യോശീയാവ് യെഹൂദാരാജാവ്
34
രാജാവാകുന്പോള്‍ യോശീയാവിന് എട്ട് വയസ്സായിരുന്നു. അയാള്‍ മുപ്പത്തൊന്നു വര്‍ഷം യെരൂശലേമില്‍ രാജാവായിരുന്നു. നേരായതുമാത്രം യോശീയാവ് ചെയ്തു. യഹോവയുടെ ഇംഗിതങ്ങള്‍ അയാള്‍ നടപ്പാക്കി. തന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ അയാള്‍ നന്മകള്‍ ചെയ്തു. നന്മ ചെയ്യുന്നതില്‍നിന്നും യോശീയാവ് വ്യതിചലിച്ചില്ല. രാജാവായതിന്‍റെ എട്ടാംവര്‍ഷം തന്നെ യോശീയാവ് തന്‍റെ പൂര്‍വ്വികനായ ദാവീദിന്‍റെ ദൈവത്തെ അനുഗമിക്കാന്‍ തുടങ്ങി. ദൈവത്തെ അനുസരിക്കാന്‍ തുടങ്ങുന്പോള്‍ യോശീയാവ് ബാലനായിരുന്നു. തന്‍റെ രാജവാഴ്ചയുടെ പന്ത്രണ്ടാംവര്‍ഷം യോശീയാവ്, യെഹൂദയിലും യെരൂശലേമിലും നിന്നുള്ള അച്ചുകളില്‍ വാര്‍ത്ത വിഗ്രഹങ്ങളെയും അശേരാസ്തംഭങ്ങളെയും ഉന്നതസ്ഥലങ്ങളെയും നശിപ്പിക്കാന്‍ തുടങ്ങി. ബാല്‍ ദൈവങ്ങളുടെ യാഗപീഠങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു. യോശീയാവിന്‍റെ മുന്പില്‍ വച്ചാണ് അവരങ്ങനെ ചെയ്തത്. അനന്തരം യോശീയാവ്, ജനങ്ങള്‍ക്കുമേല്‍ ഉയര്‍ന്നുനിന്ന ധൂപയാഗപീഠങ്ങള്‍ മുറിച്ചിട്ടു. കൊത്തിയവിഗ്രഹങ്ങളും വാര്‍ത്ത വിഗ്രഹങ്ങളും അയാള്‍ തകര്‍ത്തു. ആ വിഗ്രഹങ്ങളെ അയാള്‍ പൊടിച്ചു കളഞ്ഞു. അനന്തരം യോശീയാവ് ആ പൊടി ബാല്‍ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകൂടീരങ്ങളില്‍ വിതറി. തങ്ങളുടെ യാഗപീഠങ്ങളില്‍ ബാല്‍ദൈവങ്ങള്‍ക്കു ശുശ്രൂഷ നടത്തിയ പുരോഹിതന്മാരുടെ അസ്ഥികള്‍പോലും യോശീയാവ് ദഹിപ്പിച്ചു. അങ്ങനെയാണ് യോശീയാവ് യെഹൂദയിലും യെരൂശലേമിലും വിഗ്രഹാരാധന ഇല്ലാതാക്കിയത്. മനശ്ശെ, എഫ്രയീം, ശിമെയോന്‍, നഫ്താലിവരെയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പട്ടണങ്ങളിലെല്ലാം യോശീയാവ് അങ്ങനെ തന്നെ ചെയ്തു. ആ പട്ടണങ്ങള്‍ക്കു സമീപമുള്ള അവശിഷ്ടങ്ങളോടെല്ലാം അവന്‍ അങ്ങനെ ചെയ്തു.
യാഗപീഠങ്ങളും അശേരാസ്തംഭങ്ങളും യോശീയാവ് തകര്‍ത്തു. വിഗ്രഹങ്ങള്‍ അയാള്‍ പൊടിയാക്കി. യിസ്രായേല്‍ മുഴുവനും ബാലിന്‍റെ ആരാധനയ്ക്കായുണ്ടായിരുന്ന ധൂപയാഗപീഠങ്ങളും അയാള്‍ തകര്‍ത്തു. അനന്തരം യോശീയാവ് യെരൂശലേമിലേക്കു മടങ്ങി.
താന്‍ യെഹൂദയിലെ രാജാവായതിന്‍റെ പതിനെട്ടാം വര്‍ഷം ശാഫാന്‍. മയശേയാവ്, യോവാഹ് എന്നിവരെ തന്‍റെ ദൈവമാകുന്ന യഹോവയുടെ ആലയം പുതുക്കി ഉറപ്പിക്കാന്‍ യോശീയാവയച്ചു. അസല്യാവ് എന്നായിരുന്നു ശാഫാന്‍റെ പിതാവിന്‍റെ പേര്. മയശേയാവ് നഗരത്തിലെ നേതാവായിരുന്നു. യോവാശായിരുന്നു യോവാഹിന്‍റെ പിതാവ്. സംഭവിച്ച കാര്യങ്ങള്‍ എഴുതിവയ്ക്കുന്നയാളായിരുന്നു യോവാഹ്.
