യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ സ്നാനപ്പെടുത്തുകയും ശിഷ്യന്മാരാക്കുകയും ചെയ്യുന്നുണ്ടെന്ന് പരീശന്മാര്‍ അറിഞ്ഞു. (പക്ഷെ യേശു യഥാര്‍ത്ഥത്തില്‍ ആരെയും സ്നാനപ്പെടുത്തിയിരുന്നില്ല. അവനുവേണ്ടി അവന്‍റെ ശിഷ്യന്മാരാണതു ചെയ്തത്.) ഇതെപ്പറ്റി പരീശന്മാര്‍ കേട്ടുവെന്ന് യേശു അറിഞ്ഞു. അതിനാല്‍ യേശു യെഹൂദ്യാ വിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി. അങ്ങോട്ടുള്ള വഴിയേ യേശുവിന് ശമര്യാരാജ്യത്തുകൂടി പോകേണ്ടിയിരുന്നു.
ശമര്യയില്‍ സുഖാര്‍ എന്ന നഗരത്തില്‍ യേശു വന്നു. യാക്കോബ് തന്‍റെ പുത്രന്‍ യോസേഫിനു നല്‍കിയ കൃഷിയിടത്തിനടുത്താണ് ഈ സ്ഥലം. യാക്കോബിന്‍റെ കിണര്‍ അവിടെയായിരുന്നു. ദീര്‍ഘയാത്രയില്‍ യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ കിണറ്റിന്‍കരയിലിരുന്നു. നേരം ഉച്ചയോടടുത്തിരുന്നു. ഒരു ശമര്യാക്കാരി വെള്ളം കോരാന്‍ അവിടെയെത്തി. യേശു അവളോടു പറഞ്ഞു, “എനിക്കു കുടിക്കാനല്പം വെള്ളം തരൂ.” (യേശുവിന്‍റെ ശഷ്യന്മാര്‍ ഗ്രാമത്തില്‍ ആഹാരം വാങ്ങവേയാണിതു സംഭവിച്ചത്.)
ശമര്യാക്കാരി മറുപടി പറഞ്ഞു, “നീ എന്നോടു വെള്ളം ചോദിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു! നീ യെഹൂദനും ഞാന്‍ ശമര്യാക്കാരിയുമാണ്!” (യെഹൂദര്‍ ശമര്യാക്കാരുടെ സുഹൃത്തുക്കളായിരുന്നില്ല.)
10 യേശു മറുപടി പറഞ്ഞു, “ദൈവം എന്താണു തരുന്നത് എന്നതിനെപ്പറ്റി നിനക്കറിയില്ല. ദാഹജലം ചോദിച്ച ഞാനാരെന്നും നിനക്കറിയില്ല. നീ അറിഞ്ഞിരുന്നെങ്കില്‍ നീ എന്നോടു ചോദിക്കുകയും ഞാന്‍ നിനക്കു ജീവജലം തരികയും ചെയ്യുമായിരുന്നു.”
11 സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങയ്ക്കെവിടെ നിന്നു ജീവജലം കിട്ടും? കിണറിനാണെങ്കില്‍ വളരെ ആഴം ഉണ്ട്. അങ്ങയുടെ കയ്യിലാകട്ടെ പാത്രവുമില്ല. 12 നീ ഞങ്ങളുടെ പിതാവ് യാക്കോബിനെക്കാള്‍ ശ്രേഷ്ഠനാണോ? യാക്കോബാണു ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‍കിയത്. അവന്‍ ഇതില്‍ നിന്നും സ്വയം വെള്ളം കുടിച്ചു. അവന്‍റെ മക്കളും അവന്‍റെ മൃഗങ്ങളും ഇതില്‍ നിന്നാണു വെള്ളം കുടിച്ചിരുന്നത്.”
13 യേശു മറുപടി പറഞ്ഞു, “ഈ വെള്ളം കുടിക്കുന്നവര്‍ക്കൊക്കെ വീണ്ടും ദാഹിക്കും. 14 എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. ഞാന്‍ നല്‍കുന്ന വെള്ളം അയാളില്‍ ഒരു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കും. ഞാന്‍ നല്‍കുന്ന വെള്ളം അവനെ നിത്യജീവനിലേക്കു നയിക്കും.”
