പാപത്തില്‍ മരിക്കുകയും ക്രിസ്തുവില്‍ ജീവിക്കുകയും ചെയ്യും
6
അതുകൊണ്ട് ദൈവത്തിന്‍റെ കൃപ കൂടുതല്‍ ലഭിക്കാന്‍വേണ്ടി പാപം ചെയ്തുകൊണ്ടിരിക്കണമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പാപത്തില്‍ എങ്ങനെ ജീവിക്കും? നാമെല്ലാം ജ്ഞാനസ്നാനം ചെയ്യപ്പെട്ടു കഴിഞ്ഞപ്പോള്‍ ക്രിസ്തുയേശുവിന്‍റെ ഭാഗമായിക്കഴിഞ്ഞുവെന്നതു നിങ്ങള്‍ മറന്നോ? സ്നാനം വഴി അവന്‍റെ മരണത്തിലും പങ്കാളികളായി. അതുകൊണ്ട്, സ്നാനത്താല്‍ നാം ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെടുകയും അവന്‍റെ മരണത്തില്‍ പങ്കുചേരുകയും ചെയ്തു. നാമേവരും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും ഒരു പുതിയ ജീവിതം നയിക്കുകയും തക്കവണ്ണം ക്രിസ്തുവിനോടൊപ്പം നമ്മെയും സംസ്കരിച്ചിരിക്കുന്നു. പിതാവിന്‍റെ മഹത്തായ ശക്തിയാല്‍ ക്രിസ്തു മരണത്തില്‍നിന്നു ഉയിര്‍ത്തപ്പെട്ടതുപോലെ നമ്മുടെ കാര്യത്തിലും ഇത് സംഭവിച്ചു.
ക്രിസ്തു മരിച്ചു; ക്രിസ്തു മരിച്ചതുപോലെ നാമും മരിച്ചതിനാല്‍ നമ്മളും അവനോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്തു മരണത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റതു പോലെ നമ്മളും അവനോടൊപ്പം ചേരും. നമ്മുടെ പഴയ ജീവിതം ക്രിസ്തുവിനോടൊപ്പം കുരിശില്‍ മരിച്ചു എന്നു നമുക്കറിയാം. നമ്മുടെ പാപം നിറഞ്ഞ സ്വയത്തിന് നമ്മില്‍ യാതൊരു ശക്തിയുമില്ലാത്തവണ്ണമാണ് ഇതു സംഭവിച്ചത്. അതിനാല്‍ നാം ഇപ്പോള്‍ മുതല്‍ ഒരിക്കലും പാപത്തിന് അടിമകളാകരുത്. മരിച്ചവരെ പാപത്തിന്‍റെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു.
നാം ക്രിസ്തുവിനോടൊപ്പം മരിച്ചെങ്കില്‍, അവനോടൊപ്പം ജീവിക്കുമെന്നും നമുക്കറിയാം. മരിച്ചവരില്‍നിന്നും ക്രിസ്തു ഉയര്‍പ്പിക്കപ്പെട്ടിരിക്കകൊണ്ട് ഇനി ഒരിക്കല്‍ കൂടി മരിക്കാന്‍ അവനു സാധിക്കില്ല എന്നു നമുക്കറിയാം. അവന്‍റെമേല്‍ മരണത്തിന് ഇനിമേല്‍ യാതൊരു ആധിപത്യവുമില്ല. 10 അതെ, ക്രിസ്തു ഒരു തവണ മരിച്ചപ്പോള്‍ പാപത്തിന്‍റെ ശക്തിയെ എക്കാലത്തേക്കും കീഴടക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അവനു പുതുജീവന്‍ കൈവന്നിരിക്കുന്നു. ദൈവത്തോടൊപ്പമുളള ജീവിതം. 11 അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോടം മരിച്ചവരാണെന്നും കണക്കാക്കണം. ക്രിസ്തുയേശു വഴിയായി നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നുവെന്നും അറിയണം. നിങ്ങള്‍ നിങ്ങളെത്തന്നെ ക്രിസ്തുവിലൂടെ പരിഗണിക്കണം.
12 പക്ഷെ നിങ്ങളുടെ ഈ ലോകജീവിതത്തില്‍ ഭരണം നടത്താന്‍ പാപത്തെ അനുവദിക്കരുത്. നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ പാപം നിറഞ്ഞ നിങ്ങളുടെ സ്വയത്തെ അനുവദിക്കാതിരിക്കുക 13 പാപത്തിനു ദാസ്യമനുഷ്ഠിച്ചു തെറ്റുകള്‍ ചെയ്യാന്‍ നിങ്ങളുടെ അവയവങ്ങളെ ഉപകരണങ്ങളാക്കാതിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുക. മരണത്തില്‍നിന്നും ജീവിതത്തിലേക്ക് ആനയിക്കപ്പെട്ടവരായി ദൈവത്തിന് കീഴ്വഴങ്ങുക. നന്മ ചെയ്യാനായി നിങ്ങളുടെ അവയവങ്ങളെ ദൈവത്തിന് അര്‍പ്പിക്കുക. 14 പാപത്തിന് നിങ്ങളുടെമേല്‍ അധികാരം ഉണ്ടാവുകയില്ല. കാരണം നിങ്ങള്‍ ന്യായപ്രമാണത്തിനു കീഴിലല്ല. ദൈവകൃപയുടെ കീഴിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.
