അഹസ്യാവ് യെഹൂദാരാജാവ്
22
യെഹോരാമിന്‍റെ സ്ഥാനത്ത് യെരൂശലേംകാര്‍ അഹസ്യാവിനെ പുതിയ രാജാവായി അവരോധിച്ചു. യെഹോരാമിന്‍റെ ഇളയപുത്രനായിരുന്നു അഹസ്യാഹ്. യെഹോരാമിന്‍റെ പാളയം ആക്രമിക്കാന്‍ അരബികളോടൊപ്പം വന്നവര്‍ യെഹോരാമിന്‍റെ മൂത്തപുത്രന്മാരെ വധിച്ചു. അങ്ങനെ അഹസ്യാവ് യെഹൂദയില്‍ ഭരണമാരംഭിച്ചു. ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അഹസ്യാവ് ഭരണമാരംഭിച്ചത്. അഹസ്യാവ് യെരൂശലേമില്‍ ഒരു വര്‍ഷം ഭരണം നടത്തി. അഥല്യാ എന്നായിരുന്നു അയാളുടെ അമ്മയുടെ പേര്. ഒമ്രി എന്നായിരുന്നു അഥല്യായുടെ പിതാവിന്‍റെ പേര്. ആഹാബിന്‍റെ കുടുംബക്കാരെപ്പോലെയാണ് അഹസ്യാവ് ജീവിച്ചത്. അയാള്‍ അങ്ങനെ ജീവിക്കാന്‍ കാരണം അയാളുടെ അമ്മയുടെ പ്രേരണയായിരുന്നു. തെറ്റുകള്‍ ചെയ്യാന്‍ അവള്‍ അയാളെ പ്രേരിപ്പിച്ചു. യഹോവയുടെ ദൃഷ്ടിയില്‍ ദുഷ്പ്രവൃത്തികളായവ അവന്‍ ചെയ്തു. ആഹാബിന്‍റെ കുടുംബത്തിന്‍റെ പ്രവൃത്തികള്‍ അങ്ങനെയായിരുന്നു. അഹസ്യാവിന്‍റെ പിതാവിന്‍റെ മരണശേഷം ആഹാബിന്‍റെ കുടുംബം അഹസ്യാവിന് ഉപദേശങ്ങള്‍ നല്‍കി. അവര്‍ അഹസ്യാവിന് ദുഷിച്ച ഉപദേശങ്ങളാണ് നല്‍കിയത്. ആ ദുരുപദേശങ്ങള്‍ അയാളെ മരണത്തിലേക്കു നയിച്ചു. ആഹാബിന്‍റെ കുടുംബം നല്‍കിയ ഉപദേശങ്ങള്‍ അഹസ്യാവ് അനുസരിച്ചു. രാമോത്ത് ഗിലെയാദില്‍ അരാമിലെ രാജാവായ ഹസായേല്‍രാജാവിനെതിരെ യുദ്ധം ചെയ്യാന്‍ അഹസ്യാവ് യോരാംരാജാവിനോടൊപ്പം പോയി. യിസ്രായേല്‍രാജാവായിരുന്ന ആഹാബായിരുന്നു യോരാമിന്‍റെ പിതാവ്. പക്ഷേ അരാമ്യര്‍ യുദ്ധത്തില്‍ യോരാമിനു പരിക്കേല്പിച്ചു. സുഖപ്പെടുന്നതിനായി യോരാം യിസ്രെയേല്‍പട്ടണത്തിലേക്കു മടങ്ങി. അരാമ്യരാജാവായ ഹസായേലനെതിരെ യുദ്ധം ചെയ്യുന്പോള്‍ രാമോത്തില്‍വച്ചാണയാള്‍ക്കു പരിക്കേറ്റത്. അനന്തരം, യെഹോരാമിന്‍റെ പുത്രനായ അഹസ്യാവ് യോരാമിനെ സന്ദര്‍ശിക്കാന്‍ യിസ്രെയേല്‍പട്ടണത്തിലേക്കു പോയി. ആഹാബ് എന്നായിരുന്നു യോരാമിന്‍റെ പിതാവിന്‍റെ പേര്. മുറിവേറ്റതിനാല്‍ യോരാം യിസ്രെയേല്‍നഗരത്തിലായിരുന്നു.