യെഹൂദയും ആലയവും ശുദ്ധീകരിക്കുന്നതിനായി ആലയം ഉറപ്പിച്ചു നിര്‍ത്താന്‍ അങ്ങനെ യോശീയാവു കല്പിച്ചു. അവര്‍ ഉന്നത പുരോഹതിനായ ഹില്‍ക്കിയാവിന്‍റെ അടുത്തെത്തി. ജനങ്ങള്‍ ദൈവത്തിന്‍റെ ആലയത്തിനായി നല്‍കിയപണം അവര്‍ അയാളെ ഏലിപിച്ചു. ലേവ്യരായ ദ്വാരപാലകന്മാരാണ് മനശ്ശെക്കാരില്‍ നിന്നും എഫ്രയീമുകാരില്‍നിന്നും അവശേഷിച്ച മുഴുവന്‍ യിസ്രായേലുകാരില്‍ നിന്നും പണം ശേഖരിച്ചത്. യെഹൂദാ, ബെന്യാമീന്‍ എന്നിവരില്‍നിന്നും മുഴുവന്‍ യെരൂശലേം വാസികളില്‍ നിന്നും അവര്‍ പണം ശേഖരിച്ചു. 10 അനന്തരം ലേവ്യര്‍ യഹോവയുടെ ആലയത്തില്‍ പണിക്കുമേല്‍ നോട്ടം വഹിക്കുന്നവര്‍ക്കു ശന്പളം നല്‍കി. മേല്‍നോട്ടക്കാര്‍ യഹോവയുടെ ആലയം ഉറപ്പിച്ചവര്‍ക്കും പ്രതിഫലം നല്‍കി. 11 അവര്‍ ആ പണം മുറിക്കല്ലുകള്‍, മരം എന്നിവ വാങ്ങുന്നതിന് മരയാശാരിമാരെയും കല്പണിക്കാരെയും ഏല്പിച്ചു. കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും അവയ്ക്കു ഉത്തരങ്ങളുണ്ടാക്കുന്നതിനുമായിരുന്നു തടി. മുന്പ് യെഹൂദയിലെ രാജാക്കന്മാര്‍ ആലയക്കെട്ടിടങ്ങളെ പരിപാലിച്ചിരുന്നില്ല. ആ കെട്ടിടങ്ങള്‍ പഴകി നശിച്ചിരുന്നു. 12-13 അവര്‍ വിശ്വസ്തതയോടെ പണിയെടുത്തു യഹത്തും ഓബാദ്യാവുമായിരുന്നു അവരുടെ മേല്‍നോട്ടക്കാര്‍, യഹത്തും ഓബാദ്യാവും ലേവ്യരും മെരാരിയുടെ പിന്‍ഗാമികളായിരുന്നു. സെഖര്യാവ്, മെശുല്ലാം എന്നിവരായിരുന്നു മറ്റു മേല്‍നോട്ടക്കാര്‍. കെഹാത്തിന്‍റെ പിന്‍ഗാമികളായിരുന്നു അവര്‍. സംഗീതോപകരണങ്ങള്‍ വായിക്കന്നതില്‍ സമര്‍ത്ഥരായ ലേവ്യരും കൂലിപ്പണിക്കാരുടെയും മറ്റു വേലക്കാരുടെയും മേല്‍നോട്ടക്കാരായുണ്ടായിരുന്നു. ചില ലേവ്യര്‍ കാര്യദര്‍ശികളും ഉദ്യോഗസ്ഥന്മാരും ദ്വാരപാലകന്മാരുമൊക്കെയായി പണിയെടുത്തിരുന്നു.
