ദൈവവും യെഹൂദരും
9
ഞാന്‍ ക്രിസ്തുവില്‍ സത്യമാണ് പറയുന്നത്, കളളമല്ല. എന്‍റെ വികാരവിചാരങ്ങളെ ഭരിക്കുന്നത് പരിശുദ്ധാത്മാവാണ്. ഞാന്‍ പറയുന്നതു വ്യാജമല്ലെന്നു ആ അനുഭൂതി എന്നോടു പറയുന്നു. എനിക്ക് യെഹൂദരെപ്പറ്റി വളരെ വേദനയും എപ്പോഴും വലിയ ദുഃഖവും അനുഭവപ്പെടുന്നു. എന്‍റെ ഐഹിക കുടുംബത്തിലെ സഹോദരസഹോദരിമാരും അംഗങ്ങളുമാണ് അവര്‍. അവരെ സഹായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ ശാപഗ്രസ്ഥനാകുന്നതോ ക്രിസ്തുവില്‍നിന്ന് വിച്ഛേദിതനാകുന്നതോ അവര്‍ക്കു രക്ഷ നല്‍കുമായിരുന്നെങ്കില്‍ അതിനു പോലും ഞാനൊരുക്കമായിരുന്നു. അവര്‍ യിസ്രായേലിലെ ജനങ്ങളാണ്. അവരാണ് ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട മക്കള്‍. ദൈവമഹത്വവും ദൈവം ചെയ്ത നിയമവും അവര്‍ക്കുണ്ട്. ദൈവം അവര്‍ക്ക് മോശെയിലൂടെ ന്യായപ്രമാണവും ആരാധനയുടെ നേര്‍വഴിയും നല്‍കി. അവര്‍ക്ക് ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നല്‍കി. അവര്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ സന്തതികളാണ്. അവര്‍ ക്രിസ്തുവിന്‍റെ ഭൌമീകകുടുംബമാണ്. ക്രിസ്തു സകലത്തിനും മീതെ ദൈവമാണ്. ദൈവത്തിനു സ്തുതി. അവന്‍ എന്നും വാഴ്ത്തപ്പെടട്ടെ. ആമേന്‍.
അതെ, എനിക്കു യെഹൂദരോടു ഖേദം തോന്നുന്നു. അവരോടുളള വാഗ്ദാനം പാലിക്കുന്നതില്‍ ദൈവം പരാജിതനായി എന്നല്ല ഞാനുദ്ദേശിക്കുന്നത്. സത്യമായും ദൈവത്തിന്‍റെ ജനമായി യെഹൂദരില്‍ ചിലര്‍ മാത്രമേയുളളൂ. അബ്രാഹാമിന്‍റെ സന്തതികളില്‍ ചിലര്‍ മാത്രമേ അവന്‍റെ യഥാര്‍ത്ഥ മക്കളായുളളൂ. ദൈവം അബ്രാഹാമിനോടു പറഞ്ഞത് ഇങ്ങനെയാണ്: “യിസ്ഹാക്ക് മാത്രമായിരിക്കും നിന്‍റെ നിയമസാധുതയുളള പുത്രന്‍. ഉദ്ധരണി ഉല്പ. 21:12. അബ്രാഹാമിന്‍റെ സന്തതികളില്‍ ചിലര്‍ മാത്രമേ യഥാര്‍ത്ഥ ദൈവമക്കളായുളളൂ എന്നാണിതിനര്‍ത്ഥം. അബ്രാഹാമിനോടു ദൈവം വാഗ്ദാനം നല്‍കിയതുവഴി ദൈവത്തിന്‍റെ മക്കളായിത്തീര്‍ന്നവര്‍ മാത്രമാണ് അബ്രാഹാമിന്‍റെ യഥാര്‍ത്ഥ മക്കള്‍. അബ്രാഹാമിനോടുളള ദൈവത്തിന്‍റെ വാഗ്ദാനം ഇതാണ്: “യഥാസമയം ഞാന്‍ തിരിച്ചുവരികയും, അപ്പോള്‍ സാറെക്കു ഒരു പുത്രനുണ്ടായിരിക്കുകയും ചെയ്യും.’
