2 ദിനവൃത്താന്തം
ശലോമോന്‍ ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കുന്നു
1
ദൈവമാകുന്ന യഹോവ തന്നോടൊപ്പമുണ്ടായിരുന്നതിനാല്‍ ശലോമോന്‍ അതിശക്തനായൊരു രാജാവായിത്തീര്‍ന്നു. യഹോവ ശലോമോനെ വളരെ മഹാനാക്കി.
ശലോമോന്‍ യിസ്രായേല്‍ജനതയോടു സംസാരിച്ചു. കപ്പിത്താന്മാര്‍, സൈന്യാധിപന്മാര്‍, ന്യായാധിപന്മാര്‍, യിസ്രായേലിലെ മുഴുവന്‍ നേതാക്കള്‍, കുടുംബനാഥന്മാര്‍ എന്നിവരോടെല്ലാം ശലോമോന്‍ സംസാരിച്ചു. അനന്തരം ശലോമോനും അയാളോടൊത്തു ചേര്‍ന്നിരുന്നവരും മുഴുവന്‍ ഗിബെയോനിലെ ഉന്നതസ്ഥലത്തേക്കു പോയി. ദൈവത്തിന്‍റെ സമ്മേളനക്കൂടാരം അവിടെയായിരുന്നു. യിസ്രായേല്‍ജനതയോടൊപ്പം മരുഭൂമിയിലായിരിക്കവേ യഹോവയുടെ ദാസനായ മോശെ നിര്‍മ്മിച്ചതാണ് ആ കൂടാരം. ദാവീദ്, ദൈവത്തിന്‍റെ സാക്ഷ്യപെട്ടകം കിര്യത്ത്-യെയാരീമീല്‍നിന്നും യെരൂശലേമിലേക്കു കൊണ്ടുവന്നിരുന്നു. അതു വയ്ക്കുന്നതിന് ദാവീദ് യെരൂശലേമില്‍ ഒരു സ്ഥലമൊരുക്കിയിരുന്നു. ദൈവത്തിന്‍റെ സാക്ഷ്യപെട്ടകം വയ്ക്കുന്നതിന് ദാവീദ് യെരൂശലേമില്‍ ഒരു കൂടാരമൊരുക്കിയിരുന്നു. ഹൂരിന്‍റെ പുത്രനായ ഊരിയുടെ പുത്രനായ ബെസലേല്‍ ഒരു വെങ്കലയാഗപീഠം നിര്‍മ്മിച്ചിരുന്നു. ഗിബെയോനില്‍ വിശുദ്ധകൂടാരത്തിന്‍റെ മുന്പിലായിരുന്നു വെങ്കലയാഗപീഠം. അതിനാല്‍ ശലോമോനും ജനങ്ങളും ഗിബെയോനിലേക്കു യഹോവയുടെ ഉപദേശത്തിനായി പോയി. സമ്മേളനക്കൂടാരത്തില്‍ യഹോവയ്ക്കു മുന്പിലുള്ള വെങ്കലയാഗപീഠത്തിലേക്കു ശലോമോന്‍ കയറി. ശലോമോന്‍ യാഗപീഠത്തില്‍ ആയിരം ഹോമയാഗങ്ങളര്‍പ്പിച്ചു. ആ രാത്രിയില്‍ ദൈവം ശലോമോനു പ്രത്യക്ഷപ്പെട്ടു. ദൈവം പറഞ്ഞു, “ഞാന്‍ നിനക്കെന്താണു തരേണ്ടതെന്ന് ചോദിക്കൂ ശലോമോനേ.”
