അമസ്യാവ് യെഹൂദയുടെ രാജാവ്
25
രാജാവായപ്പോള്‍ അമസ്യാവിന് ഇരുപത്തഞ്ചു വയസ്സായിരുന്നു പ്രായം. അയാള്‍ ഇരുപത്തൊന്‍പതു വര്‍ഷം യെരൂശലേമില്‍ ഭരണം നടത്തി യെരൂശലേംകാരിയായ യെഹോവദ്ദാനായിരുന്നു അയാളുടെ അമ്മ. യഹോവ ആവശ്യപ്പെട്ടതെല്ലാം അമസ്യാവ് ചെയ്തു. എന്നാലയാള്‍ അങ്ങനെ ചെയ്തതെല്ലാം പൂര്‍ണ്ണമനസ്സോടെയായിരുന്നില്ല. അമസ്യാവ് കരുത്തനായൊരു രാജാവായിത്തീര്‍ന്നു. തന്‍റെ പിതാവായ രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാരെ അയാള്‍ വധിച്ചു. എന്നാല്‍ അവരുടെ കുട്ടികളെ അമസ്യാവ് വധിച്ചില്ല. എന്തുകൊണ്ടെന്നാല്‍ മോശെയുടെ പുസ്തകത്തെ അയാള്‍ അനുസരിച്ചു. യഹോവ കല്പിച്ചു, “കുട്ടികളുടെ കുറ്റത്തിന് മാതാപിതാക്കന്മാരെ വധിക്കരുത്. അതുപോലെ മാതാപിതാക്കന്മാരുടെ കുറ്റത്തിന് കുട്ടികളെയും. ഒരാള്‍ സ്വയം ചെയ്ത തെറ്റുകള്‍ക്കേ അയാളെ ശിക്ഷിക്കാന്‍ പാടുള്ളൂ.”
യെഹൂദക്കാരെ മുഴുവന്‍ അമസ്യാവ് വിളിച്ചുകൂട്ടി. അയാള്‍ അവരെ കുടുംബം തിരിച്ചുള്ള സംഘങ്ങളാക്കി. അവരെ സഹസ്രാധിപരുടെയും ശതാധിപരുടെയും കീഴിലാക്കി. യെഹൂദയില്‍നിന്നും ബെന്യാമീനില്‍നിന്നുമുള്ള എല്ലാ ഭടന്മാരുടെയും ചുമതലക്കാര്‍ ആ നേതാക്കളായിരുന്നു. ഇരുപതിനും അതിനു മുകളിലും പ്രായമുള്ളവരായിരുന്നു ഭടന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍. കുന്തവും പരിചയുമുപയോഗിച്ചു യുദ്ധം ചെയ്യാന്‍ സമര്‍ത്ഥരായ മൂന്നുലക്ഷം ഭടന്മാര്‍ അവരിലുണ്ടായിരുന്നു. യിസ്രായേലില്‍ നിന്നും ഒരു ലക്ഷം ഭടന്മാരെക്കൂടി അമസ്യാവ് വാടകയ്ക്കെടുത്തു. അവരെ വാടകയ്ക്കെടുക്കാന്‍ അയാള്‍ നൂറുതാലന്ത് വെള്ളി കൊടുത്തു. എന്നാല്‍ ഒരു ദൈവപുരുഷന്‍ അമസ്യാവിനെ സമീപിച്ചു. ദൈവപുരുഷന്‍ പറഞ്ഞു, “രാജാവേ യിസ്രായേല്‍സൈന്യത്തെ അങ്ങയോടൊപ്പം ചേര്‍ക്കരുതേ. യഹോവ യിസ്രായേലിനോടൊപ്പമില്ല. യഹോവ എഫ്രയീംകാരോടൊപ്പവൂമില്ല. നീ ഇങ്ങനെ സ്വയം കരുത്തുനേടി യുദ്ധത്തിനൊരുങ്ങിയെന്നു വരാം. പക്ഷേ ദൈവം നിന്‍റെ പരാജയത്തിനിടയാക്കും. എന്തെന്നാല്‍ വിജയവും പരാജയവും യഹോവയുടെ സഹായത്തെ ആശ്രയിച്ചിരിക്കുന്നു.” അമസ്യാവ് ദൈവപുരുഷനോടു പറഞ്ഞു, “പക്ഷേ ഞാന്‍ യിസ്രായേല്‍ സൈന്യത്തിനു നല്‍കിയ പണത്തിനുവേണ്ടി എന്തു ചെയ്യും?”ദൈവപുരുഷന്‍ മറുപടി പറഞ്ഞു, “യഹോവയ്ക്കു അളവറ്റ സന്പത്തുണ്ട്. അതിലും വളരെയധികം തരാന്‍ അവനു കഴിയും!”
