ചോദ്യം: സൃഷ്ടിയോ പരിണാമമോ എന്ന വിഷയത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
പരിണാമമാണോ സൃഷ്ടിയാണോ ശരി എന്നതിനെപ്പറ്റി ഒരു വാദപ്രതിവാദം നടത്തുവാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഒരുങ്ങുന്നില്ല. അതു എഴുതപ്പെട്ട വേറെ എത്രയോ സ്ഥലങ്ങള്‍ ഉണ്ട്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒരു വാദപ്രതിവാദം ഇന്നും തുടരുന്നത്‌ എന്നതിനെപ്പറ്റി ബൈബിളിന്റെ ഉത്തരം തരുവാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌. റോമ.1:25 ല്‍ ഇങ്ങനെ വായിക്കുന്നു. ".. ദൈവത്തിന്റെ സത്യം അവര്‍ വ്യാജമായി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള്‍ സൃഷ്ടിയെ ഭജിച്ച്‌ ആരാധിച്ചു..."

പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്‍മാരില്‍ അനേകരും നിരീശ്വരവാദികളോ അജ്ഞാതവാദികളൊ ആണ്‌ എന്നത്‌ മറക്കുവാന്‍ പാടില്ലാത്ത കാര്യമാണ്‌. ദൈവവിശ്വാസികളായ പരിണാമവാദികളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍ പരിണാമവാദം വിശ്വസിക്കുന്നവരില്‍ തുലോം ചുരുക്കം ശാസ്ത്രജ്ഞന്‍മാരേ അവരുടെ ന്യായങ്ങള്‍ക്കുമുമ്പില്‍ വേറെ വഴി ഒന്നും ഇല്ലാത്തതിനാല്‍ അതില്‍ വിശ്വസിക്കുന്നവരായി കാണപ്പെടുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ദൈവമില്ലാതെ എല്ലാം ഉണ്ടായി വന്നു എന്നാണ്‌ പരിണാമ സിദ്ധാന്തത്തിന്റെ പിന്നണിയിലെ പ്രധാന തത്വം.

ദൈവം ഇല്ലാ എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ എങ്ങനെ ഈ അഖിലാണ്ഡവും ജീവനും മറ്റും ഉണ്ടായി എന്നതിന്‌ ഒരു ഉത്തരം വേണമല്ലോ. ഡാര്‍വിനു മുമ്പ്‌ ജീവിച്ചിരുന്നവരില്‍ ചിലര്‍ പരിണാമത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, ഡാര്‍വിനാണ്‌ ഈ സിദ്ധാന്തത്തിന്‌ പ്രകൃത്യാ ഉണ്ടാകുന്ന തെരഞ്ഞെടുപ്പ്‌ എന്ന ആശയം ഉള്‍ക്കൊള്ളിച്ച്‌ ഇതിനെ ഉറപ്പിച്ചത്‌. ഒരുകാലത്ത്‌ ഡാര്‍വിന്‍ ഒരു ദൈവവിശ്വസി ആയിരുന്നെങ്കിലും തന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങളാല്‍ ഡാര്‍വിന്‍ ദൈവവിശ്വാസം കൈവിട്ടു. അങ്ങനെ നിരീശ്വരനായ ഒരാളുടെ കണ്ടുപിടുത്തമാണ്‌ പരിണാമവാദം. പരിണാമവാദം അതില്‍ തന്നെ നിരീശ്വരവാദം ഉള്‍ക്കൊള്ളുന്നതല്ല. എന്നാല്‍ പരിണാമവാദം നിരീശ്വരവാദത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. വേദപുസ്തകം അനുസരിച്ച്‌ പരിണാമവാദം നിലനില്‍ക്കുന്നതിന്റെ കാരണം തന്നെ നിരീശ്വരവാദമാണ്‌.

ദൈവം ഇല്ല എന്ന്‌ മൂഡന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു എന്ന്‌ വേദപുസ്തകം പറയുന്നു (സങ്കീ.14:1; 53:1). സൃഷ്ടിതാവായ ദൈവത്തില്‍ വിശ്വസിക്കാതിരിക്കുവാന്‍ ആര്‍ക്കും ന്യായമില്ല എന്നും വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതല്‍ അവന്റെ പ്രവര്‍ത്തികളാല്‍ ബുദ്ധിക്ക്‌ തെളിവായി വെളിപ്പെട്ടു വരുന്നു. അവര്‍ക്ക്‌ പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ" (റോമ.1:20). മൂഡന്‍മാര്‍ക്ക്‌ ബുദ്ധി ഇല്ലെന്ന്‌ അര്‍ത്ഥമില്ല. നിരീശ്വരവാദികളില്‍ പലരും അതീവ ബുദ്ധിശാലികളാണ്‌. എന്നാല്‍ ഒരാള്‍ തന്റെ അറിവിനേയും ബുദ്ധിയേയും ശരിയായി പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ മൂഡനായിത്തീരും എന്നതില്‍ സംശയമില്ല. "യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്‍മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു" (സദൃ.1:7).