15 സ്ത്രീ യേശുവിനോടു പറഞ്ഞു, “പ്രഭോ, എനിക്കാവെള്ളം തന്നാലും. എനിക്കു വീണ്ടും ദാഹമുണ്ടാകാതിരിക്കട്ടെ. പിന്നെ ഇവിടെ വെള്ളം കോരാനും വരേണ്ട ആവശ്യം ഉണ്ടാകയില്ലല്ലോ.”
16 യേശു അവളോടു പറഞ്ഞു, “പോയി നിന്‍റെ ഭര്‍ത്താവിനെയും കൂട്ടി മടങ്ങിവരൂ.”
17 സ്ത്രീ മറുപടി പറഞ്ഞു, “പക്ഷേ, എനിക്കു ഭര്‍ത്താവില്ല.” യേശു അവളോടു പറഞ്ഞു, “നിനക്കു ഭര്‍ത്താവില്ലെന്നു പറഞ്ഞതു ശരിയാണ്. 18 യഥാര്‍ത്ഥത്തില്‍ നിനക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിന്‍റെ കൂടെ ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ എന്നോടു സത്യം പറഞ്ഞു.”
19 സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണ് എന്ന് ഞാന്‍ കാണുന്നു. 20 ഞങ്ങളുടെ പിതാക്കന്മാര്‍ ഈ പര്‍വ്വതത്തില്‍ നമസ്കരിച്ചു വന്നു. എന്നാല്‍ നിങ്ങള്‍ യെഹൂദര്‍ അവകാശപ്പെടുന്നു യെരൂശലേമാണ് നമസ്കരിക്കേണ്ട യഥാര്‍ത്ഥ സ്ഥലമെന്ന്.”
21 യേശു പറഞ്ഞു, “സ്ത്രീയേ, എന്നില്‍ വിശ്വസിക്കൂ! നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് യെരൂശലേമിലോ ഈ മലയിലോ അല്ലാതാകുന്ന സമയം വരുന്നു. 22 നിങ്ങള്‍ ശമര്യാക്കാര്‍ മനസ്സിലാകാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങള്‍ യെഹൂദര്‍ മനസ്സിലാകുന്നതിനെ നമസ്കരിക്കുന്നു. രക്ഷ യെഹൂദരില്‍ നിന്നാണു വരുന്നത്. 23 യഥാര്‍ത്ഥ നമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന സമയം വരും. ആ സമയമിതാ എത്തിക്കഴിഞ്ഞു. അത്തരത്തിലുള്ളവര്‍ തന്‍റെ നമസ്കാരികള്‍ ആകാനാണ് പിതാവ് ആഗ്രഹിക്കുന്നത്. 24 ദൈവം ആത്മാവ് ആണ്. അതിനാല്‍ ദൈവത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.”
25 സ്ത്രീ പറഞ്ഞു, “മശീഹാ, വരുന്നുണ്ടെന്ന് എനിക്കറിയാം.” (അവന്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്നു.) “മശീഹാ വരുന്പോള്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം വിശദമാക്കിത്തരും.”
26 അപ്പോള്‍ യേശു പറഞ്ഞു, “ആ മനുഷ്യനാണ് നിന്നോടു സംസാരിക്കുന്നത്. ഞാനാണ് മശീഹാ.”
27 ആ സമയം യേശുവിന്‍റെ ശിഷ്യന്മാര്‍ നഗരത്തില്‍നിന്നും മടങ്ങിയെത്തി. യേശു ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. “എന്നാല്‍ നിനക്കെന്തുവേണം?” എന്നോ “നീ എന്താണവളോടു സംസാരിക്കുന്നത്?” എന്നോ ആരും ചോദിച്ചില്ല.
