ചോദ്യം: എന്താണ്‌ പാപിയുടെ പ്രാര്‍ത്ഥന?

ഉത്തരം:
ഒരു വ്യക്തി താന്‍ പാപിയാണെന്നും തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാക്കുംബോള്‍ താന്‍ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനക്കാണ്‌ പാപിയുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത്‌. വെറും ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം എന്തെങ്കിലും സംഭവിക്കും എന്ന് ആരും കരുതേണ്ട ആവശ്യമില്ല. താന്‍ പാപിയാണെന്നും, തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.

പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യത്തെ ദര്‍ശനം നാമെല്ലാവരും തെറ്റുചെയ്തവരാണെന്നാണ്‌. റോമ.3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും തെറ്റുകാരാണ്‌ എന്നതാണ്‌. നമുക്ക്‌ ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ്‌ ആവശ്യമായിരിക്കുന്നത്‌ (തീത്തോ.3:5-7). നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ്‌ (മത്താ.25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്‌. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്‌.

പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ദര്‍ശനം പാപപങ്കിലമായ, നഷ്ടപ്പെട്ട നമ്മുടെ അവസ്ഥയില്‍ നിന്ന് നമ്മുടെ വിടുതലിനായി ദൈവം എന്താണ്‌ ചെയ്തിരിക്കുന്നത്‌ എന്നതാണ്‌. യേശു ക്രിസ്തു എന്ന പേരില്‍ ദൈവം ജഡം ധരിച്ച്‌ ഒരു മനുഷനായി ഈ ലോകത്തില്‍ വന്നു (യോഹ.1:1,14). യേശുകര്‍ത്താവ്‌ ദൈവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹ.8:46; 2കൊരി.5:21). അതിനു ശേഷം യേശുകര്‍ത്താവ്‌ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട്‌ ക്രൂശില്‍ മരിച്ചു (റോമ.5:8). പാപത്തിന്‍മേലും മരണത്തിന്‍മേലും പാതാളത്തിന്‍മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട്‌ താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോ.2:15; 1കൊരി.15-ആം അദ്ധ്യായം). ഇതിന്റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ വിശസിച്ച് ‌ തന്നില്‍ ശരണപ്പെടുമെങ്കില്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നമുക്ക്‌ ക്രിസ്തുവിനോടു കൂടെ നിത്യതയില്‍ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണപുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ഏറ്റുപറഞ്ഞ്‌ സ്വീകരിക്കുക മാത്രമാണ്‌ (റോമ.10:9-10). നാം രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം ക്രിസ്തു മാത്രമാണ്‌; അതും കൃപയാല്‍ മാത്രമാണ്‌; അത്‌ വിശ്വാസത്താല്‍ മാത്രമാണ്‌ നമുക്കു ലഭിക്കുന്നത്‌. എഫേ.2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".

പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത്‌ നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത്‌ വെളിപ്പെടുത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ മേല്‍ നിങ്ങള്‍ വച്ചിരിക്കുന്ന വിശ്വാസം മാത്രമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങള്‍ പാപിയാണെന്നത്‌ മനസ്സിലായെങ്കില്‍, നിങ്ങള്‍ക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കില്‍. ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: പാപത്തിന്റെ നിര്‍വചനം എന്താണ്‌?

ഉത്തരം:
അധര്‍മ്മത്തെയാണ്‌ പാപം എന്ന്‌ ബൈബിള്‍ വിളിച്ചിരിക്കുന്നത്‌ (1യോഹ്‌.3:4). പാപം ദൈവത്തിന്‌ എതിരായുള്ള പ്രവര്‍ത്തനമാണ്‌ (ആവ.9:7; യോശു.1:18). പാപം ആരംഭിച്ചത്‌ അരുണോദയ പുത്രന്‍ എന്ന്‌ അറിയപ്പെടുന്ന ലൂസിഫറില്‍ നിന്നാണ്‌. അവന്‍ ദൈവത്തിന്റെ ദൂതന്‍മാരില്‍ അതി മനോഹരനും ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന സ്ഥാനത്തില്‍ അവന്‍ തൃപ്തനാകാതെ, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്ന്‌ അവന്‍ ആഗ്രഹിച്ചു. അത്‌ അവന്റെ വീഴ്ചക്ക്‌ കാരണമായിത്തീര്‍ന്നു (യെശ 14:13-15). അങ്ങനെ പാപത്തിന്‌ തുടക്കവുമായി. എതിരാളി എന്ന്‌ അര്‍ത്ഥമുള്ള സാത്താന്‍ എന്ന്‌ അവന്റെ പേരു മാറ്റപ്പെട്ടു. അവന്‍ ഏദെന്‍ തോട്ടത്തില്‍ ചെന്ന്‌ "നിങ്ങള്‍ ദൈവത്തെപ്പോലെ ആകും" എന്നു പറഞ്ഞ്‌ ആദാമിനേയും ഹവ്വയെയും വഞ്ചിച്ച്‌ മനുഷവര്‍ഗ്ഗത്തെ പാപത്തിന്‌ അധീനതയില്‍ ആക്കി. ഉല്‍പത്തി 3 ആം അദ്ധ്യായത്തില്‍ മനുഷന്‍ ദൈവകല്‍പന ലംഘിച്ച്‌ പാപത്തിന്‌ അധീനരായതെപ്പറ്റി നാം വായിക്കുന്നു. അന്നു മുതല്‍ ഇന്നു വരെ ആദാമിന്റെ സന്തതികളായ നമുക്ക്‌ പാപം തലമുറ തലമുറകളായി അനന്തരാവകാശമായി കൈമാറ്റപ്പെട്ടു വരുന്നു. റോമ.5:12 പറയുന്നത്‌ ആദാമില്‍ കൂടെ പാപം ലോകത്തില്‍ പ്രവേശിക്കയും പാപത്തിന്റെ ഫലമായി മരണം മനുഷന്‌ അവകാശമാകയും ചെയ്തു എന്നാണ്‌. പാപത്തിന്റെ ശമ്പളം മരണമത്രേ (റോമ.6:23).

ആദാമില്‍ നിന്ന്‌ അനന്തരാവകാശമായി നമുക്കു ലഭിച്ച പാപത്തിന്റെ ഫലമായി മനുഷവര്‍ഗ്ഗം മുഴുവന്‍ ഇന്ന്‌ പാപപ്രകൃതി ഉള്ളവരായി, പാപത്തോടു പ്രതിപത്തി ഉള്ളവരായിത്തീര്‍ന്നു. ആദാം പാപം ചെയ്തപ്പോള്‍ അവന്റെ പ്രകൃതി മാറ്റപ്പെട്ട്‌ അത്‌ ലംഘന സ്വഭാവം ഉള്ളതായിത്തീര്‍ന്നു. അവന്‌ ആത്മീയമരണവും ധാര്‍മ്മീക അധഃപ്പതനവും ഏര്‍പ്പെട്ടു. അവ തലമുറ തലമുറകളായി മനുഷവര്‍ഗ്ഗത്തിന്‌ കൈമാറ്റപ്പെട്ടു വരുന്നു. നാം പാപികള്‍ ആയിരിക്കുന്നത്‌ നാം പാപം ചെയ്യുന്നതു കൊണ്ടല്ല; മറിച്ച്‌, നാം പാപം ചെയ്യുന്നത്‌ നാം പാപികള്‍ ആയതുകൊണ്ടാണ്‌. ധാര്‍മ്മീക അധഃപ്പതനത്തിനെ അനന്തരാവകാശമായി ലഭിച്ച പാപം എന്ന്‌ പറയുന്നു. നമ്മുടെ മാതാപിതാക്കളില്‍ നിന്ന്‌ നമ്മുടെ ശരീര പ്രകൃതി നമുക്കു ലഭിക്കുന്നതുപോലെ തന്നെ ആദാമില്‍ നിന്ന്‌ മനുഷവര്‍ഗ്ഗം മുഴുവന്‍ പാപപ്രകൃതി ഉള്ളവരായിത്തീര്‍ന്നു. ദാവീദ്‌ രാജാവ്‌ ഈ അവസ്ഥയെപ്പറ്റി ഇങ്ങനെ പാടി: "ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു" (സങ്കീ.51:5).

