യെഹിസ്കീയാരാജാവ് അഭിവൃദ്ധി പ്രാപിക്കുന്നു
31
പെസഹ ആഘോഷം കഴിഞ്ഞു. പെസഹയ്ക്കായി യെരൂശലേമിലെത്തിയ യിസ്രായേലുകാര്‍ യെഹൂദയിലെ പട്ടണങ്ങളിലേക്കിറങ്ങി. എന്നിട്ടവര്‍ ആ പട്ടണങ്ങളിലുണ്ടായിരുന്ന കല്‍പ്രതിമകള്‍ ഇടിച്ചു തകര്‍ത്തു. വ്യാജദൈവങ്ങളെ ആരാധിക്കുന്നതിനുള്ളതായിരുന്നു ആ വ്യാജപ്രതിമകള്‍. അശേരാസ്തംഭങ്ങളും അവര്‍ തകര്‍ത്തു. യെഹൂദയിലും ബെന്യാമീനിലുള്ള എല്ലാ ഉന്നതസ്ഥലങ്ങളും യാഗപീഠങ്ങളും അവര്‍ തകര്‍ത്തു. എഫ്രയീമിലും മനശ്ശെയിലും ഇതേപോലെ അവര്‍ ചെയ്തു. വ്യാജദൈവങ്ങലെ ആരാധിക്കാനുള്ള എല്ലാ സാധനങ്ങളും നശിപ്പിച്ചു കഴിയുംവരെ അവരതു തുടര്‍ന്നു. അനന്തരം യിസ്രായേലുകാര്‍ സ്വദേശത്തു തങ്ങളുടെ സ്വന്തം പട്ടണങ്ങളിലേക്കു മടങ്ങി.
പുരോഹിതരെയും ലേവ്യരെയും സംഘങ്ങളായി തിരിക്കുകയും ഓരോരോ സംഘത്തിനും ഓരോ ജോലികള്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ യെഹിസ്കീയാ രാജാവ് ആ സംഘങ്ങളോടു തങ്ങളുടെ ജോലികള്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടു. അതിനാല്‍ പുരോഹിതരും ലേവ്യരും ഹോമയാഗങ്ങളും സമാധാനബലികളും അര്‍പ്പിക്കുന്ന ജോലി വീണ്ടും ആരംഭിച്ചു. ആലയത്തിനുള്ളിലെ ശുശ്രൂഷയും യഹോവയുടെ ഭവനത്തിന്‍റെ കവാടങ്ങള്‍ക്കരികില്‍ ദൈവത്തെ പാടിപ്പുകഴ്ത്തുന്ന ജോലിയും അവര്‍ക്കുണ്ടായിരുന്നു. തന്‍റെ സ്വന്തം മൃഗങ്ങളില്‍ ചിലതിനെ യെഹിസ്കീയാവ് ഹോമയാഗമായി അര്‍പ്പിച്ചു. നിത്യേന കാലത്തും വൈകിട്ടും നടത്തുന്ന ഹോമയാഗത്തിനാണ് ഈ മൃഗങ്ങള്‍ ഉപയോഗിക്കപ്പെട്ടത്. ശബ്ബത്തുകള്‍, അമാവാസികള്‍, വിശുദ്ധസമ്മേളനങ്ങള്‍ എന്നീ ദിവസങ്ങളിലായിരുന്നു ഈ മൃഗങ്ങള്‍ അര്‍പ്പിക്കപ്പെട്ടത്. യഹോവയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചായിരുന്നു ഇതൊക്കെ നടപ്പിലാക്കിയിരുന്നത്. ജനങ്ങള്‍ തങ്ങളുടെ വിളവിന്‍റെയും മറ്റു വസ്തുക്കളുടെയും ഒരു പങ്ക് പുരോഹിതര്‍ക്കും ലേവ്യര്‍ക്കും നല്‍കേണ്ടതുണ്ടായിരുന്നു. അതിനാല്‍ യെരൂശലേം നിവാസികള്‍ തങ്ങളുടെ പങ്ക് അവര്‍ക്കു നല്‍കണമെന്ന് യെഹിസ്കീയാവു കല്പിച്ചു. അതിനാല്‍ യഹോവയുടെ നിയമത്തില്‍ പറയുന്പോലെ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഉത്തരവുകള്‍ നടപ്പിലാക്കി സമയം കഴിക്കാനാകും. രാജ്യമെന്പാടുമുള്ള ജനങ്ങള്‍ ഈ കല്പന കേട്ടു. അതിനാല്‍ യിസ്രായേലുകാര്‍ തങ്ങളുടെ വിളവുകളായ ധാന്യങ്ങള്‍, മുന്തിരി, എണ്ണ, തേന്‍ എന്നു വേണ്ട തങ്ങള്‍ കൃഷി ചെയ്ത എല്ലാറ്റിന്‍റെയും ആദ്യഭാഗം സമര്‍പ്പിച്ചു. ഇവയുടെയെല്ലാം പത്തിലൊന്നാണ് അവര്‍ നല്‍കിയത്. യെഹൂദയില്‍ വസിക്കുന്ന യിസ്രായേലുകാരും യെഹൂദക്കാരും തങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും പത്തിലൊന്നും കൊണ്ടുവന്നു. യഹോവയ്ക്കു വേണ്ടി മാത്രമായി കരുതി ഒരു പ്രത്യേകസ്ഥലത്തു സൂക്ഷിച്ചിരുന്നവയുടെ പത്തിലൊന്നും അവര്‍ കൊണ്ടുവന്നു. അവര്‍ ഇവയെല്ലാം തങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കായി കൊണ്ടുവന്ന് കൂന്പാരമായി കൂട്ടി.