പരിണാമവാദത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ സൃഷ്ടിപ്പും ബുദ്ധിപരമായ രൂപകല്‍പനയും ഒക്കെ വെറും മിത്ഥ്യയാണ്‌. അവര്‍ അതിനെ പുച്ഛിച്ചു തള്ളുന്നു. അവര്‍ പറയുന്നത്‌ പ്രകൃത്യാ ഉള്ളത്‌ മാത്രമേ ശാസ്ത്രീയമാകയുള്ളു എന്നാണ്‌. സൃഷ്ടിപ്പ്‌ പ്രകൃത്യാ ഉണ്ടായതിനറെര കൂട്ടത്തില്‍ ഉള്ളതല്ലല്ലോ. അതുകൊണ്ട്‌ അത്‌ ശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴികയില്ല എന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍ അവര്‍ മറക്കുന്ന കാര്യം പരിണാമവും ശാസ്ത്രീയമായി അപഗ്രഥിക്കുവാന്‍ പറ്റില്ല എന്ന കാര്യമാണ്‌. ആരും പരീക്ഷിച്ചറിഞ്ഞ്‌ പരിണാമത്തില്‍ വിശ്വസിച്ചതല്ലല്ലോ. അത്‌ വെറും ഒരു സിദ്ധാന്തം മാത്രമാണല്ലോ. എങ്കിലും പരിണാമം അല്ലാതെ വേറൊറു സാദ്ധ്യത ഉണ്ട്‌ എന്നത്‌ പരിഗണിക്കുവാന്‍ കൂടെ അവര്‍ക്ക്‌ മനസ്സില്ല.

എന്തൊക്കെ ആയാലും ഈ അഖിലാണ്ഡവും അതിലെ ജീവനും എങ്ങനെ ഉണ്ടായി എന്നത്‌ അക്കാലെത്തേക്ക്‌ തിരികെപ്പോയി നിരീക്ഷിച്ച്‌ കണ്ടുപിടിക്കുവാന്‍ ആര്‍ക്കും കഴികയില്ല. അതുകൊണ്ട്‌ സൃഷ്ടിപ്പു വാദവും പരിണാമ വാദവും വിശ്വാസത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്‌. ആര്‍ക്കും ജീവന്റെ ഉല്‍പത്തിയുടെ സമയത്തേയ്ക്ക്‌ തിരികെപ്പോയി അന്നു എന്താണ്‌ സംഭവിച്ചത്‌ എന്ന് നിരീക്ഷിച്ച്‌ ഒരു തീരുമാനത്തില്‍ എത്തുവാന്‍ ഒരിക്കലും സാധിക്കയില്ല. സൃഷ്ടിപ്പ്‌ ശാസ്ത്രീയമല്ല എന്നു പറഞ്ഞു അതിനെ പുച്ഛിക്കുന്നവര്‍ പരിണാമ വാദത്തേയും അങ്ങനെ തന്നെ പുച്ഛിച്ചു തള്ളേണ്ടതാണ്‌. ശാസ്ത്രീയമായി സൃഷ്ടിപ്പിനെ അംഗീകരിക്കുവാന്‍ മടിക്കുന്നവര്‍ പരിണാമ വാദത്തേയും ശാസ്ത്രീയമല്ല എന്നു പറഞ്ഞ്‌ ഉപേക്ഷിക്കേണ്ടതാണ്‌. എന്നാല്‍ അങ്ങനെ ചെയ്യുവാന്‍ അവര്‍ക്ക്‌ മനസ്സില്ല.

കാരണം ഒരു സൃഷ്ടി ഉണ്ടെങ്കില്‍ ഒരു സൃഷ്ടാവു ഉണ്ട്‌ എന്ന് സമ്മതിക്കേണ്ടിവരും. സൃഷ്ടാവിനോടു നമുക്കു കടപ്പാട്‌ ഉണ്ട്‌ എന്നും സമ്മതിക്കേണ്ടി വരും. അങ്ങനെ നിരീശ്വരവാദത്തിനു ഒരു താങ്ങു മാത്രമാണ്‌ പരിണാമവാദം. ദൈവമില്ലാതെ എങ്ങനെ ഇതെല്ലാം ഉണ്ടായി എന്നു പറയുവാന്‍ എന്തെങ്കിലും ഒന്ന് അവര്‍ക്ക്‌ വേണമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നിരീശ്വരവാദികളുടെ "ഉല്‍പത്തി"യാണ്‌ പരിണാമവാദം. വേദപുസ്തകം അനുസരിച്ച്‌ ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് നമുക്കു വിശ്വസിക്കാം. അല്ലെങ്കില്‍ മൂഡന്‍മാരുടെ ഉല്‍പത്തിപ്രമാണമായ പരിണാമവാദത്തില്‍ വിശ്വസിക്കേണ്ടി വരും.



ചോദ്യം: ദൈവവിശ്വാസവും സയന്‍സും തമ്മില്‍ പൊരുത്തം ഉണ്ടോ?