ഇനിയും ചുമത്തപ്പെട്ട പാപത്തെപ്പറ്റി ചിന്തിക്കാം. "ചുമത്തപ്പെടുക" (impute)എന്നത്‌ നീതിന്യായകോടതിയിലും പണം ഇടപാടുകളിലും ഉപയോഗിക്കുന്ന വാക്കാണ്‌. ഒരാളുടെ കണക്കില്‍ നിന്ന്‌ എടുത്ത്‌ മറ്റൊരാളിന്റെ കണക്കില്‍ ചേര്‍ക്കുന്നതിനെ ആണ്‌ ഇങ്ങനെ പറയുന്നത്‌. പാപം മനുഷന്റെ അനന്തരാവകാശമായി അവന്‌ ഉണ്ടായിരുന്നെങ്കിലും, മോശെയില്‍ കൂടെ ന്യായപ്രമാണം കൊടുക്കപ്പെട്ടതിനു ശേഷമാണ്‌ മനുഷന്റെ മേല്‍ പാപം ചുമത്തപ്പെട്ടതു്‌ (റോം.5:13). പാപം ചുമത്തപ്പെടുന്നതിനു മുമ്പും പാപത്തിന്റെ അവസാന ഫലമായ മരണം മനുഷന്റെ മേല്‍ വാണിരുന്നു (റോമ.5:14). ആദാം മുതല്‍ മോശെ വരെയുള്ള ആളുകള്‍ മരണത്തിന്‌ അധീനരായിരുന്നത്‌ അവര്‍ ന്യായപ്രമാണം ലംഘിച്ചതു കൊണ്ടല്ല (അവര്‍ക്ക്‌ ന്യായപ്രമാണം ഇല്ലായിരുന്നുവല്ലോ); മറിച്ച്‌ അനന്തരാവകാശമായി ലഭിച്ച പാപ പ്രകൃതി അവര്‍ക്ക്‌ ഉണ്ടായിരുന്നതുകൊണ്ടത്രേ. മോശെക്കു ശേഷം മനുഷന്‍ ശിക്ഷിക്കപ്പെടുന്നത്‌ അവന്റെ പാപ പ്രകൃതി കൊണ്ടും ന്യായപ്രമാണ ലംഘനം കൊണ്ടും അത്രേ.

ഈ ചുമത്തപ്പെടല്‍ സിദ്ധാന്തം ദൈവം മനുഷവര്‍ഗ്ഗത്തിന്റെ നന്‍മക്കായി ഉപയോഗിച്ചു. ക്രിസ്തു പാപം ചെയ്തവന്‍ അല്ലായിരുന്നു എങ്കിലും മനുഷ വര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേല്‍ ചുമത്തി പാപത്തിന്റെ ശികഷ‍ അവന്‍ ക്രൂശില്‍ കൊടുത്തു തീര്‍ത്തു. അവന്‍ സര്‍വ ലോക പാപത്തിന്റേയും പരിഹാരി ആയിത്തീര്‍ന്നു (1യോഹ.2:2). അവന്‌ ആദാമില്‍ നിന്ന്‌ പിന്തുടര്‍ച്ചയായി വന്ന പാപം അനന്തരാവകാശമായി കിട്ടിയിരുന്നില്ല എന്നത്‌ മറക്കരുത്‌. അവന്റെ മേല്‍ പാപം ചുമത്തപ്പെടുക മാത്രമാണ്‌ ചെയതമത്‌. അവന്‍ ഒരിക്കലും പാപി ആയി തീര്‍ന്നില്ല. മനുഷവര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേല്‍ ചുമത്തപ്പെടുക മാത്രമാണ്‌ ചെയ്തത്‌. മനുഷ വര്‍ഗ്ഗം ചെയ്ത പാപത്തിന്റെ കുറ്റവാളി അവന്‍ ആണെന്ന്‌ കണക്കാക്കപ്പെട്ടു. തിരിച്ച്‌, നമ്മുടെ പാപം അവനു ചുമത്താപ്പെട്ടതുപോലെ തന്നെ ക്രിസതു്വിന്റെ നീതി വിശ്വസിക്കുന്നവര്‍ക്കും കണക്കിടപ്പെട്ടു (2കൊരി.5:21).

മൂന്നാമത്‌ നാം ഓരോരുത്തരും നമ്മുടെ ദിവസേനയുള്ള ജീവിതത്തില്‍ ചെയ്യുന്ന പാപങ്ങള്‍ ഉണ്ട്‌. നാമെല്ലാവരും പാപപ്രകൃതി ഉള്ളവര്‍ ആയതു കൊണ്ട്‌ നമൊക്കെ ജീവിതത്തില്‍ വ്യാജഭാവം പോലെ ചെറിയ പാപങ്ങളും കൊലപാതകം പോലെ വലിയ പാപവും ചെയ്യുന്നവരായിരിക്കുന്നു. ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ലാത്തവര്‍ തങ്ങള്‍ക്ക്‌ അനന്തരാവകാശമായി കിട്ടിയ പാപത്തിനും, ന്യായപ്രമാണ ലംഘനത്താല്‍ ചുമത്തപ്പെട്ട പാപത്തിനും, അവരവരുടെ അനുദിന ജീവിതത്തിലെ പാപത്തിനും ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ ക്രിസ്തുവിനെ വിശ്വസിച്ച്‌ ആശ്രയിക്കുന്നവരുടെ നരക ശിക്ഷ മാറ്റപ്പെട്ടെന്നു മാത്രമല്ല, അവര്‍ പാപത്തെ ജയിക്കുവാനുള്ള ബലം ഉള്ളവരായും തീരുന്നു. ഇന്ന്‌ വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വസിച്ച്‌ പാപത്തെക്കുറിച്ച്‌ ഉണര്‍ത്തി പാപത്തെ ജയിക്കുവാനുള്ള ശക്തി പ്രദാനം ചെയ്യുന്നതുകൊണ്ട്‌ ഒരു വിശ്വാസി അനുദിന ജീവിതത്തില്‍ പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ കഴിവുള്ളവനായിത്തീര്‍ന്നിരിക്കുന്നു (റോമ. 8:9-11). നമ്മുടെ അനുദിന ജീവിതത്തിലെ പാപങ്ങള്‍ നാം ഏറ്റുപറഞ്ഞു ഉപേക്ഷിക്കുമ്പോള്‍ വീണ്ടും ദൈവം നമ്മെ തന്റെ കൂട്ടായ്മയിലേക്ക്‌ ചേര്‍ക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോട്‌ പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം നീതിമാനും വിശ്വസ്ഥനും ആകുന്നു " (1യോഹ.1:9).

നാമെല്ലാവരും മൂന്നുവിധ ശിക്ഷാവിധികള്‍ക്കാണ്‌ പാത്രരായിരിക്കുന്നത്‌. പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണം അത്രേ (രോമ. 6:23). അത്‌ വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ്‌ (വെളി.20:11-15). ദൈവത്തില്‍ നിന്ന് എന്നെന്നേക്കുമായി മാറ്റപ്പെട്ട അവസ്ഥയാണത്‌. എന്നാല്‍ ക്രിസ്തുവിന്റെ ക്രൂശുമരണത്തോടു കൂടി അവനില്‍ വിസ്വസിക്കുന്നവരുടെ ശിക്ഷാവിധി എന്നെന്നേക്കുമായി മാറ്റപ്പെട്ട്‌ "അവനില്‍ നമുക്ക്‌ അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പ്‌ ഉണ്ട്‌. അത്‌ അവന്‍ നമുക്ക്‌ ധാരാളമായി കാണിച്ച കൃപാധാന പ്രകാരം ... നല്‍കിയിരിക്കുന്നു" (എഫെ.1:7-8). നാം അവനോടുകൂടി നിത്യനിത്യമായി വാഴുവാന്‍ ഇത്‌ നമ്മെ പ്രാപ്തരാക്കും.



ചോദ്യം: ഒരു കാര്യം പാപമണോ എന്ന്‌ തിരിച്ച്രറിയുവാന്‍ എങ്ങനെ കഴിയും?

ഉത്തരം:
ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ചില കാര്യങ്ങള്‍ പാപമാണെന്ന്‌ ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മറ്റു ചില കാര്യങ്ങളെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഇല്ല. പാപത്തിന്റെ പട്ടിക സത്യവേദപുസ്തകത്തില്‍ പലത്‌ കാണാം. ഉദ്ദാഹരണമായി സദൃ. 6:16-19; ഗലാ.5:19-21; 1കൊരി.6:9-10. മോഷണം, കുലപാതകം, വ്യഭിചാരം എന്നിങ്ങനെ ഈ പട്ടികയില്‍ ഉള്ള കാര്യങ്ങള്‍ ദൈവം വെറുക്കുന്നവ ആണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. ഇങ്ങനെ വ്യക്തമാക്കപ്പെട്ട കാര്യങ്ങളെപ്പറ്റി സംശയിക്കേണ്ട ആവശ്യമില്ലല്ലോ. അവ ദൈവം വെറുക്കുന്നവയാണ്‌; അവ ശിക്ഷാര്‍ഹവുമാണ്‌. എന്നാല്‍ ബൈബിളില്‍ പരാമര്‍ശം ഇല്ലാത്ത പല കാര്യങ്ങള്‍ ഉണ്ട്‌. അങ്ങനെയുള്ളവയെപ്പറ്റി മനസ്സിലാക്കുവാന്‍ വേദപുസ്തക തത്വങ്ങള്‍ അടിസ്ഥാനത്തില്‍ നാം തീരുമാനിക്കേണ്ടതാണ്‌.

ഇങ്ങനെ വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാത്ത ഒരു കാര്യത്തെപ്പറ്റി തീരുമാനിക്കുവാന്‍, ഈ കാര്യം തെറ്റാണോ എന്ന്‌ ചോദിക്കുന്നതിനു പകരം ഈ കാര്യം ശരിയാണോ എന്ന്‌ ചോദിക്കുന്നതായിരിക്കും നല്ലത്‌. ഉദ്ദാഹരണമായി ബൈബിള്‍ പറയുന്നത്‌, "സമയം തക്കത്തില്‍ ഉപയോഗിക്കു"വാനാണ്‌ (കൊലൊ.4:5). നിത്യതയുടെ വെളിച്ചത്തില്‍ നമ്മുടെ ഈ ഭൂമിയിലെ സമയം തുലോം ചുരുക്കമാണ്‌. മറ്റുള്ളവര്‍ക്ക്‌ ആത്മീയവര്‍ദ്ധന ഉളവാക്കുന്ന കാര്യങ്ങളേ ചെയ്യാവൂ എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (എഫെ.4:29).

