16
“ഞാനിതെല്ലാം നിങ്ങളോടു പറഞ്ഞത് ആരും നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാതിരിക്കാനാണ്. ആളുകള്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍നിന്നും ഇറക്കിവിട്ടേക്കാം. നിങ്ങളെ കൊല്ലുന്നത് ദൈവത്തിനു യാഗമര്‍പ്പിക്കലാണെന്ന് ആളുകള്‍ ചിന്തിക്കുന്ന സമയം വരും. പിതാവിനെയും എന്നെയും അറിയാത്തതു കൊണ്ടാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇതെല്ലാം ഞാന്‍ നിങ്ങളോടിപ്പോള്‍ പറയുന്നു. അതുകൊണ്ട് ഇതെല്ലാം സംഭവിക്കുന്പോള്‍, ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നിരുന്നു എന്നു നിങ്ങള്‍ ഓര്‍ക്കും.
പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍
“ആരംഭത്തില്‍ ഞാന്‍ നിങ്ങളോട് ഇതൊന്നും പറഞ്ഞില്ല, കാരണം ഞാനപ്പോള്‍ നിങ്ങളോടൊത്തുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുത്തേക്കു മടങ്ങുന്നു. എന്നാല്‍ നിങ്ങളാരും എന്നോട് ‘നീ എവിടെപ്പോകുന്നു?’ എന്നു ചോദിക്കുന്നില്ല. ഞാനിതെല്ലാം പറഞ്ഞതുകൊണ്ട് നിങ്ങളുടെ മനസ്സു നിറയെ ദുഃഖമാണ്. പക്ഷേ ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഞാന്‍ ദൂരേക്കു പോകുന്നത് നിങ്ങള്‍ക്കു നല്ലതാണ്. കാരണം, ഞാന്‍ പോകുന്പോള്‍ സഹായിയെ ഞാന്‍ അയയ്ക്കും. ഞാന്‍ പോയില്ലെങ്കില്‍ അയാള്‍ വരില്ല.
“സഹായി വരുന്പോള്‍ അവന്‍ ലോകത്തിനു തെറ്റു പറ്റിയെന്നു തെളിയിക്കും. പാപത്തെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെ തെറ്റ് അവന്‍ വെളിച്ചത്തു കൊണ്ടുവരും. കാരണം അവര്‍ എന്നില്‍ വിശ്വസിക്കുന്നില്ല. 10 അവര്‍ എന്നില്‍ വിശ്വസിക്കാത്തതു കൊണ്ട് പാപത്തെപ്പറ്റിയും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോവുകയും നിങ്ങളിനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതു കൊണ്ടു നീതിയെപ്പറ്റിയും അവര്‍ കുറ്റപ്പെടുത്തും. 11 ഈ ലോകത്തിന്‍റെ ഭരണാധികാരി വിധിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അവന്‍ ന്യായവിധിയെപ്പറ്റിയുള്ള സത്യം ലോകത്തിനു തെളിയിച്ചു കൊടുക്കും.
12 “എനിക്കു നിങ്ങളോടു പറയാന്‍ ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്. എന്നാല്‍ അതു താങ്ങാന്‍ നിങ്ങള്‍ക്കിപ്പോള്‍ ആവില്ല. 13 എന്നാല്‍ സത്യാത്മാവ് വരുന്പോള്‍ അവന്‍ നിങ്ങളെ പരിപൂര്‍ണ്ണമായ സത്യത്തിലേക്കു നയിക്കും. സത്യാത്മാവ് അവന്‍റെ തന്നെ വാക്കുകളല്ല പറയുന്നത്. അവന്‍ കേട്ടത് മാത്രം പറയും. സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോടു പറയും. 14 സത്യാത്മാവ് എന്നെ മഹത്വപ്പെടുത്തും. എങ്ങനെയെന്നോ? അവന്‍ എന്നില്‍ നിന്നെടുത്ത് അവ നിങ്ങളോടു പറയും. 15 പിതാവിനുള്ളവയെല്ലാം എന്‍റേതാണ്. അതുകൊണ്ടാണ് ആത്മാവ് എന്നില്‍ നിന്നെടുത്ത് നിങ്ങളോടു പറയുമെന്നു ഞാന്‍ പറഞ്ഞത്.
ദുഃഖം സന്തോഷമാകും
16 “അല്പസമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും.”
17 ഏതാനും ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, “അല്പസമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ നിങ്ങളെന്നെ വീണ്ടും കാണും എന്ന് യേശു പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണ്? എന്തെന്നാല്‍ ‘ഞാനെന്‍റെ പിതാവിന്‍റെ അടുത്തേയ്ക്കു പോകുന്നു’ എന്നു പറയുന്നതിനും എന്താണര്‍ത്ഥം?” 18 ശിഷ്യന്മാര്‍ തമ്മില്‍ ചോദിച്ചു, “ഒരല്പനേരം എന്നതിന് എന്താണര്‍ത്ഥം? അവനെന്താണു പറയുന്നതെന്ന് ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”
19 ശിഷ്യന്മാര്‍ക്കിതേപ്പറ്റി ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് യേശു മനസ്സിലാക്കി. അതുകൊണ്ടവന്‍ അവരോടു പറഞ്ഞു, “അല്പനേരത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. കുറച്ചു നേരംകൂടി കഴിഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും എന്നും ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമാണോ നിങ്ങള്‍ പരസ്പരം ചോദിക്കുന്നത്? 20 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. നിങ്ങള്‍ കരയുകയും ദുഃഖിതരാവുകയും ചെയ്യുമെങ്കിലും ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കിലും നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.