10 എന്നാല്‍ അതുമാത്രമല്ല, റിബെക്കയ്ക്കും പുത്രന്മാരുണ്ടായിരുന്നു. അവര്‍ക്കും ഒരേ അപ്പനാണുളളത്. അവന്‍ നമ്മുടെ പിതാവായ യിസ്ഹാക്ക് ആണ്. 11-12 പക്ഷെ പുത്രന്മാര്‍ രണ്ടും ജനിക്കുന്നതിനു മുന്പ് ദൈവം റിബെക്കയോട് പറഞ്ഞു, “മൂത്തപുത്രന്‍ ഇളയവനെ ശുശ്രൂഷിക്കും. ഉദ്ധരണി ഉല്പ. 18:10,14. കുട്ടികള്‍ നന്മയോ തിന്മയോ പ്രവര്‍ത്തിക്കുന്നതിനും മുന്പാണിതു സംഭവിച്ചത് ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് ദൈവം തിരഞ്ഞെടുത്തവന്‍ തിരഞ്ഞെടുക്കപ്പെടേണ്ടതിനായി അവന്‍റെ ജനനത്തിനു മുന്പു തന്നെ ദൈവം ഇതു പറഞ്ഞു. കുട്ടികളുടെ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലല്ല, തിരഞ്ഞെടുക്കാന്‍ ദൈവം ആഗ്രഹിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 13 തിരുവെഴുത്തുകള്‍ പറയുന്പോല, “ഞാന്‍ ഏശാവിനെ വെറുത്തു, യാക്കോബിനെ സ്നേഹിച്ചു. ഉദ്ധരണി മലാഖി. 1:23.
14 അപ്പോള്‍ ഇതിനെപ്പറ്റി നാം എന്തു പറയും? ദൈവം ന്യായസ്ഥനല്ലെന്നോ? അങ്ങനെ പറയാന്‍ സാധിക്കയില്ല. 15 കാരണം അവന്‍ മോശെയോടു അരുളിച്ചെയ്തു: 'എനിക്കു കരുണ തോന്നേണം എന്നുളളവനോട് ഞാന്‍ കരുണ കാണിക്കും. എനിക്കു അലിവു തോന്നേണം എന്നുളളവരോട് ഞാന്‍ അലിവു കാണിക്കും. ഉദ്ധരണി പുറ. 33:19. 16 അതുകൊണ്ട് കരുണ കാണിക്കണമെന്നു താന്‍ തീരുമാനിച്ച വ്യക്തിയെ ദൈവം തിരഞ്ഞെടുത്തു. മനുഷ്യന്‍റെ ആഗ്രഹങ്ങളെയോ പരിശ്രമങ്ങളെയോ ആശ്രയിച്ചുകൊണ്ടുളളതല്ല അവന്‍റെ തിരഞ്ഞെടുപ്പ്. 17 തിരുവെഴുത്തുകളില്‍ ദൈവം ഫറവോനോടു പറയുന്നു: “ഞാന്‍ നിന്നെ രാജാവാക്കിയത് ഈ ഒറ്റക്കാരണത്താലാണ്. എന്‍റെ ശക്തി നിന്നില്‍ പ്രകടമാക്കി, എന്‍റെ നാമം ലോകമെന്പാടും ഉദ്ഘോഷിക്കുവാന്‍ ഞാനാഗഹിച്ചു. ഉദ്ധരണി പുറ. 9:16. 18 അതുകൊണ്ടു തനിക്കുവേണമെന്നു തോന്നുന്നവരോട് ദൈവം കരുണ കാണിക്കുന്നു. കഠിനഹൃദയരാക്കണമെന്നാഗ്രഹിക്കുന്നവരെ അങ്ങനെയാക്കുന്നു.
19 അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം: “നമ്മുടെ പ്രവൃത്തികളെ ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അവനെന്തിന് നമ്മെ പഴിക്കുന്നു?” 20 അങ്ങനെ ചോദിക്കരുത്. നിങ്ങള്‍ മനുഷ്യരാണ്. ദൈവത്തെ ചോദ്യംചെയ്യാന്‍ മനുഷ്യന് അവകാശമില്ല. ഒരു മണ്‍ഭരണി, തന്നെ സൃഷ്ടിച്ച മനുഷ്യനോട് “നീ എന്തിനെന്നെ ഇങ്ങനെ സൃഷ്ടിച്ചു?” എന്നു ചോദിക്കാറില്ല. 21 സൃഷ്ടാവിന് അവന്‍റെ ഇഷ്ടാനുസരണം എന്തും ഉണ്ടാക്കാം. ഒരേ കളിമണ്ണുകൊണ്ടു തന്നെ അവനു പല വസ്തുക്കളും സൃഷ്ടിക്കാം. ദൈനംദിനോപയോഗത്തിനുവേണ്ടിയും പ്രത്യേക സന്ദര്‍ഭങ്ങളിലുപയോഗിക്കാന്‍ വേണ്ടിയും നിര്‍മ്മിക്കാം.