നാം ഏതു കാര്യം ചെയ്യുന്നതിനും മുമ്പ്‌ ദൈവത്തോട്‌, ഇത്‌ നിന്റെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി ആക്കിത്തീര്‍ക്കേണമേ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ആ കാര്യം ചെയ്യുവാന്‍ തീരുമാനിക്കുക (1കൊരി.10:31). അത്‌ ദൈവത്തിനു പ്രസാദമാകുമോ എന്ന സംശയം മനസ്സില്‍ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊകകെസയും പാപമത്രേ (റോമ.14:31). നമ്മുടെ ശരീരവും നമ്മുടെ ആത്മാക്കളും വീണ്ടെടുക്കപ്പെട്ട്‌, നാം ദൈവത്തിന്റെ വകയാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാന്‍ പാടില്ലാത്തതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകെയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവീന്‍ (1കൊരി.6:19-20). നാം എന്തു ചെയ്യുമെന്നും എവിടെ പോകുമെന്നും തീരുമാനിക്കുന്നത്‌ ഈ സത്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രം ആയിരിക്കണം.

മറ്റൊരു കാര്യം, നാം ചെയ്യുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ദൈവത്തിനു അപ്രിയം അല്ല എന്ന് വന്നലും അത്‌ മറ്റുള്ളവരെ ഏതു വിധത്തിലെങ്കിലും ബാധിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്‌. "മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരനു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത്‌ നല്ലത്‌" റോമ.14:21). "എന്നാല്‍ ശക്തന്‍മാരായ നാം അശക്തന്‍മാരായവരുടെ ബലഹീനതകളെ ചുമക്കയും നമ്മില്‍ തന്നെ പ്രസാദിക്കാതിരിക്കയും വേണം" (റോമ.15:1).

ക്രിസ്തു നമ്മുടെ രക്ഷകനും കര്‍ത്താവും ആണെന്ന കാര്യം ഒരിക്കലും മറക്കുവാന്‍ പാടില്ല. അവന്റെ ഹിതത്തിന്‌ അനുയോജ്യമല്ലാത്ത യാതൊന്നും നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്തതാണ്‌. ഏതെങ്കിലും സ്വഭാവങ്ങളോ, നേരമ്പോക്കുകളോ, അഭിലാഷങ്ങളോ കര്‍ത്താവിനു നാം കൊടുക്കേണ്ട സ്ഥാനത്തെ ഒരിക്കലും അപഹരിക്കുവാന്‍ പാടില്ലാത്തതാണ്‌. "സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌; എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌, എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1 കൊരി.6:12). "വാക്കിനാലൊ ക്രീയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പീന്‍" (കൊലൊ.3:17).



ചോദ്യം: ദൈവത്തിന്‌ എല്ലാ പാപങ്ങളും ഒരുപോലെയാണോ?

ഉത്തരം:
മത്താ.5:21-28 ല്‍ കോപത്തെ കൊലയായിട്ടും മോഹത്തെ വ്യഭിചാരമായിട്ടും കര്‍ത്താവു പഠിപ്പിച്ചു. എന്നാല്‍ പാപങ്ങള്‍ തുല്യമാണെന്ന് ഇതിനു അര്‍ത്ഥമില്ല. കര്‍ത്താവു പറഞ്ഞതിന്റെ അര്‍ത്ഥം പാപം ചെയ്യുവാനുള്ള ചിന്തയും പാപമാണ്‌ എന്നാണ്‌. ദൈവം മനുഷന്റെ ചിന്തകളേയും കാണുന്നു എന്നും അവന്‍ മനുഷന്റെ ചിന്തയിലുള്ള പാപങ്ങളേയും വിധിക്കുന്നു എന്നുമാണ്‌ കര്‍ത്താവു പറഞ്ഞതിന്റെ അര്‍ത്ഥം. മനുഷന്റെ പ്രവര്‍ത്തികള്‍ അവന്റെ ചിന്തയുടെ പരിണിത ഫലമാണെന്ന് കര്‍ത്താവു പഠിപ്പിച്ചു (മത്താ.12:34).

മോഹിക്കുന്നതും വ്യഭിചാരം ചെയ്യുന്നതും പാപമാണെന്ന് കര്‍ത്താവു പറഞ്ഞു. എന്നാല്‍ അവ രണ്ടും തുല്യ പാപമാണെന്ന് അതിനര്‍ത്ഥമില്ല. പകെക്കുന്നതും കൊല ചെയ്യുന്നതും രണ്ടും ദൈവ ദൃഷ്ടിയില്‍ പാപമാണെങ്കിലും ഒരു മനുഷനെ പകെക്കുന്നതിനേക്കാള്‍ എത്ര അധികം വലിയ തെറ്റാണ്‌ അയാളെ കൊല ചെയ്യുന്നത്‌! അതുകൊണ്ട്‌ പാപത്തിന്‌ പല നിലകള്‍ ഉണ്ട്‌. ചില പാപങ്ങള്‍ മറ്റുള്ളവയേക്കാള്‍ വളരെ മോശമായ നിലയിലുള്ളതാണ്‌. എന്നാല്‍ എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റും എന്നതുകൊണ്ട്‌ രക്ഷയെ സംബന്ധിച്ചും പാപത്തിന്റെ പരിണിത ഫലങ്ങളെ സംബന്ധിച്ചും പാപങ്ങള്‍ തുല്യമാണ്‌. പാപത്തിന്റെ ശമ്പളം മരണമത്രെ എന്നു നാം വായിക്കുന്നു (റോമ.6:23). പാപം എത്ര ചെറുതായിരുന്നാലും അത്‌ നിത്യനും അപരിമിതനുമായ ദൈവത്തിനു എതിരെയുള്ളതായതുകൊണ്ട്‌, നിത്യ ശിക്ഷയാണ്‌ അര്‍ഹിക്കുന്നത്‌. എന്നാല്‍ ദൈവത്തിനു ക്ഷമിക്കുവാന്‍ കഴിയാത്ത ഒരു പാപവും ഇല്ല. യേശുകര്‍ത്താവ്‌ സകല ലോകത്തിന്റേയും പാപത്തിനായാണ്‌ മരിച്ചത്‌ (1യോഹ.2:2). നമ്മുടെ എല്ലാവരുടേയും എല്ലാ പാപങ്ങള്‍ക്കുവേണ്ടിയുമാണ്‌ അവന്‍ മരിച്ചത്‌ (2കൊരി.5:21). എല്ലാ പാപങ്ങളും തുല്യമാണോ എന്നു ചോദിച്ചാല്‍, "ആകുന്നു" എന്നും "അല്ല" എന്നുമാണ്‌ ശരിയായ ഉത്തരം. പാപങ്ങളുടെ കാഠിന്യത്തില്‍ പാപങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്‌. അതുകൊണ്ട്‌ എല്ലാ പാപങ്ങളും തുല്യമല്ല. എന്നാല്‍ എല്ലാ പാപവും നമ്മെ ദൈവത്തില്‍ നിന്നു അകറ്റുന്നതുകൊണ്ട്‌, പാപത്തിന്റെ കാഠിന്യം അനുസരിച്ച്‌ യാതനയില്‍ വ്യത്യാസം ഉണ്ടെങ്കിലും, എല്ലാ പാപവും നിത്യശിക്ഷ കൊണ്ടുവരുന്നതുകൊണ്ട്‌ അക്കാര്യത്തില്‍ പാപങ്ങല്‍ എല്ലാം തുല്യമാണ്‌. അതുപോലെ ക്ഷമിക്കപ്പെടുന്നതിലും എല്ലാ പാപങ്ങളും തുല്യമാണ്‌!



ചോദ്യം: ഏതൊക്കെയാണ്‌ ഏഴു മാരക പാപങ്ങള്‍?

ഉത്തരം:
മനുഷന്‍ പാപിയാണ്‌ എന്ന്‌ പഠിപ്പിക്കുവാന്‍ വേണ്ടി ആദിമ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ഒരു പട്ടികയാണ്‌ ഏഴു മാരക പാപങ്ങള്‍ എന്ന്‌ പറയുന്നത്‌. മാരക പാപങ്ങള്‍ എന്നു പറയുമ്പോള്‍ പലരും തെറ്റിദ്ധരിക്കുന്നത്‌ ഇവ ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍ ആണെന്നാണ്‌. എനനാ്ല്‍ ക്ഷമിക്കപ്പെടാത്ത ഒരേ ഒരു പാപം ദൈവപുത്രന്റെ ക്രൂശുമരണത്തില്‍കൂടെ ദൈവം ഒരുക്കിയ രക്ഷയെ അവിശ്വാസത്തില്‍ ത്യജിക്കുന്നതു മാത്രമാണെന്ന്‌ ബൈബിള്‍ പറയുന്നു (1യോഹ.5:10).