28 അപ്പോള്‍ ആ സ്ത്രീ തന്‍റെ കുടം അവിടെവെച്ച് നഗരത്തിലേക്കു പോയി. അവള്‍ ആളുകളോട് ഇങ്ങനെ പറഞ്ഞു, 29 “ഞാനിതുവരെ ചെയ്തതെല്ലാം ഒരാള്‍ എന്നോടു പറഞ്ഞു, വന്ന് അവനെ കാണുക. അവനായിരിക്കാം ക്രിസ്തു.” 30 അതിനാല്‍ ആളുകളെല്ലാം നഗരം വിട്ട് യേശുവിനെ കാണാന്‍ പോയി.
31 ആ സ്ത്രീ നഗരത്തിലായിരിക്കവേ ശിഷ്യന്മാര്‍ യേശുവിനോട് അപേക്ഷിച്ചു, “റബ്ബീ, എന്തെങ്കിലും കഴിച്ചാലും.”
32 പക്ഷേ യേശു പറഞ്ഞു, “എനിക്ക് നിങ്ങള്‍ക്കറിയാത്ത ആഹാരമുണ്ട്.”
33 അതുകേട്ട് ശിഷ്യന്മാര്‍ സ്വയം ചോദിച്ചു, “ഇനി ആരെങ്കിലും നേരത്തെ അദ്ദേഹത്തിനു ഭക്ഷണം കൊടുത്തോ?”
34 യേശു പറഞ്ഞു, “ദൈവം എന്നിലേല്പിച്ച കര്‍ത്തവ്യനിര്‍വ്വഹണമാണ് എന്‍റെ ഭക്ഷണം. അവനെന്നെ ഏല്പിച്ച ജോലി തീര്‍ക്കുകയാണെന്‍റെ ഭക്ഷണം. 35 വിതയ്ക്കുന്പോള്‍ നിങ്ങള്‍ പറയും നാലുമാസം കൂടി കാത്തിരുന്നാല്‍ വിളവെടുക്കാം.” പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, “നിങ്ങളുടെ കണ്ണുകള്‍ തുറക്കുക. എന്നിട്ട് ജനങ്ങളെ നോക്കുക. വിളവെടുക്കാറായ വയല്‍ പോലെയാണവര്‍. 36 കൊയ്യുന്നവനിപ്പോഴും കൂലി കിട്ടുന്നു. അയാള്‍ നിത്യജീവിതത്തിലേക്കു വിളവു ശേഖരിക്കുന്നു. അതിനാലിപ്പോള്‍ വിതച്ചവനും കൊയ്യുന്നനും ഒരുപോലെ ആഹ്ലാദിക്കാം. 37 നമ്മള്‍ പറയാറുണ്ടല്ലോ ‘ഒരാള്‍ വിതയ്ക്കുന്നു, വേറൊരാള്‍ കൊയ്യുന്നു.’ അതു സാര്‍ത്ഥകമാകുന്നു. 38 നിങ്ങള്‍ വിതയ്ക്കാത്തതു കൊയ്യാനാണു ഞാന്‍ നിങ്ങളെ അയച്ചത്. മറ്റുള്ളവര്‍ വേല ചെയ്യുന്നു. അവരുടെ വേലയ്ക്കു നിങ്ങള്‍ക്കു പ്രതിഫലം കിട്ടുന്നു.”
39 നഗരത്തില്‍ നിന്നും ഒട്ടേറെ ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. യേശുവിനെപ്പറ്റി ആ സ്ത്രീ പറഞ്ഞതു കേട്ടാണവര്‍ വിശ്വസിച്ചത്. അവള്‍ അവരോടു പറഞ്ഞു, “ഞാനിതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു.” 40 ശമര്യാക്കാര്‍ യേശുവിന്‍റെ അടുത്തേക്കു പോയി. തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ യേശുവിനോടു അപേക്ഷിച്ചു. അതിനാല്‍ അവന്‍ അവിടെ രണ്ടു ദിവസം തങ്ങി. 41 യേശുവിന്‍റെ വാക്കുകള്‍ കേട്ട് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
42 ആളുകള്‍ ആ സ്ത്രീയോടു പറഞ്ഞു, “ആദ്യം നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സ്വയം കേട്ടതിന്‍റെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. ഇവന്‍ തന്നെയാണു ലോകരക്ഷകനെന്നു ഞങ്ങളറിയുന്നു.”
