ആത്മാവിലുളള ജീവിതം
8
അതുകൊണ്ട് ക്രിസ്തുയേശുവിലായിരിക്കുന്നവരെ കുറ്റക്കാരായി വിധിച്ചുതളളുന്നില്ല. എന്നെ എന്തുകൊണ്ട് കുറ്റക്കാരനായി വിധിക്കുന്നില്ല? കാരണം, ജീവസന്ദായകമായ പരിശുദ്ധാത്മാവിന്‍റെ ന്യായപ്രമാണം എന്നെ ക്രിസ്തുയേശുവില്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. പാപത്തെയും മരണത്തെയും കൊണ്ടുവരുന്ന ന്യായപ്രമാണത്തില്‍നിന്നും അത് എന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു. നമ്മുടെ പാപം നിറഞ്ഞ സ്വയം കൊണ്ട് ന്യായപ്രമാണം ബലഹീനമാക്കപ്പെട്ടതിനാല്‍ ന്യായപ്രമാണം അശക്തമായിരിക്കുന്നു. ന്യായപ്രമാണത്തിന് ചെയ്യാന്‍ സാധിക്കാത്തത് ദൈവം ചെയ്തു. മനുഷ്യര്‍ പാപം ചെയ്യാനുപയോഗിക്കുന്ന അതേ മനുഷ്യജീവനോടെ ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്കയച്ചു. പാപത്തിന് ഒരു പരിഹാരയാഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്. അങ്ങനെ പാപത്തെ നശിപ്പിക്കാന്‍ വേണ്ടി ദൈവം ഒരു മനുഷ്യജീവനെ ഉപയോഗിച്ചു. ന്യായപ്രമാണം അനുശാസിക്കുന്ന മട്ടില്‍ നമ്മെ ശരിയാക്കിത്തീര്‍ക്കുകയാണ് ഇതിന്‍റെ ഉദ്ദേശം. തങ്ങളുടെ പാപം നിറഞ്ഞ സ്വയ ത്തിനാവശ്യപ്പെട്ടവ പിന്തുടരാതെ ആത്മാവിനാവശ്യമായ രീതിയില്‍ ജീവിക്കുന്നവരുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
തങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പിന്തുടര്‍ന്നു ജീവിക്കുന്നവര്‍, അതാവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചേ ചിന്തിക്കൂ. എന്നാല്‍ ആത്മാവിനെ പിന്തുടരുന്നവര്‍ ആത്മാവ് അവരെക്കൊണ്ട് എന്തുചെയ്യിക്കാനാഗ്രഹിക്കുന്നുവോ അതിനെപ്പറ്റിയാകും ചിന്തിക്കുക. ഒരു വന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നത് പാപം നിറഞ്ഞ തന്‍റെ സ്വയമാണെങ്കില്‍, അവിടെ ആത്മീക മൃത്യു സംഭവിക്കുന്നു. നേരെമറിച്ച് ചിന്തകളുടെ നിയന്ത്രണം പരിശുദ്ധാത്മാവിനെങ്കില്‍ അവിടെ സമാധാനവും ജീവനുമുണ്ട്. ഇത് ശരിയാകുന്നത് എന്തുകൊണ്ട്? പാപം നിറഞ്ഞ സ്വയം ഒരുവന്‍റെ ചിന്തകളെ നിയന്ത്രിക്കുന്പോള്‍ അവന്‍ ദൈവത്തിനെതിരാകുന്നു എന്നതാണ് ഫലം. അവന്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കാന്‍ മടിക്കും. യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യാനുളള കഴിവ് അവനുണ്ടാവില്ല. തങ്ങളുടെ തന്നെ പാപം നിറഞ്ഞ സ്വയത്താല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കയില്ല.
ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതം നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്താലല്ല നിയന്ത്രക്കപ്പെട്ടിരിക്കുന്നത്, ദൈവാത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ ആ ആത്മാവിനാലാണ്. ഒരുവന് ക്രിസ്തുവിന്‍റെ ആത്മാവില്ലെങ്കില്‍ അവന്‍ ക്രിസ്തുവിനുളളവനല്ല. 10 പാപം നിമിത്തം നിങ്ങളുടെ ശരീരം മരിച്ചാലും ക്രിസ്തു നിങ്ങളെ ദൈവസമക്ഷം നീതീകരിക്കുന്നതിനാല്‍, ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് ജീവിക്കും. 11 ദൈവം യേശുവിനെ മരണ ത്തില്‍നിന്നുയര്‍പ്പിച്ചു. ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നുണ്ടെങ്കില്‍ മരിക്കുന്ന നിങ്ങളുടെ ശരീരത്തിനും അവന്‍ ജീവന്‍ തരും. ദൈവമാണ് ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയര്‍പ്പിച്ചത്. നിങ്ങളില്‍ ജീവിക്കുന്ന അവന്‍റെ ആത്മാവ് വഴി നിങ്ങളുടെ ശരീരത്തിനും അവന്‍ ജീവന്‍ പകരും.
12 സഹോദരീ സഹോദരന്മാരേ, അതുകൊണ്ട് നമ്മുടെ പാപം നിറഞ്ഞ സ്വയം നമ്മെ ഭരിക്കരുത്. അതിന്‍റെ ആവശ്യത്തിനൊത്തു നാം ജീവിക്കരുത്. 13 ആ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്നതനുസരിച്ച് ജീവിച്ചാല്‍ നിങ്ങള്‍ ആത്മീകമായി മരിക്കും. എന്നാല്‍ നിങ്ങളുടെ ശരീരം കൊണ്ടു ചെയ്യുന്ന പാപപ്രവൃത്തികള്‍ക്കു വിരാമമിടാന്‍ ആത്മാവിനെ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്കു നിശ്ചയമായും സത്യമായി ജീവന്‍ ലഭിക്കും.
14 നിങ്ങളെ നയിക്കാന്‍ ദൈവാത്മാവിനെ അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവസന്തതികള്‍. വീണ്ടും അടിമകളാക്കാനും ഭയത്തോട് ജീവിതം നയിക്കാനും ശ്രമിക്കുന്ന ആത്മാവല്ല നമുക്കു കൈവന്ന പരിശുദ്ധാത്മാവ്. നമ്മിലെ പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്‍റെ സന്തതികളാക്കുന്നു. അതിനാല്‍ നാം വിളിക്കുന്നു: “പിതാവേ! പിതാവേ!”* 15 ആ പരിശുദ്ധാത്മാവ് തന്നെയും നമ്മുടെ ആത്മാവിനോടൊത്തുനിന്നു പറയും, നാം ദൈവമക്കളാണെന്ന്. 16 നാം ദൈവത്തിന്‍റെ സന്തതികളാണെങ്കില്‍ അവന്‍റെ ജനത്തിനായുളള ദൈവത്തിന്‍റെ അനുഗ്രഹം ക്രിസ്തുവിനോടൊപ്പം നമുക്കു ലഭിക്കും. ക്രിസ്തുവിനെന്നതുപോലെ അനുഗ്രഹം നമുക്കും കൈവരും. പക്ഷെ നാം ക്രിസ്തു സഹിച്ചതുപോലെ കഷ്ടം സഹിക്കണം. 17 അപ്പോള്‍ ക്രിസ്തുവിന്‍റേതുപോലുളള മഹത്വം നമുക്കും കിട്ടും
നമുക്കു ഭാവിയില്‍ മഹത്വം കിട്ടും
18 ഇപ്പോള്‍ നുമുക്കു കഷ്ടങ്ങളുണ്ട്. പക്ഷെ അവ നമുക്കു തരാനിരിക്കുന്ന മഹത്വവുമായി തട്ടിച്ചു നോക്കുന്പോള്‍ ഒന്നുമില്ല. 19 തന്‍റെ മക്കളാരെന്നു ദൈവം ലോകത്തിനു വെളിപ്പെടുത്തുന്ന വേളയ്ക്കായി സമസ്ത സൃഷ്ടികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു. അതിനായി മുഴുവന്‍ ലോകവും ആഗ്രഹിക്കുന്നു. 20 സൃഷ്ടി പൂര്‍ണ്ണമായും വിലകെട്ടതായി മാറിയിരിക്കുന്നു. അതിന്‍റെ സ്വന്തം ഇച്ഛയനുസരിച്ചല്ല, എന്നാല്‍ അതിനെ പരിവര്‍ത്തിക്കുവാന്‍ ദൈവം തീരുമാനിച്ചു. പക്ഷെ അവിടെ ഒരു പ്രതീക്ഷയുണ്ട്. 21 ദൈവസൃഷ്ടി എല്ലാം നാശത്തിലേക്കുളള ബന്ധനത്തില്‍ നിന്നു മുക്തമായേക്കും എന്നതാണ് ആ പ്രതീക്ഷ. സൃഷ്ടികള്‍ക്കെല്ലാം ദൈവത്തിന്‍റെ സന്തതികള്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും മഹത്വവും ലഭിക്കുമെന്നുളള പ്രതീക്ഷയുമുണ്ട്.
