വിവാഹത്തില്‍ നിന്ന് ഒരുദാഹരണം
7
സഹോദരീ സഹോദരന്മാരേ, മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ക്കെല്ലാമറിയാം. അതുകൊണ്ട് ഒരുവന്‍ ജീവിച്ചിരിക്കുന്പോള്‍ മാത്രമെ ന്യായപ്രമാണത്തിന് അവന്‍റെമേല്‍ അധികാരമുളളുവെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. ഞാനൊരുദാഹരണം എടുത്തുകാട്ടാം. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നിടത്തോളം അയാളുടെ ഭാര്യയായിരിക്കും. ഭര്‍ത്താവ് മരിച്ചാല്‍ വിവാഹം സംബന്ധിച്ച ന്യായപ്രമാണങ്ങളില്‍നിന്ന് അവള്‍ മുക്തയാകും. ഭര്‍ ത്താവ് ജീവിച്ചിരിക്കെ ആ സ്ത്രീ മറ്റൊരുവനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവള്‍ വ്യഭിചാരക്കുറ്റം ചെയ്തതായി ന്യായപ്രമാണമനുശാസിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹബന്ധത്തെ സംബന്ധിച്ച ന്യായപ്രമാണത്തില്‍നിന്ന് അവള്‍ മുക്തയാകും. അങ്ങനെ, ഭര്‍ത്താവിന്‍റെ മരണശേഷം മറ്റൊരുവനെ വിവാഹം കഴിച്ചാല്‍ അവള്‍ വ്യഭിചാരിണി എന്ന കുറ്റക്കാരിയാകുന്നില്ല.
സഹോദരീ സഹോദരന്മാരേ, ഇതുപോലെ നിങ്ങളിലെ പഴയസ്വയം മരിക്കുകയും ക്രിസ്തുവിന്‍റെ ശരീരം വഴി ന്യായപ്രമാണത്തില്‍ നിന്ന് മോചനം നേടുകയും ചെയ്തു. നിങ്ങള്‍ ഇപ്പോള്‍ മറ്റാരുടെയോ ആണ്. മരണത്തില്‍നിന്നും ഉയിര്‍ത്ത ക്രിസ്തുവിന്‍റേതാണ് ഇപ്പോള്‍ നിങ്ങള്‍. നാം ക്രിസ്തുവിന്‍റേതായതു കൊണ്ട് ദൈവത്തിനു വേണ്ടി പ്രവൃത്തിക്കാന്‍ നമ്മെ ഉപയോഗിക്കാം. പണ്ട് നമ്മെ ഭരിച്ചുകൊണ്ടിരുന്നത് പാപം നിറഞ്ഞ നമ്മുടെ സ്വയം ആയിരുന്നു. ന്യായപ്രമാണം പാപകര്‍മ്മങ്ങള്‍ ചെയ്യാനുളള താല്പര്യം നമ്മില്‍ ഉളവാക്കി. നാം ചെയ്തുകൊണ്ടിരിക്കുന്നതും നമ്മുടെ ശരീരങ്ങളെ നിയന്ത്രിച്ചിരുന്നതുമായ പാപകര്‍മ്മങ്ങള്‍ നമുക്കു ആത്മമരണം വരുത്തിവച്ചു. പണ്ട്, തടവുകാരെ എന്നവണ്ണം നമ്മെ ന്യായപ്രമാണം തട ഞ്ഞുവച്ചു. എന്നാല്‍ നമ്മുടെ പഴയ സ്വയം മരിക്കുകയും ന്യായപ്രമാണത്തില്‍നിന്നും മോചനം നേടുകയും ചെയ്തതുകൊണ്ട്, പണ്ടത്തെ ലിഖിതചട്ടത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെയല്ല ആ പുതിയ പാതയിലൂടെയാണ് നാമിന്ന് ദൈവത്തെ ശുശ്രൂഷിക്കുന്നത്. പരിശുദ്ധാത്മാവിലൂടെയുളള പുതുവഴിയിലാണ് നാമിന്നു ദൈവത്തെ ശുശ്രൂഷിക്കുന്നത്.
പാപത്തിനെതിരെയുളള നമ്മുടെ സമരം
ന്യായപ്രമാണവും പാപവും ഒന്നാണെന്നാണ് ഞാന്‍ പറയുന്നതെന്ന്, ഒരുപക്ഷേ, നിങ്ങള്‍ ധരിച്ചേ ക്കാം. അതുശരിയല്ല. “പാപം എന്താണെന്നറിയാന്‍ ന്യായപ്രമാണം മാത്രമാണ് ഉപാധി. മറ്റുളളവര്‍ക്കവകാശപ്പെട്ടവ നിങ്ങള്‍ക്കാവശ്യമില്ല. അവയ്ക്കാശിക്കുന്നത് തെറ്റുമാണ്. ഉദ്ധരണി പുറ. 20:17 ആവ. 5:21. പാപം ആ അനുശാസനത്തില്‍ അവസരം കണ്ടെത്തി എല്ലാത്തരം ആശകളും അഭിലാഷങ്ങളും എന്നിലുളവാക്കി. അങ്ങനെ ആ അനുശാസനം പാപത്തിന് എന്നിലേക്കു വരുവാന്‍ കാരണമായി. ന്യായപ്രമാണത്തിന്‍റെ അഭാവത്തില്‍ പാപത്തിനു ഒട്ടും ശക്തിയില്ല. പാപം അശക്തമാണ്. ന്യായപ്ര മാണം അറിയുന്നതിനു മുന്പേ ന്യായപ്രമാണം കൂടാതെ ഞാന്‍ ജീവിച്ചു. പക്ഷെ അനുശാസനങ്ങള്‍ വന്നപ്പോള്‍ പാപം പുനര്‍ജ്ജനിച്ചു. 10 ഞാന്‍ പാപംമൂലം ആത്മീയമായി മരിച്ചു. ജീവന്‍ നല്‍കുക എന്നതാണ് കല്പനകളുടെ ഉദ്ദേശ്യമെങ്കിലും എനിക്കു ന്യായപ്രമാണം നല്‍കിയത് മരണമത്രേ. 11 എന്നെ ചതിക്കാന്‍ പാപം കല്പനകളെ പ്രയോജനപ്പെടുത്തി ഒരു മാര്‍ഗ്ഗം കണ്ടെത്തി. എന്നെ കൊല്ലാന്‍ വേണ്ടി പാപം കല്പനകളെ ഉപയോഗിച്ചു.