ഏഴു മാരക പാപങ്ങള്‍ ഉണ്ട്‌ എന്നു പറയുന്നത്‌ വേദാനുസരണമാണോ? അതിനുത്തരം, ആകുന്നു എന്നും അല്ല എന്നുമാണ്‌. സദൃ.6:16-19 വരെ വായിക്കുക. "ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്‌ അറപ്പാകുന്നു. ഗര്‍വ്വമുള്ള കണ്ണും, വ്യാജമുള്ള നാവും,കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയ്യും, ദുരുപായം നിരൂപിക്കുന്ന ഹൃദയവും, ദോഷത്തിനു ബദ്ധപ്പെട്ട്‌ ഓടുന്ന കാലും, ഭോഷ്ക്കു പറയുന്ന കള്ള സാക്ഷിയും, സഹോദരന്‍മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനും തന്നെ". എന്നാല്‍ ഈ പട്ടികയെ ഏഴു മാരക പാപങ്ങളായി അനേകര്‍ കണക്കാക്കാറില്ല.

ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോപ്പ്‌ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ ഏഴു മാരക പാപങ്ങള്‍ താഴെപ്പറയുനന വയാണ്‌. അഹങ്കാരം, അസൂയ, പെരുന്തീനി, കാമ വികാരം, കോപം, അത്യാര്‍ത്തി, അലസത എന്നിവയാണ്‌ അവ. ഇവയൊക്കെ വേദപുസ്തകത്തില്‍ പാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവയെ "ഏഴു മാരക പാപങ്ങള്‍" എന്ന്‌ വേദപുസ്തകം വിളിച്ചിട്ടില്ല. പാപങ്ങളെ പല രീതിയില്‍ വിഭജിക്കാവുന്നതാണ്‌. ഏതു പാപവും ഒരു പട്ടികയില്‍ ചേര്‍ക്കുവാനും കഴിഞ്ഞേക്കും. എന്നാല്‍ ഏതെങ്കിലും ഒരു പാപം മറ്റെല്ലാ പാപങ്ങളേക്കാള്‍ ദൈവ കോപം അര്‍ഹിക്കുന്നതാണ്‌ എന്ന്‌ ചിന്തിക്കുവാന്‍ പാടില്ല. പാപത്തിന്റെ ശമ്പളം മരണമത്രെ (റോമ.3:23). അത്‌ ഏതു പാപമായാലും അങ്ങനെ തന്നെയാണ്‌. എന്നാല്‍ ദൈവത്തിനു സ്തോത്രം, ക്രിസ്തുവിന്റെ ക്രൂശു മരണത്തില്‍ വിശ്വസിച്ച്‌ ആശ്രയിക്കുന്ന ഏവര്‍ക്കും അവരുടെ ഏതു പാപവും ക്ഷമിക്കപ്പെടും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു(മത്താ.26:28; അപ്പൊ.10:43; എഫെ.1:7).



ചോദ്യം: അശ്ലീല ചിത്രങ്ങളെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സേര്‍ച്ച്‌ ചെയ്യപ്പെടുന്നത്‌ അശ്ലീല സൈറ്റുകളെയാണ്‌. മറ്റേതിനേക്കാള്‍ അധികം ലോകത്തില്‍ ഇന്ന്‌ പ്രചാരത്തിലുള്ളത്‌ അശ്ലീല ചിത്രങ്ങളാണ്‌. ദൈവം മനുഷനു അനുഗ്രഹിച്ചുകൊടുത്ത ലൈംഗീകതയെ പിശാച്‌ വളച്ചൊടിച്ച്‌ മനുഷനെ പാപത്തിന്‌ അധീനനാക്കി തീര്‍ത്തിരിക്കയാണ്‌. ലൈംഗീകതയില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ ദൈവം അനുഗ്രഹിച്ചുകൊടുത്ത നന്‍മയും അനുഗ്രഹവും പിശച്‌ എടുത്ത്‌ അവയെ കാമചേഷ്ടകള്‍ക്കും, വ്യഭിചാരത്തിനും, സ്വവര്‍ഗ്ഗഭോഗ്യത്തിനും, ബലാത്സംഗത്തിനും, അശ്ലീലതക്കും മാര്‍ഗ്ഗമാക്കിയിരിക്കുന്നു. അശ്ലീല ചിത്രങ്ങള്‍ കാണുന്നത്‌ പിന്നീട്‌ വലിയ ലൈംഗീകപാപജീവിതത്തിലേക്കും ദുഷ്ടതയിലേക്കുമുള്ള വാതില്‍ ആയിത്തീരുന്നു (റോമ. 6:19). അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ അതിന്‌ അടിമകളായിത്തീരുന്നു എന്നതിന്‌ വേണ്ടിടത്തോളം തെളിവുകള്‍ ഉണ്ട്‌. ഡ്രഗ്‌ ഉപയോഗിക്കുന്നവര്‍ കാലക്രമത്തില്‍ അധികം അധികം ഉപയോഗിച്ചെങ്കിലേ 'കിക്ക്‌' കിട്ടുകയുള്ളു എന്നപോലെ തന്നെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരും കാലക്രമത്തില്‍ അധികമധികം കാമാര്‍ത്തികളാല്‍ വശംവദരാകും.

വേദപുസ്തകത്തില്‍ പാപങ്ങളെ മൂന്നു പ്രധാന വകുപ്പുകളായി തിരിച്ചിരിക്കുന്നു. കണ്‍മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയാണ്‌ അവ (1യോഹ.2:16). അശ്ലീലചിത്രങ്ങള്‍ സംശയലേശമില്ലാതെ കണ്‍മോഹത്തില്‍ പെടുന്നതും ജഡമോഹത്താല്‍ ഉളവാകുന്നതുമാണ്‌. ഫിലി.4:8 ല്‍ നാം നമ്മുടെ ചിന്തക്ക്‌ ഉള്‍പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. അശ്ലീലചിത്രങ്ങള്‍ കാണുന്നത്‌ ഒരിക്കലും ആ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതല്ല. അശ്ലീല ചിത്രങ്ങള്‍ കാണുന്നത്‌ നമ്മെ അടിമപ്പെടുത്തുന്നതാണ്‌ (1കൊരി.6:12; 2പത്രോ.2:19). അത്‌ നമ്മെ നശിപ്പിക്കുന്നതാണ്‌ (സദൃ.6:25-28; യെഹെ.20:30; എഫെ.4:19). അന്യ ജഡത്തെ മോഹിക്കുന്നത്‌ ദൈവം വെറുക്കുന്ന പാപമാണ്‌ (മത്താ.5:28). ഒരു വ്യക്തി അശ്ലീല ചിത്രങ്ങള്‍ കണ്ടു രസിക്കുന്നത്‌ അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നെങ്കില്‍ ആ വ്യക്തി ദൈവത്തെ അറിഞ്ഞവനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്‌ (1കൊരി.6:9).

ആരെങ്കിലും ഈ ദുശ്ശീലത്തിന്‌ അടിമയായിപ്പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ദൈവത്തിന്റെ കൃപയാല്‍ വിടുവിക്കപ്പെടാവുന്നതാണ്‌. അശ്ലീല ചിത്രങ്ങള്‍ കാണുന്നതില്‍ നിന്ന്‌ വിടുതല്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന പടികള്‍ പിന്‍പറ്റാവുന്നതാണ്‌. 1) ദൈവത്തോട്‌ നിങ്ങളുടെ പാപത്തെ ഏറ്റു പറയുക (1യോഹ.1:9). 2) നിങ്ങളുടെ ഹൃദയത്തെ കഴുകി വെടിപ്പാക്കി അതിനെ പുതുപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുക (റോമ.12:2). 3) ഫി.4:8 ല്‍ വായിക്കുന്ന തരത്തിലുള്ള ചിന്തകളാല്‍ നിറപ്പപ്പെടുവാന്‍ ആഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക. 4). നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയില്‍ സൂക്ഷിക്കുവാന്‍ പഠിക്കുക (1തെസ്സ.4:3-4). 5. ലൈംഗീകതയുടെ സ്ഥാനം മനസ്സിലാക്കി ജീവിത പങ്കാളിയില്‍ മാത്രം അത്‌ രുചിക്കുക (1കൊരി.7:1-5). 6). ആത്മാവിനാല്‍ നടത്തപ്പെടുന്നവര്‍ ജഡത്തിന്റെ അഭിലാഷങ്ങള്‍ക്ക്‌ അനുസരിച്ച്‌ ജീവിക്കുകയില്ല എന്ന്‌ മനസ്സിലാക്കുക (5:16). 7). ചില പ്രായോഗീക കാര്യങ്ങള്‍ ചെയ്ത്‌ കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ വരുന്നത്‌ തടയുക. 8). നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരാളോട്‌ നിങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കുവാന്‍ കൃപ ലഭിക്കേണ്ടതിന്‌ പ്രാര്‍ത്ഥിക്കുവാന്‍ പറയുക.



ചോദ്യം: പുകവലിയെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌? പുകവലി പാപമാണോ?

ഉത്തരം:
പുകവലിയെപ്പറ്റി വേദപുസ്തകത്തില്‍ പരാമര്‍ശം ഇല്ല. എന്നാല്‍ പുകവലിയെ ബാധിക്കുന്ന മറ്റു പ്രമാണങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. ആദ്യമായി നമ്മുടെ ശരീരങ്ങളെ എന്തിനെങ്കിലും അടിമപ്പെടുത്തുവാന്‍ പാടില്ല എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു. "സകലത്തിന്നും എനിക്ക്‌ കര്‍ത്തവ്യം ഉണ്ട്‌. എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്ക്‌ കര്‍തവ്യം ഉണ്ട്‌. എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1കൊരി.6:12). പുകവലി അത്‌ ഉപയോഗിക്കുന്നവരെ അടിമപ്പെടുത്തും എന്ന്‌ പറയേണ്ടതില്ലല്ലോ. അതേ അദ്ധ്യായം തുടര്‍ന്ന്‌ വായിച്ചു താഴെ പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാണ്‌ നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്കള്‍ക്കുള്ളവര്‍ അല്ല എന്നും 'അറിയുന്നില്ലയോ. ആകെയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവീന്‍" (1കൊരി.6:19-20). പുകവലി ആരോഗ്യത്തിനു ഹാനികരം ആണെന്ന സത്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അത്‌ ഹൃദയത്തേയും കരളിനേയും ബാധിക്കും എന്ന്‌ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്‌. ദൈവത്തിന്റെ മന്ദിരമായ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും എന്ന്‌ വേദപുസ്തകം പറയുന്നു (1കൊരി.3:17).

പുകവലി പ്രയോജനമുള്ളതാണെന്ന്‌ പറയുവാന്‍ കഴിയുമോ (1കര്‍.6:12)? പുകവലി മൂലം ഞാന്‍ എന്റെ ശരീരത്തെ ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുകയാണെന്ന്‌ പറയുവാന്‍ കഴിയുമോ(1കൊരി.6:20)? ഞാന്‍ പുകവലിച്ചാല്‍ ദൈവനാമം മഹത്വപ്പെടും എന്ന് ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയുമോ (1കൊരി.10:31)? മേല്‍പ്പറഞ്ഞ മൂന്നു ചോദ്യങ്ങള്‍ക്കും "ഇല്ല" എന്നുള്ള ഉത്തരമല്ലാതെ മറ്റൊന്ന് ലഭിക്കുകയില്ലല്ലോ. അതുകൊണ്ട്‌ പുകവലി പാപമാണെന്നും ഒരു ക്രിസ്തു ശിഷ്യന്‍ ഒരിക്കലും പുകവലിക്ക്‌ അടിമ ആകുവാന്‍ പാടില്ല എന്നും ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.

ചിലര്‍ ഇതിനെതിരായി ഉന്നയിക്കുന്ന വാദം, അനേക ക്രിസ്തുവിശ്വാസികള്‍ കാപ്പി മുതലായ ആഹാര പദാര്‍ത്ഥങ്ങള്‍ക്ക്‌ അടിമകള്‍ ആണല്ലോ എന്നതാണ്‌. ഒരു പക്ഷെ അവര്‍ പറയുന്നതു പോലെ കാലത്ത്‌ ഒരു കട്ടന്‍ കാപ്പി കുടിക്കാതെ അനേകര്‍ക്ക്‌ ജീവിക്കുവാന്‍ പ്രയാസമായിരിക്കാം. എന്നാല്‍ അതുകൊണ്ട്‌ പുകവലി ശരി എന്ന് വരികില്ലല്ലോ. ഞങ്ങള്‍ വിശ്വസിക്കുന്നത്‌ അമിത ആഹാരത്തിനോ അല്ലെങ്കില്‍ ആരോഗ്യത്തിന്‌ ഹാനികരമായ യാതൊന്നിനുമോ ഒരു വിശ്വാസി ഒരിക്കലും അടിമ ആകുവാന്‍ പാടില്ല എന്നാണ്‌. ചിലപ്പോള്‍ ഒരു പാപത്തെ മറെച്ച്‌ പിടിച്ച്‌ മറ്റൊന്നിനെ പഴി ചാരുന്ന കപടഭക്തി ചിലര്‍ക്കുണ്ടെന്ന് നമുക്കറിയാം. അത്‌ എങ്ങനെ ആയാലും പുകവലി ദൈവത്തിനു ഒരിക്കലും മഹത്വം കൊണ്ടുവരികയില്ലല്ലോ.

പുകവലിക്കുന്നത്‌ പാപം ആണെന്നതില്‍ സംശയം ഒന്നുമില്ല. ഒരു ദൈവപൈതല്‍ ഒരിക്കലും ഈ സ്വഭാവത്തിന്‌ അടിമ ആയിത്തീരുകയില്ല എന്നതില്‍ സംശയം അല്‍പം പോലുമില്ല. ആരെങ്കിലും രഹസ്യമായോ പരസ്യമായോ ഈ പാപത്തിന്‌ അടിമ ആണെങ്കില്‍ ഏറ്റു പറഞ്ഞ്‌ ഉപേക്ഷിച്ച്‌ ക്ഷമ പ്രാപിക്കേണ്ടതാണ്‌ (1യോഹ്‌.1:9; സദൃ.28:13).



ചോദ്യം: ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?

ഉത്തരം:
പണത്തെ പെരുക്കണം എന്ന ഉദ്ദേശത്തോടുകൂടി അടുത്ത്‌ എന്തു സംഭവിക്കും എന്ന്‌ അറിയുവാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ പണം ചെലവു ചെയ്യുന്നതിനെ ചൂതാട്ടം എന്ന്‌ വിളിക്കാവുന്നതാണ്‌. ചൂതാട്ടത്തെയോ, ബെറ്റുവയ്കുന്നതിനേയോ, ലൊട്ടറിയെയോ പേരുപറഞ്ഞ്‌ വേദപുസ്തകം കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ദ്രവ്യാഗ്രഹത്തില്‍ നിന്ന്‌ ഒഴിഞ്ഞിരിക്കുവാന്‍ വേദപുസ്തകത്തില്‍ കല്‍പനയുണ്ട്‌ (1തിമോ.6:10; എബ്ര.13:5). പെട്ടെന്ന്‌ പണക്കാരനാകുവാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന്‌ പിന്‍മാറണമെന്നും വേദപുസ്തകം മുന്നറിയിപ്പു തരുന്നുണ്ട്‌ (സദൃ.13:11; 23:5; സഭ.5:10). ആളുകള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത്‌ ദ്രവ്യാഗ്രഹംകൊണ്ടും പെട്ടെന്ന്‌ പണക്കാരാകുവാനുള്ള ആഗ്രഹം കൊണ്ടുമാണല്ലൊ.

ചൂതാട്ടത്തിലെ തെറ്റ്‌ എന്താണ്‌? ചൂതാട്ടം ഒരു ബുദ്ധിമുട്ടുള്ള പ്രശ്നമാണ്‌. കാരണം ഇടക്കിടക്കു മാത്രം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടാല്‍കൂടെ അത്‌ പണത്തെ പാഴാക്കുന്ന കാര്യമാണ്‌. ആളുകള്‍ ഏതെല്ലാം രീതിയിലാണ്‌ പണത്തെ പാഴാക്കുന്നത്‌? സിനിമക്ക്‌ പോകുന്നതും, അധികപണച്ചെലവുള്ള ഹോട്ടലില്‍ ആഹാരം കഴിക്കുന്നതും, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പോലെ തന്നെ ചൂതാട്ടവും പാഴ്ചെലവിന്റെ പട്ടികയില്‍ പെടുത്തേണ്ടതാണ്‌. പണം പാഴാക്കുവാനുള്ളതല്ല. ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ അത്‌ ഭാവി ആവശ്യത്തിലേക്ക്‌ കരുതേണ്ടതാണ്‌. അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക്‌ കൊടുത്ത്‌ സഹായിക്കേണ്ടതാണ്‌; പണം പാഴാക്കുവാന്‍ പാടില്ലാത്തതാണ്‌.

വേദപുസ്തകത്തില്‍ ചൂതാട്ടം: വേദപുസ്തകത്തില്‍ ചൂതാട്ടത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യം പരീക്ഷിക്കുന്നതിനെപ്പറ്റിയും ചീട്ടിട്ടു കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെപ്പറ്റിയും വായിക്കുന്നുണ്ട്‌. ലേവ്യാപുസ്തകത്തില്‍ ഏത്‌ ആടിനെ ബലിയിടണം ഏതിനെ വനാന്തരത്തിലേക്ക്‌ വിട്ടയക്കണം എന്ന് തീരുമാനിക്കുന്നത്‌ ചീട്ടിട്ടായിരുന്നു. യോശുവയുടെ കാലത്ത്‌ ഏതു ഗോത്രത്തിന്‌ ഏതുസ്ഥലം എന്നത്‌ തീരുമാനിച്ചത്‌ ചീട്ടിട്ടായിരുന്നു. നെഹമ്യാവിന്റെ കാലത്ത്‌ പട്ടണത്തിനുള്ളില്‍ ആരു താമസിക്കും വെളിയില്‍ ആരു താമസിക്കും എന്ന് തീരുമാനിച്ചതും ചീട്ടിട്ടായിരുന്നു. ഒടുവിലായി അപ്പൊസ്തലന്‍മാര്‍ യൂദക്കു പകരം ഒരാളെ തെരഞ്ഞെടുത്തതും ചിട്ടിട്ടു തന്നെയായിരുന്നു. "ചീട്ടു മടിയില്‍ ഇടുന്നു. അതിന്റെ വിധാനമോ യഹോവയില്‍ നിന്നത്രേ" എന്ന് സദൃ.16:33ല്‍ വായിക്കുന്നു. എന്നാല്‍ ഈ കാലത്ത്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌ ചീട്ടിട്ടാണ്‌ എന്ന് പുതിയനിയമത്തില്‍ എവിടെയും വായിക്കുന്നില്ല.