22 ദൈവത്തിന്‍റെ സമസ്തസൃഷ്ടിയും ഈറ്റുനോവിലെന്നവണ്ണം ഇപ്പോഴും വേദനയില്‍പ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാം. 23 ലോകം മാത്രമല്ല, നമ്മളും ഉളളില്‍ വേദനയുമായി നൊന്തു കാത്തിരിക്കുകയാണ്. ദൈവീകവാഗ്ദാനത്തിന്‍റെ ആദ്യ ഭാഗമായി നമു ക്ക് പരിശുദ്ധാത്മാവുണ്ട്. അതുകൊണ്ട് നാം നമ്മെ അവന്‍റെ തന്നെ മക്കളെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവനെ കാത്തിരിക്കും. നമ്മുടെ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ കാത്തിരിക്കുന്നു എന്നാണ് ഞാനര്‍ത്ഥമാക്കുന്നത്. 24 നാം രക്ഷിക്കപ്പെട്ടു. നമുക്ക് ഈ പ്രത്യാശയുണ്ട്. കാത്തിരിക്കുന്നതെന്തിനെയാണോ അതു ദൃശ്യമാണെങ്കില്‍ അതു യഥാര്‍ത്ഥ പ്രതീക്ഷയല്ല. മനുഷ്യര്‍ക്ക് നേരത്തേ ഉളളതിനെപ്പറ്റി അവര്‍ പ്രതീക്ഷിക്കുന്നില്ല. 25 ഇന്നോളം കിട്ടാത്ത ഒന്നിനെയാണ് നാം പ്രതീക്ഷിക്കാറുളളത്. നാം ക്ഷമാപൂര്‍വ്വം അതിനായി കാത്തിരിക്കുന്നു.
26 നാം വളരെ ബലഹീനരാണ്. എന്നാല്‍ നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നമുക്കറിഞ്ഞുകൂടാ. പക്ഷെ, ആത്മാവ് തന്നെ നമുക്കായി ദൈവത്തോടു സംസാരിക്കുന്നു. വാക്കുകളാല്‍ പ്രകടമാക്കാത്ത ഞരക്കത്താലാണ് ആത്മാവ് ദൈവത്തോടു സംസാരിക്കുന്നത്. 27 ജനങ്ങളുടെ ഹൃദയത്തിലുളളതെല്ലാം കാണാന്‍ ദൈവത്തിനു സാധിക്കും. ദൈവത്തിന്‍റെ ആഗ്രഹത്തിനൊത്ത് തന്‍റെ മനുഷ്യര്‍ക്ക് വേണ്ടി ആത്മാവ് ദൈവത്തോടു സംസാരിക്കുന്നതുകൊണ്ട് ആത്മാവ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ദൈവത്തിനറിയാം. കാരണം അവന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ആത്മാവ് ആവശ്യപ്പെടുന്നത്.
