ആസയുടെ മാറ്റങ്ങള്‍
15
ദൈവത്തിന്‍റെ ആത്മാവ് അസര്യാവിന്‍റെമേല്‍ വന്നു. ഓദേദിന്‍റെ പുത്രനായിരുന്നു അസര്യാവ്. അസര്യാവ് ആസയെ കാണാന്‍ പോയി. അസര്യാവു പറഞ്ഞു, “ആസയും യെഹൂദാ, ബെന്യാമീന്‍ജനങ്ങളും എന്‍റെ വാക്കുകള്‍ കേള്‍ക്കുക! നിങ്ങള്‍ അവനോടൊപ്പമുണ്ടായിരിക്കുന്പോള്‍ യഹോവ നിങ്ങളോടൊപ്പമാകുന്നു. നിങ്ങള്‍ അന്വേഷിച്ചാല്‍ യഹോവയെ കണ്ടെത്തും. എന്നാല്‍ നിങ്ങളവനെ വിട്ടുപോയാല്‍ അവന്‍ നിങ്ങളെ ഉപേക്ഷിക്കും. വളരെക്കാലത്തേക്കു യിസ്രായേലിന് സത്യദൈവമുണ്ടായിരുന്നില്ല. നിയമം പഠിപ്പിക്കുന്ന പുരോഹിതരും നിയമവും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ദുരിതമുണ്ടായപ്പോള്‍ അവര്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു. അവര്‍ യഹോവയെ അന്വേഷിക്കുകയും അവനെ കണ്ടെത്തുകയും ചെയ്തു. ദുരിതങ്ങളുടെ കാലത്ത് ആര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കൂടി കഴിഞ്ഞിരുന്നില്ല. എല്ലാ രാജ്യങ്ങളിലും ധാരാളം ദുരിതമുണ്ടായിരുന്നു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെയും ഒരു നഗരം മറ്റൊരു നഗരത്തെയും തകര്‍ത്തു ദൈവം അവരെ എല്ലാത്തരം ദുരിതങ്ങളാലും പീഡിപ്പിച്ചു. എന്നാല്‍ ആസാ, യെഹൂദക്കാരും ബെന്യാമീന്‍കാരും ശക്തരായിരിക്കട്ടെ. തളരാതിരിക്കുക, നിങ്ങളുടെ പ്രവൃത്തിക്ക് നല്ല പ്രതിഫലം ലഭിക്കുമെന്നതിനാല്‍ ധൈര്യമായിരിക്കുക!”
ഈ വാക്കുകളും പ്രവാചകനായ ഓദേദിന്‍റെ സന്ദേശവും ആസയെ ധൈര്യപ്പെടുത്തി. അനന്തരം അയാള്‍ യെഹൂദാ, ബെന്യാമീന്‍ രാജ്യങ്ങളിലെങ്ങുമുള്ള വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. എഫ്രയീം മലന്പ്രദേശത്ത് താന്‍ പിടിച്ചെടുത്ത പട്ടണങ്ങളിലെ ദുഷിച്ച വിഗ്രഹങ്ങളെയും ആസാ നീക്കം ചെയ്തു. യഹോവയുടെ ആലയത്തിന്‍റെ മുഖമണ്ഡപത്തിനു മുന്പിലുള്ള യഹോയുടെ യാഗപീഠത്തിന്‍റെ അറ്റകുറ്റപ്പണികളും ആസാ ചെയ്തു.
അനന്തരം ആസാ യെഹൂദയിലെയും ബെന്യാമീനിലെയും മുഴുവന്‍പേരെയും സംഘടിപ്പിച്ചു. എഫ്രയീം, മനശ്ശെ, ശിമെയോന്‍ഗോത്രക്കാരെയും അയാള്‍ സംഘടിപ്പിച്ചു. യിസ്രായേലില്‍നിന്നും യെഹൂദയിലേക്കു താമസിക്കാന്‍പോയവാരായിരുന്നു അവര്‍. ആസയുടെ ദൈവമാകുന്ന യഹോവ ആസയോടൊപ്പമാണെന്നു മനസ്സിലായതോടെ അവരില്‍ വലിയൊരു വിഭാഗം യെഹൂദയിലേക്കു വന്നു.