10 അതിനാല്‍ അമസ്യാവ് യിസ്രായേല്‍സൈന്യത്തെ എഫ്രയീമിലേക്കു മടക്കി അയച്ചു. അവര്‍ക്ക് യെഹൂദാ രാജാവിനോടും ജനങ്ങളോടും വലിയ കോപമുണ്ടായി. അവര്‍ വളരെ അരിശത്തോടെയാണ് സ്വദേശത്തേക്കു മടങ്ങിയത്. 11 അപ്പോള്‍ അമസ്യാവിന് വളരെ ധൈര്യമുണ്ടാവുകയും എദോമിലെ ഉപ്പുതാഴ്വരയിലേക്കു അയാള്‍ സൈന്യത്തെ നയിക്കുകയും ചെയ്തു. അവിടെ അമസ്യാവിന്‍റെ സൈന്യം പതിനായിരം സേയീരുമാരെ വധിച്ചു. 12 പതിനായിരം സേയീരുകാരെ യെഹൂദസൈന്യം പിടികൂടി അവരെ ഒരു കൊടുമുടിയുടെ മുകളിലേക്കു കൊണ്ടുപോകുകയും ചെയ്തു. യെഹൂദസൈന്യം അവരെ കൊടുമുടിയുടെ മുകളില്‍നിന്നും താഴേക്കിട്ടു. അവരുടെ ശരീരങ്ങള്‍ താഴെ പാറകളിലിടിച്ചു തകര്‍ന്നു.
13 എന്നാല്‍ അതേ സമയത്ത് യിസ്രായേല്‍ സൈന്യം യെഹൂദയിലെ ചില പട്ടണങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. ബേത്ത്-ഹോരാന്‍മുതല്‍ ശമര്യാവരെയുള്ള പട്ടണങ്ങള്‍ അവര്‍ ആക്രമിച്ചു. മൂവായിരം പേരെ അവര്‍ വധിക്കുകയും വിലിപിടിച്ച വസ്തുക്കള്‍ കവര്‍ന്നു കൊണ്ടുപോവുകയും ചെയ്തു. അമസ്യാവ് തന്നോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ ആ ഭടന്മാര്‍ വളരെ അരിശപ്പെട്ടിരുന്നു.
14 എദോമ്യരെ തോല്പിച്ചതിനുശേഷം അമസ്യാവ് സ്വദേശത്തു മടങ്ങിയെത്തി. സേയീരുകാര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ അയാള്‍ കൊണ്ടുവന്നു. അമസ്യാവ് ആ വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി. അയാള്‍ ആ ദേവന്മാര്‍ക്കു മുന്പില്‍ നമസ്കരിക്കുകയും സുഗന്ധബലിയര്‍പ്പിക്കുകയും ചെയ്തു. 15 യഹോവ അമസ്യാവിനോടു വളരെ കോപിച്ചു. യഹോവ അമസ്യാവിന്‍റെ അടുത്തേക്കു ഒരു പ്രവാചകനെ അയച്ചു. പ്രാവാചകന്‍ പറഞ്ഞു, “അമസ്യാവേ, നീയെന്തുകൊണ്ടാണ് അവരുടെ ദേവന്മാരെ ആരാധിക്കുന്നത്? ആ ദേവന്മാര്‍ക്ക് നിന്നില്‍നിന്ന് അവരുടെ സ്വന്തം ജനങ്ങളെ പോലും രക്ഷിക്കാനായില്ല!”
16 പ്രവാചകന്‍ ഇതു പറഞ്ഞപ്പോള്‍ അമസ്യാവ് പ്രവാചകനോടു പറഞ്ഞു, “നിന്നെ ഞങ്ങളൊരിക്കലും രാജാവിന്‍റെ ഉപദേശകനാക്കിയിട്ടില്ല! മിണ്ടാതിരിക്ക്! അല്ലെങ്കില്‍ നീ വധിക്കപ്പെടും.”പ്രവാചകന്‍ ശാന്തനായി. എങ്കിലും തുടര്‍ന്നു പറഞ്ഞു: “നിന്നെ വധിക്കാന്‍ ദൈവം യഥാര്‍ത്ഥത്തില്‍ നിശ്ചയിച്ചു കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ നീ ആ തിന്മകള്‍ ചെയ്യുകയും എന്‍റെ ഉപദേശം കേള്‍ക്കാതിരിക്കുകയും ചെയ്തു.”
17 യെഹൂദയിലെ രാജാവായ അമസ്യാവ് തന്‍റെ ഉപദേശകരുമായി സംസാരിച്ചു. എന്നിട്ടയാള്‍ യെഹോവാഹാസിന് ഒരു സന്ദേശമയച്ചു. അമസ്യാവ് യെഹോവാസിനോടു പറഞ്ഞു, “നമുക്കു നേരിട്ടു യുദ്ധം ചെയ്യാം.”യെഹോവാഹാസിന്‍റെ പുത്രനായിരുന്നു യോവാശ്. യെഹോവാഹാസ് യെഹൂവിന്‍റെ പുത്രനും. യിസ്രായേല്‍ രാജാവായിരുന്നു യേഹൂ.