നീതിനിഷ്ഠയുടെ അടിമകള്‍
15 പിന്നെ എന്ത്? ന്യായപ്രമാണത്തിനു കീഴിലല്ലാത്തതുകൊണ്ടും കൃപയുടെ കീഴിലായതുകൊണ്ടും നാം പാപം ചെയ്യണമോ? വേണ്ട. 16 നിങ്ങള്‍ അടിമകളായി വഴങ്ങി ആരെയെങ്കിലും അനുസരിക്കുന്നുവെങ്കില്‍, അയാളുടെ അടിമയായിരിക്കും എന്നു അറിയുകയില്ലേ? നിങ്ങള്‍ ആരെ അനുസരിക്കുന്നോ അയാളായിരിക്കും നിങ്ങളുടെ ഉടമ. നിനക്ക് പാപത്തെ പിന്‍തുടരുകയോ ദൈവത്തെ അനുസരിക്കുകയോ ചെയ്യാം. പാപം ആത്മനാശം വരുത്തും. പക്ഷെ ദൈവാനുസരണം അവന്‍റെ മുന്പാകെ നിന്നെ നീതീകരിക്കും. 17 ഭൂതകാലത്ത് നിങ്ങള്‍ പാപത്തിന്‍റെ അടിമകളായിരുന്നു. പാപം നിങ്ങളെ അടക്കി ഭരിച്ചു. പക്ഷെ ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചു. ദൈവത്തിനു നന്ദി. 18 നിങ്ങള്‍ പാപത്തില്‍നിന്നു മുക്തരായി. ഇപ്പോള്‍ നിങ്ങള്‍ നന്മയുടെ അടിമകളാണ്. 19 നിങ്ങളുടെ മാനുഷികമായ പരിമിതികള്‍ നിമിത്തമാണ് ഞാന്‍ ഈവിധം പറയുന്നത്. നിങ്ങള്‍ക്കു പരിചിതമായ ഉദാഹരണംകൊണ്ട് ഇതു വ്യക്തമാക്കാം. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരഭാഗങ്ങളെ പാപകര്‍മ്മങ്ങള്‍ക്കും തിന്മക്കും വിധേയമാക്കി. നിങ്ങള്‍ തിന്മയ്ക്കുവേണ്ടി മാത്രം ജീവിച്ചു. ഇനി നിങ്ങളെ നന്മകളുടെ അടിമകളാകാന്‍ അനുവദിക്കുക. അപ്പോള്‍ നിങ്ങള്‍ ദൈവത്തിനുവേണ്ടി മാത്രമായിരിക്കും ജീവിക്കുന്നത്.
20 പണ്ട് നിങ്ങള്‍ പാപത്തിന് അടിമളായിരുന്നു. നീതിയുടെ നിയന്ത്രണത്തിലായിരുന്നില്ല നിങ്ങള്‍. 21 നിങ്ങള്‍ ദുഷ്കര്‍മ്മങ്ങളനുഷ്ഠിച്ചു. ഇപ്പോള്‍ നിങ്ങള്‍ അതേപ്പറ്റി ലജ്ജിക്കുന്നു. അതൊക്കെ നിങ്ങളെ സഹായിച്ചുവോ? ഇല്ല. ആത്മമരണം വരുത്താന്‍ മാത്രമേ അവയ്ക്കാകൂ. 22 പക്ഷെ, ഇപ്പോള്‍ നിങ്ങള്‍ പാപവിമുക്തരാണ്. ദൈവത്തിന്‍റെ അടിമകളാണ്. ദൈവത്തിനു വേണ്ടി മാത്രമായുളള ജീവിതത്തിലേക്ക് ഇതു നിങ്ങളെ എത്തിച്ചു. അങ്ങനെ നിങ്ങള്‍ക്കു നിത്യജീവന്‍ ലഭിക്കും. 23 മനുഷ്യര്‍ പാപം ചെയ്യുന്പോള്‍, അതിനുളള പ്രതിഫലമായ മരണത്തിന് അവര്‍ അര്‍ഹരാകും. പക്ഷെ, ദൈവം അവന്‍റെ ജനത്തിന് ഒരു സൌജന്യദാനം നല്‍കി-നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിലുളള നിത്യജീവന്‍.