ആലയത്തിലേക്കുള്ള ഉപകരണങ്ങള്‍
4
ശലോമോന്‍ വെങ്കലംകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി. അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുണ്ടായിരുന്നു. അനന്തരം ശലോമോന്‍ വെങ്കലംകൊണ്ടൊരു കടല്‍വാര്‍ത്തുണ്ടാക്കി. വൃത്താകൃതിയിലുള്ള ആ കടലിന് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പത് മുഴം ചുറ്റളവും ഉണ്ടായിരുന്നു. വലിയ വെങ്കലക്കടലിനു ചുറ്റിലും വക്കിനു താഴത്തായി കാളകളുടെ രൂപങ്ങളുണ്ടായിരുന്നു. കടല്‍ വാര്‍ത്തപ്പോള്‍ത്തന്നെ ഈ കാളകളെ കടലിനു ചുറ്റും പത്തു മുഴത്തില്‍ രണ്ടു നിരകളിലായി പണിതീര്‍ത്തതായിരുന്നു. പന്ത്രണ്ട് വലിയകാളകളുടെ പ്രതിമകള്‍ക്കു മേലായിരുന്നു വലിയ വെങ്കലക്കടല്‍ വച്ചിരുന്നത്. മൂന്നു കാളകള്‍ വടക്കോട്ടു നോക്കിയായിരുന്നു നിന്നത്. മൂന്നു കാളകള്‍ പടിഞ്ഞാറോട്ടു നോക്കുന്നു. മൂന്നെണ്ണം തെക്കോട്ട്. മൂന്നെണ്ണം കിഴക്കോട്ടും. അവയുടെ പൃഷ്ഠഭാഗം പരസ്പരം തിരിഞ്ഞും മധ്യഭാഗത്തേക്കും കേന്ദ്രീകരിച്ചിരുന്നു. വലിയ വെങ്കലക്കടലിന് മൂന്നിഞ്ചായിരുന്നു കനം. കടലിന്‍റെ വക്ക് ഒരു കോപ്പയുടെ വക്കുപോലെയിരുന്നു. അതൊരു ലില്ലിപ്പൂപോലെയായിരുന്നു. അതില്‍ മൂവായിരത്തിലധികം ബത്ത് വെള്ളം കൊള്ളും.
പത്തുതൊട്ടികളും ശലോമോന്‍ പണിതു. അഞ്ചുതൊട്ടികള്‍ വലിയ കടലിന്‍റെ തെക്കുവശത്തുവച്ചു. അഞ്ചു തൊട്ടികള്‍ ഇടതു വശത്തും. ഹോമബലിക്കുള്ള വസ്തുക്കള്‍ കഴുകാനാണ് ഈ പത്തുതൊട്ടികളും ഉപയോഗിച്ചത്. എന്നാല്‍ വലിയ വെങ്കലക്കടല്‍ പുരോഹിതന്മാര്‍ക്ക് ബലികളര്‍പ്പിക്കും മുന്പ് കുളിക്കാനുണ്ടാക്കിയതാണ്.
ശലോമോന്‍ സ്വര്‍ണ്ണംകൊണ്ട് പത്തു വിളക്കുകാലകളുണ്ടാക്കി. വിളക്കുകാലുകള്‍ അയാള്‍ ആലയത്തിനുള്ളില്‍ സ്ഥാപിച്ചു. അഞ്ചു വിളക്കുകാലുകള്‍ വലതുവശത്തും അഞ്ചുവിളക്കു കാലുകള്‍ ഇടതുവശത്തുമായിരുന്നു. ശലോമോന്‍ പത്തു മേശകളുണ്ടാക്കി അവയും ആലയത്തിനുള്ളില്‍ സ്ഥാപിച്ചു. അഞ്ചുമേശകള്‍ ആലയത്തിനുള്ളില്‍ വലതു ഭാഗത്തും അഞ്ചെണ്ണം ഇടതുഭാഗത്തും ഇട്ടു. കൂടാതെ ശലോമോന്‍ സ്വര്‍ണ്ണംകൊണ്ട് നൂറു തളികകള്‍കൂടി ഉണ്ടാക്കി. കൂടാതെ പുരോഹിതന്മാരുടെ മുറ്റവും വലിയ മുറ്റവും മുറ്റത്തേക്കു കവാടങ്ങളും ശലോമോന്‍ ഉണ്ടാക്കി. മുറ്റത്തേക്കു തുറന്നിരുന്ന വാതിലുകള്‍ പൊതിയാനയാള്‍ വെങ്കലം ഉപയോഗിച്ചു. 10 അനന്തരം അയാള്‍ വലിയവെങ്കലക്കടല്‍ ആലയത്തിന്‍റെ വലതുവശത്തായി തെക്കുകിഴക്കെ വശത്ത് ഇട്ടു.
