യോവാശ് വീണ്ടും ആലയം പണിയുന്നു
24
രാജാവാകുന്പോള്‍ യോവാശിന് ഏഴുവയസ്സായിരുന്നു. യെരൂശലേമില്‍ അയാള്‍ നാല്പതുവര്‍ഷം ഭരണം നടത്തി. സിബ്യാ ആയിരുന്നു അയാളുടെ അമ്മ. ബേര്‍ശേബക്കാരിയായിരുന്നു സിബ്യാ. യെഹോയാദാ പുരോഹിതന്‍ ജീവിച്ചിരുന്നത്രയും കാലം യോവാശ് യഹോവയുടെ ദൃഷ്ടിയില്‍ ശരിയായതു ചെയ്തു. യെഹോയാദാ യോവാശിനു രണ്ടു ഭാര്യമാരെ കണ്ടെത്തി. യോവാശിനു പുത്രന്മാരും പുത്രിമാരുമുണ്ടായി.
പിന്നീട് യഹോവയുടെ ആലയംവീണ്ടും പണിയാന്‍ യോവാശ് നിശ്ചയിച്ചു. യോവാശ് പുരോഹിതരെയും ലേവ്യരെയും വിളിച്ചുകൂട്ടി. അയാള്‍ അവരോടു പറഞ്ഞു, “യെഹൂദയിലെ പട്ടണങ്ങളിലേക്കു പോയി യിസ്രായേല്‍ജനത വര്‍ഷംതോറും അടയ്ക്കുന്ന പണം സ്വരൂപിക്കുക. നിങ്ങളുടെ ദൈവത്തിന്‍റെ ആലയം പുതുക്കാന്‍ ആ പണം ഉപയോഗിക്കുക. വേഗം വേണം.”എന്നാല്‍ ലേവ്യര്‍ അത്ര തിടുക്കപ്പെട്ടില്ല.
അതിനാല്‍ മുഖ്യപുരോഹിതനായ യെഹോയാദയെ രാജാവ് വിളിച്ചു. രാജാവു പറഞ്ഞു, “യെഹോയാദാ, യെഹൂദയില്‍നിന്നും യെരൂശലേമില്‍നിന്നും നികുതിപ്പണം കൊണ്ടുവരാന്‍ ലേവ്യരോടാവശ്യപ്പെടാത്തതെന്ത്? യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍ജനതയും വിശുദ്ധകൂടാരത്തിനുവേണ്ടി ആ നികുതിപ്പണമാണുപയോഗിച്ചത്.”
മുന്പ് അഥല്യായുടെ പുത്രന്മാര്‍ ദൈവത്തിന്‍റെ ആലയം പൊളിച്ച് അകത്തുകടന്നിരുന്നു. അവര്‍ യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കള്‍ തങ്ങളുടെ ബാല്‍വിഗ്രഹങ്ങളെ ആരാധിക്കാനുപയോഗിച്ചു. വളരെ ദുഷ്ടയായ ഒരു സ്ത്രീയായിരുന്നു അഥല്യാ.
ഒരു പെട്ടിയുണ്ടാക്കി യഹോവയുടെ ആലയത്തിന്‍റെ വാതിലിനു പുറത്തു വയ്ക്കാന്‍ യോവാശു കല്പിച്ചു. അപ്പോള്‍ ലേവ്യര്‍ യെഹൂദയിലും യെരൂശലേമിലും ഒരു പ്രഖ്യാപനം നടത്തി. യഹോവയ്ക്കായി നികുതിപ്പണം തരാന്‍ അവര്‍ ആവശ്യപ്പെട്ടു. ആ നികുതിപ്പണമാണ് യിസ്രായേല്‍ ജനതയുടെമേല്‍ മരുഭൂമിയില്‍വച്ച് മോശെ ചുമത്തിയിരുന്നത്. 10 നേതാക്കളും ജനങ്ങളും സന്തുഷ്ടരായി. അവര്‍ പണം കൊണ്ടുവന്ന് പെട്ടിയിലിട്ടു. പെട്ടിനിറയുംവരെ അവരതു തുടര്‍ന്നു. 11 അനന്തരം ലേവ്യര്‍ പെട്ടിയെടുത്ത് രാജാവിന്‍റെ ഉദ്യോഗസ്ഥരുടെയടുത്തു കൊണ്ടുവന്നു. പെട്ടി നിറച്ചു പണം അവര്‍ കണ്ടു. രാജാവിന്‍റെ കാര്യദര്‍ശിയും മുഖ്യപുരോഹിതന്‍റെ ഉദ്യോഗസ്ഥനും വന്ന് പെട്ടിയില്‍ നിന്നും പണം പുറത്തെടുത്തു. എന്നിട്ടവര്‍ പെട്ടി വീണ്ടും പഴയസ്ഥാനത്തു വച്ചു. കൂടെക്കൂടെ അങ്ങനെ ചെയ്ത് അവര്‍ ധാരാളം പണം സംഭരിച്ചു. 12 അനന്തരം യോവാശുരാജാവും യെഹോയാദയും ആ പണം യഹോവയുടെ ആലയത്തില്‍ പണിയെടുത്തവര്‍ക്കു നല്‍കി. അവര്‍ ധാരാളം കൊത്തുപണിക്കാരെയും മരപ്പണിക്കാരെയും യഹോവയുടെ ആലയം പുതുക്കാന്‍ നിയോഗിച്ചു. ഇരുന്പ്, ഓട് എന്നിവ കൊണ്ടു പണിയാനറിയാവുന്നവരെയും അവര്‍ യഹോവയുടെ ആലയം പുതുക്കാന്‍ നിയോഗിച്ചു.