ഉത്തരം:
നമുക്കു ചുറ്റുപാടുമുള്ള കാര്യങ്ങളെ ഗവേഷണം മൂലം വ്യക്തമായി അറിഞ്ഞു അവയെ നമുക്കു പ്രയോജനപ്പെടുന്ന രീതിയില്‍ വിശദീകരിക്കുന്നതിനെ വിജ്ഞാനം അല്ലെങ്കില്‍ സയന്‍സ്‌ എന്ന് പറയുന്നു. നാം അധിവസിക്കുന്ന അഖിലാണ്ഡത്തെ മനസ്സിലാക്കുവാന്‍ നാം വിജ്ഞാനം പ്രയോജനപ്പെടുത്തുന്നു. ഗവേഷണത്തില്‍ കൂടെ അറിവു നേടുവാനുള്ള തെരച്ചില്‍ ആണ്‌ വിജ്ഞാനം. മനുഷന്‌ യുക്തിപരമായി ചിന്തിക്കുവാനും സങ്കല്‍പിക്കുവാനുമുള്ള കഴിവിനെയാണ്‌ വിജ്ഞാനത്തിന്റെ വളര്‍ച്ച വിളിച്ചറിയിക്കുന്നത്‌. ദൈവവിശ്വാസവും വിജ്ഞാനവും രണ്ടു തലത്തിലുള്ള കാര്യങ്ങളാണ്‌. ഒരു ദൈവവിശ്വാസി മനുഷന്റെ വിജ്ഞാനത്തെ മാനിക്കുന്നവന്‍ ആണ്‌. ദൈവം മനുഷന്റെ വിജ്ഞാനത്തെക്കാള്‍ അതീതനാണ്‌.

നാം ദൈവത്തില്‍ ആശ്രയിക്കുന്നത്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌. ദൈവപുത്രനില്‍ നാം രക്ഷക്കായും, ദൈവവചനത്തില്‍ നാം ബോധനത്തിനായും, ദൈവാത്മാവിനെ നാം നടത്തിപ്പുകാരനായും ആശ്രയിക്കുന്നു. നാം വിശ്വസിക്കുന്ന സൃഷ്ടികര്‍ത്താവായ ദൈവം സര്‍വശക്തനും, സര്‍വജ്ഞാനിയും, സര്‍വവ്യാപിയും, സ്നേഹനിധിയും ആയതുകൊണ്ട്‌ അവന്‍മേലുള്ള നമ്മുടെ വിശ്വാസം അപരിമിതമാണ്‌. എന്നാല്‍ ബുദ്ധിപരമായ കാര്യങ്ങള്‍ക്കു മാത്രമേ സയന്‍സ്‌ ഉപകരിക്കയുള്ളൂ. സയന്‍സ്‌ അനേക നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ സയന്‍സ്‌ ചിലപ്പോള്‍ തെറ്റിപ്പോകാറും ഉണ്ടല്ലോ. നാം നമ്മുടെ വിശ്വാസം സയന്‍സില്‍ അര്‍പ്പിച്ചാല്‍ പരിമിതികളും, അപൂര്‍ണരും, പാപം നിറഞ്ഞവരും, തെറ്റിപ്പോകുവാന്‍ സാദ്ധ്യതയുള്ള മനുഷരിലും ആണ്‌ നാം വിശ്വസിച്ചിരിക്കുന്നത്‌ എന്ന് മറക്കരുത്‌. സയന്‍സിന്റെ ചരിത്രം പഠിച്ചാല്‍ ആദ്യകാലങ്ങളില്‍ ശരി എന്ന് സയന്‍സ്‌ പറഞ്ഞിരുന്നത്‌ പില്‍ക്കാലത്ത്‌ തിരുത്തി എഴുതിയ അനേക സംഭവങ്ങള്‍ ഉണ്ടല്ലോ. എന്നാല്‍ ദൈവത്തിന്‌ ഒരിക്കലും ഒരിടത്തിലും തെറ്റു പറ്റിയിട്ടില്ല.

സത്യത്തെ ആര്‍ക്കും ഒരിക്കലും ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട്‌ ശരിയായ വിജ്ഞാനത്തെ ഒരു ദൈവവിശ്വാസിക്ക്‌ ഭയമില്ല. ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ വിജ്ഞാന രീതിയില്‍ അറിയുംതോറും ദൈവസൃഷ്ടിയുടെ അത്ഭുതം വര്‍ദ്ധിക്കുകയാണ്‌. നമ്മുടെ ജ്ഞാനം വളരുന്നത്‌ അജ്ഞതയേയും, തെറ്റിദ്ധാരണകളേയും, രോഗങ്ങളേയും നേരിടുവാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ വിജ്ഞാനം ദൈവത്തിന്റെ സ്ഥാനം കാംഷിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ചില ശാസ്ത്രജ്ഞന്‍മാര്‍ ദൈവത്തിനു പകരം സയന്‍സില്‍ വിശ്വസിച്ച്‌ അതു മാത്രമാണ്‌ ശരി എന്ന് തെളിയിക്കുവാന്‍ ന്യായങ്ങള്‍ തേടി കണ്ടുപിടിക്കുന്നു. അങങനനെ അനേകരെ വഴി തെറ്റിക്കുന്നു.

