21
പിന്നീട് യെഹോശാഫാത്ത് മരിക്കുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ദാവീദിന്‍റെ നഗരത്തിലാണദ്ദേഹം സംസ്കരിക്കപ്പെട്ടത്. യെഹോരാമായിരുന്നു യെഹോശാഫാത്തിന്‍റെ സ്ഥാനത്ത് പുതിയരാജാവായത്. യെഹോശാഫാത്തിന്‍റെ പുത്രനായിരുന്നു യെഹോരാം. അസര്യാവ്, യെഹീയേല്‍, സെഖര്യാവ്, അസര്യാവ്, മീഖായേല്‍, ശെഫത്യാവ് എന്നിവരായിരുന്നു യെഹോരാമിന്‍റെ സഹോദരന്മാര്‍. യെഹോശാഫാത്തിന്‍റെ പുത്രന്മാരായിരുന്നു അവര്‍. യെഹൂദയിലെ* യെഹൂദാ യിസ്രായേല്‍. രാജാവായിരുന്നു യെഹോശാഫാത്ത്. യെഹോശാഫാത്ത് തന്‍റെ പുത്രന്മാര്‍ക്ക് വെള്ളി, സ്വര്‍ണ്ണം, അമൂല്യവസ്തുക്കള്‍ എന്നിവ സമ്മാനമായി നല്‍കി. അദ്ദേഹം അവര്‍ക്ക് യെഹൂദയില്‍ ശക്തമായ കോട്ടകളും നല്‍കി. പക്ഷേ യെഹോശാഫാത്ത് തന്‍റെ സിംഹാസനം നല്‍കിയത് യെഹോരാമിനാണ്. കാരണം അയാളായിരുന്നു മൂത്തപുത്രന്‍.
യെഹോരാം യെഹൂദയിലെ രാജാവ്
യെഹോരാം തന്‍റെ പിതാവിന്‍റെ സാമ്രാജ്യം ഏറ്റെടുത്ത് തന്‍റെ സിംഹാസനത്തെ ശക്തമാക്കി. അനന്തരം അയാള്‍ ഒരു വാളുകൊണ്ട് തന്‍റെ സഹോദരന്മാരെയെല്ലാം വെട്ടിക്കൊന്നു. ഏതാനും യിസ്രായേല്‍മൂപ്പന്മാരെയും അയാള്‍ വധിച്ചു. ഭരണമാരംഭിക്കുന്പോള്‍ യെഹോരാമിന് മുപ്പത്തിരണ്ടുവയസ്സായിരുന്നു പ്രായം. അയാള്‍ യെരൂശലേമില്‍ എട്ടു വര്‍ഷം ഭരിച്ചു. യിസ്രായേല്‍രാജാക്കന്മാരുടേതുപോലുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ആഹാബിന്‍റെ കുടുംബം ജീവിച്ചതുപോലെയായിരുന്നു അദ്ദേഹം ജീവിച്ചത്. കാരണം, ആഹാബിന്‍റെ പുത്രിയെ ആണ് യെഹോരാം വിവാഹം കഴിച്ചത്. യഹോവയുടെ ദൃഷ്ടിയില്‍ ദുഷ്പ്രവൃത്തികളായവ അയാള്‍ ചെയ്യുകയും ചെയ്തു. താന്‍ ദാവീദുമായുണ്ടാക്കിയ കരാറുമൂലം യഹോവ ദാവീദിന്‍റെ കുടുംബത്തെ നശിപ്പിച്ചില്ല. ദാവീദിനും അയാളുടെ പുത്രന്മാര്‍ക്കും വേണ്ടി ഒരു വിളക്ക് താന്‍ നിത്യമായി തെളിയിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.
യെഹോരാമിന്‍റെ കാലത്ത് എദോം യെഹൂദയുടെ പരമാധികാരത്തില്‍നിന്നും വിട്ടുപോയി. എദോംകാര്‍ തങ്ങള്‍ക്ക് സ്വന്തം രാജാവിനെ തെരഞ്ഞെടുത്തു. അതിനാല്‍ യെഹോരാം തന്‍റെ എല്ലാ സൈന്യാധിപന്മാരും രഥങ്ങളുമായി എദോമിലേക്ക് പുറപ്പെട്ടു. എദോമ്യ സൈന്യം യെഹോരാമിനെയും രഥനായകരെയും വളഞ്ഞു. എന്നാല്‍ യെഹോരാം രാത്രിയില്‍ യുദ്ധം ചെയ്ത് രക്ഷപ്പെട്ടു. 10 അന്നുമുതല്‍ ഇന്നുവരേയ്ക്കും എദോം യെഹൂദയ്ക്കെതിരെ കലഹിച്ചു കഴിയുന്നു. ലിബ്നാ പട്ടണക്കാരും യെഹോരാമിനെതിരെ തിരിഞ്ഞു. യെഹോരാം ദൈവമായ യഹോവയെ ഉപേക്ഷിച്ചതിനാലാണങ്ങനെ സംഭവിച്ചത്. യെഹോരാമിന്‍റെ പൂര്‍വ്വികര്‍ പിന്തുടര്‍ന്നിരുന്ന ദൈവമാണവന്‍. 11 യെഹോരാം യെഹൂദയിലെ കുന്നുകളില്‍ ഉന്നതസ്ഥലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. യഹോവയെ ശുശ്രൂഷിക്കുന്നതില്‍നിന്നും യെഹോരാം യെരൂശലേംകാരെ തടഞ്ഞു. യെഹൂദക്കാരെ അയാള്‍ യഹോവയില്‍നിന്നും അകറ്റി.
12 യെഹോരാമിന് ഏലിയാ പ്രവാചകനില്‍നിന്നും ഒരു സന്ദേശം ലഭിച്ചു. സന്ദേശം ഇതായിരുന്നു: “ദൈവമായ യഹോവ ഇങ്ങനെ പറയുന്നു. നിന്‍റെ പിതാവ് ദാവീദ് പിന്തുടര്‍ന്ന ദൈവമാണവന്‍. യഹോവ പറയുന്നു, ‘യെഹോരാം, നിന്‍റെ പിതാവായ യെഹോശാഫാത്ത് നയിച്ച പാതയിലല്ല നീ ജീവിച്ചത്. യെഹൂദാരാജാവായിരുന്ന ആസയെപ്പോലെയല്ല നിന്‍റെ ജീവിതം. 13 പക്ഷെ നീ ജീവിച്ചത് യിസ്രായേല്‍ രാജാക്കന്മാരെപ്പോലെയായിരുന്നു. ദൈവേച്ഛയനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യുന്നതില്‍നിന്നും നീ യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ തടഞ്ഞു. ആഹാബും അയാളുടെ കുടുംബവും ചെയ്തതും അതുതന്നെയാണ്. അവര്‍ ദൈവത്തോടു അവിശ്വസ്തരായിരുന്നു. നിന്‍റെ സഹോദരന്മാരെ നീ വധിച്ചു. നിന്‍റെ സഹോദരന്മാര്‍ നിന്നെക്കാള്‍ ഭേദമായിരുന്നു. 14 അതിനാലിപ്പോള്‍ യഹോവ നിന്‍റെ ജനതയെ കഠിനമായി ശിക്ഷിക്കും. നിന്‍റെ കുട്ടികള്‍, ഭാര്യമാര്‍, നിന്‍റെ സന്പത്തുകള്‍ ഇവയെ എല്ലാം യഹോവ ശിക്ഷിക്കും. 15 നിന്‍റെ കുടലിന് മഹാരോഗം പിടിപെടും. അത് അനുദിനം വഷളായിക്കൊണ്ടിരിക്കും. നിന്‍റെ മഹാരോഗംമൂലം നിന്‍റെ കുടല്‍ പുറത്തു വരും.’”
16 ഫെലിസ്ത്യര്‍ക്കും എത്യോപ്യക്കാര്‍ക്കടുത്തു വസിക്കുന്ന അരബികള്‍ക്കും യെഹോരാമിനോടു കടുത്ത കോപം തോന്നി. യഹോവയാണതിനിടവരുത്തിയത്. 17 അവര്‍ യെഹൂദരാജ്യം ആക്രമിച്ചു. രാജകൊട്ടാരത്തിലുള്ള മുഴുവന്‍ സന്തത്തുകളെയും യെഹോരാമിന്‍റെ ഭാര്യമാരെയും പുത്രന്മാരെയും അവര്‍ കടത്തിക്കൊണ്ടുപോയി. യെഹോരാമിന്‍റെ ഇളയപുത്രന്‍ മാത്രം അവശേഷിച്ചു. യെഹോവാഹാസ് യെഹോവാഹാസ് “അഹസ്യാവ്” എന്നും ഉച്ചരിക്കാം. എന്നായിരുന്നു യെഹോരാമിന്‍റെ ഇളയപുത്രന്‍റെ പേര്.
18 ഇങ്ങനെയൊക്കെ സംഭവിച്ചതിനുശേഷം യഹോവ യെഹോരാമിന്‍റെ കുടലിന് ഭേദപ്പെടുത്താനാവാത്ത രോഗം വരുത്തി. 19 പിന്നീട് ആ രോഗംമൂലം യെഹോരാമിന്‍റെ കുടല്‍ രണ്ടുവര്‍ഷത്തിനുശേഷം പുറത്തുചാടി. വളരെ വേദനയോടെ അയാള്‍ മരിച്ചു. യെഹോരാമിന്‍റെ പിതാവിനുവേണ്ടി ചെയ്തതുപോലെ ജനങ്ങള്‍ അയാള്‍ക്കായി അഗ്നികുണ്ഡം ഒരുക്കിയില്ല. 20 രാജാവാകുന്പോള്‍ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ എട്ടുവര്‍ഷം യെരൂശലേമില്‍ ഭരണം നടത്തി. യെഹോരാമിന്‍റെ മരണത്തില്‍ ആരും വ്യസനിച്ചില്ല. ജനങ്ങള്‍ യെഹോരാമിനെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിച്ചു. പക്ഷേ അത് രാജാക്കന്മാരെ സംസ്കരിക്കുന്ന കല്ലറയിലായിരുന്നില്ല.