മനശ്ശെ യെഹൂദയുടെ രാജാവ്
33
യെഹൂദയുടെ രാജാവാകുന്പോള്‍ മനശ്ശെയ്ക്കു പന്ത്രണ്ടു വയസ്സായിരുന്നു. അയാള്‍ അന്‍പത്തിയഞ്ചുവര്‍ഷം യെഹൂദയില്‍ രാജാവായിരുന്നു. തെറ്റെന്നു യഹോവ പറഞ്ഞ കാര്യങ്ങളാണ് മനശ്ശെ ചെയ്തത്. മറ്റു ജനതകളുടെ ഭീകരവും പാപനിര്‍ഭരവുമായ മാര്‍ഗ്ഗമാണയാള്‍ പിന്തുടര്‍ന്നത്. യഹോവ അവരെ യിസ്രായേലുകാരുടെ മുന്പില്‍നിന്നും ഓടിച്ചതാണ്. തന്‍റെ പിതാവായ യെഹിസ്കീയാവ് തകര്‍ത്ത ഉന്നതസ്ഥലങ്ങള്‍ മനശ്ശെ പുനര്‍നിര്‍മ്മിച്ചു. മനശ്ശെ, ബാല്‍ ദൈവങ്ങള്‍ക്ക് യാഗപീഠങ്ങള്‍ പണിയുകയും അശേരാസ്തംഭങ്ങളുണ്ടാക്കുകയും ചെയ്തു. അയാള്‍ നക്ഷത്രഗണങ്ങള്‍ക്കു മുന്പില്‍ നമസ്കരിക്കുകയും അവയെ ആരാധിക്കുകയും ചെയ്തു. “എന്‍റെ നാമം യെരൂശലേമില്‍ നിത്യമായിരിക്കും”എന്നു യഹോവ പറഞ്ഞ യഹോവയുടെ ആലയത്തില്‍ മനശ്ശെ വ്യാജദൈവങ്ങള്‍ക്കായി യാഗപീഠങ്ങള്‍ പണിതു.
യഹോവയുടെ ആലയത്തിന്‍റെ രണ്ടു മുറ്റങ്ങളില്‍ മനശ്ശെ എല്ലാ നക്ഷത്രസമൂഹങ്ങള്‍ക്കും യാഗപീഠങ്ങള്‍ പണിതു. ബെന്‍-ഹിന്നോം താഴ്വരയില്‍ മനശ്ശെ സ്വന്തം മക്കളെ ബലിയായി അര്‍പ്പിക്കുകയും ചെയ്തു. മനശ്ശെ ശകുനം പറയിക്കുകയും ലക്ഷണം നോക്കുകയും ആഭിചാരം നടത്തുകയും ചെയ്തു. വെളിച്ചപ്പാടന്മാരും മന്ത്രവാദികളുമായി അയാള്‍ സംസാരിച്ചു. തെറ്റെന്നു യഹോവ പറഞ്ഞ ധാരാളം കാര്യങ്ങള്‍ മനശ്ശെ ചെയ്തു. മനശ്ശെയുടെ പാപങ്ങള്‍ യഹോവയെ കോപിഷ്ഠനാക്കി. അയാള്‍ ഒരു വിഗ്രഹരൂപമുണ്ടാക്കുകയും അത് ദൈവത്തിന്‍റെ ആലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാവീദിനോടും അവന്‍റെ പുത്രനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു, “ഞാന്‍ എന്‍റെ നാമം ഈ ആലയത്തിലും യെരൂശലേമിലും നിത്യമായി സ്ഥാപിക്കും. യിസ്രായേലിലെ എല്ലാ ഗോത്രങ്ങളില്‍ നിന്നും നഗരങ്ങളില്‍നിന്നുമാണ് ഞാന്‍ യെരൂശലേം തെരഞ്ഞെടുത്തത്. എന്‍റെ നാമം അവിടെ നിത്യമായി ഉണ്ടായിരിക്കുകയും ചെയ്യും. യിസ്രായേലുകാരെ ഞാനൊരിക്കലും അവരുടെ പൂര്‍വ്വികര്‍ക്കു നല്‍കാനായി തെരഞ്ഞെടുത്ത ഈ ദേശത്തുനിന്നും പുറത്താക്കുകയില്ല. പക്ഷേ എന്‍റെ കല്പനകളെല്ലാം അവര്‍ അനുസരിക്കണം. ഞാന്‍ മോശെയിലൂടെ അവര്‍ക്കു നല്‍കിയ എല്ലാ നിയമങ്ങളും ചട്ടങ്ങളും കല്പനകളും യിസ്രായേല്‍ ജനത അനുസരിക്കണം.”
യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു മനശ്ശെ ചെയ്തത്. യിസ്രായേലുകാര്‍ക്കു മുന്പേ യഹോവ പുറത്താക്കിയ ജനതകളേക്കാള്‍ വഷളന്‍ പാപങ്ങളായിരുന്നു ചെയ്തത്.
10 യഹോവ മനശ്ശെയോടും അവന്‍റെയാളുകളോടും സംസാരിച്ചെങ്കിലും അവരതു കേള്‍ക്കാന്‍ കൂട്ടിക്കിയില്ല. 11 അതിനാല്‍ യഹോവ അശ്ശൂര്യ സേനാനായകന്മാരെ യെഹൂദാ ആക്രമിക്കാന്‍ വരുത്തി. ആ സേനാധിപന്മാര്‍ മനശ്ശെയെ പിടകൂടി ബന്ധനത്തിലാക്കി. മനശ്ശെയുടെ കൈകളില്‍ അവര്‍ ഓട്ടുചങ്ങളികളിട്ടു. അവര്‍ മനശ്ശെയെ ബാബിലോണിലേക്കു തടവുകാരനായി കൊണ്ടുപോയി.
12 മനശ്ശെ ദുരിതത്തിലായി. അപ്പോളയാള്‍ തന്‍റെ ദൈവമാകുന്ന യഹോവയെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അയാള്‍ തന്‍റെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയുടെ മുന്പില്‍ സ്വയം താഴ്ത്തി. 13 മനശ്ശെ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും തന്നെ സഹായിക്കാന്‍ യാചിക്കുകയും ചെയ്തു. മനശ്ശെയുടെ യാചനകേട്ട യഹോവയുടെ മനസ്സലിഞ്ഞു. യഹോവ അയാളെ യെരൂശലേമിലേക്കും തന്‍റെ സിംഹാസനത്തിലേക്കും മടങ്ങിപ്പോകാന്‍ അനുവദിച്ചു. യഹോവയാണ് സത്യദൈവമെന്ന് മനശ്ശെ മനസ്സിലാക്കി.
14 അതിനുശേഷം മനശ്ശെ ദാവീദിന്‍റെ നഗരത്തിന് ഒരു പുറമതില്‍ പണിതു. ഗീഹോന്‍ ജലധാരയ്ക്കു പടിഞ്ഞാറ്, മത്സ്യകവാടത്തിനടുത്തുള്ള താഴ്വരയിലായിരുന്നു പുറമതില്‍. ഓഫേല്‍കുന്നിനു ചുറ്റുമാണ് മനശ്ശെ ആ മതില്‍ കെട്ടിയത്. അയാള്‍ മതില്‍ വളരെ ഉയര്‍ത്തിക്കെട്ടി. അനന്തരം യെഹൂദയിലെ കോട്ടകളിലെല്ലാം അയാള്‍ സേനാധിപന്മാരെ നിര്‍ത്തി. 15 വിദേശീയമായ വിഗ്രഹദൈവങ്ങളെ മനശ്ശെ യഹോവയുടെ ആലയത്തില്‍നിന്നും എടുത്തുമാറ്റി. താന്‍ ആലയത്തിന്‍റെ കുന്നുകളിലും യെരൂശലേമിലും സ്ഥാപിച്ച എല്ലാ യാഗപീഠങ്ങളും അയാള്‍ എടുത്തുമാറ്റി. മനശ്ശെ ആ യാഗപീഠങ്ങളെല്ലാം യെരൂശലേം നഗരത്തിന് പുറത്തേക്കെറിഞ്ഞു. 16 അനന്തരം അയാള്‍ യഹോവയുടെ യാഗപീഠം സ്ഥാപിക്കുകയും ആരാധനാബലികളും സമാധാനബലികളും അര്‍പ്പിക്കുകയും ചെയ്തു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ ആരാധിക്കണമെന്ന് മുഴുവന്‍ യെഹൂദക്കാര്‍ക്കും മനശ്ശെ കല്പന നല്‍കി. 17 ജനങ്ങള്‍ ഉന്നതസ്ഥലങ്ങളില്‍ വീണ്ടും ബലികളര്‍പ്പിച്ചു. പക്ഷേ അവരുടെ ബലികള്‍ അവരുടെ ദൈവമാകുന്ന യഹോവയ്ക്കു മാത്രമായിരുന്നു.