ദൈവവിശ്വാസികള്‍ അല്ലാത്ത സത്യസന്ധത ഉള്ള അനേക ശാസ്ത്രജ്ഞന്‍മാര്‍ സമ്മതിക്കുന്നത്‌ അഖിലാണ്ഡത്തെപ്പറ്റിയുള്ള അവരുടെ അറിവ്‌ പരിമിതമാണെന്നും ചിലകാര്യങ്ങള്‍ അവ്യക്തമായി ഇന്നും തുടരുന്നു എന്നുമാണ്‌. അവര്‍ സമ്മതിക്കുന്ന വേറൊരു കാര്യം ബൈബിളോ ബൈബിള്‍ സത്യങ്ങളൊ മാത്രമല്ല ലോകോല്‍പത്തിയെപ്പറ്റി അവര്‍ വിശ്വസിക്കുന്ന കാര്യങ്ങളും ശരിയോ തെറ്റോ ആണെന്ന് തെളിയിക്കുവാന്‍ സയന്‍സിനു കഴിവില്ല എന്നാണ്‌. ഇന്ന് നാം ആയിരിക്കുന്ന ലോകത്തെ അപഗ്രധിക്കുവാനും അതിനെ മനസ്സിലാക്കുവാനുമുള്ള കഴിവല്ലാതെ മറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുവാന്‍ സയന്‍സിനു കഴിവില്ല.

"ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു" എന്ന് നാം വായിക്കുന്നു (സങ്കീ.19:1). ശാസ്ത്രം വളരുന്തോറും ഈ അഖിലാണ്ഡത്തിന്റെ പുറകിലെ മര്‍മ്മത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കയാണ്‌. ഇന്ന് നമുക്ക്‌ DNA കോഡിനെപ്പറ്റിയും, ഭൌതീക ശാസ്ത്രത്തിന്റെ സമന്വതയെപ്പറ്റിയും അനേക കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞത്‌ സയന്‍സിന്റെ സഹായത്താലാണ്‌. ഇവയുടെ പുറകില്‍ വര്‍ത്തിക്കുന്ന ശക്തിയെ അല്ലെങ്കില്‍ ആളിനെപ്പറ്റി എന്തെങ്കിലും പറയുവാന്‍ സയന്‍സിനു കഴിവില്ല. അവയെപ്പറ്റി എന്തെങ്കിലും പറയുവാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ അതെപ്പറ്റി അവരുടെ അനുമാനം മാത്രമേ പറയുവാന്‍ കഴികയുള്ളൂ.



ചോദ്യം: എന്താണ്‌ ബുദ്ധിപൂര്‍വമായ രൂപകല്‍പന എന്നു പറയുന്നത്‌?

ഉത്തരം:
ബുദ്ധിപൂര്‍വമായ രൂപകല്‍പന എന്ന സിദ്ധാന്തം പറയുന്നത്‌, ജീവരാശികളുടെ കണ്ടുമനസ്സിലാക്കാവുന്ന സങ്കീര്‍ണ്ണതയും വിവരങ്ങള്‍ നിറഞ്ഞ ഘടനയും ഉണ്ടാകണമെങ്കില്‍ അവയ്ക്കു പിന്നില്‍ ബുദ്ധിപൂര്‍വമായ ഒരു രൂപകല്‍പന ഉണ്ടായെങ്കിലേ മതിയാവൂ എന്നാണ്‌. ജീവശാസ്ത്രത്തിലെ ചില സങ്കീര്‍ണ്ണതകള്‍ ഡാര്‍വിന്‍ പറയുന്നതുപോലെ പ്രകൃത്യാ അബദ്ധവശാല്‍ ഉണ്ടാകുവാന്‍ ഒരിക്കലും സാദ്ധ്യമല്ല എന്നും അവക്കു പിന്നില്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പന ഉണ്ടായെങ്കിലേ മതിയാവൂ എന്നും അവര്‍ പറയുന്നു. അങ്ങനെ ഒരു രൂപകല്‍പന ഉണ്ടാകണമെങ്കില്‍ രൂപകല്‍പന ചെയ്ത ഒരാള്‍ അതിനു പുറകില്‍ ഉണ്ടായിരിക്കണമല്ലോ. ബുദ്ധിപരമായ രൂപകല്‍പനക്കു പുറകില്‍ പ്രധാനമായി മൂന്നു വാദങ്ങളാണ്‌ ഉന്നയിക്കപ്പെടുന്നത്‌. 1) നിഷ്കാസനം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണത (irreducible complexity) 2) പ്രത്യേകതയുള്ള സങ്കീര്‍ണ്ണത(spekipheed kompLekshity) 3) വാസയോഗ്യമായ സങ്കീര്‍ണ്ണത (anthropic complexity).