നിയമപുസ്തകം കണ്ടെത്തുന്നു
14 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പണം ലേവ്യര്‍ പുറത്തു കൊണ്ടുവന്നു. അക്കാലത്താണ് മോശെയിലൂടെ നല്‍കപ്പെട്ട യഹോവയുടെ നിയമപുസ്തകം ഹില്‍ക്കിയാവ് എന്ന പുരോഹിതന്‍ കണ്ടെത്തിയത്. 15 ഹില്‍ക്കിയാവ്, കാര്യദര്‍ശിയായ ശാഫാനോടു പറഞ്ഞു, “യഹോവയുടെ ആലയത്തില്‍* യഹോവയുടെ ആലയം യെരൂശലേമിലെ ദൈവാലയത്തിന്‍റെ മറ്റൊരു പേര്. ഞാന്‍ നിയമപുസ്തകം കണ്ടു!”ഹില്‍ക്കിയാവ് പുസ്തകം ശാഫാനുകൈമാറി. 16 ശാഫാന്‍ യോശീയാരാജാവിന്‍റെയടുത്തേക്കു പുസ്തകം കൊണ്ടുവന്നു. ശാഫാന്‍ രാജാവിനെ വിവരമറിയിച്ചു, “അങ്ങ് ആവശ്യപ്പെട്ടതുപോലെയെല്ലാം അങ്ങയുടെ ദാസന്മാര്‍ ചെയ്യുന്നുണ്ട്. 17 യഹോവയുടെ ആലയത്തില്‍ നിന്നും ലഭിച്ചപണം അവര്‍ മേല്‍നോട്ടക്കാര്‍ക്കും പണിക്കാര്‍ക്കുമായി കൊടുക്കുന്നുണ്ട്. 18 അനന്തരം ശാഫാന്‍ രാജാവിനോടു പറഞ്ഞു, “പുരോഹിതനായ ഹില്‍ക്കിയാവ് എന്നെ ഒരു പുസ്തകം ഏല്പിച്ചു.”അനന്തരം ശാഫാന്‍ രാജാവിന്‍റെ മുന്പില്‍ നിന്നുകൊണ്ട് ആ പുസ്തകം വായിച്ചു. 19 നിയമവാക്യങ്ങള്‍ വായിച്ചു കേട്ട യോശീയാരാജാവ് തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. 20 അനന്തരം ഹില്‍ക്കിയാവ്, ശാഫാന്‍റെ പുത്രനായ അഹീക്കാം, മീഖയുടെ പുത്രനായ അബ്ദോന്‍, കാര്യദര്‍ശിയായ ശാഫാന്‍, ദാസനായ അസായാവ് എന്നിവര്‍ക്ക് രാജാവ് ഒരു കല്പന നല്‍കി. 21 രാജാവു പറഞ്ഞു, “പോകൂ, എനിക്കും യിസ്രായേലിലും യെഹൂദയിലും അവശേഷിക്കുന്ന ജനങ്ങള്‍ക്കും വേണ്ടി കണ്ടെത്തിയ പുസ്തകത്തിലെ വാക്കുകളെപ്പറ്റി യഹോവയോടു ചോദിക്കൂ. നമ്മുടെ പൂര്‍വ്വികര്‍ യഹോവയുടെ വാക്കുകള്‍ അനുസരിക്കാത്തതിനാല്‍ അവന്‍ നമ്മോടു വളരെ കോപിച്ചിരിക്കുന്നു. ഈ ഗ്രന്ഥം അനുശാസിക്കുന്നതെല്ലാമൊന്നും അവര്‍ ചെയ്തിരുന്നില്ല!”
22 ഹില്‍ക്കിയാവും രാജാവിന്‍റെ ദാസന്മാരും പ്രവാചകിയായ ഹുല്‍ദായുടെയടുത്തേക്കു പോയി. ശല്ലൂമിന്‍റെ ഭാര്യയായിരുന്നു ഹുല്‍ദാ. തോക്ഹത്തിന്‍റെ പുത്രനായിരുന്നു ശല്ലൂം. തോക്ഹത്ത് ഹസ്രയുടെ പുത്രനും. രാജാവിന്‍റെ വസ്ത്രങ്ങളുടെ ചുമതലക്കാരനായിരുന്നു ഹസ്രാ. യെരൂശേമിന്‍റെ പുതിയ ഭാഗത്താണ് ഹുല്‍ദാ വസിച്ചിരുന്നത്, ഹില്‍ക്കിയാവും രാജഭൃത്യന്മാരും ഉണ്ടായതെല്ലാം ഹുല്‍ദായോടു പറഞ്ഞു. 23 ഹുല്‍ദാ അവരോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ ഇങ്ങനെ പറയുന്നു: യോശീയാ രാജാവിനോടു പറയൂ. 24 യഹോവ പറയുന്നതെന്തെന്നാല്‍, ‘ഈ സ്ഥലത്തിനും ഇവിടത്തെ നിവാസികള്‍ക്കും ഞാന്‍ ദുരിതങ്ങള്‍ വരുത്തും! യെഹൂദയിലെ രാജാവിന്‍റെ മുന്പില്‍ വായിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയിട്ടുള്ള എല്ലാ മഹാവിപത്തുകളും ഞാന്‍ വരുത്തും. 25 ഞാനിങ്ങനെ ചെയ്യാന്‍ കാരണം, ജനങ്ങള്‍ എന്നെ വെടിയുകയും മറ്റു ദൈവങ്ങള്‍ക്കായി ധൂപഹോമം നടത്തുകയും ചെയ്തു എന്നതാണ്. തങ്ങളുടെ തിന്മകള്‍കൊണ്ട് അവരെന്നെ കോപാകുലനാക്കിയിരിക്കുന്നു. അതിനാല്‍ ഞാന്‍ ഈ സ്ഥലത്ത് എന്‍റെ കോപം ചൊരിയും. കത്തുന്ന അഗ്നിപോലുള്ള എന്‍റെ കോപം അണയ്ക്കാനാവുന്നതല്ല!’
