വിവാഹമോചനത്തെപ്പറ്റി യേശു പഠിപ്പിക്കുന്നു
(മത്താ. 19:1-12)
10
യേശു അവിടം വിട്ട് യെഹൂദ്യയിലേക്കും യോര്‍ദ്ദാന്‍റെ മറുകരയിലേക്കും പോയി. പിന്നെയും പലരും അവന്‍റെ അടുത്തേക്കു വന്നു. അവരെ പതിവുപോലെ അവന്‍ പഠിപ്പിച്ചു.
ഏതാനും പരീശന്മാര്‍ യേശുവിനടുത്തേക്കു വന്നു. യേശുവിനെക്കൊണ്ട് തെറ്റായ എന്തെങ്കിലും പറയിക്കാനവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, “ഒരുവന്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തുന്നതു ശരിയാണോ?”
യേശു ചോദിച്ചു, “മോശെ എന്താണു നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”
പരീശന്മാര്‍ പറഞ്ഞു, “ഒരു വിവാഹമോചനപത്രം എഴുതി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ ഒരു ഭര്‍ത്താവിനെ അനുവദിച്ചു.”
യേശു പറഞ്ഞു, “നിങ്ങള്‍ക്കു കരിങ്കല്ലു പോലത്തെ ഹൃദയമുള്ളതുകൊണ്ടാണ് മോശെ ആ കല്പന എഴുതിയത്. പക്ഷെ ദൈവം ലോകം സൃഷ്ടിച്ചപ്പോള്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതിനാലാണ് ഒരുവന്‍ അപ്പനമ്മമാരെ വെടിഞ്ഞ് ഭാര്യയോടു ചേരുന്നത്. അവര്‍ ഇരുവരും ഒന്നാകുകയും വേണം. അതിനാല്‍ ആരും രണ്ടല്ല, ഒന്നാണ്. ദൈവം അവരെ ഒന്നാക്കി. അതുകൊണ്ട് മനുഷ്യന്‍ അവരെ വേര്‍പെടുത്തരുത്.”
10 അല്പസമയം കഴിഞ്ഞ് യേശുവും ശിഷ്യന്മാരും വീട്ടിലുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവാഹമോചനത്തെപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു. 11 യേശു പറഞ്ഞു, “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ ഭാര്യയ്ക്കെതിരായി പാപം ചെയ്യുന്നു. അവന്‍ വ്യഭിചാരത്തെ സംബന്ധിച്ച പാപം ചെയ്യുന്നു. 12 ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം കഴിക്കുന്ന ഭാര്യയും വ്യഭിചാരിണിയാണ്.”
യേശു ശിശുക്കളെ സ്വീകരിക്കുന്നു
(മത്താ. 19:13-15, ലൂക്കൊ. 18:15-17)
13 യേശുവിന്‍റ സ്പര്‍ശനം ഏറ്റുവാങ്ങുന്നതിന് ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. 14 യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവരാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്. 15 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു കുഞ്ഞ് സാധനങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിങ്ങള്‍ ദൈവരാജ്യത്തെ സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതിലേക്കു പ്രവേശനമുണ്ടാകയില്ല.” 16 പിന്നീട് യേശു കുഞ്ഞുങ്ങളെ കൈയിലെടുത്തു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു.
യേശുവിനെ പിന്തുടരാന്‍ ഒരു ധനികന്‍ വിസ്സമ്മതിക്കുന്നു
(മത്താ. 19:16-30, ലൂക്കൊ. 18:18-30)
17 യേശു പോകാനൊരുങ്ങവേ ഒരാള്‍ ഓടി വന്ന് യേശുവിനു മുന്പില്‍ മുട്ടുകുത്തി. അയാള്‍ ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവന്‍ കിട്ടാന്‍ ഞാനെന്തു ചെയ്യണം.”
18 യേശു പറഞ്ഞു, “നീയെന്താണ് എന്നെ നല്ലവനെന്നു വിളിച്ചത്. ആരും നല്ലവനല്ല. ദൈവം മാത്രമേ നല്ലവനായുള്ളൂ. 19 പക്ഷേ നിന്‍റെ ചോദ്യത്തിനു ഞാനുത്തരം തരാം. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, വഞ്ചിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യരുടെ മുതല്‍ ചതിവായി എടുക്കരുത്. അപ്പനമ്മമാരെ ബഹുമാനിക്കുക… എന്നീ കല്പനകള്‍ നിനക്കറിയില്ലേ?” ഉദ്ധരണി പുറ. 20:12-16; ആവ. 5:16-20.
20 അയാള്‍ പറഞ്ഞു, “ഗുരോ, ചെറുപ്പം മുതല്‍ക്കു തന്നെ ഞാന്‍ ഈ കല്പനകള്‍ അനുസരിക്കുന്നുണ്ട്.”
