യെഹോശാഫാത്ത് യെഹൂദയിലെ രാജാവ്
17
ആസയുടെ സ്ഥാനത്ത് യെഹൂദയില്‍ യെഹോശാഫാത്ത് പുതിയ രാജാവായി. ആസയുടെ പുത്രനായിരുന്നു അയാള്‍. യെഹോശാഫാത്ത് യെഹൂദയെ യിസ്രായേലിനെതിരെ യുദ്ധം ചെയ്യുവാന്‍ മതിയായ ശക്തിയാക്കി മാറ്റി. യെഹൂദയിലെ പട്ടണങ്ങളില്‍ അയാള്‍ സൈനികസംഘങ്ങളെ വിന്യസിച്ച് അവിടങ്ങളെ ദുര്‍ഗ്ഗങ്ങളാക്കി. യെഹോശാഫാത്ത് തന്‍റെ പിതാവായ ആസാ പിടിച്ചെടുത്ത എഫ്രയീമിലെ പട്ടണങ്ങളിലും യെഹൂദയിലും കോട്ടകള്‍ നിര്‍മ്മിച്ചു.
ചെറുപ്പകാലത്ത് തന്‍റെ പൂര്‍വ്വികനായ ദാവീദു ചെയ്ത സദ്പ്രവൃത്തികള്‍ യെഹോശാഫാത്ത് ചെയ്തതിനാല്‍ യഹോവ യഹോശാഫാത്തിനോടൊപ്പമായിരുന്നു. ബാല്‍വിഗ്രഹങ്ങളെ യെഹോശാഫാത്ത് പിന്തുടര്‍ന്നില്ല. തന്‍റെ പൂര്‍വ്വികര്‍ പിന്തുടര്‍ന്ന ദൈവത്തെ യെഹോശാഫാത്ത് തേടി. ദൈവത്തിന്‍റെ കല്പനകള്‍ അയാള്‍ അനുസരിച്ചു. യിസ്രായേലുകാരുടേതുപോലെയുള്ള ജീവിതമായിരുന്നില്ല അയാള്‍ നയിച്ചത്. യഹോവ യെഹോശാഫാത്തിനെ യെഹൂദയ്ക്കുമേല്‍ കരുത്തനായൊരു രാജാവാക്കി. എല്ലാ യെഹൂദക്കാരും യെഹോശാഫാത്തിന് കാഴ്ചവസ്തുക്കള്‍ കൊണ്ടുവന്നു. അങ്ങനെ യെഹോശാഫാത്തിനു ധാരാളം സന്പത്തും ബഹുമതിയും ഉണ്ടായി. യഹോവയുടെ വഴികളില്‍ യെഹോശാഫാത്തിന്‍റെ ഹൃദയം ആഹ്ളാദം കണ്ടെത്തി. യെഹൂദയിലെ ഉന്നതസ്ഥലങ്ങളും അശേരാതൂണുകളും യെഹോശാഫാത്ത് എടുത്തുമാറ്റി.
തന്‍റെ നേതാക്കളെ യെഹോശാഫാത്ത് യെഹൂദകയിലെ പട്ടണങ്ങളില്‍ പഠിപ്പിക്കുവാനായച്ചു. യെഹോശാഫാത്തിന്‍റെ മൂന്നാം വര്‍ഷത്തിലായിരുന്നു അത്. ബെന്‍-ഹയീല്‍, ഓബദ്യാവ്, സെഖര്യാവ്, നെഥനയേല്‍, മീഖാ എന്നിവരായിരുന്നു അത്. ഈ നേതാക്കളോടൊപ്പം ലേവ്യരേയും യെഹോശാഫാത്ത് അയച്ചു. ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍, അദോനീയാവ്, തോബീയാവ് എന്നിവരായിരുന്നു ആ ലേവ്യര്‍. എലീശാമാ, യെഹോരാം എന്നീ പുരോഹിതരെയും യെഹോശാഫാത്ത് അയച്ചു. ആ നേതാക്കളും ലേവ്യരും പുരോഹിതന്മാരും യെഹൂദക്കാരെ പഠിപ്പിച്ചു. ‘യഹോവയുടെ നിയമപുസ്തകം’ അവരുടെ കൈയിലുണ്ടായിരുന്നു. യെഹൂദയിലെ എല്ലാ പട്ടണങ്ങളിലൂടെയും പോയി അവര്‍ ജനങ്ങളെ പഠിപ്പിച്ചു.