21 “ഒരുവള്‍ പ്രസവിക്കുന്പോള്‍ അവള്‍ക്കു വേദനയുണ്ടാകും. കാരണം അവളുടെ സമയമായി എന്നതുതന്നെ. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുന്പോള്‍ അവള്‍ വേദന മറക്കുന്നു. ഒരു ശിശുവിനെ ലോകത്തിലേക്കു കൊണ്ടുവന്നതില്‍ അവള്‍ എല്ലാം മറന്നു സന്തോഷിക്കുന്നു. 22 നിങ്ങള്‍ക്കും അതുപോലെ തന്നെ. ഇപ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. എന്നാല്‍ ഞാനിനി നിങ്ങളെ കാണുന്പോള്‍ നിങ്ങള്‍ ഹൃദയംഗമായി ആഹ്ലാദിക്കും. ആരും നിങ്ങളുടെ സന്തോഷത്തെ തട്ടിമാറ്റുകയുമില്ല. 23 ആ ദിവസം നിങ്ങള്‍ എന്നോടൊന്നും ആവശ്യപ്പെടുകയില്ല. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തു ആവശ്യപ്പെട്ടാലും എന്‍റെ പിതാവ് അതു നിറവേറ്റിത്തരും. 24 നിങ്ങളിതുവരെ എന്‍റെ നാമത്തില്‍ ഒന്നും ആവശ്യപ്പെട്ടില്ല. ചോദിക്കുക, നിങ്ങള്‍ക്കു കിട്ടും. അങ്ങനെ നിങ്ങളുടെ ആഹ്ലാദം പൂര്‍ണ്ണമാകും.
ലോകത്തിനുമേല്‍ വിജയം
25 “ഇതു ഞാന്‍ ആലങ്കാരിക ഭാഷയില്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാല്‍ വാക്കുകള്‍ അപ്രകാരം ഉപയോഗിക്കാതെ ഞാന്‍ കാര്യങ്ങള്‍ പറയുന്നകാലം വരും. ഞാന്‍ നിങ്ങളോടു നേരിട്ടുള്ള വാക്കുകളില്‍ പിതാവിനെപ്പറ്റി പറയും. 26 ആ ദിവസം നിങ്ങള്‍ പിതാവിനോട് എന്‍റെ നാമത്തില്‍ പലതും ചോദിക്കും. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് ചോദിക്കേണ്ട ആവശ്യമില്ല. 27 പിതാവ് തന്നെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്നെ സ്നേഹിച്ചതിനാല്‍ അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ ദൈവത്തില്‍ നിന്നു വന്നവനാണെന്ന് നിങ്ങള്‍ വിശ്വസിച്ചതുകൊണ്ടും പിതാവ് നിങ്ങളെ സ്നേഹിക്കുന്നു. 28 ഞാന്‍ പിതാവില്‍ നിന്ന് ഈ ലോകത്തിലേക്കു വന്നു. ഇപ്പോള്‍ ഞാന്‍ ഈ ലോകം വിട്ട് പിതാവിലേക്കു മടങ്ങുന്നു.”
29 അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “അങ്ങിപ്പോള്‍ ഞങ്ങളോടു വ്യക്തമായി സംസാരിക്കുന്നു. അങ്ങിപ്പോള്‍ ആലങ്കാരികമായ ഭാഷ ഉപയോഗിക്കുന്നില്ല. 30 അങ്ങയ്ക്ക് എല്ലാമറിയാമെന്നു ഞങ്ങള്‍ക്കിപ്പോള്‍ കാണാം. ഒരുവന്‍ ഒരു ചോദ്യം ചോദിക്കും മുന്പു തന്നെ നിനക്കതിനു മറുപടി പറയാനാകും. നീ ദൈവത്തില്‍ നിന്നും വന്നതാണെന്നതു ഞങ്ങളെ വിശ്വസിപ്പിക്കുന്നു.”
31 യേശു പറഞ്ഞു, “അതുകൊണ്ടിപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നു അല്ലേ? 32 ഇവിടെ ശ്രദ്ധിക്കുക. നിങ്ങള്‍ ചിതറിക്കപ്പെടുന്ന സമയം വരും. നിങ്ങളില്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു ചിതറിക്കപ്പെടും. അതിപ്പോഴാണ്. നിങ്ങളെന്നെ വിട്ടുപോകും. ഞാനൊറ്റയ്ക്കാകും. പക്ഷേ ഞാനൊരിക്കലും ഒറ്റയ്ക്കല്ല. കാരണം പിതാവ് എന്നോടൊപ്പമുണ്ട്.
33 “നിങ്ങള്‍ക്കെന്നില്‍ സമാധാനം ഉണ്ടായിരിക്കാന്‍ വേണ്ടിയാണു നിങ്ങളോടു ഞാനിതൊക്കെ പറഞ്ഞത്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ധൈര്യത്തോടെയിരിക്കുക. ഞാന്‍ ലോകത്തെ പരാജയപ്പെടുത്തിയിരിക്കുന്നു.