13 പണിയുടെ മേല്‍നോട്ടം വഹിച്ചിരുന്നവര്‍ വളരെ വിശ്വസ്തരായിരുന്നു. യഹോവയുടെ ആലയം പുതുക്കിപ്പണിയല്‍ വിജയകരമായിരുന്നു. ദൈവത്തിന്‍റെ ആലയം അവര്‍ മുന്പുണ്ടായിരുന്നതുപോലെ ബലപ്പെടുത്തി പണിതു. 14 പണികഴിഞ്ഞപ്പോള്‍ മിച്ചം വന്ന പണം അവര്‍ യോവാശുരാജാവിന്‍റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അവര്‍ ആ പണം യഹോവയുടെ ആലയത്തിലേക്കുള്ള സാധനങ്ങള്‍ ഉണ്ടാക്കുവാനുപയോഗിച്ചു. ആലയത്തില്‍ ശുശ്രൂഷനടത്താനും ഹോമയാഗങ്ങളര്‍പ്പിക്കാനുമാണ് അവ ഉപയോഗിച്ചത്. അവര്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും പാത്രങ്ങളും മറ്റു സാധനങ്ങളുമുണ്ടാക്കി. യെഹോയാദാ ജീവിച്ചിരുന്ന കാലത്ത് പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തില്‍ എന്നും ഹോമയോഗങ്ങളര്‍പ്പിച്ചു.
15 യെഹോയാദായ്ക്കു വയസ്സായി. ദീര്‍ഘമായൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. മരിക്കുന്പോള്‍ യെഹോയാദയ്ക്കു 130 വയസ്സായിരുന്നു. 16 ദാവീദിന്‍റെ നഗരത്തില്‍ രാജാക്കന്മാര്‍ സംസ്കരിക്കപ്പെടുന്നിടത്താണ് പുരോഹിതനായ യെഹോയാദാ സംസ്കരിക്കപ്പെട്ടത്. യെഹോയാദാ തന്‍റെ ജീവിതത്തില്‍ ധാരാളം നല്ലകാര്യങ്ങള്‍ ദൈവത്തിനും ആലയത്തിനും വേണ്ടി യിസ്രായേലില്‍ ചെയ്തിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ അദ്ദേഹത്തെ അവിടെ സംസ്കരിച്ചത്.
17 യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദയിലെ നേതാക്കള്‍ യോവാശുരാജാവിന്‍റെ മുന്പില്‍വന്നു വണങ്ങി. രാജാവ് അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചു. 18 രാജാവും ആ നേതാക്കളും ദൈവമായ യഹോവയുടെ ആലയത്തെ നിരസിച്ചു. അവരുടെ പൂര്‍വ്വികന്മാര് ദൈവമായ യഹോവയെ പിന്തുടര്‍ന്നു. അവരാകട്ടെ അശേരാ സ്തംഭങ്ങളെയും അവരുടെ വിഗ്രഹങ്ങളെയും ആരാധിച്ചു. രാജാവും നേതാക്കളും തെറ്റുകരായതിനാല്‍ ദൈവം യെഹൂദക്കാരോടും യെരൂശലേംകാരോടും കോപിച്ചു. 19 ജനങ്ങളെ യഹോവയിങ്കലേക്കു തിരികെ കൊണ്ടുവരാന്‍ ദൈവം പ്രവാചകരെ അയച്ചു. പ്രവാചകര്‍ ജനങ്ങളെ താക്കീതു ചെയ്തു. എന്നാല്‍ ജനങ്ങളതു ചെവിക്കൊണ്ടില്ല.
20 ദൈവത്തിന്‍റെ ആത്മാവ് പുരോഹിതനായ യെഹോയാദയുടെ പുത്രനായ സെഖര്യാവില്‍ വന്നു. സെഖര്യാവ് ജനങ്ങളുടെ മുന്പില്‍ നിന്നു പറഞ്ഞു, “ദൈവം പറയുന്നതിതാണ്: ‘നിങ്ങളെന്തുകൊണ്ടാണ് യഹോവയുടെ കല്പനകളനുസരിക്കാന്‍ മടിക്കുന്നത്? നിങ്ങള്‍ക്കു വിജയമുണ്ടാവില്ല. നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചു. അതിനാല്‍ യഹോവ നിങ്ങളെയും ഉപേക്ഷിച്ചു!”