10 യെഹൂദയുടെ അയല്‍രാഷ്ട്രങ്ങള്‍ യഹോവയെ ഭയന്നിരുന്നു. അതുകൊണ്ടാണ് അവര്‍ യെഹോശാഫാത്തിനെതിരെ ഒരു യുദ്ധം ആരംഭിക്കാത്തത്. 11 ഫെലിസ്ത്യരില്‍ ചിലര്‍ യെഹോശാഫാത്തിന് കാഴ്ചവസ്തുക്കള്‍ കൊണ്ടുവന്നു. യെഹോശാഫാത്ത് അതിശക്തനായ ഒരു രാജാവാണെന്നറിയാമായിരുന്നതിനാല്‍ അവര്‍ അദ്ദേഹത്തിന് വെള്ളിയും കൊണ്ടുകൊടുത്തു. ചില അരാബ്യര്‍ ആട്ടിന്‍പറ്റങ്ങളെ അദ്ദേഹത്തിനു കാഴ്ചവെച്ചു. ഏഴായിരത്തിയെഴുന്നൂറു കോലാടുകളെയും ഏഴായിരത്തിയെഴുന്നൂറ് ആണാടുകളെയും അവര്‍ കൊണ്ടുവന്നു.
12 യെഹോശാഫാത്ത് കൂടുതല്‍ കൂടുതല്‍ ശക്തനായി. അദ്ദേഹം യെഹൂദയില്‍ കോട്ടകളും കലവറപ്പട്ടണങ്ങളും നിര്‍മ്മിച്ചു. 13 ധാരാളം വിഭവങ്ങള്‍ അദ്ദേഹം ഈ കലവറപ്പട്ടണങ്ങളില്‍ സൂക്ഷിച്ചു. പരിശീലനം ലഭിച്ച ഭടന്മാരെ യെഹോശാഫാത്ത് യെരൂശലേമില്‍ സൂക്ഷിച്ചു. 14 ആ ഭടന്മാരുടെ പേര് ഗോത്രം തിരിച്ചുള്ള പട്ടികയായി സൂക്ഷിച്ചിരുന്നു. യെരൂശലേമിലുള്ള ആ ഭടന്മാരുടെ പട്ടിക:
യെഹൂദയുടെ ഗോത്രത്തില്‍നിന്നും ഇവരായിരുന്നു ശതാധിപന്മാര്‍: മൂന്നുലക്ഷം ഭടന്മാരുടെ ശതാധിപനായ അദ്നാഹ്. 15 രണ്ടുലക്ഷത്തിയെണ്‍പതിനായിരം ഭടന്മാരുടെ ശതാധിപനായ യെഹോഹാനാന്‍. 16 രണ്ടുലക്ഷം ഭടന്മാരുടെ ശതാധിപനായ അമസ്യാവ്. യഹോവയുടെ ദാസനായി സ്വയം അര്‍പ്പിക്കുന്നതില്‍ അമസ്യാവ് സന്തോഷവാനായിരുന്നു.
17 ബെന്യാമീന്‍ഗോത്രത്തില്‍നിന്നും ഇവരായിരുന്നു ശതാധിപന്മാര്‍: അന്പുംവില്ലും പരിചകളും ഉപയോഗിച്ചിരുന്ന രണ്ടുലക്ഷം ഭടന്മാരുള്ള എല്യാദാ. എല്യാദാധൈര്യശാലിയായ ഒരു ഭടനായിരുന്നു. 18 യെഹോസാബൊദിന് യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തിയെണ്‍പതിനായിരം ഭടന്മാരുണ്ടായിരുന്നു. 19 ആ ഭടന്മാരെല്ലാം യെഹോശാഫാത്തുരാജാവിനെ സേവിച്ചു. രാജാവിന് യെഹൂദാരാജ്യത്തെന്പാടുമുള്ള കോട്ടകളില്‍ മറ്റു ഭടന്മാരുമുണ്ടായിരുന്നു.