നിഷ്കാസാനം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണതയെ ഇങ്ങനെ വിശദീകരിക്കാം. ഒരു പ്രത്യേക സംവിധാനം പ്രാവര്‍ത്തീകമാകണമെങ്കില്‍ അതിനോട്‌ അനുബന്ധിച്ച്‌ വര്‍ത്തിക്കുന്ന അനേക കാര്യങ്ങള്‍ ഒരേസമയത്ത്‌ നേരിട്ടു ബന്ധപ്പെടുകയും പ്രവര്‍ത്തിക്കയും ചെയ്തെങ്കിലേ മതിയാകയുള്ളൂ. അതില്‍ ഏതെങ്കിലും ഒരുഘടകം ഇല്ലാതിരിക്കയോ പ്രവര്‍ത്തിക്കാതിരിക്കയോ ചെയ്താല്‍ മുഴുവനും പ്രയോജന രഹിതമായിത്തീരും. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ജീവിതം പ്രാവര്‍ത്തീകമാകണമെങ്കില്‍ ഒന്നോടൊന്ന്‌ ബന്ധപ്പെട്ട അനേക കാര്യങ്ങള്‍ അന്വേന്യ ബന്ധത്തില്‍ ഒരേസമയം പ്രവര്‍ത്തിച്ചെങ്കിലേ മതിയാകയുള്ളൂ. ഡര്‍വിന്‍ പറയുന്നതുപോലെ അബദ്ധവശാല്‍ ഏതെങ്കിലും ഒരു ഘടകം എപ്പോഴെങ്കിലും ഉണ്ടായി എന്നു വന്നേക്കാം. എന്നാല്‍ ഒരുമിച്ചു പ്രാവര്‍ത്തിക്കുന്ന അനേക ഘടകങ്ങള്‍ ഒരേസമയത്ത്‌ അബദ്ധവശാല്‍ ഉണ്ടായിവരിക എന്നത്‌ അസാദ്ധ്യമാണ്‌. ഉദ്ദാഹരണമായി മനുഷന്റെ കണ്ണുകളുടെ പ്രവര്‍ത്തനം തന്നെ എടുക്കാം. കൃഷ്ണമണി, അതിനോട്‌ അനുബന്ധിച്ച ഞരമ്പുകള്‍, പുറകിലെ റെറ്റിന ഇവ എല്ലാം ഒരേസമയത്ത്‌ പ്രവര്‍ത്തന സഹജമായില്ലെങ്കില്‍ കണ്ണുകള്‍ പ്രയോജന രഹിതം ആയിരിക്കും. ഡാര്‍വിന്റെ സിദ്ധാന്തത്തിലെ ഏറ്റവും നല്ലതിന്റെ നിലനില്‍പ്പ്‌ എന്ന വാദം അനുസരിച്ച്‌ ഇങ്ങനെ പല സങ്കീര്‍ണ്ണതകള്‍ ഒന്നായിച്ചേര്‍ന്ന് ഒരു പുതിയ ഘടകം പ്രാവര്‍ത്തീകമാകുക അസാദ്ധ്യമാണ്‌.

അതുപോലെ തന്നെ ജീവരാശികളില്‍ പ്രത്യേകതയുള്ള സങ്കീര്‍ണ്ണതകള്‍ ഒരുമിച്ചു ചേരണമെങ്കില്‍ അവയെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടായെങ്കിലേ മതിയാകയുള്ളൂ എന്ന് രൂപകല്‍പനാസിദ്ധന്തക്കാര്‍ വാദിക്കുന്നു. പ്രത്യേകതയുള്ള സങ്കീര്‍ണ്ണതാ വാദം പറയുന്നത്‌ ഇങ്ങനെ അനേക വ്യത്യസ്ഥ സങ്കീര്‍ണ്ണതകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒന്നായിത്തീരണമെങ്കില്‍ ഡര്‍വിന്‍ പറയുന്നതുപോലെ ആകസ്മീകമായോ അബദ്ധവശാലോ ഒരിക്കലും അത്‌ സാധിക്കയില്ല എന്നാണ്‌. ഉദ്ദാഹരണമായി ഒരു മുറിയില്‍ 100 കുരങ്ങുകളും 100 കമ്പ്യൂട്ടറുകളും ഉണ്ടെങ്കില്‍ ചില അപശബ്ദങ്ങളോ അര്‍ത്ഥമില്ലാത്ത ചില വാക്കുകളോ ഉണ്ടായി എന്നു വന്നേക്കാവുന്നതാണ്‌. എന്നാല്‍ ഒരു മഹാകാവ്യം ഒരിക്കലും അവിടെ നിന്ന് ഉണ്ടാകയില്ലല്ലോ. ഒരു മഹാകാവ്യത്തേക്കാള്‍ എത്രയോ മടങ്ങ്‌ അധികം സങ്കീര്‍ണ്ണമാണ്‌ നമ്മുടെ അഖിലാണ്ഡം!

വാസയോഗ്യമായ സങ്കീര്‍ണ്ണതാ വാദം പറയുന്നത്‌ ഈ ഭൂമിയും നമ്മുടെ സൌരയൂഥവും ജീവരാശികള്‍ ഇവിടെ വസിക്കത്തക്കവണ്ണം പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ്‌ എന്നത്രേ. ഉദ്ദാഹരണമായി അന്തരീക്ഷത്തിലെ വായുവിന്റെ ഘടന വ്യത്യാസമായിരുന്നു എങ്കില്‍ ഇന്ന് ഭൂമിയില്‍ കാണുന്ന പല ജീവരാശികള്‍ ഇവിടെ ജീവിക്കുമായിരുന്നില്ല. അതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തില്‍ വ്യത്യാസം ഉണ്ടായിരുന്നാല്‍ മനുഷനോ മൃഗങ്ങള്‍ക്കോ ഇവിടെ ജീവിക്കുവാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ വാസയോഗ്യമായ ഒരു സാഹചര്യം ഈ ഭൂമിയില്‍ ഉണ്ടായിരിക്കണമെങ്കില്‍ അത്‌ ഒരിക്കലും അബദ്ധവശാലോ ആകസ്മീകമായോ ഉണ്ടാകുവാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട്‌ ഇവയെ നിയന്ത്രിക്കുന്ന ഒരു ബുദ്ധി ഇവയുടെ പുറകില്‍ ഉണ്ടായിരുന്നെങ്കിലേ മതിയാവൂ എന്ന് ഈ വാദം സമര്‍ത്ഥിക്കുന്നു.

