ഈജിപ്തുരാജാവായ ശീശക് യെരൂശലേം ആക്രമിക്കുന്നു
12
രെഹബെയാം ശക്തനായ ഒരു രാജാവായി. അയാള്‍ തന്‍റെ രാജ്യം ശക്തമാക്കുകയും ചെയ്തു. അനന്തരം രെഹബെയാമും യെഹൂദാരാജ്യത്തുനിന്നുള്ള സകലജനവും യഹോവയുടെ നിയമം അനുസരിക്കുവാന്‍ വിസമ്മതിച്ചു. രെഹബെയാം രാജാവായതിന്‍റെ അഞ്ചാം വര്‍ഷം ശീശക് യെരൂശലേംനഗരം ആക്രമിച്ചു. ഈജിപ്തിലെ രാജാവായിരുന്നു ശീശക്. രെഹബെയാമും യെഹൂദാജനതയും യഹോവയോടു വിശ്വാസം പ്രകടിപ്പിക്കാത്തതിനാലാണങ്ങനെ സംഭവിച്ചത്. ശീശകിന് ആയിരത്തിയിരുനൂറു രഥങ്ങള്‍, അറുപതിനായിരം കുതിരക്കാര്‍, എണ്ണിയാലൊടുങ്ങാത്തത്ര അംഗങ്ങളുള്ള കാലാള്‍പ്പടയും ഉണ്ടായിരുന്നു. ശീശകിന്‍റെ വലിയസേനയില്‍ ലൂബ്യന്‍ഭടന്മാര്‍, സുക്യഭടന്മാര്‍, എത്യോപ്യന്‍ഭടന്മാര്‍ എന്നിവരുണ്ടായിരുന്നു. ശീശക് യെഹൂദയിലെ ശക്തമായ നഗരങ്ങളെ തോല്പിച്ചു. അനന്തരം ശീശക് തന്‍റെ സേനയെ യെരൂശലേമിലേക്കു കൊണ്ടുവന്നു.
അപ്പോള്‍ പ്രവാചകനായ ശെമയ്യാവ് രെഹബെയാമിന്‍റെയും യെഹൂദയിലെ നേതാക്കളുടെയും അടുത്തെത്തി. ശീശകിനെ ഭയന്നിരുന്നതിനാല്‍ ആ നേതാക്കളെല്ലാം യെരൂശലേമില്‍ ഒത്തുകൂടിയിരുന്നു. ശെമയ്യാവ്, രെഹബെയാമിനോടും യെഹൂദയിലെ നേതാക്കളോടുമായി പറഞ്ഞു, “യഹോവ പറയുന്നത് ഇതാകുന്നു: ‘രെഹബെയാം, നീയും യെഹൂദക്കാരും എന്നില്‍ നിന്നകലുകയും എന്നെ അനുസരിക്കാന്‍ കൂട്ടാക്കാതെയിരിക്കുകയും ചെയ്തു. അതിനാല്‍ ശീശകിനെ നേരിടാന്‍ സഹായിക്കാതെ നിന്നെ ഞാന്‍ ഒറ്റയ്ക്കായി പോകുന്നു.’”
അപ്പോള്‍ യെഹൂദയിലെ നേതാക്കളും രെഹബെയാം രാജാവും വളരെ ദു:ഖിക്കുകയും സ്വയം വിനീതരാകുകയും ചെയ്തു. അവര്‍ പറഞ്ഞു, “യഹോവ നീതിമാനാകുന്നു.”
രാജാവും നേതാക്കളും സ്വയം താഴ്ന്നവരായെന്ന് യഹോവ മനസ്സിലാക്കി. അപ്പോള്‍ ശെമയ്യാവിനു യഹോവയില്‍ നിന്നുള്ള സന്ദേശം ലഭിച്ചു. യഹോവ ശെമയ്യാവിനോടു പറഞ്ഞു, “രാജാവും നേതാക്കളും തങ്ങളെത്തന്നെ വിനീതരാക്കിയിരിക്കുന്നു. അതിനാല്‍ ഞാനവരെ നിഗ്രഹിക്കുകയില്ല. പക്ഷേ ഞാനവരെ ഉടനെ രക്ഷിക്കും. എന്‍റെ ദേഷ്യം യെരൂശലേമിനുമേല്‍ വിതറാന്‍ ശീശകിനെ ഞാനുപയോഗിക്കുകയില്ല. എന്നാല്‍ യെരൂശലേംജനത ശീശകിന്‍റെ ദാസന്മാരാകും. എന്നെ സേവിക്കുന്നതുപോലെയല്ല മറ്റു രാജാക്കന്മാരെ സേവിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നതിനു വേണ്ടിയാണങ്ങനെ സംഭവിക്കുന്നത്.”