ഉദ്യോഗസ്ഥന്‍റെ പുത്രനെ സുഖപ്പെടുത്തുന്നു
(മത്താ. 8:5-13; ലൂക്കൊ. 7:1-10)
43 രണ്ടു ദിവസങ്ങള്‍ക്കു ശേഷം യേശു അവിടം വിട്ടു ഗലീലയിലേക്കു പോയി. 44 (ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനം ഇല്ലായെന്ന് അതിനുമുന്പാണു യേശു പറഞ്ഞത്.) 45 ഗലീലയിലെത്തിയ യേശുവിനെ അവിടത്തുകാര്‍ സ്വീകരിച്ചു. യെരൂശലേമിലെ പെസഹാ ഉത്സവത്തില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍ അവരെല്ലാം കണ്ടിരുന്നു. അവരും അവിടെയുണ്ടായിരുന്നു.
46 ഗലീലയിലെ കാനാവിലേക്കു യേശു വീണ്ടും പോയി. അവിടെയാണ് യേശു വെള്ളത്തെ വീഞ്ഞാക്കിയത്. രാജാവിന്‍റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്നു. അയാളുടെ മകന് രോഗം പിടിപെട്ടിരുന്നു. 47 യേശു യെഹൂദ്യയില്‍ നിന്ന് ഗലീലയിലെത്തിയിട്ടുണ്ടെന്ന് അയാള്‍ കേട്ടു. അതിനാല്‍ അയാള്‍ കാനാവില്‍ യേശുവിന്‍റെയടുത്തേക്കു പോയി. കഫര്‍ന്നഹൂമില്‍ വന്ന് തന്‍റെ പുത്രന്‍റെ രോഗം ഭേദമാക്കാന്‍ അയാള്‍ യേശുവിനോട് അപേക്ഷിച്ചു. ആ കുട്ടി മരിക്കാറായിരുന്നു. 48 യേശു അയാളോടു പറഞ്ഞു, “എന്നില്‍ വിശ്വസിക്കും മുന്പ് നിങ്ങള്‍ക്ക് വീര്യപ്രവൃത്തികളും അത്ഭുതപ്രവൃത്തികളും കാണണം അല്ലേ?”
49 രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു, “പ്രഭോ, എന്‍റെ കൊച്ചുമകന്‍ മരിക്കും മുന്പ് എന്‍റെ വീട്ടിലേക്കു വന്നാലും.”
50 യേശു മറുപടി പറഞ്ഞു, “പോകൂ, നിന്‍റെ മകന്‍ ജീവിക്കും.”
അയാള്‍ യേശുവിന്‍റെ വാക്കുകള്‍ വിശ്വസിച്ചു വീട്ടിലേക്കു പോയി. 51 വീട്ടിലേക്കു പോകും വഴി അയാളുടെ ദാസന്മാര്‍ വന്ന് സന്ധിച്ചു അയാളോടു പറഞ്ഞു, “അങ്ങയുടെ മകനു സുഖമായി.”
52 അയാള്‍ ചോദിച്ചു, “എത്ര മണിക്കാണ് അവന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയത്?”
ദാസന്മാര്‍ മറുപടി പറഞ്ഞു, “ഇന്നലെ ഒരുമണിക്കാണ് പനി വിട്ടത്.”
53 ഒരുമണി സമയത്താണ്, “നിന്‍റെ മകന്‍ ജീവിക്കും” എന്ന് യേശു പറഞ്ഞതെന്ന് അയാള്‍ ഓര്‍ത്തു. അതിനാല്‍ അയാളും അയാളുടെ വീട്ടുകാരും യേശുവില്‍ വിശ്വസിച്ചു.
54 യെഹൂദ്യയില്‍നിന്നും ഗലീലയില്‍ എത്തിയതിനുശേഷം യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ വീര്യപ്രവൃത്തി ആയിരുന്നു അത്.