118
 1 യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; 
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്. 
 2 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് 
എന്ന് യിസ്രായേൽ പറയട്ടെ. 
 3 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് 
എന്ന് അഹരോൻഗൃഹം പറയട്ടെ. 
 4 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് 
എന്ന് യഹോവാഭക്തർ പറയട്ടെ. 
 5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 
യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. 
 6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; 
മനുഷ്യൻ എന്നോട് എന്ത് ചെയ്യും? 
 7 എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; 
എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും. 
 8 മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ 
യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. 
 9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ 
യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. 
 10 സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; 
യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും* നശിപ്പിച്ചുകളയും ഛേദിച്ചുകളയും. 
 11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; 
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 
 12 അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; 
മുൾതീപോലെ അവർ കെട്ടുപോയി; 
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 
 13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; 
എങ്കിലും യഹോവ എന്നെ സഹായിച്ചു. 
 14 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; 
അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു. 
 15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; 
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. 
 16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; 
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. 
 17 ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും. 
 18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; 
എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. 
 19 നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; 
ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും. 
 20 യഹോവയുടെ വാതിൽ ഇതുതന്നെ; 
നീതിമാന്മാർ അതിൽകൂടി കടക്കും. 
 21 അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ 
ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. 
 22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. 
 23 ഇത് യഹോവയാൽ സംഭവിച്ചു 
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. 
 24 ഇത് യഹോവ ഉണ്ടാക്കിയ ദിവസം; 
ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. 
 25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; 
യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ. 
 26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 
ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. 
 27 യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; 
യാഗപീഠത്തിന്റെ കൊമ്പുകളിൽ 
യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ. 
 28 അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; 
അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും. 
 29 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 
ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.