ശലോമോന്‍ ദൈവത്തോടു പറഞ്ഞു, “എന്‍റെ പിതാവായ ദാവീദിനോടു അങ്ങ് വളരെ ദയകാട്ടി. എന്‍റെ പിതാവിന്‍റെ സ്ഥാനത്ത് പുതിയ രാജാവായി അങ്ങെന്നെ തെരഞ്ഞെടുത്തു. ദൈവമായ യഹോവേ, ഇനി അങ്ങ് എന്‍റെ പിതാവിനോടുള്ള വാഗ്ദാനം പാലിച്ചാലും. വളരെ വലിയ ഒരു രാജ്യത്തിന്‍റെ രാജാവായിരിക്കേണ്ടതിന് അങ്ങ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടെ ഭൂമിയിലെ മണല്‍ത്തരികള്‍ പോലെ ധാരാളം ജനങ്ങളുണ്ട്! 10 അവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ട ബുദ്ധിയും അറിവും നീ എനിക്ക് നല്‍കിയാലും. അങ്ങയുടെ സഹായമില്ലാതെ അവരെ ഭരിക്കാന്‍ ആര്‍ക്കുമാവില്ല!” 11 ദൈവം ശലോമോനോടു പറഞ്ഞു, “നിന്‍റേത് ശരിയായ മനോഭാവമാണ്. നീ സ്വത്തോ ധനമോ ബഹുമതിയോ ഒന്നും ചോദിച്ചില്ല. നിന്‍റെ ശത്രുക്കള്‍ കൊല്ലപ്പെടണമെന്നും നീ ആവശ്യപ്പെട്ടില്ല. ദീര്‍ഘായുസ്സും നീ ചോദിച്ചില്ല. ഇല്ല, നീ അതൊന്നുമല്ല ചോദിച്ചത്. നിന്നെ ഞാന്‍ ഭരിക്കാന്‍ ഏല്പിച്ച എന്‍റെ ജനതയ്ക്കു വേണ്ടി ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ബുദ്ധിയും അറിവുമാണ് നീ ആവശ്യപ്പെട്ടത്. 12 അതിനാല്‍ നിനക്ക് ഞാന്‍ ബുദ്ധിയും അറിവും നല്‍കും. കൂടാതെ സ്വത്തും പണവും ബഹുമതിയും നിനക്കു ഞാന്‍ നല്‍കും. നിനക്കു മുന്പ് ഒരു രാജാവും ഇത്ര ധനത്തോടെയും ബഹുമതിയോടെയും ജീവിച്ചിട്ടുണ്ടാവില്ല. ഭാവിയിലും ഒരു രാജാവിനും ഇത്രമാത്രം സ്വത്തും ബഹുമതിയും ലഭിക്കുകയുമില്ല.”
13 അതിനാല്‍ ശലോമോന്‍ ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു പോയി. അനന്തരം ശലോമോന്‍ സമ്മേളനക്കൂടാരത്തില്‍നിന്നും യിസ്രായേല്‍രാജാവായി ഭരണം നടത്തുന്നതിന് യെരൂശലേമിലേക്കു പോയി.
ശലോമോന്‍ തന്‍റെ സൈന്യവും സ്വത്തും ഉണ്ടാക്കുന്നു
14 ശലോമോന്‍ തന്‍റെ സൈന്യത്തിനായി കുതിരകളെയും രഥങ്ങളെയും സ്വരൂപിച്ചുതുടങ്ങി. ശലോമോന് 1400 രഥങ്ങളും 12,000 കുതിരപ്പടയാളികളെയും ലഭിച്ചു. ശലോമോന്‍ അവയെ രഥനഗരങ്ങളില്‍ നിര്‍ത്തി. രാജകൊട്ടാരമിരുന്ന സ്ഥലമായ യെരൂശലേമിലും അവരില്‍ കുറേപ്പേരെ നിര്‍ത്തി. 15 യെരൂശലേമില്‍ ശലോമോന്‍ ധാരാളം സ്വര്‍ണ്ണവും വെള്ളിയും സമാഹരിച്ചു. കല്ലുകള്‍പോലെ സുലഭമായി സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. ധാരാളം ദേവദാരുമരവും ശലോമോന്‍ സ്വരൂപിച്ചു. ദേവദാരുവാകട്ടെ പടിഞ്ഞാറന്‍ മലന്പ്രദേശത്തു വളരുന്ന കാട്ടത്തിമരം പോലെ സര്‍വ്വസാധാരണവും. 16 ഈജിപ്തില്‍നിന്നും ക്വേയില്‍നിന്നുമാണ് ശലോമോന്‍ കുതിരകളെ ഇറക്കുമതി ചെയ്തത്. രാജാവിന്‍റെ വ്യാപാരികളാണ് ക്വേയില്‍നിന്ന് അവയെ വാങ്ങിയത്. 17 ശലോമോന്‍റെ വ്യാപാരികള്‍ അറുനൂറു ശേക്കല്‍ വെള്ളി ഓരോരഥത്തിനു വേണ്ടിയും നൂറ്റന്പതു ശേക്കല്‍ വെള്ളി ഓരോ കുതിരയ്ക്കുവേണ്ടിയും കൊടുത്തു. അവര്‍ ആ കുതിരകളെയും രഥങ്ങളെയും ഹിത്യരുടെയും അരാമിന്‍റെയും മുഴുവന്‍ രാജാക്കന്മാര്‍ക്കും വിറ്റു.