നൃത്തശാലകളും ലോട്ടറികളും: നൃത്തശാലകളും ലോട്ടറികളും എങ്ങനെയെങ്കിലും ആളുകളുടെ കൈയിലിരുന്ന് പണം അപഹരിക്കുവാന്‍ ഏതെല്ലാം വശ്യവ്യാപാര അടവുകളാണ്‌ പ്രയോഗിക്കുന്നത്‌! പലപ്പോഴും അവര്‍ ലഹരിപാനീയങ്ങള്‍ വളരെ വിലകുറച്ചോ അല്ലെങ്കില്‍ സൌജന്യമായോ കൊടുത്ത്‌ ആളുകളുടെ ചിന്തിച്ചു തീരുമാനിക്കുവാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. നൃത്തശാലകളില്‍ ആളുകളുടെ മനസ്സിനേയും ശരീരത്തേയും പ്രീണിപ്പിക്കുന്ന കാര്യങ്ങള്‍ കൊടുത്ത്‌ പണം അപഹരിക്കുന്നു. ലോട്ടറികളും അപ്രകാരം ആളുകളെ വശികരിച്ചാണ്‌ പണം വസൂലിക്കുന്നത്‌. പഠനങ്ങള്‍ തെളിയിക്കുന്നത്‌ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ പട്ടിണിപ്പാവങങളള്‍ ആണെന്നാണ്‌. പെട്ടെന്നു പണക്കാരാകുവാനുള്ള അമിതമായ ആശയില്‍ വെറിപിടിച്ച്‌ ആഹാരത്തിനുള്ളതുപോലും ചിലപ്പോള്‍ ലോട്ടറിക്കായി ചെലവാക്കുന്നു. ഇങ്ങനെ അനേകരുടെ ജീവിതം നശിച്ചു പോയിട്ടുണ്ട്‌.

ലോട്ടറിപ്രസ്ഥാനം എന്തുകൊണ്ട്‌ ദൈവത്തിന്‌ പ്രസാദമല്ല? പലരും ചൂതാട്ടത്തിലും ലോട്ടറിയിലും ചേരുന്നതിന്റെ ഒരു ഉദ്ദേശം ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ ദൈവകാര്യങ്ങള്‍ക്കും മറ്റു നല്ലകാര്യങ്ങള്‍ക്കും ഒക്കെ കൊടുക്കാമല്ലോ എന്നു പറഞ്ഞാണ്‌. എന്നാല്‍ വാസ്തവം പറയട്ടെ ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ നിന്ന്‌ ദൈവകാര്യങ്ങള്‍ക്കോ നല്ലകാര്യങ്ങള്‍ക്കോ കൊടുക്കുന്നവര്‍ ഇല്ല എന്നു തന്നെ പറയാം. പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു വാസ്തവം ലോട്ടറിയില്‍ നിന്നും മറ്റും വലിയ തുകകള്‍ സമ്മാനമായി ലഭിച്ചവരില്‍ മിക്കവരും ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ ആദ്യത്തെ സാമ്പത്തീക നിലയേക്കാള്‍ പരിതാപകരമായ നിലയിലേക്ക്‌ തള്ളപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌. ലോട്ടറിപ്പണം ആരും ദൈവകാര്യങ്ങള്‍ക്ക്‌ കൊടുക്കാറുമില്ല. ദൈവത്തിന്‌ നമ്മുടെ പണം ആവശ്യമില്ലല്ലോ (സങ്കീ.50:12). ബാങ്കുകൊള്ളയില്‍നിന്നും മയക്കുമരുന്നില്‍നിന്നും ലഭികകുലന്ന പണം ദൈവനാമമഹത്വത്തിന്‌ ഉതകാത്തതുപോലെ ലോട്ടറിപ്പണവും ദൈവനാമമഹത്വത്തിന്‌ പ്രയോജനമില്ലാത്തതാണ്‌. അനേക പട്ടിണിപ്പാവങ്ങളുടെ ദ്രവ്യാഗ്രഹത്തില്‍നിന്നുണ്ടായതാണല്ലോ ലോട്ടറിപ്പണം. "അന്യായമായി സമ്പാദിച്ച പണം കുറഞ്ഞുപോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും" (സദൃ.13:11).

"ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംഷിച്ചിട്ട്‌ വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്ക്‌ അധീനരായിത്തീര്‍ന്നിരിക്കുന്നു " (1തിമോ.6:10). "നിങ്ങളുടെ നടപ്പ്‌ ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണട്ോ‌ തൃപ്തിപ്പെടുവിന്‍. 'ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല' എന്ന് അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നല്ലോ" (എബ്രാ.13:5). മത്താ. 6:24 ഇങ്ങനെ പറയുന്നു: "രണ്ടു യജമാനന്‍മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ച്‌ മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക്‌ ദൈവത്തെയും മാമോനെയും (ദ്രവ്യത്തെയും) സേവിപ്പാന്‍ കഴികയില്ല".



ചോദ്യം: ചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ലഹരിപാനീയങ്ങള്‍ കുടിക്കുന്നതിനെതിരായി അനേക മുന്നറിയിപ്പുകള്‍ വേദപുസ്തകത്തില്‍ കാണുന്നുണ്ട്‌ (ലേവ്യ.10:9; സംഖ്യ.5:3; ആവ.29:6; ന്യായാ.13:4,7. 14:1; 1ശമു.1:15; സദൃ.20:1; 31:4,6; യെശ.5:11,22; 24:9; 56:12; മീഖ.2:11; ലൂക്കോ.1:15). എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത്‌ ഉണ്ടാക്കിയിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളോ പാനീയങ്ങളോ മരുന്നുകളോ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം പറയുന്നില്ല. ചില വേദഭാഗങ്ങളില്‍ വീഞ്ഞിനെ ക്രീയാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്‌. സഭാപ്രസംഗി 9:7 ല്‍ "നീ ചെന്ന് സന്തോഷത്തോടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞുകുടിക്ക" എന്ന് വായിക്കുന്നു. 104 ആം സങ്കീര്‍ത്തനത്തിന്റെ 15 ആം വാക്യത്തില്‍ വീഞ്ഞു മനുഷന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നു പറയുന്നുണ്ട്‌. ആമോ.9:14 ല്‍ സ്വന്ത ദ്രാക്ഷത്തോട്ടത്തില്‍ നിന്ന് വീഞ്ഞു കുടിക്കുന്നത്‌ അനുഗൃഹത്തിന്റെ ലക്ഷണമായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. യെശ.55:1 ല്‍ പാലും വീഞ്ഞും വാങ്ങിക്കൊള്ളുവീന്‍ എന്ന് പറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ വീഞ്ഞു കുടിച്ച്‌ മത്തരാകുവാന്‍ പാടില്ല എന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്‌ (എഫേ.5:18). മത്തുപിടിക്കുന്നതിനെയും അതിന്റെ അനന്തര ഫലങ്ങളേയും വേദപുസ്തകം കുറ്റപ്പെടുത്തുന്നു (സദൃ.23:29-35). തങ്ങളുടെ ശരീരങ്ങളെ ഏതെങ്കിലും ഒന്നിന്‌ അടിമയാക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം കല്‍പിക്കുന്നുണ്ട്‌ (1കൊരി.6:12; 2പത്രോ.2:19). ലഹരിപാനീയങ്ങള്‍ മത്തുപിടിപ്പിക്കുന്നവയാണെന്നതില്‍ സംശയം ലേശം പോലുമില്ലല്ലോ. വേറൊരു വിശ്വാസിക്ക്‌ ഇടര്‍ച്ച ഉണ്ടാക്കുന്ന ഏതെങ്കിലുമോ അവരുടെ മന്‍സ്സാക്ഷിക്കു വിരോധമായി പാപം ചെയ്യുവാന്‍ ഉതകുന്ന കര്യമോ ഒരു വിശ്വാസി ചെയ്യുവാന്‍ വിലക്കപ്പെട്ടിരിക്കുന്നു (1കൊരി,8:9-13). മാത്രമല്ല ഞാന്‍ ദൈവമഹത്വത്തിനുവേണ്ടിയാണ്‌ കുടിക്കുന്നതെന്ന് ഒരു വിശ്വാസിക്കും ഒരിക്കലും പറയുവാന്‍ സാധിക്കുകയില്ലല്ലോ (1കൊരി.10:31).

