14
അബീയാവ് തന്‍റെ പൂര്‍വ്വികരോടൊപ്പം വിശ്രമിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിച്ചു. അനന്തരം അബീയാവിന്‍റെ പുത്രനായ ആസാ അബീയാവിന്‍റെ സ്ഥാനത്ത് പുതിയ രാജാവായി. ആസയുടെ കാലത്ത് പത്തുവര്‍ഷക്കാലം രാജ്യത്ത് സമാധാനം നിലനിന്നു.
ആസാ യെഹൂദാരാജാവ്
തന്‍റെ ദൈവമാകുന്ന യഹോവയുടെ മുന്പില്‍ ആസാ നല്ലതും നേരായതുമായ കാര്യങ്ങള്‍ ചെയ്തു. വിഗ്രഹങ്ങളെ ആരാധിക്കാനൊരുക്കിയിരുന്ന അന്യയാഗപീഠങ്ങളും ഉന്നതസ്ഥലങ്ങളും അദ്ദേഹം നീക്കി അദ്ദേഹം സ്മാരകശിലകള്‍ തകര്‍ക്കുകയും അശേരാതൂണുകള്‍ മുറിയ്ക്കുകയും ചെയ്തു. അവരുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയെ പിന്തുടരാന്‍ ആസാ യെഹൂദയിലെ ജനങ്ങളോടു കല്പിച്ചു, യഹോവയുടെ നിയമങ്ങളും കല്പനകളും അനുസരിക്കുവാന്‍ ആസാ അവരോടു കല്പിക്കുകയും ചെയ്തു. യെഹൂദയിലെ എല്ലാ പട്ടണങ്ങളില്‍ നിന്നും ഉന്നതസ്ഥാനങ്ങളും ധൂപയാഗപീഠങ്ങളും ആസാ എടുത്തുമാറ്റി. അങ്ങനെ ആസാ രാജാവായിരുന്ന കാലത്ത് രാജ്യത്ത് സമാധാനമുണ്ടായി. യെഹൂദയില്‍ സമാധാനമുണ്ടായിരുന്ന കാലത്ത് ആസാ അവിടെ ശക്തമായ നഗരങ്ങള്‍ നിര്‍മ്മിച്ചു. യഹോവ അയാള്‍ക്ക് സമാധാനം നല്‍കിയിരുന്നതിനാല്‍ ആ വര്‍ഷങ്ങളില്‍ ആസയ്ക്കു യുദ്ധങ്ങളൊന്നും ചെയ്യേണ്ടിവന്നില്ല.
ആസാ യെഹൂദയിലെ ജനങ്ങളോടു പറഞ്ഞു, “നമുക്ക് ഈ പട്ടണങ്ങള്‍ പണിത് അവയ്ക്കു ചുറ്റും മതിലുകള്‍ കെട്ടാം. നമുക്ക് ഗോപുരങ്ങളും കവാടങ്ങളും കവാടങ്ങളില്‍ ഓടാന്പുലുകളും ഉണ്ടാക്കാം. നമ്മള്‍ ഈ രാജ്യത്തുണ്ടായിരിക്കുന്പോള്‍ത്തന്നെയാവട്ടെ അത്. നമ്മള്‍ നമ്മുടെ ദൈവമാകുന്ന യഹോവയെ പിന്‍തുടര്‍ന്നതിനാല്‍ ഈ രാജ്യം നമ്മുടേതാവുന്നു. അവന്‍ നമുക്ക് സന്പൂര്‍ണ്ണ സമാധാനം നല്‍കിയിരിക്കുന്നു.”അങ്ങനെ വേല പൂര്‍ത്തിയാക്കി വിജയം നേടി.
യെഹൂദാഗോത്രത്തില്‍നിന്നും മൂന്നുലക്ഷം പേരും ബെന്യാമീന്‍ ഗോത്രത്തില്‍നിന്നും രണ്ടു ലക്ഷത്തി എണ്‍പതിനായിരം പേരും ഉള്ള സൈന്യമായിരുന്നു ആസയ്ക്ക് ഉണ്ടായിരുന്നത്. യെഹൂദക്കാര്‍ വലിയ പരിചകളും കുന്തങ്ങളും കൈയിലേന്തിയിരുന്നു. ബെന്യാമീന്‍കാര്‍ ചെറിയ പരിചകള്‍ ധരിക്കുകയും വില്ലുകളില്‍ നിന്ന് അന്പെയ്യുകയും ചെയ്തിരുന്നു. അവരെല്ലാവരും ശക്തരും ധൈര്യശാലികളും ആയ ഭടന്മാരായിരുന്നു.
