19
യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിലുള്ള തന്‍റെ വസതിയില്‍ സുരക്ഷിതനായി തിരിച്ചെത്തി. പ്രവാചകനായ യേഹൂ യെഹോശാഫാത്തിനെ കാണാന്‍ പുറപ്പെട്ടു. ഹനാനി എന്നായിരുന്നു യേഹൂവിന്‍റെ പിതാവിന്‍റെ പേര്. യേഹൂ യെഹോശാഫാത്തുരാജാവിനോടു പറഞ്ഞു, “അങ്ങ് എന്തിനാണ് ദുഷ്ടരെ സാഹായിക്കുന്നത്? യഹോവ വെറുക്കുന്നവരെ അങ്ങെന്തിനാണ് സ്നേഹിക്കുന്നത്. യഹോവ അങ്ങയോടു കോപാകുലനാകാന്‍ കാരണം അതാണ്. എന്നാല്‍ നിന്‍റെ ജീവിതത്തില്‍ ചില നന്മകളുണ്ട്. നീ ഈ രാജ്യത്തുനിന്നും അശേറാതൂണകള്‍ മുറിച്ചുനീക്കുകയും മനസ്സിലും ആത്മാവിലും ദൈവത്തെ പിന്തുടരാന്‍ നിശ്ചയിക്കുകയും ചെയ്തു.”
യെഹോശാഫാത്ത് ന്യായാധിപന്മാരെ തെരഞ്ഞെടുക്കുന്നു
യെഹോശാഫാത്ത് യെരൂശലേമില്‍ വസിച്ചു. ബേര്‍ശേബപട്ടണം മുതല്‍ എഫ്രയീം കുന്നിന്‍പ്രദേശംവരെയുള്ള പ്രദേശത്തെ ജനത്തെ ദൈവത്തിങ്കലേക്കു കൊണ്ടുവരുവാന്‍ അയാള്‍ പുറപ്പെട്ടു. യെഹോശാഫാത്ത് അവരെ തങ്ങളുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയിങ്കലേക്കു തിരികെ കൊണ്ടുവന്നു. യെഹോശാഫാത്ത് യെഹൂദയില്‍ ന്യായാധിപന്മാരെ തെരഞ്ഞെടുത്തു. യെഹൂദയിലെ ഓരോ കോട്ടയിലേക്കും അദ്ദേഹം ന്യായാധിപന്മാരെ തെരഞ്ഞെടുത്തു. യെഹോശാഫാത്ത് ആ ന്യായാധിപന്മാരോടു പറഞ്ഞു, “നിങ്ങള്‍ യഹോവയ്ക്കു വേണ്ടിയാണ് ന്യായവിധിനടത്തുന്നത്. ജനങ്ങള്‍ക്കുവേണ്ടിയല്ല. അതിനാല്‍ നിങ്ങളുടെ പ്രവൃത്തികളില്‍ അതീവശ്രദ്ധ പുലര്‍ത്തുക. നിങ്ങളൊരു തീരുമാനമെടുക്കുന്പോള്‍ യഹോവ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. നിങ്ങളോരോരുത്തരും യഹോവയെ ഭയക്കണം. നമ്മുടെ ദൈവമാകുന്ന യഹോവ നീതിമാനായതിനാല്‍ നിങ്ങളുടെ പ്രവൃത്തികളില്‍ ശ്രദ്ധാലുക്കളായിരിക്കുക. യഹോവ ആരെയും മറ്റൊരാളെക്കാള്‍ വലിയവനായി പരിഗണിക്കില്ല. തന്‍റെ ന്യായവിധി മാറ്റുവാന്‍ അവന്‍ പണം വാങ്ങുകയുമില്ല.”
യെരൂശലേമില്‍ യെഹോശാഫാത്ത് ഏതാനും ലേവ്യരേയും പുരോഹിതരേയും യിസ്രായേല്‍ കുടുംബനാഥന്മാരെയും ന്യായാധിപന്മാരായി തെരഞ്ഞെടുത്തു. യെരൂശലേമിലെ ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവര്‍ യഹോവയുടെ നിയമങ്ങള്‍ക്കനുസരിച്ച് പരിഹരിച്ചു. യെഹോശാഫാത്ത് അവര്‍ക്കു കല്പനകള്‍ നല്‍കി. യെഹോശാഫാത്ത് പറഞ്ഞു, “നിങ്ങള്‍ അതീവ വിശ്വാസത്തോടെ സേവിക്കണം. നിങ്ങള്‍ യഹോവയെ ഭയപ്പെടണം. 10 വധം, നിയമം, ഉത്തരവ്, ഭരണം, മറ്റുനിയമങ്ങള്‍ എന്നിവയെപ്പറ്റിയൊക്കെയുള്ള വ്യവഹാരങ്ങള്‍ നിങ്ങള്‍ക്കു മുന്പില്‍ വന്നേക്കാം. നഗരത്തില്‍ വസിക്കുന്ന നിങ്ങളുടെ സഹോദരന്മാരില്‍ നിന്നായിരിക്കാം ഈ പ്രശ്നങ്ങളുദിക്കുക. ഈ വ്യവഹാരങ്ങളിലൊക്കെ നിങ്ങളുടെ നിര്‍ദ്ദേശങ്ങളെ പിന്തുടരാന്‍ നിങ്ങള്‍ ജനങ്ങളെ താക്കീതുചെയ്യണം. അല്ലാത്തപക്ഷം അവര്‍ യഹോവയുടെ മുന്പില്‍ അപരാധികളാകും. വിശ്വാസപൂര്‍വ്വമല്ല നിങ്ങള്‍ സേവിക്കുന്നതെങ്കില്‍ യഹോവയുടെ കോപം നിങ്ങള്‍ക്കും സഹോദരന്മാര്‍ക്കുമെതിരെ തിരിയും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല. 11 അമാര്യാവ് ആണ് മുഖ്യപുരോഹിതന്‍. യഹോവയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും നിന്നെക്കാള്‍ മേലെ അയാളായിരിക്കും. രാജാവുമായുള്ള എല്ലാക്കാര്യങ്ങളുടെയും ചുമതലക്കാരന്‍ സെബദ്യാവുമായിരിക്കും. യിശ്മായേല്‍ എന്നാണ് സെബാദ്യാവിന്‍റെ പിതാവിന്‍റെ പേര്. യെഹൂദാഗോത്രത്തിലെ ഒരു നേതാവാണ് സെബാദ്യാവ്. നിങ്ങളുടെ തീരുമാനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്മാരായി ലേവ്യര്‍ സേവിക്കും. നിങ്ങളുടെ പ്രവൃത്തികളിലെല്ലാം ധൈര്യത്തോടെയിരിക്കുക. നന്മനിറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് യഹോവ കൂട്ടായിരിക്കട്ടെ.”