21 യേശു അയാളെ നോക്കി, അവന് അയാളോടു സ്നേഹം തോന്നി. യേശു പറഞ്ഞു, “നീ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ നിനക്കായി ഒരു നിധി ഒരുക്കും. എന്നിട്ട് എന്നോടൊപ്പം വരിക.”
22 യേശുവിന്‍റെ ഈ വാക്കുകള്‍ കേട്ട് ദുഃഖിതനായി അയാള്‍ പോയി. അയാള്‍ വലിയ ധനികനും സന്പത്തു സൂക്ഷിക്കാനാഗ്രഹിക്കുന്നവനും ആകയാലാണ് ദുഃഖിച്ചത്.
23 യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, ധനികര്‍ക്കു ദൈവരാജ്യത്തിലേക്കു പ്രവേശിക്കുക വിഷമമായിരിക്കും.
24 അതു കേട്ട് ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. പക്ഷെ യേശു പിന്നെയും പറഞ്ഞു, “എന്‍റെ മക്കളേ, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്. 25 ധനികന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നത് വളരെ ക്ളേശകരമാണ്. ഒരു ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കുക അതിലും എളുപ്പമായിരിക്കും.”
26 ശിഷ്യന്മാര്‍ അത്ഭുതത്തോടെ പരസ്പരം ചോദിച്ചു, “എങ്കില്‍ പിന്നെ ആരു രക്ഷിക്കപ്പെടും.”
27 യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, “മനുഷ്യര്‍ക്കു അസാദ്ധ്യമാണ്. എന്നാല്‍ ദൈവത്തിനത് സാദ്ധ്യമാണ്. ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”
28 പത്രൊസ് യേശുവിനോടു പറഞ്ഞു, “നിന്നെ പിന്തുടരാന്‍ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു.”
29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. എനിക്കും സുവിശേഷത്തിനും വേണ്ടി സ്വന്തം വീടും സഹോദരീസഹോദരന്മാരെയും അപ്പനമ്മമാരെയും കുട്ടികളെയും വയലുമെല്ലാം ഉപേക്ഷിച്ചവര്‍ക്ക് 30 അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീസഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും. 31 ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ താഴത്തായെന്നും വരാം. താഴെയുള്ളവന് ഉന്നതസ്ഥാനവും കിട്ടും.”
തന്‍റെ മരണത്തെപ്പറ്റി യേശു വീണ്ടും പറയുന്നു
(മത്താ. 20:17-19; ലൂക്കൊ. 18:31-34)
32 യേശുവും കൂട്ടരും യെരൂശലേമിലേക്കു പോകുകയായിരുന്നു. യേശുവായിരുന്നു സംഘനായകന്‍. യേശുവിന്‍റെ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. അവനു പിന്നാലെ വന്ന മറ്റുള്ളവര്‍ ഭയന്നു. യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ച് അവരോടു മാത്രം സംസാരിച്ചു. യെരൂശലേമില്‍ അവനെന്തു സംഭവിക്കുമെന്ന് അവന്‍ അവരോടു പറഞ്ഞു. 33 യേശു പറഞ്ഞു, “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കുമായി ഏല്പിക്കപ്പെടും. മനുഷ്യപുത്രനെ വധിക്കണമെന്ന് മഹാപുരോഹിതരും ശാസ്ത്രിമാരും പറയും. അവര്‍ മനുഷ്യപുത്രനെ ജാതികള്‍ക്കു നല്‍കും. 34 അവര്‍ അവനെ പരിഹസിക്കുകയും അവന്‍റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ ചാട്ടകൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. പക്ഷെ തന്‍റെ മരണത്തിനുശേഷം മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”
യാക്കോബും യോഹന്നാനും ഒരു ആനുകൂല്യം ചോദിക്കുന്നു
(മത്താ. 20:20-28)
35 അപ്പോള്‍ സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഗുരോ, ഞങ്ങള്‍ക്കായി ചിലതു ചെയ്തു തരാന്‍ അപേക്ഷിക്കട്ടെ.”
36 യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ക്കായി ഞാന്‍ ചെയ്യേണ്ടത്.”
37 സെബെദിയുടെ പുത്രന്മാര്‍ പറഞ്ഞു, “നീ നിന്‍റെ രാജ്യത്ത് മഹത്വത്തോടെ ഇരിക്കും. അപ്പോള്‍ ഞങ്ങളില്‍ ഒരാളെ നിന്‍റെ വലത്തും, മറ്റൊരാളെ ഇടത്തും ഇരിക്കാന്‍ അനുവദിച്ചാലും.”