12 അതുകൊണ്ട് ന്യായപ്രമാണം വിശുദ്ധവും കല്പന വിശുദ്ധവും ശരിയും നല്ലതും ആണ്. 13 ഇതിന്‍റെ അര്‍ത്ഥം നന്മയായ എന്തോ ഒന്ന് എനിക്കു മരണമുണ്ടാക്കി എന്നാണോ? അല്ല. പക്ഷെ, പാപം നന്മയായ ചിലതിനെ എനിക്കു മരണം വരുത്താന്‍ ഉപയോഗിച്ചു. ഇങ്ങനെ സംഭവിച്ചതുകൊണ്ട് പാപം യഥാര്‍ത്ഥത്തില്‍ എന്താണെന്നു വ്യക്തമായി കാണാന്‍ എനിക്കു സാധിച്ചു. വളരെ വളരെ ഹീനമായ ഒന്നാണ് പാപം എന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത് ഇതു വെളിവാക്കാന്‍ വേണ്ടി കല്പനയെ ഉപയോഗിച്ചു.
മനുഷ്യനിലെ സംഘര്‍ഷം
14 ന്യായപ്രമാണം ആദ്ധ്യാത്മികമാണെന്ന് നമുക്കറിയാം. പക്ഷെ ഞാന്‍ ഭൌതികനാണ്. സ്വന്തം അടിമയെ എന്ന പോലെ പാപം എന്നെ ഭരിച്ചു. 15 എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ നിയന്ത്രണത്തിലല്ല. ഞാന്‍ ചെയ്യേണ്ട നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നില്ല. വെറുക്കേണ്ട ചീത്തക്കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. 16 ഞാന്‍ ചെയ്യുന്നതായ തിന്മകള്‍ ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം ന്യായപ്രമാണം നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നുവെന്നാണ്. 17 എന്നാല്‍ തിന്മ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഞാനല്ല, എന്നില്‍ കുടിയിരിക്കുന്ന പാപമാണ്. 18 അതെ, എനിക്കറിയാം നന്മയൊന്നും എന്നില്‍ കുടിയിരിക്കുന്നില്ലെന്ന്. ഐഹികനായ എന്‍റെ ഭാഗമായി നന്മയൊന്നും അവശേഷിക്കുന്നില്ലെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല. 19 ചെയ്യുവാനിഷ്ടപ്പെടുന്ന നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നില്ല. ചെയ്യാന്‍ ഇഷ്ടപ്പെടാത്ത തിന്മകള്‍ ചെയ്യുന്നു താനും. 20 ചെയ്യാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഞാനല്ല എന്നില്‍ കുടിയിരിക്കുന്ന പാപമാണ് അങ്ങനെ ചെയ്യുന്നത്.
21 അതുകൊണ്ട് ഈ തത്വം ഞാന്‍ പഠിച്ചു: ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്പോഴും തിന്മ എന്നോടൊപ്പമുണ്ട്. 22 ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ എന്‍റെ മനസ്സ് സന്തുഷ്ടമാണ്. 23 പക്ഷെ എന്‍റെ അവയവങ്ങളില്‍ മറ്റൊരു ന്യായപ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന ന്യായപ്രമാണവുമായി ഈ ന്യായപ്രമാണം മല്ലടിക്കുന്നു. എന്‍റെ ശാരീരികാവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആ ന്യായപ്രമാണം പാപത്തിന്‍റെ ന്യായപ്രമാണമാണ്. അത് എന്നെ തടവുകാരനാക്കുകയും ചെയ്യുന്നു. 24 ഇതു ഭീകരമാണ്. മരണാധീനമായ ഈ ശരീരത്തില്‍നിന്ന് ആരെന്നെ രക്ഷിക്കും? 25 ദൈവം എന്നെ രക്ഷിക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുളള അവന്‍റെ രക്ഷയ്ക്കായി ഞാന്‍ നന്ദി പറയുന്നു. അതുകൊണ്ട് ഞാന്‍ ഉളളില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് ദാസനാണ്.
പക്ഷെ എന്‍റെ പാപം നിറഞ്ഞ സ്വയത്തില്‍ ഞാന്‍ പാപത്തിന്‍റെ ന്യായപ്രമാണത്തിന് അടിമയുമാണ്.