യോരാമിനെ സന്ദര്‍ശിക്കാന്‍ പോകവേ അഹസ്യാവിന്‍റെ മരണത്തിന് യഹോവ ഇടയാക്കി. അഹസ്യാവ് അവിടെയെത്തുകയും യോരാമിനോടൊപ്പം യേഹൂവിനെക്കാണാന്‍ പുറപ്പെടുകയും ചെയ്തു. നിംശി എന്നായിരുന്നു യേഹൂവിന്‍റെ പിതാവിന്‍റെ പേര്. ആഹാബിന്‍റെ കുടുംബത്തെ തകര്‍ക്കാന്‍ യഹോവ യേഹൂവിനെ തെരഞ്ഞെടുത്തു. യേഹൂ ആഹാബിന്‍റെ കുടുംബത്തെ ശിക്ഷിക്കുകയായിരുന്നു. യെഹൂദയിലെ നേതാക്കളെയും അഹസ്യാവിനെ സേവിച്ചിരുന്ന അഹസ്യാവിന്‍റെ ബന്ധുക്കളെയും യേഹൂ കണ്ടെത്തി. ആ യെഹൂദാനേതാക്കളെയും അഹസ്യാവിന്‍റെ ബന്ധുക്കളെയും യേഹൂ വധിച്ചു. അനന്തരം യേഹൂ അഹസ്യാവിനെ തെരഞ്ഞു. ശമര്യാപട്ടണത്തില്‍ ഒളിക്കാന്‍ ശ്രമിക്കവേ യേഹൂവിന്‍റെയാള്‍ക്കാര്‍ അയാളെ പിടികൂടി. അവര്‍ അഹസ്യാവിനെ യേഹൂവിന്‍റെയടുത്തേക്കു കൊണ്ടുവന്നു. അവര്‍ അഹസ്യാവിനെ കൊല്ലുകയും സംസ്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു, “അഹസ്യാവ് യെഹോശാഫാത്തിന്‍റെ ഒരു പിന്‍ഗാമിയാണ്. യെഹോശാഫാത്ത് പൂര്‍ണ്ണമനസ്സാലെ യഹോവയെ പിന്തുടര്‍ന്നു.”യെഹൂദരാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതിയായ കരുത്ത് അഹസ്യാവിന്‍റെ കുടുംബത്തിനുണ്ടായിരുന്നില്ല.
അഥല്യാരാജ്ഞി
10 അഹസ്യാവിന്‍റെ അമ്മയായിരുന്നു അഥല്യാ. തന്‍റെ മകന്‍ മരിച്ചതുകണ്ട അവള്‍ യെഹൂദയിലെ രാജാവിന്‍റെ കുട്ടികളെ മുഴുവന്‍ വധിച്ചു. 11 എന്നാല്‍ യെഹോശബത്ത്, അഹസ്യാവിന്‍റെ പുത്രനായ യോവാശിനെ എടുത്ത് ഒളിപ്പിച്ചു. യെഹോശബത്ത് യോവാശിനെയും അവന്‍റെ ആയയേയും അകത്തെ കിടപ്പുമുറിയിലിരുത്തി. യെഹോരാം രാജാവിന്‍റെ പുത്രിയായിരുന്നു യെഹോശബത്ത്. യെഹോയാദയുടെ പത്നിയുമാണയാള്‍. യെഹോയാദാ ഒരു പുരോഹിതനായിരുന്നു. യെഹോശബത്ത് അഹസ്യാവിന്‍റെ സഹോദരിയും. യെഹോശബത്ത് ഒളിപ്പിച്ചുവച്ചതിനാല്‍ അഥല്യാ യോവാശിനെ വധിച്ചില്ല. 12 ദൈവത്തിന്‍റെ ആലയത്തില്‍ പുരോഹിതന്മാരോടൊപ്പം യോവാശ് ആറുവര്‍ഷം ഒളിച്ചിരുന്നു. അക്കാലത്ത് അഥല്യാ ആയിരുന്നു ആ ദേശത്തെ റാണിയായി ഭരിച്ചിരുന്നത്.