38 യേശു പറഞ്ഞു, “നിങ്ങള്‍ ആവശ്യപ്പെട്ടതെന്താണെന്നു നിങ്ങള്‍ തന്നെ അറിയുന്നില്ല. ഞാന്‍ സ്വീകരിക്കുന്ന കഷ്ടത നിങ്ങള്‍ക്കും സ്വീകരിക്കാമോ?* ഞാന്‍ സ്വീകരിക്കുന്ന കഷ്ടത സ്വീകരിക്കുക “ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍ നിന്നും കുടിക്കണം” എന്നര്‍ത്ഥം. ഞാന്‍ സ്വീകരിക്കേണ്ട സ്നാനവും നിങ്ങള്‍ക്കു സ്വീകരിക്കാമോ?”
39 അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കു കഴിയും.”
യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഞാന്‍ സഹിക്കുന്നതെന്തും സഹിക്കും, ഞാന്‍ സ്വീകരിക്കേണ്ട സ്നാനം നിങ്ങള്‍ സ്വീകരിക്കും. 40 പക്ഷെ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അതു ചിലര്‍ക്കു ലഭിക്കും. ആ സ്ഥാനങ്ങള്‍ അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്.”
41 മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ക്കു യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. 42 എല്ലാ ശിഷ്യന്മാരെയും യേശു വിളിച്ചു കൂട്ടി. അവന്‍ പറഞ്ഞു, “ജാതികള്‍ക്ക് അവര്‍ ഭരണാധികാരികളെന്ന് അംഗീകരിക്കുന്ന ചിലയാളുകളുണ്ട്. അവര്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ കാണിക്കും. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. 43 എന്നാല്‍ നിങ്ങളുടെയിടയില്‍ ഇതുണ്ടാകരുത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വലിയവനാകണമെന്നുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ ദാസനാകണം. 44 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവന്‍ എല്ലാവരുടെയും അടിമയാകണം. 45 അതുപോലെ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരാല്‍ സേവിക്കപ്പെടാനല്ല. പക്ഷേ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെ സേവിക്കാനാണ്. അനേകം പേരെ രക്ഷിക്കാനായി സ്വന്തം ജീവിതം നല്‍കാനാണ്.”
യേശു ഒരന്ധനെ സുഖപ്പെടുത്തുന്നു
(മത്താ. 20:29-34; ലൂക്കൊ. 18:35-43)
46 അനന്തരം അവര്‍ യെരീഹോപട്ടണത്തിലേക്കു വന്നു. യേശുവും ശിഷ്യന്മാരും മറ്റനേകം പേരോടൊപ്പം അവിടം വിട്ടുപോവുകയായിരുന്നു. ബര്‍ത്തിമായി (തിമായിയുടെ പുത്രന്‍) എന്നു പേരായ ഒരു അന്ധന്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. അയാള്‍ ഒരു യാചകനായിരുന്നു. 47 നസറെത്തില്‍നിന്ന് യേശു വരുന്നെന്ന് വഴിയാത്രക്കാര്‍ പറഞ്ഞ് അയാള്‍ കേട്ടു. അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി, “യേശുവേ, ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”
48 അനേകം പേര്‍ അന്ധനെ ശാസിച്ചു. അവര്‍ അവനോടു സംസാരിക്കരുതെന്നു പറഞ്ഞു. പക്ഷെ അയാള്‍ കൂടുതല്‍ കൂടുതല്‍ വിളിച്ചു കൂവി, “ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”
49 യേശു യാത്ര നിര്‍ത്തി പറഞ്ഞു, “അയാളോടു ഇവിടെ വരാന്‍ പറയൂ.”
അതിനാല്‍ അവര്‍ അന്ധനെ വിളിച്ചു. അവര്‍ പറഞ്ഞു, “സന്തോഷമായിരിക്കൂ, എഴുന്നേല്‍ക്കൂ, യേശു നിന്നെ വിളിക്കുന്നു.” 50 അന്ധന്‍ ചാടിയെഴുന്നേറ്റു. അയാള്‍ തന്‍റെ മേല്‍വസ്ത്രം അവിടെയിട്ട് യേശുവിന്‍റെ അടുത്തേക്കു പോയി.
51 യേശു അയാളോടു ചോദിച്ചു, “ഞാന്‍ നിനക്കായി എന്താണു ചെയ്യേണ്ടത്?”
അന്ധന്‍ പറഞ്ഞു, “ഗുരോ, എനിക്കു കാഴ്ച പ്രാപിക്കണം.”
52 യേശു പറഞ്ഞു, “പോകൂ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” അന്ധനു കാഴ്ച തിരിച്ചു കിട്ടി. അവന്‍ യേശുവിന്‍റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു.