ദൈവത്തോട് നിരപ്പ്
5
നമ്മുടെ വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവവുമായി രമ്യപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം അനുഭവിക്കുന്ന ദൈവത്തിന്‍റെ അനുഗൃഹീതമായ കൃപയിലേക്ക് ക്രിസ്തു നമ്മെ, നമ്മുടെ വിശ്വാസം വഴി, എത്തിച്ചിരിക്കുന്നു. ദൈവീകമഹത്വത്തില്‍ പങ്കാളികളാകാമെന്ന പ്രത്യാശയാല്‍ നാം ഏറെ സന്തുഷ്ടരുമാണ്. പ്രശ്നങ്ങള്‍ നമ്മെ കൂടുതല്‍ ക്ഷമാശീലരാക്കും എന്നറിയാവുന്നതുകൊണ്ട് നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും നാം സന്തുഷ്ടരാണ്. നാം ബലശാലികള്‍ ആണെന്നുളളതിന് ഈ ക്ഷമ തെളിവാണ്. അത് നമുക്ക് പ്രത്യാശ തരുന്നു. ഈ പ്രത്യാശ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല: അത് ഒരിക്കലും പരാജയപ്പെടുകയുമില്ല. ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകര്‍ന്ന തുകൊണ്ടാണിത്. പരിശുദ്ധാത്മാവിലൂടെയാണ് ദൈവം തന്‍റെ സ്നേഹം നമുക്കു നല്‍കിയത്.
നാം ബലഹീനരായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. നാം ദൈവത്തിനു നിരക്കാത്തവണ്ണം ജീവിച്ചു. പക്ഷേ, തക്കസമയത്ത്, ക്രിസ്തു മനുഷ്യര്‍ക്കു വേണ്ടി മരിച്ചു. നീതിമാനായ ഒരുവന്‍റെ രക്ഷയ്ക്കു വേണ്ടി പോലും മരിക്കാനൊരുങ്ങുന്നവര്‍ വളരെ കുറയും. വളരെ നല്ലവനായ ഒരാള്‍ക്കുവേണ്ടിയാണെങ്കില്‍ ചിലപ്പോള്‍ ചിലര്‍ മരിക്കാന്‍ സന്നദ്ധരയേക്കാം. പക്ഷേ, നാം പാപികളായിരിക്കെയാണ് ക്രിസ്തു നമുക്കായി മരിച്ചത്. ഇതുവഴി നമ്മെയവന്‍ വളരെയധികം സ്നേഹിച്ചിരുന്നുവെന്ന് ദൈവം വെളിപ്പെടുത്തി.
നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടത് ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ്. തീര്‍ച്ചയായും അപ്പോള്‍ നമ്മള്‍ അവനിലൂടെ ദൈവകോപത്തില്‍നിന്നും രക്ഷിക്കപ്പെടും. 10 നമ്മള്‍ ദൈവത്തിന്‍റെ ശത്രുക്കളായിരിക്കുന്പോള്‍ തന്നെ അവന്‍റെ പുത്രന്‍റെ മരണം മുഖേന ദൈവം നമ്മെ മിത്രങ്ങളാക്കി. അതുകൊണ്ട് നാം തീര്‍ച്ചയായും ദൈവമിത്രങ്ങളാണ്. അവന്‍റെ പുത്രന്‍റെ ജീവന്‍ വഴി അവന്‍ നമ്മെ കൂടുതലായി രക്ഷിക്കുകയും ചെയ്യും. 11 അതുമാത്രമല്ല നാമപ്പോള്‍ സന്തുഷ്ടരുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയാണ് നാം ഇപ്പോള്‍ ദൈവീകമായ ആനന്ദം അനുഭവിക്കുന്നത്. യേശുവിലൂടെത്തന്നെയാണ് നാം ദൈവവുമായി രമ്യതയിലെത്തിയതും.
ആദാമും ക്രിസ്തുവും
12 ഒരു മനുഷ്യന്‍റെ പ്രവൃത്തിയിലൂടെയാണ് പാപം ലോകത്തിലേക്കു വന്നത്. അതുവഴി മരണവും വന്നു. ഇതുകൊണ്ടാണ് മനുഷ്യരെല്ലാം നിശ്ചയമായും മരിക്കേണ്ടിവരുന്നത്. എല്ലാ മനുഷ്യരും പാപം ചെയ്തു. 13 മോശെയുടെ ന്യായപ്രമാണത്തിനു മുന്പ് ലോകത്തില്‍ പാപമുണ്ടായിരുന്നു. ന്യായപ്രമാണം ഇല്ലായിരുന്നുവെങ്കില്‍ പാപം ചെയ്തതിന്‍റെ പേരില്‍ ദൈവത്തിനു മനുഷ്യരെ കുറ്റക്കാരാക്കാന്‍ കഴിയുകയില്ലായിരുന്നു. 14 പക്ഷെ ആദാമിന്‍റെ കാലം മുതല്‍ മോശെയുടെ കാലംവരെയുണ്ടായിരുന്ന ജനങ്ങള്‍ക്കും മരിക്കേണ്ടിവന്നു. ദൈവകല്പന അനുസരിക്കാതെ പാപം ചെയ്തതുമൂലം ആദാം മരിച്ചു. പക്ഷെ, ആദാമിനെപ്പോലെയുളള തെറ്റു ചെയ്യാതിരുന്നവര്‍ക്കും മരിക്കേണ്ടി വന്നു.