അപ്പോള്‍ സേരഹ് ആസയുടെ സൈന്യത്തിനെതിരെ യുദ്ധത്തിനു വന്നു. എത്യോപ്യക്കാരനായിരുന്നു സേരഹ്. സേരഹിനു പത്തു ലക്ഷം ഭടന്മാരും മുന്നൂറു തേരുകളുമുള്ള സൈന്യമുണ്ടായിരുന്നു. സേരഹിന്‍റെ സൈന്യം മാരേശാ പട്ടണം വരെ മുന്നേറി. 10 ആസാ സേരഹിനെതിരെ യുദ്ധത്തിനു പുറപ്പെട്ടു. മാരേശയില്‍ സെഫാഥാതാഴ്വരയില്‍ ആസയുടെ സൈന്യം യുദ്ധ സന്നദ്ധമായി.
11 ആസാ തന്‍റെ ദൈവമാകുന്ന യഹോവയെ വിളിച്ചുപറഞ്ഞു, “യഹോവേ, ശക്തര്‍ക്കെതിരെ ദുര്‍ബ്ബലരെ സഹായിക്കുവാന്‍ അങ്ങയ്ക്കു മാത്രമേ കഴിയൂ! ഞങ്ങളുടെ ദൈവമാകുന്ന യഹോവേ, ഞങ്ങളെ സഹായിച്ചാലും! ഞങ്ങള്‍ അങ്ങയെ ആശ്രയിക്കുന്നു. ഈ വലിയ സൈന്യത്തിനെതിരെ അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ യുദ്ധം ചെയ്യുന്നു. യഹോവേ, നീ ആകുന്നു ഞങ്ങളുടെ ദൈവം! അങ്ങയ്ക്കെതിരെ വിജയിക്കുവാന്‍ ആരെയും അനുവദിക്കരുതേ!”
12 അപ്പോള്‍ യഹോവ ആസയുടെ യെഹൂദസൈന്യത്തെ ഉപയോഗിച്ച് എത്യോപ്യസേനയെ തോല്പിച്ചു. എത്യോപ്യന്‍സേന ഓടിപ്പോയി. 13 ആസയുടെ സൈന്യം എത്യോപ്യന്‍ സൈന്യത്തെ ഗെരാര്‍പട്ടണംവരെ ഓടിച്ചു. വീണ്ടും ഒരു യുദ്ധത്തിന് ഒരു സൈന്യമായി അവര്‍ക്ക് സംഘടിക്കാന്‍ കഴിയാത്ത നിലയില്‍ വളരെയധികം എത്യോപ്യക്കാര്‍ കൊല്ലപ്പെട്ടു. യഹോവയാലും അവന്‍റെ സൈന്യത്താലും അവര്‍ തകര്‍ക്കപ്പെട്ടു. ആസയും അവന്‍റെ സൈന്യവും ശത്രുക്കളുടെ ധാരാളം വിലപിടിച്ച വസ്തുക്കള്‍ കവര്‍ന്നെടുത്തു. 14 ആസയും സൈന്യവും ഗെരാരിനടുത്തുള്ള എല്ലാ പട്ടണങ്ങളെയും തോല്പിച്ചു. ആ പട്ടണവാസികള്‍ യഹോവയെ ഭയന്നിരുന്നു. ആ പട്ടണങ്ങളില്‍ ധാരാളം അമൂല്യവസ്തുക്കളുണ്ടായിരുന്നു. ആസയുടെ സൈന്യം ആ അമൂല്യവസ്തുക്കളെല്ലാം കവര്‍ന്നെടുത്തു. 15 ആട്ടിടയന്മാര്‍ വസിച്ചിരുന്ന പാളയങ്ങളും ആസയുടെ സേന ആക്രമിച്ചു. അവര്‍ ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൊണ്ടുപോയി. അനന്തരം ആസയുടെ സൈന്യം യെരൂശലേമിലേക്കു മടങ്ങി.