6
അപ്പോള്‍ ശലോമോന്‍ പറഞ്ഞു, “താന്‍ ഇരുണ്ടമേഘത്തില്‍ വസിക്കുമെന്ന് യഹോവ പറഞ്ഞിരിക്കുന്നു. യഹോവേ, അങ്ങയ്ക്കു വസിക്കാന്‍ ഞാനൊരാലയം പണിതിരിക്കുന്നു, നിനക്ക് എന്നെന്നേക്കും വസിക്കാനൊരിടം!”
ശലോമോന്‍റെ പ്രസംഗം
ശലോമോന്‍രാജാവ് തിരിഞ്ഞുനിന്ന് തനിക്കുമുന്പിലുള്ള മുഴുവന്‍ യിസ്രായേലുകാരെയും അനുഗ്രഹിച്ചു. ശലോമോന്‍ പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ വാഴ്ത്തപ്പെടട്ടെ! എന്‍റെ പിതാവായ ദാവീദിനോടു സംസാരിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം യഹോവ പാലിച്ചിരിക്കുന്നു. യഹോവ പറഞ്ഞത് ഇതാകുന്നു: ‘എന്‍റെ ജനതയെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചതിനുശേഷം ഇന്നുവരെ എനിക്കു വസിക്കുന്നതിനൊരു വസതി പണിയുവാന്‍ ഒരു ഗോത്രക്കാരില്‍നിന്നും ഒരു നഗരവും തെരഞ്ഞെടുത്തില്ല. എന്‍റെ ജനതയായ യിസ്രായേലുകാരെ നയിക്കുന്നതിന് ഞാനൊരാളെയും തെരഞ്ഞെടുത്തില്ല. എന്നാലിപ്പോള്‍ യെരൂശലേമിനെ ഞാന്‍ എന്‍റെ നാമത്തിനുള്ള സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നു. എന്‍റെ ജനമായ യിസ്രായേലിനെ നയിക്കാന്‍ ദാവീദിനെയും ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.’
“യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയുടെ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ എന്‍റെ പിതാവായ ദാവീദ് ആഗ്രഹിച്ചു. എന്നാല്‍ യഹോവ എന്‍റെ പിതാവിനോടു പറഞ്ഞു, ‘ദാവീദേ, എന്‍റെ നാമത്തിലൊരു ആലയം പണിയണമെന്നു നിനക്കു തോന്നിയതു നന്നായി. പക്ഷേ നിനക്ക് ആലയം പണിയാനാവില്ല. എന്നാല്‍ നിന്‍റെ പുത്രന്‍ എന്‍റെ നാമത്തില്‍ ആലയം പണിയും.’ 10 ഇപ്പോള്‍, യഹോവ താന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചതു ചെയ്തിരിക്കുന്നു. എന്‍റെ പിതാവിന്‍റെ സ്ഥാനത്ത് ഞാനാണ് പുതിയ രാജാവ്. ദാവീദായിരുന്നു എന്‍റെ പിതാവ്. ഇപ്പോള്‍ ഞാനാകുന്നു യിസ്രായേല്‍രാജാവ്. യഹോവയുടെ വാഗ്ദാനവും അതായിരുന്നു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയുടെ നാമത്തിന് ഞാന്‍ ആലയം പണിതിരിക്കുന്നു. 11 സാക്ഷ്യപെട്ടകം ഞാന്‍ ആലയത്തില്‍ വച്ചു. യഹോവയുടെ കരാര്‍ സാക്ഷ്യപെട്ടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. യിസ്രായേല്‍ജനതയുമായി യഹോവയുണ്ടാക്കിയതാണ് ആ കരാര്‍.”
