10
സഹോദരന്മാരേ, എന്‍റെ മനസ്സിലെ ആഗ്രഹവും പ്രാര്‍ത്ഥനയും യെഹൂദരും രക്ഷിക്കപ്പെടട്ടെ എന്നാണ്. ദൈവീകകാര്യത്തില്‍ ശക്തമായ അഭിലാഷമുളളവരാണ് യെഹൂദര്‍ എന്നെനിക്കു പറയാന്‍ കഴിയും. പക്ഷെ അത് ഉചിതമായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായുളളതല്ല. ദൈവം മനുഷ്യരെ തനിക്കൊപ്പം നീതീകരിക്കുന്നതിനെപ്പറ്റി അവര്‍ അജ്ഞരാണ്. അവര്‍ തങ്ങളുടേതായ മാര്‍ഗ്ഗത്തിലൂടെ അവരെ നീതീകരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ദൈവം ആളുകളെ നീതീകരിക്കുന്ന മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചില്ല. ന്യായപ്രമാണത്തിന്‍റെ അവസാനമാണ് ക്രിസ്തു. അതുകൊണ്ട് ഇപ്പോള്‍ അവനില്‍ വിശ്വസിക്കുന്നവന്‍ മാത്രമേ നീതീകരിക്കപ്പെടുന്നുളളൂ.
ദൈവീക നീതീകരണത്തെപ്പറ്റി ന്യായപ്രമാണത്തില്‍നിന്നും ലഭ്യമായതിന്‍റെ അടിസ്ഥാനത്തില്‍ മോശെ എഴുതുന്നു: “ന്യായപ്രമാണത്തെ പിന്തുടര്‍ന്ന് ജീവന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങള്‍ നിശ്ചയമായും പാലിക്കണം. ഉദ്ധരണി ലേവ്യ. 18:5. 6-7 എന്നാല്‍ വിശ്വാസത്തിലൂടെയുളള നീതീകരണത്തെപ്പറ്റി തിരുവെഴുത്തുകള്‍ ഇങ്ങനെയാണ് പറയുന്നത്: “(ക്രിസ്തുവിനെ ഭൂമിയിലേക്ക് ആനയിക്കാന്‍) സ്വര്‍ഗ്ഗത്തിലേക്ക് ആരുപോകും? (മരിച്ചവരില്‍ നിന്നും ക്രിസ്തുവിനെ കൊണ്ടുവരാന്‍) പാതാളത്തിലേക്ക് ആരിറങ്ങും? എന്നിങ്ങനെ നിങ്ങള്‍ സ്വയം ചോദിക്കരുത്.”
പക്ഷെ എന്താണ് തിരുവെഴുത്തില്‍ പറയുന്നത്? “ദൈവത്തിന്‍റെ ഉപദേശം നിന്‍റെ സമീപമുണ്ട്. അതു നിന്‍റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. ഉദ്ധരണി ആവ. 30:12-14. അതായത് ഞങ്ങള്‍ ജനങ്ങളെ ഉപദേശിക്കുന്ന വിശ്വാസം. “യേശു കര്‍ത്താവാണ്” എന്നു അധരം കൊണ്ട് ഏറ്റുപറയുകയും, മരണത്തില്‍ നിന്ന് ദൈവം യേശുവിനെ ഉയര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളും രക്ഷിക്കപ്പെടും. 10 അതെ, ഞങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ച് ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു. വിശ്വസിക്കുന്നു എന്നു അധരംകൊണ്ട് ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെട്ടു.
11 വിശുദ്ധ തിരുവെഴുത്ത് പറയുന്നു: “അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരില്ല. ഉദ്ധരണി യെശ. 28:16. 12 യെഹൂദനും അല്ലാത്തവനും തമ്മില്‍ അന്തരം ഇല്ലാത്തതു കൊണ്ടാണ് “ഒരുവനും” എന്നു ‘തിരുവെഴുത്ത്’ പറയുന്നത്. അതെ കര്‍ത്താവുതന്നെയാണ്, ഏവരുടെയും കര്‍ത്താവ്. തന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും കര്‍ത്താവ് ഏറെ സമൃദ്ധികള്‍ ചൊരിയുന്നു. 13 അതെ, വിശുദ്ധ തിരുവെഴുത്തില്‍ പറയുന്നു: “കര്‍ത്താവില്‍ വിശ്വസിക്കുന്ന ഏവരും രക്ഷിക്കപ്പെടും. ഉദ്ധരണി യോവേ. 2:32.