യേശുകര്‍ത്താവ്‌ വെള്ളത്തെ വീഞ്ഞാക്കി. താന്‍ വീഞ്ഞു കുടിചചിിരുന്നതായും വായിക്കുന്നുണ്ട്‌ (മത്താ.26:29). പുതിയ നിയമ കാലങ്ങളില്‍ അവിടങ്ങളിലെ വെള്ളം അത്ര ശുദ്ധമായിരുന്നില്ല. ഇക്കാലത്തെപ്പോലെ ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അന്നില്ലാതിരുന്നതുകൊണ്ട്‌ പലപ്പോഴും കുടിവെള്ളം മാലിന്യങ്ങളും രോഗാണുക്കളും കലര്‍ന്നതായിരുന്നു. അതുകൊണ്ട്‌ ആളുകള്‍ ഇത്തരം അശുദ്ധങ്ങള്‍ ഇല്ലാത്ത മുന്തിരിച്ചാറാണ്‌ അധികമായി കുടിക്കുവാന്‍ ഉപയോഗിച്ചിരുന്നത്‌. 1തിമോ.5:23 ല്‍ അപ്പൊസ്തലനായ പൌലോസ്‌ തിമൊഥെയോസിനോട്‌ വെള്ളത്തിനു പകരം വീഞ്ഞു കുടിക്കുവാന്‍ പറഞ്ഞതിന്റെ പുറകിലെ രഹസ്യം വെള്ളം തിമൊഥെയോസിന്റെ വയറ്റിലെ അസുഖങ്ങള്‍ക്ക്‌ കാരണമായിരുന്നതിനാലാണ്‌. അത്‌ വെറും മുന്തിരിച്ചാറായിരുന്നുവെന്ന് പറയുന്നത്‌ ശരിയല്ല. എന്നാല്‍ ഇന്നു ലഭ്യമാകുന്ന തരത്തിലുള്ള വീര്യമുള്ള വീഞ്ഞായിരുന്നു അത്‌ എന്നും ചിന്തിക്കുവാന്‍ പാടില്ലാത്തതത്രേ. ഡോക്ടറന്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മരുന്നുകളോ മറ്റോ ഉപയോഗിക്കുന്നതില്‍ നിന്ന് വിശ്വാസി വിലക്കപ്പെട്ടിട്ടില്ല. എന്നാല്‍ മദ്യപാനത്തില്‍ നിന്നും വീഞ്ഞുകുടിച്ചു മത്തരാകുന്നതില്‍ നിന്നും ഓരോ വിശ്വാസിയും പൂര്‍ണ്ണമായി ഒഴിഞ്ഞിരിക്കണം എന്നത്‌ ദൈവകല്‍പനയാണ്‌ (എഫെ.5:18; ഇകൊരി.6:12).

നമുക്കെല്ലാമറിയാവുന്നതുപോലെ പലപ്പോഴും ഒരു തമാശായി ആരംഭുക്കുന്ന കുടിപ്പഴക്കമാണ്‌ ഒരാളെ മുക്കുടിയനാക്കിത്തീര്‍ക്കുന്നത്‌. ചിലപ്പോള്‍ കൂട്ടുകാരെ തൃപ്തിപ്പെടുത്താനായൊ അല്ലെങ്കില്‍ ഒരു നേരമ്പോക്കിനായോ ആരംഭിച്ച ഈ ദുശ്ശീലം എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്തിരിക്കുന്നത്‌? ഒരു ക്രിസ്തീയ വിശ്വാസി യാതൊരു കാരണവശാലും ലഹരിപദാര്‍ത്ഥങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ കൂടി പാടില്ലാത്തതാണ്‌. മറ്റൊരാള്‍ക്ക്‌ ഇടര്‍ച്ച വരുത്തുന്നതോ കാലപ്പഴക്കത്തില്‍ തന്നത്താന്‍ ബാധിക്കപ്പെടുന്നതോ ദൈവനാമ മഹത്വത്തിനായിട്ടല്ലാത്തതോ ആയ ഒരു കാര്യത്തിലും ഒരു വിശ്വാസി ഏര്‍പ്പെടുവാന്‍ പാടില്ല. അതുകൊണ്ട്‌ ഒരു വിശ്വാസി ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നത്‌ ഒരു കാലത്തും അനുവദനീയമല്ല.



ചോദ്യം: പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?

ഉത്തരം:
പഴയനിയമത്തില്‍ യിസ്രായേലിനോട്‌ ദൈവം കല്‍പിച്ചത്‌ ഇപ്രകാരമായിരുന്നു. "മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌; മെയ്മേല്‍ പച്ചകുത്തരുത്‌; ഞാന്‍ യഹോവ ആകുന്നു"(ലേവ്യ.19:28). പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴിലല്ല എന്നത്‌ വാസ്തവമാണെങ്കിലും (റോമ.10:4; ഗലാ.3:23-25; എഫേ.2:15), പുതിയ നിയമത്തില്‍ പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ ഒരു പരാമര്‍ശവും ഇല്ലെങ്കിലും, പഴയനിയമത്തില്‍ അങ്ങനെ ഒരു കല്‍പന ഉള്ളതുകൊണ്ട്‌ ആ ചോദ്യത്തിന്‌ അല്‍പം പരിഗണന കൊടുക്കുന്നത്‌ നല്ലതാണ്‌.

ഈ വിഷയം പരിഗണിക്കുമ്പോള്‍ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്‌ "കര്‍ത്താവേ ഞാന്‍ ചെയ്യുവാന്‍ പോകുന്ന ഈ കര്‍മ്മത്തെ നീ അനുഗ്രഹിച്ച്‌ നിന്റെ മഹത്വത്തിനാക്കി മറ്റേണമേ" എന്ന്‌ യഥാര്‍ത്ഥത്തില്‍ പ്രര്‍ത്ഥിക്കുവാന്‍ കഴിയുമോ എന്നതാണ്‌. "ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍" (1കൊരി.10:31). പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ മുറിവു വരുത്തുന്നതിനേപ്പറ്റിയോ പുതിയ നിയമത്തില്‍ ഒരു പരാമര്‍ശവും ഇല്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ പച്ചകുത്തുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്‌ എന്നതിന്‌ ഒരു തെളിവുമില്ല.

ഇതിനോടുള്ള ബന്ധത്തില്‍ പറയേണ്ട വേരൊരു കാര്യം ഔചിത്യം എന്നതാണ്‌. വിശ്വാസികള്‍ യോഗ്യമാം വണ്ണം വസ്ത്രം ധരിക്കണമെന്ന് 1തിമോ.2:9 ല്‍ പറയുന്നു. യോഗ്യമായി വസ്ത്രം ധരിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ പ്രധാന അര്‍ത്ഥം ശരീരത്തിന്റെ മറയ്ക്കേണ്ട ഭാഗങ്ങള്‍ വേണ്ടവണ്ണം മറയ്ക്കുക എന്നതാണ്‌. എന്നാല്‍ അതിന്റെ പിന്നില്‍ നമ്മിലേക്ക്‌ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. യോഗ്യമായി വസ്ത്രം ധരിക്കുന്നവര്‍ തങ്ങളിലേക്ക്‌ ശ്രദ്ധ വരാത്ത വിധത്തില്‍ വസ്ത്രധാരണം ചെയ്യുന്നു. പച്ചകുത്തുന്നത്രും ശരീരത്തില്‍ മുറിവുണ്ടാക്കുന്നതും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്‌. അങ്ങനെയാണെങ്കില്‍ അതിനെ യോഗ്യമെന്നോ ഔചിത്യമെന്നോ കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ.

ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ബൈബിളില്‍ തെളിവായ പരാമര്‍ശം ഇല്ലെങ്കില്‍ അത്തരം വിഷയങ്ങളെപ്പറ്റി നാം ഒരു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട തത്വം ശരിയോ തെറ്റോ എന്ന് സംശയമുള്ള ഒരു കാര്യവും ചെയ്യുവാന്‍ പാടില്ല എന്നതത്രേ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ.14:23 പറയുന്നു. നമ്മുടെ ആത്മാക്കളും ശരീരങ്ങളും കര്‍ത്താവ്‌ വിലകൊടുത്ത്‌ വാങ്ങിയിട്ടുള്ളതാണ്‌. 1കൊരി.6:19-20 പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ അല്ലെങ്കിലും ഈ വാക്യങ്ങളിലെ തത്വം ഇവിടെ യോജിക്കുന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പ്രിശുദ്ധത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് തീരുമാനിക്കുമ്പോഴെല്ലാം ഈ സത്യം മറക്കുവാന്‍ പാടില്ലാത്തതാണ്‌. നമ്മുടെ ശരീരം ദൈവത്തിന്റെ വകയാണെങ്കില്‍ നാം അതിനെ പച്ചകുത്തുകയോ പാടുകള്‍ വരുത്തുകയോ ചെയ്യുന്നതിനു മുമ്പ്‌ ദൈവത്തില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിരിക്കേണ്ട്താണ്‌.



ചോദ്യം: സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി സത്യവേദപുസ്തകം എന്തു പറയുന്നു? സ്വവര്‍ഗ്ഗഭോഗം പാപമാണോ?