ശലോമോന്‍റെ പ്രാര്‍ത്ഥന
12 ശലോമോന്‍ യഹോവയുടെ യാഗപീഠത്തിനുമുന്പില്‍ നിന്നു. അവിടെ കൂടിയിരുന്ന മുഴുവന്‍ യിസ്രായേലുകാരുടെയും മുന്പിലായിരുന്നു അദ്ദേഹം നിന്നത്. അനന്തരം ശലോമോന്‍ തന്‍റെ കൈകള്‍വിരിച്ചു. 13 ശലോമോന്‍ വെങ്കലംകൊണ്ട് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ള ഒരു പീഠമുണ്ടാക്കി പുറമുറ്റത്തിന്‍റെ നടുവില്‍ വച്ചു. എന്നിട്ടദ്ദേഹം പീഠത്തിന്മേല്‍ കയറി അവിടെ കൂടിയിരുന്ന മുഴുവന്‍ യിസ്രായേലുകാരുടെയും മുന്പില്‍ മുട്ടുകുത്തി. ശലോമോന്‍ തന്‍റെ കൈകള്‍ ആകാശത്തേക്കുയര്‍ത്തി. 14 ശലോമോന്‍ പറഞ്ഞു:
“യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, അങ്ങയെപ്പോലൊരു ദൈവം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. അങ്ങ് അങ്ങയുടെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കരാര്‍ പാലിക്കുന്നു. പൂര്‍ണ്ണമനസ്സാലെ നിന്നെ അനുസരിക്കുകയും നേരായി ജീവിക്കുകയും ചെയ്യുന്ന നിന്‍റെ ദാസന്മാരോടു നീ വാഗ്ദാനം പാലിക്കുന്നു. 15 അങ്ങയുടെ ദാസനായ ദാവീദിനോടു നീ വാക്കു പാലിച്ചു. ദാവീദ് എന്‍റെ പിതാവായിരുന്നു. നീ നിന്‍റെ വായ്കൊണ്ടു വാഗ്ദാനം ചെയ്തു. ഇന്നു നീ നിന്‍റെ കൈകളാല്‍ ആ വാഗ്ദാനം നടപ്പാക്കി. 16 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, അങ്ങയുടെ ദാസനായ ദാവീദിനോടു ചെയ്ത വാഗ്ദാനം നിറവേറ്റിയാലും. അങ്ങയുടെ വാഗ്ദാനം ഇതായിരുന്നു: അങ്ങു പറഞ്ഞു, ‘ദാവീദേ, നിന്‍റെ കുടുംബത്തില്‍ നിന്നൊരുവന്‍ എന്‍റെ മുന്പില്‍ യിസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരിക്കാനില്ലാതാവുകയില്ല. നിന്‍റെ പുത്രന്മാര്‍ നേരായ കര്‍മ്മം ചെയ്താലേ അങ്ങനെ വരൂ. എന്‍റെ നിയമം നീ അനുസരിച്ചതുപോലെ അവരും എന്‍റെ നിയമം അനുസരിക്കണം.’ 17 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, അങ്ങയുടെ വാഗ്ദാനം നിറവേറ്റിയാലും. അങ്ങ് ഈ വാക്കുകള്‍ ദാവീദിനോടരുളയതാണല്ലോ.
18 “ദൈവമേ, അങ്ങ് യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ മനുഷ്യരോടൊപ്പം വസിക്കുന്നില്ലെന്നു ഞങ്ങള്‍ക്കറിയാം. സ്വര്‍ഗ്ഗത്തിനോ അത്യുന്നതസ്വര്‍ഗ്ഗത്തിനോ നിന്നെ ഉള്‍ക്കൊള്ളാനാവില്ല! ഞാന്‍ നിര്‍മ്മിച്ച ഈ ആലയത്തിനും നിന്നെ ഉള്‍ക്കൊള്ളാനാവില്ലെന്ന് ഞങ്ങള്‍ക്കറിയാം! 19 എന്നാല്‍ എന്‍റെ പ്രാര്‍ത്ഥനയ്ക്കും കാരുണ്യത്തിനു വേണ്ടിയുള്ള യാചനയ്ക്കും കാതോര്‍ത്താലും. എന്‍റെ ദൈവമാകുന്ന യഹോവേ, എന്‍റെ നിലവിളി കേള്‍ക്കേണമേ! എന്‍റെ പ്രാര്‍ത്ഥനയും കേട്ടാലും! ഞാനങ്ങയുടെ ദാസനാകുന്നു. 20 രാത്രിയും പകലും ഈ ആലയത്തിനുമേല്‍ അങ്ങയുടെ ദൃഷ്ടിയുണ്ടാകണമേ. നിന്‍റെ നാമം ഈ സ്ഥലത്തുസ്ഥാപിക്കുമെന്ന് നീ വാഗ്ദാനം ചെയ്തിരുന്നു. ഈ ആലയത്തിലേക്കു നോക്കി ഞാന്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ അങ്ങു കേള്‍ക്കേണമേ. 21 എന്‍റെയും അങ്ങയുടെ യിസ്രായേല്‍ജനതയുടെയും പ്രാര്‍ത്ഥന കേള്‍ക്കേണമേ. ഈ ആലയത്തെ നോക്കി ഞങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കേണമേ. അങ്ങയുടെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തിലിരുന്നു കേള്‍ക്കേണമേ. ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്പോള്‍ ഞങ്ങളോടു പൊറുക്കുകയും ചെയ്യേണമേ.