18 മനശ്ശെയുടെ മറ്റു പ്രവൃത്തികള്‍, ദൈവത്തോടുള്ള അയാളുടെ പ്രാര്‍ത്ഥന, യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തില്‍ ദര്‍ശകര്‍ അയാളോടു പറഞ്ഞ കാര്യങ്ങള്‍ എന്നിവയെല്ലാം ‘യിസ്രായേല്‍രാജാക്കന്മാരുടെ ഔദ്യോഗിക രേഖകള്‍’ എന്ന പുസ്തകത്തില്‍ എഴുതവച്ചിട്ടുണ്ട്. 19 മനശ്ശെയുടെ പ്രാര്‍ത്ഥനയും മനസ്സിലിഞ്ഞ് ദൈവം അയാളെ ശ്രവിച്ചതും ഒക്കെ ‘ദര്‍ശകരുടെ പുസ്തക’ത്തില്‍ ഉണ്ട്. മനശ്ശെ സ്വയം വിനീതനാകുന്നതിനു മുന്പുള്ള അയാളുടെ പാപങ്ങളും തെറ്റുകളും മുഴുവനും അയാള്‍ എവിടെയൊക്കെ ഉന്നതസ്ഥലങ്ങള്‍ പണിതു എന്നതും അശേരാസ്തംഭങ്ങള്‍ സ്ഥാപിച്ചു എന്നതും ‘ദര്‍ശകരുടെ പുസ്തക’ത്തില്‍ എഴുതിയിട്ടുണ്ട്: 20 അങ്ങനെ മനശ്ശെ മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ജനങ്ങള്‍ മനശ്ശെയെ അയാളുടെ സ്വന്തം രാജകൊട്ടാരത്തിലാണ് സംസ്കരിച്ചത്. മനശ്ശെയുടെ സ്ഥാനത്ത് അയാളുടെ പുത്രനായ ആമോന്‍ പുതിയ രാജാവായി.
ആമോന്‍ യെഹൂദയുടെ രാജാവ്
21 യെഹൂദയുടെ രാജാവാകുന്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ രണ്ടുവര്‍ഷം യെരൂശലേമില്‍ രാജാവായിരുന്നു. 22 യഹോവയ്ക്കു മുന്പില്‍ തിന്മയായത് ആമോന്‍ ചെയ്തു. തന്‍റെ പിതാവായ മനശ്ശെയെപ്പോലെതന്നെ അയാളും യഹോവയുടെ ഇംഗീതങ്ങള്‍ നടപ്പാക്കിയില്ല. തന്‍റെ പിതാവായ മനശ്ശെ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്കെല്ലാം ആമോന്‍ ബലികളര്‍പ്പിച്ചു. ആ വിഗ്രഹങ്ങളെ ആമോന്‍ ആരാധിച്ചു. 23 തന്‍റെ പിതാവായ മനശ്ശെ യഹോവയ്ക്കുമുന്പില്‍ സ്വയം വിനീതനായതുപോലെ ആമോന്‍ സ്വയം വിനീതനായില്ല. പക്ഷേ ആമോന്‍ കൂടുതല്‍ കൂടുതല്‍ പാപം ചെയ്തു. 24 ആമോന്‍റെ ദാസന്മാര്‍ അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി. അവര്‍ ആമോനെ അയാളുടെ വസതിയില്‍ വച്ചു വധിച്ചു. 25 എന്നാല്‍ ആമോന്‍ രാജാവിനെതിരെ ഗുഢാലോചന നടത്തിയ എല്ലാ ദാസന്മാരെയും യെഹൂദക്കാര്‍ വധിച്ചു. അനന്തരം അവര്‍ ആമോന്‍റെ പുത്രനായ യോശീയാവിനെ പുതിയ രാജാവാക്കി.