ബുദ്ധിപൂര്‍വമായ രൂപകല്‍പനയില്‍ വിശ്വസിക്കുന്ന ശാസ്‌ ത്രജ്ഞന്‍മാര്‍ ഇവയുടെ പുറകിലുള്ള ബുദ്ധിയെപ്പറ്റി അധികം പരാമര്‍ശിക്കാറില്ല എങ്കിലും അവരില്‍ അനേകര്‍ ദൈവ വിശ്വാസികള്‍ ആണ്‌. ജീവശാസ്ത്രത്തിലെ സങ്കീര്‍ണ്ണത അവരെ ദൈവവിശ്വാസികള്‍ ആക്കി മാറ്റുന്നു. എന്നാല്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പനയില്‍ വിശ്വസിക്കുന്നവര്‍ എങ്കിലും ദൈവവിശ്വാസികള്‍ അല്ലാത്തവരും ഉണ്ട്‌. ഈ രൂപകല്‍പനയുടെ പുറകിലുള്ള ബുദ്ധിയെപ്പറ്റി നാം അജ്ഞാതരാണ്‌ എന്നാണ്‌ അക്കൂട്ടര്‍ പറയുന്നത്‌.

ബുദ്ധിപരമായ രൂപകല്‍പനാ സിദ്ധന്തവും വേദപുസ്തകത്തിലെ സൃഷ്ടിപ്പും തമ്മിലുള്ള വ്യത്യാസം, വേദപുസ്തകത്തിലെ സൃഷ്ടിപ്പില്‍ വിശ്വസിക്കുന്നവര്‍ വേദപുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ശരിയാണ്‌ എന്ന് വിശ്വസിച്ച്‌ അവിടെ നിന്ന് ആരംഭിച്ച്‌ ദൈവമാണ്‌ ബുദ്ധിപൂര്‍വമായ രൂപകല്‍പനയുടെ പുറകിലെ വ്യക്തി എന്നു പറയുന്നു. അതേസമയം മറ്റുള്ളവര്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പന ഈ അഖിലാണ്ഡത്തില്‍ ഉണ്ടെന്നുള്ളത്‌ കണ്ടു മനസ്സിലാക്കി അവയുടെ പുറകിലെ ബുദ്ധിയെ കണ്ടുമുട്ടുവാന്‍ ശ്രമിക്കുന്നു. അവരില്‍ പലര്‍ ദൈവവിശാസികളായും ചിലര്‍ അജ്ഞാനവാദികളായും ഇരിക്കയും ചെയ്യുന്നു.



ചോദ്യം: ഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?

ഉത്തരം:
ഉല്‍പത്തിപ്പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണം വാച്യാര്‍ത്ഥത്തില്‍ എടുത്ത്‌, 24 മണിക്കൂറുകളിലുള്ള 6 ദിവസം കൊണ്ട്‌ ദൈവം ഈ ഭുമിയേയും അതിലുള്ളവകളേയും സൃഷ്ടിച്ചു എന്നു ചില വേദപഠിതാക്കള്‍ മനസ്സിലാക്കുന്നു. ഉല്‍പ്പത്തിപ്പുസ്തകത്തിലെ വംശാവലികളെ കണക്കു കൂട്ടി ഏകദേശം ആറായിരം വര്‍ഷങ്ങള്‍ മുമ്പാണ്‌ ഈ ഭൂമി സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ അവര്‍ മനസ്സിലാക്കുന്നു. ഇന്നും അങ്ങനെ വിശ്വസിക്കുന്ന അനേക വേദപഠിതാക്കള്‍ ഉണ്ട്‌.