22 “ഒരാള്‍ മറ്റൊരാളോടു തെറ്റു ചെയ്തതായി ആരോപിക്കപ്പെട്ടേക്കാം. അങ്ങനെ ഉണ്ടായാല്‍ ആരോപിതനായവന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അങ്ങയുടെ നാമത്തില്‍ സത്യം ചെയ്യും. ആലയത്തില്‍ അങ്ങയുടെ യാഗപീഠത്തിനുമുന്പില്‍ അവന്‍ സത്യം ചെയ്യാന്‍ വരുന്പോള്‍ 23 അവന്‍റെ വാക്കുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ചെവിക്കൊള്ളേണമേ. പ്രവര്‍ത്തിക്കുകയും അങ്ങയുടെ ദാസന്മാരോടു ന്യായവിധി നടത്തുകയും ചെയ്യേണമേ. കുറ്റക്കാരനെ ശിക്ഷിക്കുകയും അവന്‍ മറ്റെയാളോടു ചെയ്ത കാര്യങ്ങള്‍ അവനോടു നീയും ചെയ്യേണമേ. നീതിമാന്‍ നിഷ്കളങ്കനാണെന്ന് തെളിയിക്കേണമേ.
24 “അങ്ങയുടെ യിസ്രായേല്‍ജനത അങ്ങയ്ക്കെതിരെ പാപം ചെയ്താല്‍ ഒരു ശത്രു അവരെ തോല്പിച്ചെന്നുവരാം അതിനുശേഷം യിസ്രായേലുകാര്‍ ഈ ആലയത്തില്‍ വന്ന് അങ്ങയുടെ നാമത്തില്‍ പശ്ചാത്തപിക്കുകയും പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്താല്‍, 25 അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് അവരെ ശ്രവിക്കുകയും യിസ്രായേല്‍ജനതയുടെ പാപം പൊറുക്കുകയും വേണമേ. അവര്‍ക്കും അവരുടെ പൂര്‍വ്വികന്മാര്‍ക്കുമായി അങ്ങു നല്‍കിയ ഭൂമിയിലേക്കു അവരെ തിരികെ കൊണ്ടുവരേണമേ.
26 “യിസ്രായേല്‍ജനത അങ്ങയ്ക്കെതിരെ പാപം ചെയ്തതുമൂലം മഴയില്ലാതാകുംവിധം ആകാശം അടഞ്ഞേക്കാം. അതിനുശേഷം യിസ്രായേല്‍ ജനത ഇതേക്കുറിച്ച് വ്യാകുലപ്പെട്ട് ഈ ആലയത്തെ നോക്കി പശ്ചാത്തപിക്കുകയും അങ്ങയുടെ നാമത്തില്‍ ഏറ്റുപറയുകയും അങ്ങ് അവരെ ശിക്ഷിക്കുന്നതിനാല്‍ തുടര്‍ന്നു പാപം ചെയ്യാതിരിക്കുകയും ചെയ്യുന്പോള്‍, 27 അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്നു അവരെ ശ്രവിക്കുകയും അവരുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യേണമേ. യിസ്രായേല്‍ജനത അങ്ങയുടെ ദാസന്മാരാകുന്നു. അപ്പോള്‍, ഒരു നല്ല ജീവിതം നയിക്കുവാനുള്ള ഉപദേശവും അവര്‍ക്ക് നല്‍കിയാലും. അങ്ങയുടെ ദേശത്തേക്കു മഴ പെയ്യിക്കുകയും വേണമേ. അങ്ങ് അങ്ങയുടെ ജനതയ്ക്കു നല്‍കിയ ദേശമാകുന്നു അത്.