ഈജിപ്തിലെ രാജാവായിരുന്ന ശീശക് യെരൂശലേം ആക്രമിക്കുകയും യഹോവയുടെ ആലയത്തിലെ ധനം അപഹരിക്കുകയും ചെയ്തു. രാജകൊട്ടാരത്തിലെ സന്പത്തും അയാള്‍ അപഹരിച്ചു. ശീശക് എല്ലാം എടുക്കുകയും അവ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ശലോമോന്‍ നിര്‍മ്മിച്ച സ്വര്‍ണ്ണപ്പരിചകളും അയാള്‍ എടുത്തുകൊണ്ടുപോയി. 10 രെഹബെയാം രാജാവ് സ്വര്‍ണ്ണപ്പരിചകളുടെ സ്ഥാനത്ത് ഓട്ടു പരിചകള്‍ നിര്‍മ്മിച്ചുവച്ചു. രെഹബെയാം ആ ഓട്ടുപരിചകള്‍ കൊട്ടാരം കാവലിന്‍റെ ചുമതലക്കാരായ നായകരെ ഏല്പിച്ചു. 11 രാജാവ് യഹോവയുടെ ആലയത്തില്‍ കടക്കുന്പോഴൊക്കെ കാവല്‍ക്കാര്‍ ഓട്ടുപരിചകള്‍ പുറത്തേക്കു ചുമക്കും. പിന്നെ അവരതു കാവല്‍മുറിയില്‍ തിരികെ വയ്ക്കും.
12 രെഹബെയാം സ്വയം വിനീതനായപ്പോള്‍ യഹോവ രെഹബെയാമില്‍നിന്നും തന്‍റെ കോപത്തെ തിരിച്ചു. അതിനാല്‍ യഹോവ രെഹബെയാമിനെ മുഴുവന്‍ നശിപ്പിച്ചില്ല. യെഹൂദയില്‍ കുറെ നന്മകളുണ്ടായിരുന്നു.
13 രെഹബെയാംരാജാവ് സ്വയം യെരൂശലേമിലെ ശക്തനായൊരു രാജാവായി. രാജാവാകുന്പോള്‍ അദ്ദേഹത്തിന് നാല്പത്തൊന്നു വയസ്സായിരുന്നു പ്രായം. രെഹബെയാം പതിനേഴുകൊല്ലം യെരൂശലേമില്‍രാജാവായിരുന്നു. യെരൂശലേം നഗരമായിരുന്നു യഹോവ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍നിന്നും തെരഞ്ഞെടുത്തത്. തന്‍റെ നാമം യെരൂശലേമില്‍ സ്ഥാപിക്കുന്നതിനായിരുന്നു യഹോവ അങ്ങനെ ചെയ്തത്. നയമാ ആയിരുന്നു രെഹബെയാമിന്‍റെ അമ്മ. അമ്മോന്‍കാരിയായിരുന്നു നയമാ. 14 യഹോവയെ അനുസരിക്കാന്‍ രെഹബെയാം മനസ്സില്‍ നിശ്ചയിക്കാത്തതിനാല്‍ അയാള്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തു.
15 രാജാവായിരുന്നപ്പോള്‍ രെഹബെയാം ആദ്യം മുതല്‍ തന്‍റെ ഭരണത്തിന്‍റെ അവസാനം വരെ ചെയ്ത കാര്യങ്ങള്‍ ശമയ്യാ പ്രവാചകന്‍റെ ലിഖിതങ്ങളിലും ദൈവപുരുഷനായ ഇദ്ദോവിന്‍റെ ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ കുടുംബചരിത്രങ്ങളെഴുതി. തങ്ങളുടെ ഭരണകാലം മുഴുവനും രെഹബെയാം രാജാവും യൊരോബെയാം രാജാവും പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്നു. 16 രെഹബെയാം തന്‍റെ പൂര്‍വ്വികരോടൊപ്പം വിശ്രമിച്ചു. രെഹബെയാം ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. അനന്തരം രെഹബെയാമിന്‍റെ പുത്രന്‍ അബീയാവ് പുതിയ രാജാവായി.