നേരേ മറിച്ച്‌, ഉല്‍പത്തിപ്പുസ്തകത്തിലെ "ദിവസം" 24 മണിക്കൂറുകളുള്ള ദിവസമല്ല, അത്‌ സൃഷ്ടിയുടെ അല്ലെങ്കില്‍, ദൈവത്തിന്റെ ദിവസങ്ങളാണെന്നും ഒരു ദിവസം ആയിരമായിരം വര്‍ഷങ്ങളെ കുറിക്കുന്നതാണെന്നും (സങ്കീ.90:4)വിശ്വസിക്കുന്ന വേദപഠിതാക്കളും ഉണ്ട്‌. ഇവര്‍ പറയുന്നത്‌, ഈ ഭൂമിയില്‍ മാത്രമാണ്‌ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണികകൂ്റുകള്‍ എന്നും അത്‌ നാം കണക്കാക്കുന്നത്‌ ഭൂമി അതിന്റെ അച്ചുതണ്ടില്‍ ചുറ്റിക്കൊണ്ട്‌ സൂര്യനെ പ്രദിക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ അണെന്നും നമുക്കെല്ലാം അറിയാമല്ലൊ. ഉല്‍പത്തി ഒന്നിലെ സൃഷ്ടിയുടെ ചരിത്രത്തില്‍ നാലാം ദിവസത്തിലാണ്‌ നമ്മുടെ സൌരയൂധം സൃഷ്ടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ ഒരിക്കലും 24 മണിക്കൂറുകള്‍ ഉള്ള ദിവസത്തെയല്ല ഉല്‍പത്തിപ്പുസ്തകത്തിലെ "ദിവസം" കുറിക്കുന്നത്‌ എന്നവര്‍ പറയുന്നു.

ഇന്ന്‌ കലാലയങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമിക്ക്‌ കോടിക്കണക്കിനു വയസ്സുണ്ട്‌ എന്ന്‌ പഠിപ്പിച്ചു വരുന്നു. അത്‌ അവര്‍ കണക്കാക്കുന്നത്‌ റേഡിയോകാര്‍ബണ്‍ മുതലായവ ഉപയോഗിച്ചാണ്‌. ഈ ഭൂമിക്ക്‌ ആയിരക്കണക്കിനു വര്‍ഷങ്ങളേ പ്രായമുള്ളൂ എന്ന്‌ ഒരു കൂട്ട ശാസ്ത്രജ്ഞന്‍മാര്‍ ശഠിക്കുമ്പോള്‍, അതു ശരിയല്ല ഭൂമിക്ക്‌ വയസ്സ്‌ കോടിക്കണക്കിനാണ്‌ എന്ന്‌ മറുകൂട്ടര്‍ ഉറച്ചു പറയുന്നു.

ഏതായാലും ഒരു കാര്യം ശരിയാണ്‌. കൃത്യമായി ഈ ഭൂമിയുടെ വയസ്സ്‌ നിര്‍ണ്ണയിക്കുവാന്‍ ആരേക്കൊണ്ടും സാദ്ധ്യമല്ല. ഈ രണ്ടു വാദഗതികളും ഒന്നുകില്‍ വിശ്വാസത്തെ അല്ലെങ്കില്‍ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്‌. രണ്ടു കൂട്ടരും പറയുനനെത്‌ അവരവരുടെ വാദഗതികള്‍ മാത്രമാണ്‌ ശരി എന്നാണ്‌. ഭൂമിക്ക്‌ വയസ്സ്‌ കുറവേ ഉള്ളൂ എന്നു വാദികുന്നവര്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. ആദാമിനേയും ഹവ്വയേയും ദൈവം സൃഷ്ടിച്ചപ്പോള്‍ അവരെ ഒരു ഡോക്ടര്‍ പരിശോധിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇരുപതോ മുപ്പതോ വയസ്സ്‌ പ്രായമുള്ളവരായി കണ്ടിരിക്കുമല്ലൊ. പക്ഷെ അവര്‍ക്ക്‌ വാസ്ഥവത്തില്‍ വയസ്സ്‌ ഒരു ദിവസമല്ലേ ആയുള്ളൂ. അതുപോലെ ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ ഫോസിലുകളും ഖനികളും ഒക്കെ ഉള്ള, കണ്ടാല്‍ അനേക കോടിവര്‍ഷത്തെ പഴക്കമുള്ള നിലയിലാണ്‌ സൃഷ്ടിച്ചത്‌ എന്നാണ്‌. എന്നാല്‍ ഭൂമിക്ക്‌ ആയിരക്കണകകിെനു വര്‍ഷമാണോ അതോ കോടിക്കണക്കിനു വര്‍ഷമാണോ പ്രായം എന്നതല്ല ബൈബിളിലെ പ്രതിപാദ്യ വിഷയം. മനുഷനെ ദൈവം എന്തിനു വേണ്ടിയാണ്‌ സൃഷ്ടിച്ചത്‌ എന്ന്‌ പറയുവാന്‍ വേണ്ടിയാണ്‌ ബൈബിള്‍ ഏഴുതപ്പെട്ടത്‌. അതിന്റെ ഉത്തരം ശാസ്ത്രത്തിനു പറയുവാന്‍ ഒരിക്കലും സാധിക്കയില്ലല്ലോ.



ചോദ്യം: നോഹയുടെ കാലത്തെ പ്രളയം പ്രാദേശീകമോ സര്‍വ്വലൌകീകമോ?