മൂന്നാം മാസ(മെയ്-ജൂണ്‍)ത്തിലാണ് ജനങ്ങളവ കൊണ്ടുവരാന്‍ തുടങ്ങിയത്. ഏഴാംമാസത്തില്‍(സെപ്തംബര്‍-ഒക്ടോബര്‍) അതവസാനിക്കുകയും ചെയ്തു. യെഹിസ്കീയാവും നേതാക്കളും എത്തിയപ്പോള്‍ ശേഖരിക്കപ്പെട്ട വസ്തുക്കളുടെ കൂന്പാരമാണ് കണ്ടത്. അവര്‍ യഹോവയെയും അവന്‍റെ ജനതയായ യിസ്രായേലുകാരെയും വാഴ്ത്തി.
യെഹിസ്കീയാവ് ഈ കൂന്പാരങ്ങളെക്കുറിച്ച് പുരോഹിതരോടും ലേവ്യരോടും ചോദിച്ചു. 10 സാദോക്കിന്‍റെ കുടുംബക്കാരനായ ഉന്നതപുരോഹിതന്‍ അസര്യാവ് യെഹിസ്കീയാവിനോടു പറഞ്ഞു, “യഹോവയുടെ ആലയത്തിലേക്കു ജനങ്ങള്‍ വഴിപാടുകള്‍ കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് ധാരാളം ഭക്ഷണമുണ്ട്. ഞങ്ങള്‍ വയറുനിറയെ കഴിച്ചിട്ടും ധാരാളം ഭക്ഷണം അവശേഷിച്ചു! യഹോവ സത്യത്തില്‍ തന്‍റെ ജനതയെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാലാണ് ഞങ്ങള്‍ക്കിത്രമാത്രം മിച്ചം വന്നത്.”
11 അനന്തരം, യഹോവയുടെ ആലയത്തില്‍ കലവറമുറികള്‍ തയ്യാറാക്കാന്‍ യെഹിസ്കീയാവ് തന്‍റെ പുരോഹിതന്മാരോടു കല്പിച്ചു. അത് വേണ്ടപോലെ ചെയ്യപ്പെട്ടു. 12 അപ്പോള്‍ പുരോഹിതന്മാര്‍, യഹോവയ്ക്കു മാത്രമായി സമര്‍പ്പിക്കപ്പെട്ട വഴിപാടുകളും ദശാംശങ്ങളും കൊണ്ടുവന്നു. അങ്ങനെ ശേഖരിക്കപ്പെട്ടതെല്ലാം അവര്‍ ആലയത്തിലെ കലവറമുറിയ്ക്കുള്ളില്‍ വച്ചു. സമാഹരിക്കപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന ചുമതല ലേവ്യനായ കോനന്യാവിനായിരുന്നു. ശിമെയിയായിരുന്നു രണ്ടാം ചുമതലക്കാരന്‍. കോനന്യാവിന്‍റെ സഹോദരനായിരുന്നു ശിമെയി. 13 കോനന്യാവും സഹോദരനായ ശിമെയിയും ഇനിപറയുന്നവരുടെ മേല്‍നോട്ടകാരായിരുന്നു: യെഹീയേല്‍, അസസ്യാവ്, നഹത്ത്, അസാഹേല്‍, യെരിമോത്ത്, യോസാബാദ്, എലീയേല്‍, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ്. യെഹിസ്കീയാരാജാവും ദൈവത്തിന്‍റെ ആലയത്തിന്‍റെ ചുമതലക്കാരനായ അസര്യാവുമാണ് അവരെ തെരഞ്ഞെടുത്തത്. 14 ജനങ്ങള്‍ സ്വേച്ഛയാ ദൈവത്തിനു സമര്‍പ്പിച്ച വഴിപാടുകളുടെ ചുമതലക്കാരന്‍ കോരേ ആയിരുന്നു. യഹോവയ്ക്കു സമര്‍പ്പിതമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്‍റെ ചുമതല കോരേയ്ക്കായിരുന്നു. യഹോവയ്ക്കായി വിശുദ്ധമാക്കപ്പെട്ട സമ്മാനങ്ങളുടെ വിതരണവും കോരേയ്ക്കായിരുന്നു. കിഴക്കേ കവാടത്തിന്‍റെ കാവല്‍ക്കാരനായിരുന്നു കോരേ. ലേവ്യനായ യിമ്നാ ആയിരുന്നു അയാളുടെ പിതാവ്. 