28 “കടുത്ത ഒരു ക്ഷാമമോ ഭീകരരോഗങ്ങളോ വിളകള്‍ക്കു രോഗമോ മഞ്ഞുവീഴ്ചയോ വെട്ടുക്കിളികളോ കീടങ്ങളോ ദേശത്തെ ബാധിച്ചേക്കാം. യിസ്രായേല്‍ജനതയുടെ നഗരങ്ങളില്‍ അവരെ ശത്രുക്കള്‍ ആക്രമിക്കുകയോ യിസ്രായേലില്‍ ഭീകരരോഗങ്ങള്‍ പടരുകയോ ചെയ്യുന്പോള്‍ 29 യിസ്രായേല്‍ ജനതയിലാരെങ്കിലുമൊരാള്‍ - തന്‍റെതന്നെ വേദനയും പ്രയാസവും അറിഞ്ഞ് - തന്‍റെ കൈകള്‍ ആകാശത്തേക്കുയര്‍ത്തി, ഈ ആലയത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുകയോ യാചിക്കുകയോ ചെയ്താല്‍ 30 അവരുടെ പ്രാര്‍ത്ഥനയും യാചനയും സ്വര്‍ഗ്ഗത്തിലിരുന്നു നീ ശ്രവിക്കേണമേ. അങ്ങയുടെ വാസസ്ഥലം സ്വര്‍ഗ്ഗമാകുന്നു. ശ്രവിക്കുകയും ക്ഷമിക്കുകയും ചെയ്യേണമേ. അങ്ങ് ഓരോരുത്തരുടെയും ഹൃദയം അറിയുന്നതിനാല്‍ ഓരോരുത്തര്‍ക്കും കിട്ടേണ്ടതു നല്‍കേണമേ. ഒരാളുടെ ഹൃദയമറിയുന്നതിന് നിനക്കേ കഴിയൂ. 31 അപ്പോള്‍ ജനങ്ങള്‍, നീ ഞങ്ങളുടെ പൂര്‍വ്വികര്‍ക്കു നല്‍കിയ ദേശത്തു ജീവിച്ചിരിക്കുന്നത്രയും കാലം നിന്നെ ഭയക്കുകയും അനുസരിക്കുകയും ചെയ്യും.
32 “വിദൂരദേശത്തുനിന്നും വന്ന, അങ്ങയുടെ ജനതയായ യിസ്രായേലുകാരില്‍പ്പെട്ടവനല്ലാത്ത ഒരു വിദേശി ഉണ്ടായിരിക്കാം. അങ്ങയുടെ മഹത്വമുള്ള നാമവും മഹത്തായ ശക്തിയെയും രാഷ്ട്രങ്ങളെ ശിക്ഷിക്കാനുള്ള കഴിവും കേട്ടറിഞ്ഞതുകൊണ്ടാണ് അവ വരുന്നത്. അയാള്‍ വന്ന് ഈ ആലയത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്പോള്‍, 33 സ്വര്‍ഗ്ഗത്തിലിരുന്ന് ശ്രവിക്കേണമേ. സ്വര്‍ഗ്ഗമാണ് അങ്ങയുടെ വാസസ്ഥലം. വിദേശി അങ്ങയോടാവശ്യപ്പെടുന്നതു ചെയ്യേണമേ. അപ്പോള്‍ ഭൂമിയിലുള്ള ജനം മുഴുവന്‍, അങ്ങയുടെ യിസ്രായേല്‍ജനത അങ്ങയെ ആദരിക്കുന്പോലെ, അങ്ങയുടെ നാമം അറിയുകയും അങ്ങയെ ആദരിക്കുകയും ചെയ്യും.
