മീഖായാവ് ആഹാബുരാജാവിന് മുന്നറിയിപ്പു നല്‍കുന്നു
18
യെഹോശാഫാത്തിന് ധാരാളം സന്പത്തും കീര്‍ത്തിയുമുണ്ടായി. വിവാഹത്തിലൂടെ അദ്ദേഹം ആഹാബുരാജാവുമായി ഒരു കരാറുണ്ടാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം യെഹോശാഫാത്ത്, ശമര്യാപട്ടണത്തില്‍ ആഹാബുരാജാവിനെ സന്ദര്‍ശിച്ചു. ആഹാബ് ധാരാളം ആടുകളെയും പശുക്കളെയും യെഹോശാഫാത്തിനും അയാളോടൊപ്പം വന്നവര്‍ക്കുമായി അറുത്തു. രാമോത്ത്-ഗിലെയാദുപട്ടണം ആക്രമിക്കാന്‍ യെഹോശാഫാത്തിനെ ആഹാബ് പ്രേരിപ്പിച്ചു. ആഹാബ് യെഹോശാഫാത്തിനോടു പറഞ്ഞു, “രാമോത്ത്-ഗിലെയാദ് ആക്രമിക്കാന്‍ താങ്കള്‍ എന്നോടൊപ്പം വരുന്നോ?”ആഹാബ് യിസ്രായേല്‍രാജാവും യെഹോശാഫാത്ത് യെഹൂദയിലെ രാജാവുമായിരുന്നു. യെഹോശാഫാത്ത് ആഹാബിനോടു മറുപടി പറഞ്ഞു, “ഞാന്‍ അങ്ങയെപ്പോലെയും എന്‍റെ ജനങ്ങള്‍ അങ്ങയുടെ ജനങ്ങളെപ്പോലെയുമാണ്. ഞങ്ങള്‍ അങ്ങയോടൊപ്പം യുദ്ധത്തില്‍ ചേരാം.” യെഹോശാഫാത്ത് ആഹാബിനോടു തുടര്‍ന്നു പറഞ്ഞു, “എന്നാല്‍ നമുക്കാദ്യം യഹെവയുടെ സന്ദേശം തേടാം.”
അതിനാല്‍ ആഹാബുരാജാവ് നാനൂറു പ്രവാചകരെ വിളിച്ചുകൂട്ടി. ആഹാബ് അവരോടു ചോദിച്ചു, “ഞങ്ങള്‍ രാമോത്ത്-ഗിലെയാദുപട്ടണത്തിനെതിരെ യുദ്ധത്തിനു പോകണമോ വേണ്ടയോ?”പ്രവാചകര്‍ ആഹാബിനോടു മറുപടി പറഞ്ഞു, “രാമോത്ത്-ഗിലെയാദിനെ തോല്പിക്കാന്‍ ദൈവം നിങ്ങളെ അനുവദിക്കുമെന്നതിനാല്‍ യുദ്ധത്തിനു പൊയ്ക്കൊള്ളൂ.”
എന്നാല്‍ യെഹോശാഫാത്തു പറഞ്ഞു, “യഹോവയുടെ പ്രവാചകരിലാരെങ്കിലും ഇതിലുണ്ടോ? യഹോവയുടെ പ്രവാചകരിലൊരാളിലൂടെയാണ് നാം യഹോവയോടു ആരായേണ്ടത്.”
അപ്പോള്‍ ആഹാബുരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു, “ഒരാളുണ്ടിവിടെ. നമുക്ക് അവനിലൂടെ യഹോവയോടു ചോദിക്കാം. എനിക്കയാളോടു വെറുപ്പാണ്. കാരണം, എന്നെപ്പറ്റി നല്ല സന്ദേശങ്ങളൊന്നും യഹോവയില്‍നിന്ന് അയാള്‍ കൊണ്ടുവന്നിട്ടില്ല. എനിക്കായി എപ്പോഴും ദുഷിച്ച സന്ദേശങ്ങള്‍ ആണ് അയാള്‍ കൊണ്ടുവരുന്നത്. യിമ്ളിയുടെ പുത്രനായ മീഖായാവാണയാള്‍.”എന്നാല്‍ യെഹോശാഫാത്തു പറഞ്ഞു, “ആഹാബ്, അങ്ങ് അങ്ങനെ പറയരുത്!”