14 പക്ഷെ, ഞങ്ങള്‍ക്ക് വിശ്വാസമില്ലാത്തവനെ എങ്ങനെ ആശ്രയിക്കും? പറഞ്ഞു അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരുവനില്‍ എങ്ങനെ വിശ്വാസമര്‍പ്പിക്കും? ആരെങ്കിലും ഉദ്ബോധിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ കേള്‍ക്കും? 15 ആരും അയയ്ക്കാതെ അവര്‍ക്കെങ്ങനെ പ്രഖ്യാപനം നടത്താന്‍ കഴിയും? “സുവിശേഷം അറിയിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! ഉദ്ധരണി യെശ. 52:7. എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.
16 എന്നാല്‍ എല്ലാ യെഹൂദരും ആ സുവിശേഷം സ്വീകരിച്ചില്ല. യെശയ്യാവ് പറഞ്ഞു: “കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞത് ആരു വിശ്വസിച്ചു? ഉദ്ധരണി യെശ. 53:1. 17 അതിനാല്‍ സുവിശേഷം കേള്‍ക്കുന്നതു വഴിയാണ് വിശ്വാസമുണ്ടാകുന്നത്. ആരെങ്കിലും ക്രിസ്തുവിനെക്കുറിച്ച് പറയുന്പോഴാണ് സുവിശേഷം കേള്‍ക്കാന്‍ ഇടയാകുന്നത്.
18 പക്ഷെ, ഞാന്‍ ചോദിക്കട്ടെ: “അവര്‍ സുവിശേഷം കേട്ടില്ലേ?” ഉവ്വ്, തീര്‍ച്ചയായും കേട്ടു. തിരുവെഴുത്തുകളില്‍ പറയുന്പോലെ:
“അവരുടെ സ്വരം ഭൂമിയിലെങ്ങും എത്തിയിട്ടുണ്ട്.
അവരുടെ വചനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തിയോളം സഞ്ചരിച്ചു.” സങ്കീര്‍ത്തനങ്ങള്‍ 19:4
19 ഒരിക്കല്‍ കൂടി ഞാന്‍ ചോദിക്കട്ടെ, “യിസ്രായേലിലുളളവര്‍ക്ക് അതു മനസ്സിലായില്ലേ?” ഉവ്വ്, അവര്‍ക്ക് മനസ്സിലായി. ഒന്നാമത് ദൈവത്തിനു വേണ്ടി മോശെ ഇതു പറഞ്ഞു:
“യഥാര്‍ത്ഥത്തില്‍ നിങ്ങളെ അസൂയാലുക്കളാക്കാന്‍ ഞാന്‍ ഒരു ജനതയല്ലാത്തവരെ ഉപയോഗിക്കും.
നിങ്ങളെ കോപിതരാക്കാന്‍ മൂഡരായ ജനതയെ ഞാന്‍ ഉപയോഗിക്കും.” ആവര്‍ത്തനം 32:21
20 ദൈവത്തിനുവേണ്ടി ഇതു പറയാന്‍ തക്ക ധീരനാണ് യെശയ്യാവ്:
“എന്നെ അന്വേഷിക്കാത്തവരെന്നെ കണ്ടെത്തി.
എന്നെ ചോദിക്കാത്തവര്‍ക്കു ഞാന്‍ സ്വയം വെളിപ്പെടുത്തി.” യെശയ്യാവ് 65:1
21 ജാതികളെപ്പറ്റിയാണ് ദൈവം യെശയ്യാവിലൂടെ ഇങ്ങനെ പറഞ്ഞത്. യെഹൂദരെപ്പറ്റി അദ്ദേഹം പറഞ്ഞു,
“ദിവസം മുഴുവന്‍ അവര്‍ക്കായി ഞാന്‍ കാത്തിരുന്നു.
എന്നാല്‍ എന്നെ അനുസരിക്കാനും പിന്തുടരാനും അവര്‍ വിസ്സമ്മതിച്ചു. യെശ. 65:2.