28 തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുളള എല്ലാ കാര്യത്തിലും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. അങ്ങനെയുളളവരെയാണ് ദൈവം തിരഞ്ഞെടുത്തത്. കാരണം അതവന്‍റെ പദ്ധതിയായിരുന്നു. 29 സൃഷ്ടിക്കു മുന്പുതന്നെ ദൈവത്തിന് അവരെ അറിയാമായിരുന്നു. തന്‍റെ പുത്രന് അനുരൂപരായിരിക്കണം അവര്‍ എന്ന് ദൈവം നിശ്ചയിച്ചു. അങ്ങനെ യേശു അനേക സഹോദരീ സഹോദരന്മാരില്‍ ആദ്യജാതനായി.* 30 തന്‍റെ പുത്രനെപ്പോലെയുളളവര്‍ക്കായി അവന്‍ പദ്ധതിയിട്ടു. അവന്‍ അവരെ വിളിക്കുകയും അവന്‍റെ മഹത്വം കൊടുക്കുകയും ചെയ്തു.
യേശുക്രിസ്തുവിലുളള ദൈവത്തിന്‍റെ സ്നേഹം
31 ഇതെപ്പറ്റി നാം ഇനി എന്താണു പറയേണ്ടത്? ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ തോല്പിക്കാനാവില്ല. 32 നമുക്കുവേണ്ടി പീഢയനുഭവിക്കാന്‍ തന്‍റെ പുത്രനെപ്പോലും നമുക്കു തന്ന ദൈവം നമുക്കായി എന്തും തരും. നമുക്കുവേണ്ടി പുത്രനെ തന്ന ദൈവം അവനോടൊപ്പം എല്ലാം പൂര്‍ണ്ണമായും നല്‍കും. 33 ദൈവം തിരഞ്ഞെടുത്തവരെ ആരെതിര്‍ക്കും? തന്‍റെ ജനത്തെ ശരിയാക്കുന്നത് ദൈവം തന്നെയാണ്. 34 ദൈവത്തിന്‍റെ ജനം കുറ്റക്കാരാണെന്നു ആര്‍ക്കു പറയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല. ക്രിസ്തുയേശു മരിച്ചു; എന്നാലവന്‍ മരണത്തില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്തു. ഇപ്പോളവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു നമുക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്നു. 35 ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല. 36 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപൊലെ,
“നിനക്കു വേണ്ടി ഞങ്ങള്‍ എക്കാലവും മരണത്തിന്‍റെ ഭീഷണിയില്‍ പെട്ടിരിക്കുന്നു.
കശാപ്പിനു കൊണ്ടുപോകുന്ന ആടിനെപ്പോലെ അത്രയും വിലകുറഞ്ഞവരാണ് ഞങ്ങളെന്നു ആളുകള്‍ കരുതും.” സങ്കീര്‍ത്തനങ്ങള്‍ 44:22
37 എന്നാല്‍, ഇത്തരം സാഹചര്യങ്ങളിലെല്ലാം, തന്‍റെ സ്നേഹം നമ്മില്‍ ചൊരിഞ്ഞ ദൈവം വഴി നമുക്കു പരിപൂര്‍ണ്ണ വിജയമുണ്ടായി. 38-39 മരണത്തിനോ ജീവനോ, ദൂതന്മാര്‍ക്കോ, ഭരിക്കുന്നവര്‍ക്കോ, ഇപ്പോഴുളളവയ്ക്കോ, ഭാവിയിലുണ്ടാകുന്നവയ്ക്കോ, ശക്തിക്കോ, മേലുളളതിനോ, കീഴുളളതിനോ, സമസ്തലോകത്തിലുളള യാതൊന്നിനും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിലൂടെയുളള ദൈവസ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ല. അതെ എനിക്കുറപ്പുണ്ട്, യാതൊന്നിനും നമ്മെ ദൈവസ്നേഹത്തില്‍നിന്നും വേര്‍പെടുത്താനാവില്ല.