അനന്തരം ആഹാബ് തന്‍റെ ഉദ്യോഗസ്ഥന്മാരിലൊരാളെ വിളിച്ചു പറഞ്ഞു, “യിമ്ളിയുടെ പുത്രനായ മീഖായാവിനെ ഇങ്ങോട്ടു വിളിച്ചുകൊണ്ടുവരിക.”
യിസ്രായേല്‍രാജാവായ ആഹാബും യെഹൂദയിലെ രാജാവായ യെഹോശാഫാത്തും തങ്ങളുടെ അംഗവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ശമര്യാനഗരത്തിന്‍റെ മുന്‍കവാടത്തിനരികിലുള്ള മെതിക്കളത്തില്‍ തങ്ങളുടെ സിംഹാസനത്തിന്മേലായിരുന്നു ആഹാബും യെഹോശാഫാത്തും ഇരുന്നിരുന്നത്. ഇരുരാജാക്കന്മാരുടെയും മുന്പില്‍ നാനൂറു പ്രവാചകര്‍ തങ്ങളുടെ സന്ദേശങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. 10 കെനയനാ എന്നൊരാളുടെ പുത്രനായിരുന്നു സിദെക്കീയാവ്. സിദെക്കീയാവ് ഏതാനും ഇരുന്പു കൊന്പുകളുണ്ടാക്കിയിരുന്നു. സിദെക്കീയാവു പറഞ്ഞു, “യഹോവ പറയുന്നത് ഇങ്ങനെയാണ്: ‘അരാമ്യന്‍ജനത മുഴുവന്‍ നശിക്കുംവരെ നിങ്ങള്‍ അവരെ കുത്തിക്കൊല്ലാന്‍ ഈ ഇരുന്പുകൊന്പുകള്‍ ഉപയോഗിക്കും.’”
11 എല്ലാ പ്രവാചകരും അതുതന്നെ പറഞ്ഞു. അവര്‍ പറഞ്ഞു, “രാമോത്ത് ഗിലെയാദുപട്ടണത്തിലേക്കു പോവുക. നിങ്ങള്‍ക്കു വിജയം നിശ്ചയം. അരാമ്യരെ തോല്പിക്കാന്‍ യഹോവ രാജാവിനെ അനുവദിക്കും.”
12 മീഖായാവിനെ കൊണ്ടുവരാന്‍ പോയ ദൂതന്‍ അയാളോടു പറഞ്ഞു, “മീഖായാവേ, എല്ലാ പ്രവാചകരും ഒന്നുതന്നെ പറയുന്നു. രാജാവിനു വിജയമുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍ അവര്‍ പറയുന്നതുപോലെ പറയണം. അങ്ങും നല്ലതു തന്നെ പറയണം.”
13 എന്നാല്‍ മീഖായാവു പറഞ്ഞു, “ജീവിക്കുന്ന യഹോവയാണെ സത്യം എന്‍റെ ദൈവം പറയുന്നതേ ഞാന്‍ പറയൂ.”
14 അനന്തരം മീഖായാവ് ആഹാബുരാജാവിന്‍റെയടുത്തേക്കു വന്നു. രാജാവ് അയാളോടു ചോദിച്ചു, “മീഖായാവേ, യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ രാമോത്ത് ഗിലെയാദിലേക്കു പോകണോ?”മീഖായാവ് മറുപടി പറഞ്ഞു, “പോയി ആക്രമിക്കുക. അവരെ തോല്പിക്കാന്‍ ദൈവം നിങ്ങളെ അനുവദിക്കും.” 15 ആഹാബുരാജാവ് മീഖായാവിനോടു പറഞ്ഞു, “യഹോവയുടെ നാമത്തില്‍ സത്യം മാത്രമേ പറയാവൂ എന്ന് പലവട്ടം ഞാന്‍ താങ്കളെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്!”