26 “എന്നാല്‍ യെഹൂദയിലെ യോശീയാ രാജാവിനോടു ഇങ്ങനെ പറയുക. യഹോവയോടു ചോദിക്കാനാണല്ലോ അവന്‍ നിങ്ങളെ അയച്ചത്: അല്പംമുന്പു നീ കേട്ട വാക്കുകളെപ്പറ്റി യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നതിങ്ങനെയാണ്: 27 ‘യോവാശ്, നീ പശ്ചാത്തപിക്കുകയും സ്വയം താഴ്ത്തുകയും നിന്‍റെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. നീ എന്‍റെ മുന്പില്‍ വിലപിച്ചു. അതിനാല്‍, നിന്‍റെ ഹൃദയം നിഷ്കളങ്കമായതുകൊണ്ട് നിന്‍റെ പരാതി ഞാന്‍ ശ്രദ്ധിച്ചു. 28 നിന്നെ ഞാന്‍ നീന്‍റെ പൂര്‍വ്വികരോടൊപ്പമാക്കും. നീ നിന്‍റെ കല്ലറയിലേക്കു സമാധാനത്തോടെ പോകും. ഈ സ്ഥലത്തേക്കു ഇവിടത്തെ ജനങ്ങളുടെമേലും ഞാന്‍ വരുത്തുന്നയാതനകള്‍ നിനക്കു കാണേണ്ടിവരില്ല.’”ഹില്‍ക്കിയാവും രാജഭൃത്യന്മാരും ഈ സന്ദേശം യോശീയാ രാജാവിനെത്തിച്ചു.
29 അനന്തരം യോശീയാരാജാവ്, യെഹൂദയിലേയും യെരൂശലേമിലേയും മുഴുവന്‍ മൂപ്പന്മാരെയും തന്നെ വന്നുകാണുവാന്‍ വിളിച്ചു. 30 രാജാവ് യഹോവയുടെ ആലയത്തിലേക്കു പോയി. മുഴുവന്‍ യെഹൂദക്കാരും യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലിയവരും ചെറിയവരുമായ എല്ലാ വ്യക്തികളും യോശിയാവിനോടൊപ്പമുണ്ടായിരുന്നു. യോശീയാവ് കരാറിന്‍റെപുസ്തകം മുഴുവന്‍ അവരെ വായിച്ചുകേള്‍പ്പിച്ചു. യഹോവയുടെ ആലയത്തില്‍നിന്നും കണ്ടെത്തിയതായിരുന്നു ആ പുസ്തകം. 31 അനന്തരം രാജാവ് തന്‍റെ സ്ഥാനത്ത് എഴുന്നേറ്റു നിന്നു. അയാള്‍ യഹോവയുമായി ഒരു കരാറുണ്ടാക്കി. യഹോവയെ അനുസരിക്കാമെന്നും അവന്‍റെ കല്പനകളും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാമെന്നും അയാള്‍ സമ്മതിച്ചു. തന്‍റെ പൂര്‍ണ്ണമനസ്സോടെയും ആത്മാവോടെയുമാണയാളതു സമ്മതിച്ചത്. ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കരാറിന്‍റെ വാക്കുകളനുസരിക്കാമെന്ന് അയാള്‍ കരാര്‍ ചെയ്തു. 32 അനന്തരം യോശീയാവ് യെരൂശലേമിലും ബെന്യാമീനിലുള്ള എല്ലാവരെക്കൊണ്ടും കരാര്‍ സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്യിച്ചു. യെരൂശലേംകാര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവയുടെ കരാര്‍ അനുസരിക്കാമെന്ന് സമ്മതിച്ചു. 33 യിസ്രായേല്‍ ജനതയ്ക്കു വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ ഭയാനകമായ വിഗ്രഹങ്ങളെല്ലാം യോശീയാവ് നശിപ്പിച്ചു. മുഴുവന്‍ യിസ്രായേലുകാരെയും യോശീയാവ് തങ്ങളുടെ ദൈവമാകുന്ന യഹോവയുടെ ദാസരാക്കി. യോശീയാവ് ജീവിച്ചിരുന്നത്രയും കാലം ജനങ്ങള്‍, തങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവയെ സേവിച്ചു.