21 എന്നാല്‍ ജനങ്ങള്‍ സെഖര്യാവിനെതിരെ ഗൂഢാലോചന നടത്തി. സെഖര്യാവിനെ വധിക്കാന്‍ രാജാവ് ജനങ്ങളോടു കല്പിച്ചു. അതിനാലവര്‍ അയാളെ കല്ലെറിഞ്ഞുകൊന്നു. ആലയമുറ്റത്തുവച്ചാണ് ആളുകള്‍ അതു ചെയ്തത്. 22 യെഹോയാദാ തന്നോടു കാട്ടിയ കാരുണ്യം യോവാശുരാജാവ് ഓര്‍മ്മിച്ചില്ല. യെഹോയാദാ സെഖര്യാവിന്‍റെ പിതാവായിരുന്നു. പക്ഷേ യോവാശ് യെഹോയാദയുടെ പുത്രനായ സെഖര്യാവിനെ വധിച്ചു. മരിക്കുംമുന്പ് സെഖര്യാവു പറഞ്ഞു, “നീ ചെയ്യുന്നതുകണ്ട് യഹോവ നിന്നെ ശിക്ഷിക്കട്ടെ!”
23 വര്‍ഷാവസാനം അരാമ്യസേന യോവാശിനെതിരെ വന്നു അവര്‍ യെഹൂദയും യെരൂശലേമും ആക്രമിക്കുകയും നേതാക്കളെ മുഴുവന്‍ വധിക്കുകയും ചെയ്തു. വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അവര്‍ ദമ്മേശെക്കിലെ രാജാവിനയച്ചു. 24 അരാമ്യസൈന്യം വളരെ ചെറുതായിരുന്നെങ്കിലും യെഹൂദയിലെ വളരെ വലിയ സൈന്യത്തെ തോല്പിക്കാന്‍ യഹോവ അവരെ അനുവദിച്ചു. തങ്ങളുടെ പൂര്‍വ്വികര്‍ പിന്തുടര്‍ന്ന ദൈവമായ യഹോവയെ യെഹൂദക്കാര്‍ ഉപേക്ഷിച്ചതിനാലാണ് യഹോവ അങ്ങനെ ചെയ്തത്. അങ്ങനെ യോവാശ് ശിക്ഷിക്കപ്പെട്ടു. 25 അരാമ്യര്‍ യോവാശിനെ വിട്ടുപോയപ്പോഴേക്കും അയാള്‍ക്കു വല്ലാതെ മുറിവേറ്റിരുന്നു. യോവാശിന്‍റെ സ്വന്തം ദാസന്മാര്‍ തന്നെ അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി. പുരോഹിതനായ യെഹോയാദയുടെ പുത്രനായ സെഖര്യാവിനെ യോവാശ് വധിച്ചതിനാലാണ് അവരങ്ങനെ ചെയ്തത്. ഭൃത്യന്മാര്‍ യോവാശിനെ സ്വന്തം കിടക്കയില്‍ വച്ചുകൊന്നു. മരണശേഷം യോവാശിനെ അവര്‍ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിച്ചു. പക്ഷേ രാജാക്കന്മാരെ സംസ്കരിക്കുന്നിടത്തായിരുന്നില്ല അത്.
26 യോവാശിനെതിരെ ഗൂഢാലോചന നടത്തിയ ഭൃത്യന്മാര്‍ ഇവരാകുന്നു: സാബാദും യെഹോസാബാദും. ശിമെയാത്ത് എന്നായിരുന്നു സാബാദിന്‍റെ അമ്മയുടെ പേര്. അമ്മോന്യക്കാരിയായിരുന്നു ശിമെയാത്ത്. യെഹോസാബാദിന്‍റെ അമ്മയുടെ പേര് ശിമ്രീത്ത് എന്നായിരുന്നു. മോവാബ്യക്കാരിയായിരുന്നു അവള്‍. 27 യോവാശിന്‍റെ പുത്രന്മാരുടെയും അയാള്‍ക്കെതിരെയുള്ള മഹാപ്രവചനങ്ങളുടെയും ദൈവത്തിന്‍റെ ആലയം അയാള്‍ പുതുക്കിപ്പണിതതിന്‍റെയും ചരിത്രം ‘രാജാക്കന്മാരെപ്പറ്റിയുള്ള’ പുസ്തകത്തിലുണ്ട്. അയാള്‍ക്കുശേഷം അമസ്യാവ് പുതിയ രാജാവായി. അമസ്യാവ് യോവാശിന്‍റെ പുത്രനായിരുന്നു.