16 അപ്പോള്‍ മീഖായാവു പറഞ്ഞു, “യിസ്രായേല്‍ജനത മുഴുവന്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ മലകളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. യഹോവ പറഞ്ഞു, ‘അവര്‍ക്ക് നാഥനില്ല. ഓരോരുത്തരും സുരക്ഷിതരായി വീടുകളിലേക്കു പോകട്ടെ!’” 17 യിസ്രായേല്‍രാജാവായ ആഹാബ് യെഹോശാഫാത്തിനോടു പറഞ്ഞു, “എന്നെപ്പറ്റി യഹോവയില്‍നിന്നും നല്ല സന്ദേശങ്ങളൊന്നും മീഖായാവ് കൊണ്ടു വരില്ലെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു! എന്നെപ്പറ്റി മോശപ്പെട്ട സന്ദേശങ്ങളെ അയാള്‍ക്കുള്ളൂ!”
18 മീഖായാവു പറഞ്ഞു, “യഹോവയുടെ സന്ദേശം കേട്ടാലും: യഹോവ തന്‍റെ സിംഹാസനത്തിലിരിക്കുന്നത് ഞാന്‍ കണ്ടു. സ്വര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ സൈന്യവും അവന്‍റെ പാര്‍ശ്വങ്ങളില്‍ നില്‍ക്കുന്നു. 19 യഹോവ ചോദിച്ചു, ‘യിസ്രായേല്‍രാജാവായ ആഹാബിനെ ചതിച്ച് രാമോത്ത് ഗിലെയാദിലേക്കയച്ച് അവിടെ വച്ച് അയാള്‍യുദ്ധത്തില്‍ കൊല്ലപ്പെടാന്‍ ഇടയാക്കാന്‍ ആരുണ്ട്?’ യഹോവയ്ക്കു ചുറ്റുംകൂടി നിന്നിവര്‍ പലപല അഭിപ്രായങ്ങള്‍ പറഞ്ഞു. 20 അനന്തരം ഒരാത്മാവു വന്ന് യഹോവയുടെ മുന്പില്‍നിന്നു. ആ ആത്മാവു പറഞ്ഞു, ‘ആഹാബിനെ ഞാന്‍ കുടുക്കാം.’ യഹോവ ആ ആത്മാവിനോടു ചോദിച്ചു, ‘എങ്ങനെ?’ 21 ആ ആത്മാവ് മറുപടി പറഞ്ഞു, ‘ഞാന്‍ പോയി ആഹാബിന്‍റെ പ്രാവാചകരുടെ വായില്‍ നുണ പറയിക്കുന്ന ആത്മാവായി കൂടാം.’ യഹോവ പറഞ്ഞു, ‘ആഹാബിനെ കുടുക്കുന്നതില്‍ നീ വിജയിക്കും. അതിനാല്‍ ചെന്ന് അങ്ങനെ ചെയ്യുക.’
22 “നോക്കൂ ആഹാബ്, നുണ പറയുന്ന ഒരു ആത്മാവിനെ യഹോവ അങ്ങയുടെ പ്രവാചകരുടെ വായില്‍ ഇരുത്തിയിരിക്കുന്നു. നിനക്ക് ദുരിതമുണ്ടാകുമെന്ന് യഹോവ പറഞ്ഞിരിക്കുന്നു.”
23 അപ്പോള്‍ കെനയനയുടെ പുത്രനായ സിദെക്കീയാവ് വന്ന് മീഖായാവിന്‍റെ മുഖത്ത് അടിച്ചു. സിദെക്കീയാവു പറഞ്ഞു, “മീഖായാവേ, നിന്നോടു സംസാരിക്കാന്‍ വന്ന യഹോവയുടെ ആത്മാവ് എന്നെ വിട്ടു ഏതുവഴിക്കാണു പോയത്?” 24 മീഖായാവ് മറുപടി പറഞ്ഞു, “സിദെക്കീയാവേ, ഒരു ഉള്ളറയില്‍ ഒളിച്ചിരിക്കാന്‍ പോകുന്ന ദിവസം നീ അത് കണ്ടെത്തും.”