ഉത്തരം:
സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് സത്യവേദപുസ്തകം വീണ്ടും വീണ്ടും പറയുന്നു (ഉല്‍പ.19:1-13: ലേവ്യ.18:22: റോമ.1:26-27; 1കൊരി.6:9). ദൈവത്തെ നിഷേധിക്കുന്നതിന്റേയും അനുസരിക്കാതിരിക്കുന്നതിന്റേയും ഫലമാണ്‌ സ്വവര്‍ഗ്ഗഭോഗം എന്ന് റോമ.1:26,27 വ്യക്തമായി പഠിപ്പിക്കുന്നു. ഒരുവന്‍ പാപത്തിലും അവിശ്വാസത്തിലും തുടരുമ്പോള്‍, ദൈവമില്ലാത്ത പാപജീവിതത്തിന്റെ ശൂന്യതയും നിരാശാജനകമായ അനുഭവങ്ങളും അവനു മനസ്സിലാക്കിക്കൊടുക്കേണ്ടതിന്‌ ദൈവം അവനെ അധിക ദുഷ്ടതയും ഹീനതയും നിറഞ്ഞ പാപങ്ങള്‍ക്ക്‌ "ഏലിച്ചുകൊടുക്കും" എന്ന് വേദപുസ്തകം പറയുന്നു. സ്വവര്‍ഗ്ഗഭോഗം എന്ന "മറുതലിപ്പില്‍" തുടരുന്നവര്‍ ദൈവരാജ്യം കൈവശമാക്കുകയില്ല എന്ന് 1കൊരി.6:9 പറയുന്നു. സ്വവര്‍ഗ്ഗഭോഗം ചെയ്യുവാനുള്ള ആസക്തിയോടുകൂടി ദൈവം ആരേയും സൃഷ്ടിക്കുന്നില്ല.

ഒരുവന്‍ സ്വവര്‍ഗ്ഗഭോഗി ആയിത്തീരുന്നത്‌ പാപത്തിന്റെ ഫലമായിട്ടാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (റോമ.1:24-27). അന്തിമമായി അവരവരുടെ തീരുമാനത്തിന്റെ ഫലമാണത്‌. ക്രൂരത തുടങ്ങിയ മറ്റു പാപങ്ങളോടുള്ള പ്രതിപത്തി ചിലരുടെ പ്രകൃതി ആയിരിക്കുന്നതുപോലെ ചിലരുടെ പ്രകൃതിയില്‍ സ്വവര്‍ഗ്ഗഭോഗത്തോടുള്ള പ്രതിപത്തി ഉണ്ടായെന്നു വന്നേക്കാവുന്നതാണ്‌. അത്തരം പ്രതിപത്തി ആ വക പാപങ്ങള്‍ ചെയ്യുവാനുള്ള അനുവാദമായി കാണാവുന്നതല്ല. കോപ പ്രകൃതിയുള്ള ഒരുവന്‍ കോപിഷ്ഠനായി തുടരുന്നതു ശരിയാണോ? ഒരിക്കലും അല്ലല്ലോ. സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റിയും അങ്ങനെ തന്നെയാണ്‌.

മറ്റെല്ലാ പാപങ്ങളേക്കാളും സ്വവര്‍ഗ്ഗഭോഗം ഒരു വലിയ പാപമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. പാപങ്ങളെല്ലാം ദൈവത്തോടുള്ള മറുതലിപ്പാണ്‌. അതുപോലെ സ്വവര്‍ഗ്ഗഭോഗവും മനുഷരെ ദൈവത്തില്‍ നിന്ന് അകറ്റുന്ന മറ്റനേക പാപങ്ങളില്‍ ഒന്നായി 1കൊരി.6:9-10 ഉം വാക്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. വ്യഭിചാരക്കാരനേയും, വിഗ്രഹ ആരാധനക്കാരനേയും,ഭോഷ്കു പറയുന്നവനേയും മാനസ്സാന്തരപ്പെടുമ്പോള്‍ ദൈവം ക്ഷമിക്കുന്നതുപോലെ, സ്വവര്‍ഗ്ഗഭോഗിയും മാനസ്സാന്തരപ്പെട്ടാല്‍ ദൈവം ക്ഷമിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതു പാപിക്കുമെന്നതുപോലെ സ്വവര്‍ഗ്ഗഭോഗിക്കും പാപത്തെ ജയിക്കുവാനുള്ള കൃപയും ശക്തിയും ദൈവം കൊടുക്കുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1കൊരി.6:11; 2കൊരി.5:17).



ചോദ്യം: സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?

ഉത്തരം:
സ്വയഭോഗത്തെപ്പറ്റി വിശദീകരണമോ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളോ ബൈബിള്‍ തരുന്നില്ല. സ്വയഭോഗത്തിലേക്ക്‌ ഒരാളെ നയിക്കുന്ന ഘടകങ്ങളാണ്‌ അതിനെ പാപമായി മാറ്റുന്നത്‌. ലൈംഗീക ഉത്തേജനവും, ലൈംഗീക ആസക്തിയുള്ള ചിന്തകളും, അശ്ലീല ചിത്രങ്ങളുമാണല്ലോ ഒരാളെ സ്വയഭോഗത്തിലേക്കു നയിക്കുന്നത്‌. ഈ വക കാര്യങ്ങളെയാണ്‌ നാം കൈകാര്യം ചെയ്യാണ്ടത്‌. കാമാസക്തി, അശ്ലീല ചിത്രങ്ങള്‍ കാണുവാനുള്ള പ്രവണത, അന്യജഡമോഹം എന്നിവയെ ജയിച്ചാല്‍ സ്വയഭോഗത്തേയും അതിജീവിക്കാവുന്നതാണ്‌.

ദുര്‍നടപ്പും, അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറയുവാന്‍ പോലും അരുത്‌ എന്ന് എഫേ. 5:3 പറയുന്നു. ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വയഭോഗത്തിന്റെ സ്ഥാനം എവിടെയെന്ന് ഊഹിച്ചുകൊള്ളുക. നാം ചെയ്യുന്ന കാര്യം വേറൊരാളോട്‌ അഭിമാനത്തോടുകൂടെ പറയുവാന്‍ കഴിയാത്തതാണെങ്കില്‍ അത്‌ ഒരു പാപമായിരിക്കുവാനാണ്‌ വഴി. മറ്റുള്ള ഒരാള്‍ നാം ചെയ്യുന്നത്‌ കണ്ടുപിടിച്ചാല്‍ നാം അതേപ്പറ്റി ലജ്ജിക്കേണ്ടി വരുമെങ്കില്‍ അത്‌ പാപം തന്നെ എന്ന് ഉറപ്പാക്കാം. നാം ചെയ്യുന്ന കാര്യം ദൈവസന്നിധിയില്‍ കൊണ്ടുവന്ന് ദൈവനാമ മഹത്വത്തിനു വേണ്ടി അതിനെ മാറ്റേണമേ എന്ന് ദൈവത്തോട്‌ ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയുന്നില്ലെങ്കില്‍ അതും തെറ്റു തന്നെ. സ്വയഭോഗം നാലുപേരുടെ മുമ്പില്‍ അഭിമാനിക്കത്തക്കതോ അല്ലെങ്കില്‍ ദൈവത്തിന്‌ നന്ദി കരേറ്റുവാന്‍ കഴിയുന്നതോ ആണെന്ന് തോന്നുന്നുല്ല.

നാം തിന്നുകയോ കുടിക്കുകയോ എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്യണമെന്നാണ്‌ ബൈബിള്‍ നിര്‍ദ്ദേശിക്കുന്നത്‌ (1കൊരി.31). നാം ചെയ്യുന്ന കാര്യം ദൈവത്തിനു പ്രസാദമുള്ളതാണോ എന്ന് സംശയമുണ്ടെങ്കില്‍, അങ്ങനെയുള്ള കാര്യം ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. സ്വയഭോഗി ദൈവത്തിനു പ്രസാദമുള്ള കാര്യമാണോ ചെയ്യുന്നതെന്ന് സംശയമുണ്ടെല്ലോ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ. 14:23 ല്‍ വായിക്കുന്നു. സ്വയഭോഗം വിശ്വാസത്തിന്റെ പ്രവര്‍ത്തിയായി കാണുവാന്‍ കഴിയുകയില്ലല്ലോ. മറക്കുവാന്‍ പാടില്ലാത്ത വേറൊരു സത്യം നമ്മുടെ ആത്മാക്കളെ മാത്രമല്ല നമ്മുടെ ശരീരങ്ങളേയും കര്‍ത്താവ്‌ വിലകൊടുത്തു വാങ്ങിയിരിക്കുന്നു എന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരമെന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവര്‍ അല്ല എന്നും അറിയുന്നില്ലയോ. ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്നും എന്തു ചെയ്യുന്നു എന്നും തീരുമാനിക്കുന്നതിന്‌ ഈ വലിയ സത്യം നമ്മെ സ്വാധീനിക്കേണ്ടതാണ്‌. സ്വയഭോഗം ദൈവത്തെ പ്രസാദിപ്പിക്കുന്നതല്ല, അതിന്‌ ദുര്‍മാര്‍ഗ്ഗത്തിന്റേയും അശുദ്ധിയുടേതും പേരുള്ളതാണ്‌, ദൈവം നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥന്‍ എന്ന സത്യത്തെ വിസ്മരിക്കുന്നതാണ്‌. ഈ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ സ്വയഭോഗം ദൈവം വെറുക്കുന്ന ഒരു പാപമായിട്ടല്ലാതെ വേദപുസ്തകത്തിന്റെ അടിസ്ഥനത്തില്‍ കാണുവാന്‍ കഴിയുകയില്ല.