വരാനിരുന്നവന്‍റെ പ്രതിച്ഛായ ആയിരുന്നു ആദാം. 15 പക്ഷെ, ദൈവത്തിന്‍റെ വരദാനം ആദാമിന്‍റെ അതിക്രമം പോലെയല്ല. ആദാമിന്‍റെ അതിക്രമം മൂലമാണ് അനവധിപേര്‍ മരിച്ചത്. പക്ഷെ ജനങ്ങള്‍ക്ക് ദൈവത്തില്‍നിന്ന് ലഭിച്ച കൃപ വളരെ ശ്രേഷ്ഠമാണ്. പലര്‍ക്കും ദൈവത്തിന്‍റെ ദാനമായ ജീവന്‍ ലഭിച്ചത് യേശുക്രിസ്തു എന്ന മനുഷ്യന്‍റെ കൃപയിലൂടെയാണ്. 16 ആദാം ഒരിക്കല്‍ പാപം ചെയ്തതിന് കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു. പക്ഷെ ദൈവത്തിന്‍റെ വരദാനം വ്യത്യസ്തമാണ്. പല അതിക്രമങ്ങള്‍ക്കും ശേഷമാണ് ദൈവത്തിന്‍റെ ദാനം സംഭവിക്കുന്നത്. ഈ ദാനം മനുഷ്യരെ ദൈവത്തിന്‍റെ മുന്പില്‍ നീതീകരിച്ചു. 17 അതിക്രമം പ്രവൃത്തിച്ച ആ ഒരു മനുഷ്യന്‍ കാരണം മരണം എല്ലാവരിലും ഭരണം നടത്തി. ചിലര്‍ ദൈവ കാരുണ്യത്തെയും നീതീകരണത്തിനുളള അവന്‍റെ മഹത്തായ ദാനത്തെയും സ്വീകരിച്ചു. അവര്‍ക്ക് യഥാര്‍ത്ഥ ഭരണവും യേശുക്രിസ്തു എന്ന ഏക മനുഷ്യനിലൂടെ തീര്‍ച്ചയായും ലഭിക്കുകയും ചെയ്യും.
18 ആദാമിന്‍റെ ഒരു അതിക്രമം എല്ലാ മനുഷ്യര്‍ക്കും മരണമെന്ന ശിക്ഷ എത്തിച്ചു. പക്ഷെ, ക്രിസ്തു ചെയ്ത ഒരു നല്ല പ്രവൃത്തിയാല്‍ എല്ലാ മനുഷ്യരെയും ദൈവസന്നിധിയില്‍ നീതീകരിച്ചു. അത് അക്കൂട്ടര്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്തു. 19 ആദാം എന്ന ഒരു മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് അനേകര്‍ പാപികളായിത്തീര്‍ന്നു. എന്നാല്‍ ക്രിസ്തു എന്ന ഒരു മനുഷ്യന്‍ ദൈവത്തെ അനുസരിച്ചതു കൊണ്ട് വളരെപ്പേര്‍ നീതീകരിക്കപ്പെട്ടു. 20 ന്യായപ്രമാണത്തിന്‍റെ വരവ് മനുഷ്യരെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. പക്ഷെ മനുഷ്യരുടെ പാപഭാരം വര്‍ദ്ധിച്ചപ്പോള്‍ ദൈവം അവര്‍ക്ക് തന്‍റെ കൃപ കൂടിയ അളവില്‍ നല്‍കി. 21 പാപം നമ്മെ ഭരിക്കാനായി ഒരിക്കല്‍ മരണത്തെ ഉപയോഗിച്ചു. പക്ഷെ, തന്‍റെ മുന്പില്‍ നീതീകരിച്ച് ഭരിക്കാനുളള പ്രസാദത്തിനായി ദൈവം മനുഷ്യര്‍ക്ക് കൂടിയ അളവില്‍ അനുഗ്രഹം നല്‍കി. ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നിത്യജീവന്‍ പ്രദാനം ചെയ്തു.