11 ഹൂരാം കലങ്ങളും കോരികകളും കിണ്ണങ്ങളും ഉണ്ടാക്കി. അങ്ങനെ ശലോമോന്‍ രാജാവിനുവേണ്ടി ഹൂരാം ദൈവത്തിന്‍റെ ആലയത്തിലെ തന്‍റെ പണി പൂര്‍ത്തീകരിച്ചു. 12 ഹൂരാം രണ്ടു വലിയ സ്തൂപങ്ങളും അവയ്ക്കുമുകളില്‍ രണ്ടു ഗോളങ്ങളും നിര്‍മ്മിച്ചു. രണ്ടു സ്തൂപങ്ങള്‍ക്കും മുകളിലുള്ള രണ്ടു ഗോളങ്ങളും മറയ്ക്കാനുള്ള വലപ്പണിയും ഹൂരാം ചെയ്തു. 13 രണ്ടു വലപ്പണികള്‍ക്കുമായി ഹൂരാം നാനൂറു മാതളനാരങ്ങകളും പണിതു. ഓരോ വലയ്ക്കും രണ്ടു നിരമാതളനാരങ്ങകളുണ്ടായിരുന്നു. രണ്ടു സ്തൂപങ്ങളുടെയും മകുടങ്ങളിലുള്ള ഗോളങ്ങളെ വലകൊണ്ട് മറച്ചിരുന്നു. 14 കാലുകളും കാലുകളില്‍ ഗോളങ്ങളും ഹൂരാം നിര്‍മ്മിച്ചു. 15 വലിയ വെങ്കലക്കടലും അതിനടിയിലുള്ള പന്ത്രണ്ടു കാളകളെയും ഹൂരാം നിര്‍മ്മിച്ചു. 16 കലങ്ങള്‍, കോരികകള്‍, മുള്ളുകള്‍ അങ്ങനെ ദൈവത്തിന്‍റെ ആലയത്തിലേക്കു ശലോമോന്‍രാജാവിനു വേണ്ടി ആവശ്യമായ എല്ലാ വസ്തുക്കളുമുണ്ടാക്കി. മിനുസപ്പെടുത്തിയ വെങ്കലം കൊണ്ടാണ് ഈ സാധനങ്ങളുണ്ടാക്കിയത്. 17 ശലോമോന്‍ രാജാവ് ഈ വസ്തുക്കള്‍ കളിമണ്‍ അച്ചുകളിലൊഴിച്ചു. സുക്കോത്ത്, സെരേദാഥെ നഗരങ്ങള്‍ക്കിടയ്ക്കു യോര്‍ദ്ദാന്‍താഴ്വരയിലാണ് ഈ അച്ചുകളുണ്ടാക്കിയത്. 18 ഇത്രയധികം സാധനങ്ങള്‍ ശലോമോനുണ്ടാക്കിയതിനാല്‍ വെങ്കലത്തിന്‍റെ തൂക്കമറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
19 ആലയത്തിലേക്കു വേണ്ട സാധനങ്ങളും ശലോമോന്‍ ഉണ്ടാക്കി. ശലോമോന്‍ സുവര്‍ണ്ണയാഗപീഠം ഉണ്ടാക്കി. കാഴ്ചയപ്പത്തിനുള്ള മേശകളും ശലോമോന്‍ നിര്‍മ്മിച്ചു. 20 ശുദ്ധമായ സ്വര്‍ണ്ണംകൊണ്ട് വിളക്കുകാലുകളും വിളക്കും ഉണ്ടാക്കി. വിശുദ്ധസ്ഥലത്തിന്‍റെ അന്തര്‍ഭാഗത്തു നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ കത്തിക്കാനായിരുന്നു വിളക്കുകള്‍. 21 പൂക്കള്‍, വിളക്കുകള്‍, ചവണകള്‍ എന്നിവ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കി. 22 കത്രികകള്‍, കിണ്ണങ്ങള്‍, ധൂപകലശങ്ങള്‍, തീക്കലശങ്ങള്‍7 എന്നിവയെല്ലാം സ്വര്‍ണ്ണം കൊണ്ടുണ്ടാക്കി. ആലയവാതില്‍, അതിവിശുദ്ധസ്ഥലത്തിന്‍റെ ഉള്‍വാതിലില്‍, പ്രധാനമുറിയുടെ വാതിലുകള്‍ എന്നിവയും ശലോമോന്‍ ശുദ്ധസ്വര്‍ണ്ണം കൊണ്ടുണ്ടാക്കി.