10 ആസയും ആ ജനങ്ങളും അവന്‍റെ പതിനഞ്ചാം ഭരണവര്‍ഷത്തിന്‍റെ മൂന്നാം മാസം യെരൂശലേമില്‍ ഒത്തുകൂടി. 11 ആ സമയത്ത് എഴുന്നൂറു കാളകളെയും ഏഴായിരം ആടിനെയും അവര്‍ യഹോവയ്ക്കു ബലിയര്‍പ്പിച്ചു. ആ മൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളും ആസയുടെ ഭടന്മാര്‍ ശത്രുക്കളില്‍നിന്നും പിടിച്ചെടുത്തവയാണ്. 12 അനന്തരം അവര്‍ തങ്ങളുടെ ദൈവമാകുന്ന യഹോവയെ പൂര്‍ണ്ണമനസ്സോടെയും ആത്മാവോടെയും സേവിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കി. അവന്‍, അവരുടെ പൂര്‍വ്വികന്മാര്‍ സേവിച്ചിരുന്ന ദൈവമാകുന്നു. 13 ദൈവമായ യഹോവയെ ശുശ്രൂഷിക്കാന്‍ വിസമ്മതിക്കുന്ന ഏതൊരുവനും വധിക്കപ്പെടും. അയാള്‍ വലിയവനോ ചെറിയവനോ, സ്ത്രീയോ പുരുഷനോ എന്ന പരിഗണനയൊന്നും ഇക്കാര്യത്തിലില്ല. 14 അനന്തരം ആസയും യെഹൂദക്കാരും യഹോവയോടു ഒരു പ്രതിജ്ഞ എടുത്തു. അവര്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു. അവര്‍ കാഹളം മുഴക്കുകയും കോലാടിന്‍കൊന്പുകള്‍ ഊതുകയും ചെയ്തു. 15 തങ്ങള്‍ പൂര്‍ണ്ണമനസ്സാലെ വാഗ്ദാനം ചെയ്തതിനാല്‍ തങ്ങളുടെ പ്രതിജ്ഞയെപ്പറ്റി യെഹൂദക്കാരെല്ലാം വളരെ സന്തോഷിച്ചിരുന്നു. അവര്‍ പൂര്‍ണ്ണമനസ്സാലെ ദൈവത്തെ പിന്‍തുടരുകയും ദൈവത്തെ അന്വേഷിക്കുകയും അവനെ കണ്ടെത്തുകയും ചെയ്തു. അതിനാല്‍ യഹോവ അവര്‍ക്ക് രാജ്യമെങ്ങും സമാധാനം നല്‍കി.
16 ആസാരാജാവ് തന്‍റെ അമ്മയായ മയഖയെ രാജ്ഞി എന്ന സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു. ആസാ അങ്ങനെ ചെയ്യുവാന്‍ കാരണം മയഖ ഒരു മ്ളേച്ഛമായ അശേരാ തൂണ് നിര്‍മ്മിച്ചു എന്നതാണ്. ആസാ ആ അശേരാതൂണ്‍ മുറിച്ചുപൊടിയാക്കി. അനന്തരം കിദ്രോന്‍താഴ്വരയില്‍ അയാളതു കത്തിച്ചുകളഞ്ഞു. 17 യെഹൂദയിലെ ഉന്നതസ്ഥാനങ്ങള്‍ മാറ്റിയിരുന്നില്ലെങ്കിലും ആസയുടെ ഹൃദയം അയാളുടെ ജീവിതകാലം മുഴുവന്‍ യഹോവയോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു.
18 താനും തന്‍റെ പിതാവും ആലയത്തിലേക്കു നല്‍കിയിട്ടുള്ള മുഴുവന്‍ വിശുദ്ധസമ്മാനങ്ങളും ആസാ ആലയത്തിലേക്കു കൊണ്ടുപോയി. സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ വസ്തുക്കളായിരുന്നു അവ. 19 ആസയുടെ ഭരണത്തിന്‍റെ മുപ്പത്തഞ്ചാംവര്‍ഷം വരെ പിന്നെ യുദ്ധമുണ്ടായിട്ടില്ല.