22 അങ്ങനെ തന്നെയാണ് ദൈവവും ചെയ്തിരിക്കുന്നത്. ദൈവം തന്‍റെ കോപവും ശക്തിയും ആളുകളെ കാണിക്കാനാഗ്രഹിച്ചു. നശിപ്പിക്കപ്പെടാനുളള മനുഷ്യരോടുളള കോപം ദൈവം ക്ഷമയോടെ സഹിച്ചു. 23 തന്‍റെ സന്പന്നമായ മഹത്വം വ്യക്തമാക്കാനെന്നവണ്ണം ക്ഷമയോടെ ദൈവം കാത്തിരുന്നു. ആ മഹത്വത്തെ തന്‍റെ കാരുണ്യപാത്രങ്ങളായ മനുഷ്യര്‍ക്ക് നല്‍കാന്‍ ദൈവം ആഗ്രഹിച്ചു. തന്‍റെ മഹത്വം ഉള്‍ക്കൊളളുവാന്‍ ദൈവം അവരെ ഒരുക്കി. 24 ദൈവം തിരഞ്ഞെടുത്ത ആ മനുഷ്യരാണ് നമ്മള്‍. യെഹൂദരില്‍ നിന്നും ജാതികളില്‍ നിന്നും ദൈവം നമ്മെ തിരഞ്ഞെടുത്തു. 25 ഹോശേയായുടെ പുസ്തകത്തില്‍ തിരുവെഴുത്തു പറയുന്നതുപോലെ,
“എന്‍റെ ജനമല്ലാത്തവരെ
എന്‍റെ ജനമെന്നും എനിക്കു
പ്രിയപ്പെട്ടവരല്ലാത്തവരെ ഞാന്‍
പ്രിയപ്പെട്ടവരെന്നും പറയും” ഹോശേയ 2:23
26 “നിങ്ങള്‍ എന്‍റെ ജനമല്ല'
എന്ന് അവരോടു പറഞ്ഞ അതേസ്ഥലത്തുവച്ചു തന്നെ അവരെ
‘ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രന്മാര്‍’ എന്നു വിളിക്കും.” ഹോശേയ 1:10
27 യിസ്രായേലിനെപ്പറ്റി യെശയ്യാവ് പറഞ്ഞു,
“യിസ്രായേലിലെ ജനങ്ങളുടെ എണ്ണം കടലിലെ മണല്‍ത്തരി പോലെയാണ്.
എന്നാല്‍ അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ രക്ഷപെടുകയുളളൂ.
28 കാരണം ഭൂമിയില്‍ ദൈവത്തിന്‍റെ ന്യായവിധി വേഗത്തിലും അന്തിമവുമാണ്.” യെശ. 10:22-23
29 യെശയ്യാവ് പറഞ്ഞതുപോലെ,
“കര്‍ത്താവ് സര്‍വ്വശക്തനാണ്.
നമുക്കു വേണ്ടി കര്‍ത്താവ് തന്‍റെ ജനങ്ങളില്‍ ചിലരെ രക്ഷിച്ചു.
അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്നു നമുക്ക് സൊദോമിന്‍റെ ഗതിയായേനെ,
ഗൊമോറയുടെ നിലയായേനെ.” യെശ. 1:9
30 അപ്പോള്‍ ഇതെല്ലാം അര്‍ത്ഥമാക്കുന്നതെന്താണ്? ജാതികള്‍ തങ്ങളാല്‍ തന്നെ ദൈവസമക്ഷം നീതീകരിക്കാന്‍ ശ്രമിച്ചില്ല. പക്ഷെ അവര്‍ ദൈവസമക്ഷം നീതീകരിക്കപ്പെട്ടു. സ്വന്തം വിശ്വാസം മൂലമാണ് അവര്‍ നീതീകരിക്കപ്പെട്ടത്. 31 യിസ്രായേലിലെ ജനങ്ങളാകട്ടെ തങ്ങളെ ത്തന്നെ നീതീകരിച്ചു കിട്ടുന്നതിന് ന്യായപ്രമാണത്തെ പിന്തുടരാനൊരുങ്ങി. പക്ഷെ അവര്‍ വിജയിച്ചില്ല. 32 എന്തുകൊണ്ടെന്നാല്‍ സ്വന്തം പ്രവൃത്തികളാല്‍ സ്വയം നീതീകരിക്കാന്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പരാജയമടഞ്ഞു. 33 തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു:
“നോക്കൂ! മനുഷ്യരെ വീഴിക്കുന്ന ഒരു കല്ല് സീയോനില്‍ ഞാന്‍ സ്ഥാപിക്കും.
അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന ഒരു പാറയാണത്.
പക്ഷെ, ആ പാറയില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിക്കേണ്ടിവരില്ല.” യെശയ്യാവ് 8:14; 28:16