25 അപ്പോള്‍ ആഹാബുരാജാവു പറഞ്ഞു, “മീഖായാവിനെ നഗരഭരണാധിപനായ ആമോസിന്‍റെയും രാജപുത്രനായ യോവാശിന്‍റെയും അടുത്തേക്കു വിടുക. 26 ആമോനോടും യോവാശിനോടും ഇങ്ങനെ പറയുക, ‘രാജാവു പറയുന്നതിങ്ങനെയാണ്: മീഖായാവിനെ തുറങ്കിലടയ്ക്കുക. ഞാന്‍ യുദ്ധത്തില്‍നിന്നും തിരികെ വരുംവരെ അവന് അപ്പവും വെള്ളവുമല്ലാതെ ഒന്നും തിന്നാല്‍ കൊടുക്കരുത്.’” 27 മീഖായാവ് മറുപടി പറഞ്ഞു, “ആഹാബേ, നീ യുദ്ധത്തില്‍നിന്നും തിരിച്ചുവരികയാണെങ്കില്‍ യഹോവ എന്നിലൂടെ സംസാരിച്ചിട്ടില്ല. നിങ്ങളെല്ലാവരും എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുക!”
രാമോത്ത് ഗിലെയാദില്‍ ആഹാബ് കൊല്ലപ്പെടുന്നു
28 അങ്ങനെ, യിസ്രായേല്‍രാജാവായ ആഹാബും യെഹൂദരാജാവായ യെഹോശാഫാത്തും രാമോത്ത് ഗിലെയാദുപട്ടണം ആക്രമിച്ചു. 29 ആഹാബുരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു, “യുദ്ധത്തിനു പോവുംമുന്പ് ഞാന്‍ പ്രച്ഛന്നവേഷം ധരിക്കും. എന്നാല്‍ താങ്കള്‍ സ്വന്തംമേലങ്കിതന്നെ ധരിക്കുക.”അതിനാല്‍ യിസ്രായേല്‍രാജാവായ ആഹാബ് വേഷപ്രച്ഛന്നനാവുകയും ഇരുരാജാക്കന്മാരും യുദ്ധത്തിനു പുറപ്പെടുകയും ചെയ്തു.
30 അരാമിലെ രാജാവ് തന്‍റെ തേരാളികള്‍ക്ക് ഒരുത്തരവു നല്‍കി. അദ്ദേഹം അവരോടു പറഞ്ഞു, “അവര്‍ പ്രമാണികളോ അല്ലാത്തവരോ ആകട്ടെ, ഒരാളുമായും യുദ്ധം ചെയ്യരുത്. എന്നാല്‍ യിസ്രായേല്‍ രാജാവായ ആഹാബിനോടു യുദ്ധം ചെയ്യുക.” 31 യെഹോശാഫാത്തിനെ കണ്ട തേരാളികള്‍ കരുതി, “ഇദ്ദേഹമായിരിക്കും യിസ്രായേല്‍രാജാവായ ആഹാബ്!”അവര്‍ യെഹോശാഫാത്തിനെ ആക്രമിക്കാന്‍ തിരിഞ്ഞു. എന്നാല്‍ യെഹോശാഫാത്ത് അലറിവിളിക്കുകയും യഹോവ അയാളെ സഹായിക്കുകയും ചെയ്തു. ദൈവം തേരാളികളെ യെഹോശാഫാത്തില്‍നിന്നും തിരിച്ചു വിട്ടു. 32 യെഹോശാഫാത്ത് യിസ്രായേല്‍ രാജാവല്ലെന്നു മനസ്സിലാക്കിയതോടെ അവര്‍ അയാള്‍ പിന്തുടരുന്നതു നിര്‍ത്തി.
33 എന്നാല്‍ ഒരു ഭടന്‍ തന്‍റെ വില്ലില്‍നിന്നും ഒരന്പ് അലക്ഷ്യമായി എയ്തു. ആ അന്പ് യിസ്രായേല്‍ രാജാവായ ആഹാബിനുമേല്‍ തറച്ചു. അത് ആഹാബിന്‍റെമേല്‍ കവചമില്ലാത്ത ഒരു ഭാഗത്താണ് തറച്ചത്. ആഹാബ് തന്‍റെ തേരാളിയോടു പറഞ്ഞു, “എനിക്കു മുറിവേറ്റിരിക്കുന്നു. തേര് തിരിച്ചു വിടുക!” 34 അന്നത്തെ യുദ്ധം ഭീകരമായി. ആഹാബ് സായാഹ്നംവരെ തന്‍റെ തേരില്‍ തങ്ങി അരാമ്യര്‍ക്കുനേരെ നിന്നു. സൂര്യാസ്തമയവേളയില്‍ അയാള്‍ മരിച്ചു.