15 ഏദെന്‍, മിന്യാമീന്‍, യേശുവാ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവര്‍ കോരേയെ സഹായിച്ചു. പുരോഹിതന്മാര്‍ വസിക്കുന്ന പട്ടണങ്ങളില്‍ ഇവര്‍ വിശ്വാസപൂര്‍വ്വം സേവനം ചെയ്തു. അവര്‍ സാധനങ്ങള്‍, പുരോഹിതന്മാരുടെ ഓരോ സംഘത്തിലുമുള്ള, തങ്ങളുടെ ബന്ധുക്കള്‍ക്കു നല്‍കി. ആളുകളെ പ്രധാനിയെന്നോ അപ്രധാനിയെന്നോ നോക്കാതെയാണവര്‍ സാധനങ്ങള്‍ വിതരണം ചെയ്തത്. 16 ലേവ്യകുടുംബചരിത്രത്തില്‍ പേരുള്ള, മൂന്നുവയസ്സും അതിലധികവും പ്രായമുള്ള എല്ലാ പുരുഷന്മാര്‍ക്കും അവര്‍ ശേഖരിക്കപ്പെട്ട വസ്തുക്കള്‍ നല്‍കി. ഈ പുരുഷന്മാരെല്ലാം തങ്ങളുടെ ഉത്തരവാദിത്വത്തില്‍പ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനു യഹോവയുടെ ആലയത്തില്‍ പ്രവേശിക്കേണ്ടവരായിരുന്നു. ഓരോ ലേവ്യസംഘത്തിനും തങ്ങളുടേതായ ഉത്തരവാദിത്വമുണ്ടായിരുന്നു. 17 പുരോഹിതര്‍ക്ക് അവരവരുടെ ഓഹരി നല്‍കിയിരുന്നു. കുടുംബചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നതു പോലെയാണിതു നടത്തിയത്. ഇരുപതും അതിലധികവും പ്രായമുണ്ടായിരുന്ന എല്ലാ ലേവ്യര്‍ക്കും ശേഖരത്തില്‍ അവര്‍ക്കുള്ള പങ്കു നല്‍കിയിരുന്നു. അവരുടെ ഉത്തരവാദിത്വങ്ങളും സംഘങ്ങളുമനുസരിച്ചായിരുന്നു അങ്ങനെ ചെയ്തിരുന്നത്. 18 ലേവ്യരുടെ ശിശുക്കള്‍ക്കും ഭാര്യമാര്‍ക്കും പുത്രീപുത്രന്മാര്‍ക്കും ശേഖരത്തിന്‍റെ പങ്കു കിട്ടി. കുടുംബചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ലേവ്യര്‍ക്കും അങ്ങനെ ലഭിച്ചു. ശുശ്രൂഷയ്ക്കായി എല്ലായ്പ്പോഴും സ്വയം വിശുദ്ധരും സന്നദ്ധരുമായിരുന്നതിനാലാണ് ലേവ്യര്‍ക്ക് അങ്ങനെ ലഭിച്ചത്. 19 അഹരോന്‍റെ പിന്‍ഗാമികളായ പുരോഹിതന്മാരില്‍ ചിലര്‍ക്ക് ലേവ്യര്‍ വസിക്കുന്ന പട്ടണങ്ങള്‍ക്കടുത്ത് കുറേ വയലുകളുണ്ടായിരുന്നു. അഹരോന്‍റെ പിന്‍ഗാമികളില്‍ ചിലര്‍ പട്ടണങ്ങളില്‍ വസിക്കുന്നുമുണ്ടായിരുന്നു. അഹരോന്‍റെ ഈ പിന്മുറക്കാര്‍ക്ക് ആ പട്ടണങ്ങളുടെ അടിസ്ഥാനത്തില്‍ പേരു വിളിച്ചാണ് ശേഖരത്തിന്‍റെ വീതം നല്‍കിയത്. ലേവ്യചരിത്രത്തില്‍ പേരു ചേര്‍ക്കപ്പെട്ട പുരുഷന്മാര്‍ക്കാണ് ശേഖരത്തിന്‍റെ ഭാഗം നല്‍കിയത്.
20 അങ്ങനെ യെഹിസ്കീയാരാജാവ് യെഹൂദയിലെന്പാടും ആ നല്ല കാര്യങ്ങള്‍ ചെയ്തു. തന്‍റെ ദൈവമാകുന്ന യഹോവയ്ക്കു മുന്പില്‍ നന്മയും നേരും വിശ്വസ്തവുമായ കാര്യങ്ങള്‍ അയാള്‍ ചെയ്തു. 21 ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷ, നിയമങ്ങളും കല്പനകളും അനുസരിക്കല്‍, തന്‍റെ ദൈവത്തെ പിന്തുടരല്‍ തുടങ്ങി അയാളാരംഭിച്ച എല്ലാ കാര്യങ്ങളിലും അയാള്‍ക്കു വിജയമുണ്ടായി. ഇതെല്ലാം യെഹിസ്കീയാവ് പൂര്‍ണ്ണമനസ്സോടെയാണ് ചെയ്തത്.