34 “അങ്ങ് അങ്ങയുടെ ജനതയെ അവരുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാനയയ്ക്കുകയും അവര്‍ അങ്ങു തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അങ്ങയുടെ നാമത്തിനായി ഞാന്‍ നിര്‍മ്മിച്ച ഈ ആലയത്തിലേക്കും നോക്കി അവര്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്പോള്‍ 35 അവരുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലിരുന്ന് കേള്‍ക്കുകയും അവരുടെ യാചനകേട്ട് അവരെ സഹായിക്കുകയും ചെയ്യേണമേ.
36 “ജനങ്ങള്‍ അങ്ങയ്ക്കെതിരെ പാപം ചെയ്യുകയും - പാപം ചെയ്യാത്ത ഒരാള്‍പോലുമില്ല - അങ്ങ് അവരോടു കോപിക്കുകയും ചെയ്യും. അങ്ങ് അവരെ തോല്പിക്കാന്‍ ഒരു ശത്രുവിനെ അനുവദിക്കുകയും വിദൂരമോ അല്ലാത്തതോ ആയ സ്ഥലത്തേക്കവര്‍ ഓടിക്കപ്പെടുകയും ചെയ്യും. 37 പക്ഷേ അതിനുശേഷം അവര്‍ മാനസാന്തരപ്പെടുകയും തങ്ങള്‍ തടവുകാരാക്കപ്പെട്ട ദേശത്തു നിന്ന് അങ്ങയോടു യാചിക്കുകയും ചെയ്യും. അവര്‍ അങ്ങയോടു യാചിച്ചുകൊണ്ടു പറയും, ‘ഞങ്ങള്‍ പാപം ചെയ്തു. ഞങ്ങള്‍ തെറ്റു ചെയ്യുകയും ദുഷ്ടമായി പെരുമാറുകയും ചെയ്തു.’ 38 അനന്തരം അവര്‍ പൂര്‍ണ്ണമനസ്സോടെയും ആത്മാവോടെയും തങ്ങള്‍ തടവിലാക്കപ്പെട്ട രാജ്യത്ത് നിന്‍റെയടുത്തേക്കു വരും. നീ അവരുടെ പൂര്‍വ്വികര്‍ക്കു നല്‍കിയ ദേശത്തേക്കും നീ തെരഞ്ഞെടുത്ത നഗരത്തിലേക്കും നോക്കി അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. നിന്‍റെ നാമത്തിന് ഞാന്‍ നിര്‍മ്മിച്ച ആലയത്തിലേക്കു നോക്കിയും അവര്‍ പ്രാര്‍ത്ഥിക്കും. 39 അങ്ങനെയുണ്ടാവുന്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ശ്രവിക്കേണമേ. സ്വര്‍ഗ്ഗമാണ് അങ്ങയുടെ വാസസ്ഥാനം. അവരുടെ പ്രാര്‍ത്ഥനയും യാചനയും സ്വീകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയ്ക്കെതിരെ പാപം ചെയ്ത അങ്ങയുടെ ജനതയോടു പൊറുക്കേണമേ. 40 എന്‍റെ ദൈവമേ, ഞാനിപ്പോള്‍ അങ്ങയോടപേക്ഷിക്കുന്നത് അങ്ങയുടെ കണ്ണുകളും കാതുകളും തുറക്കേണമേ എന്നാകുന്നു. ഈ സ്ഥലത്തു ഞങ്ങള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ ശ്രദ്ധിക്കേണമേ.
41 “ദൈവമായ യഹോവേ, നീയിപ്പോള്‍ എഴുന്നേറ്റ് നിന്‍റെ വിശുദ്ധസ്ഥലത്തേക്ക്, നിന്‍റെ കരുത്തിനെ കാട്ടുന്ന സാക്ഷ്യപെട്ടകത്തിങ്കലേക്കു വരേണമേ. നിന്‍റെ പുരോഹിതന്മാര്‍ രക്ഷയുടെ വസ്ത്രമണിയട്ടെ. നിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ ഈ നല്ല കാര്യങ്ങളെച്ചൊല്ലി ആഹ്ലാദിക്കട്ടെ.
42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷിക്തനായ രാജാവിനെ സ്വീകരിച്ചാലും. അങ്ങയുടെ വിശ്വസ്തദാസനായ ദാവീദിനെ ഓര്‍മ്മിച്ചാലും!”