18 യോവാശ് അമസ്യാവിന് തന്‍റെ മറുപടി അയച്ചു. യോവാശ് യിസ്രായേല്‍രാജാവും അമസ്യാവ് യെഹൂദാരാജാവുമായിരുന്നു. യോവാശ് ഈ കഥ പറഞ്ഞു, “ലെബാനോനിലെ ഒരു കൊച്ചുമുള്‍പ്പടര്‍പ്പ് ലെബാനോനിലെ വലിയൊരു ദേവദാരുവൃക്ഷത്തിന് ഒരു സന്ദേശമയച്ചു. ചെറിയ മുള്‍പ്പടര്‍പ്പു പറഞ്ഞു, ‘അങ്ങയുടെ പുത്രി എന്‍റെ പുത്രനെ വിവാഹം കഴിക്കട്ടെ.’ പക്ഷേ ഒരു കാട്ടുമൃഗം വന്ന് മുള്‍പ്പടര്‍പ്പിനു മേലേക്കൂടി നടന്ന് അതിനെ നശിപ്പിച്ചു. 19 താങ്കള്‍ താങ്കളോടു തന്നെ പറയുന്നു, ‘ഞാന്‍ എദോമിനെ തോല്പിച്ചു!’ താങ്കള്‍ അഹങ്കാരിയും പൊങ്ങച്ചക്കാരനുമാണ്. താങ്കള്‍ വീട്ടിലിരിക്കുകയേ വേണ്ടൂ. സ്വയം കുഴപ്പങ്ങളില്‍ച്ചെന്നു ചാടേണ്ടതില്ല. എന്നോടു യുദ്ധം ചെയ്താല്‍ നീയും യെഹൂദയും തകര്‍ക്കപ്പെടും.”
20 എന്നാല്‍ അതു ശ്രവിക്കാന്‍ അമസ്യാവ് വിസമ്മതിച്ചു. ഇതു ദൈവത്തില്‍ നിന്നു വന്നു. യെഹൂദക്കാര്‍ എദോമ്യരുടെ ദേവന്മാരെ ആരാധിച്ചതിനാല്‍ അവരെ തോല്പിക്കാന്‍ ദൈവം യിസ്രായേലിനെ അനുവദിച്ചു.
21 അതിനാല്‍ യിസ്രായേല്‍രാജാവായ യോവാശ് ബേത്ത-ശേമെശ് പട്ടണത്തില്‍വച്ച് യെഹൂദയിലെ രാജാവായ അമസ്യാവുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തു. 22 യിസ്രായേല്‍ യെഹൂദയെ തോല്പിച്ചു. എല്ലാ യെഹൂദക്കാരും തങ്ങളുടെ വീട്ടില്‍നിന്നും ഓടിപ്പോയി.
23 യോവാശ് അമസ്യാവിനെ ബേത്ത്-ശേമെശില്‍ വച്ച് പിടികൂടി യെരൂശലേമിലേക്കു കൊണ്ടുപോയി. യോവാശ് ആയിരുന്നു അമസ്യാവിന്‍റെ പിതാവ്. യെഹോവാഹാസ് ആയിരുന്നു യോവാശിന്‍റെ പിതാവ്. യോവാശ് യെരൂശലേമിലെ മതിലിന്‍റെ അറുന്നൂറടി വരുന്ന ഭാഗം തകര്‍ത്തു. എഫ്രയീംകവാടം മുതല്‍ മൂലക്കവാടംവരെയുള്ള ഭാഗമായിരുന്നു അത്. 24 അനന്തരം യോവാശ് ദൈവത്തിന്‍റെ ആലയത്തിലുള്ള മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും മുഴുവന്‍ സാധനങ്ങളും കടത്തിക്കൊണ്ടുപോയി. ആലയത്തില്‍ ആ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന്‍റെ ചുമതല ഓബേദ്-എദോമിനായിരുന്നു. യോവാശ് രാജകൊട്ടാരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കടത്തി. കൂടാതെ ഏതാനും പേരെ തടവുകാരായി പിടികൂടുകയും ചെയ്തു. അനന്തരം അയാള്‍ ശമര്യയിലേക്കു മടങ്ങിപ്പോയി. 25 യോവാശിന്‍റെ മരണശേഷം അമസ്യാവ് പതിനഞ്ചുവര്‍ഷം കൂടി ജീവിച്ചു. യെഹൂദയിലെ രാജാവായിരുന്ന യോവാശ് ആയിരുന്നു അമസ്യാവിന്‍റെ പിതാവ്.
26 അമസ്യാവിന്‍റെ മറ്റു പ്രവൃത്തികള്‍ ആദ്യം മുതല്‍ അവസാനം വരെ ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്നു പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 27 അമസ്യാവ് യഹോവയെ അനുസരിക്കുന്നതു നിര്‍ത്തിയപ്പോള്‍ യെരൂശലേമുകാല്‍ അമസ്യാവിനെതിരെ ഗൂഢാലോചന നടത്തി. ലാഖീശ പട്ടണത്തിലേക്കു അയാള്‍ ഓടിപ്പോയി. പക്ഷെ ജനങ്ങള്‍ ലാഖീശിലേക്കു ആളെ അയച്ച് അമസ്യാവിനെ അവിടെ വച്ച് വധിച്ചു. 28 അനന്തരം അവര്‍ അമസ്യാവിന്‍റെ മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവരികയും ദാവീദിന്‍റെ നഗരത്തില്‍ തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കുകയും ചെയ്തു.