ഉത്തരം:
നോഹയുടെ കാലത്തെ പ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നു എന്ന്‌ വേദപുസ്തകം പറയുന്നു. ഉല്‍പത്തി 7:11 ല്‍ വായിക്കുന്നത്‌ "ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു" എന്നാണ്‌. ഉല്‍പ.1:6,7; 2:6 എന്നീ വാക്യങ്ങള്‍ അനുസരിച്ച്‌ പ്രളയത്തിനു മുമ്പുള്ള സാഹചര്യം ഇന്ന്‌ നാം അനുഭവിക്കുന്ന സാഹചര്യത്തില്‍ നിന്ന്‌ തികെച്ചും വിഭിന്നം ആയിരുന്നു എന്ന മനസ്സിലാക്കാം. അക്കാലത്ത്‌ ആകാശവിതാനത്തില്‍ ഒരു ജല മണ്ഡലം നീരാവിയായോ മഞ്ഞു മണ്ഡലമായോ ഉണ്ടായിരുന്നിരിക്കാം. ദൈവം അവയെ ഭൂമിയില്‍ പതിക്കുവാന്‍ അനുവദിച്ചപ്പോള്‍ ഒരു പ്രളയമായി മാറുകയാണുണ്ടായത്‌.

പ്രളയം എത്ര വ്യാപകം ആയിരുന്നു എന്ന്‌ പറയുന്നത്‌ ഉല്‍പ.9:19-23 വരെയുള്ള വാക്യങ്ങളിലാണ്‌. "വെള്ളം ഭൂമിയില്‍ അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴുള്ള ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഒക്കെയും മുങ്ങിപ്പോയി. പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മേലെ പൊങ്ങി. പറവകളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും നിലത്തു ഉഴലുന്ന എല്ലാ ഇഴജാതികളും ഭൂചര ജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി. കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു. ഭൂമിയില്‍ മനുഷരും മൃഗങ്ങളും ഇഴജാതിയും ആകാശത്തില്‍ കീഴിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍ നിന്ന്‌ നശിച്ചുപോയി. നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രം ശേഷിച്ചു".

മുകളില്‍ വായിച്ച വേദഭാഗത്തുനിന്നു മനസ്സിലാക്കാവുന്ന സത്യം പ്രളയം ഭൂമിയെ മുഴുവന്‍ ബാധിച്ചു എന്നാണ്‌. മാത്രമല്ല, വെറും പ്രാദേശീയമായ ഒരു പ്രളയമായിരുന്നു വരുവാന്‍ ഇരിക്കുന്നതെങ്കില്‍ നോഹയോട്‌ ഒരു പെട്ടകം പണിയുവാന്‍ പറയേണ്ട ആവശ്യമില്ലല്ലോ. പ്രളയം ബാധിക്കാത്ത സ്ഥലത്തേക്ക്‌ പോകുവാന്‍ പറഞ്ഞിരിക്കാമല്ലോ. എല്ലാ മൃഗജീവനെയും ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയത്തക്കവണ്ണം അത്ര വലിയ ഒരു പെട്ടകത്തിന്റെ ആവശ്യം ഉണ്ടാകയില്ലായിരുന്നല്ലോ. പെട്ടകം നമ്മെ സംശയമില്ലാതെ ഓര്‍പ്പിക്കുന്നത്‌ പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്നാണ്‌.

പത്രോസിന്റെ ലേഖനത്തില്‍ പ്രളയത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌. "ആകാശവും വെള്ളത്തില്‍ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട്‌ ദൈവത്തിന്റെ വചനത്താല്‍ ഉണ്ടായി എന്നും അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്താല്‍ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്ക്‌ കാത്തും ഇരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു" (2പത്രോ.3:6-7). ഇനിയും ഈ ഭൂമിക്കു വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചു പറയുമ്പോള്‍ നോഹയുടെ കാലത്തെ ന്യായവിധിക്ക്‌ സമമായിരിക്കും അത്‌ എന്ന് ഇവിടെ പത്രോസ്‌ പറയുന്നത്‌ അന്ന് പ്രളയം ഭൂമിയെ മുഴുവന്‍ ബാധിച്ചിരുന്നു എന്ന സത്യം തുറന്നു കാട്ടുകയാണ്‌. വേദപുസ്തകത്തിലെ മറ്റു പല വേദഭാഗങ്ങളിലും പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്‌ (യെശ.54:9; 1പത്രോ.3:20; 2പത്രോ.2:5; എബ്രാ.11:7). നമ്മുടെ കര്‍ത്താവ്‌ പ്രളയത്തെ തന്റെ വരവിങ്കല്‍ വരുവാനുള്ള ന്യായവിധിയോട്‌ താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്‌ (മത്താ.24:37-39; ലൂക്കോ.17:26-27).

പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്നതിന്‌ വേദപുസ്തകത്തിനു വെളിയില്‍ നിന്നും തെളിവുകള്‍ ലഭ്യമാണ്‌. ഫോസിലുകളും വലിയ കല്‍ക്കരി നിക്ഷേപങ്ങളും ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉണ്ടായത്‌ പെട്ടെന്ന് വനങ്ങള്‍ മുഴുവന്‍ മൂടപ്പെട്ടു പോയതുകൊണ്ടാണ്‌. സമുദ്രാന്തര്‍ഭാഗത്തുള്ള ഫോസിലുകള്‍ പര്‍വത ശിഖരങ്ങളില്‍ കാണപ്പെടുന്നതിന്റെ കാരണവും ഇതു തന്നെയാണ്‌. മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തുള്ള ജനതതിയുടെ ഇടയിലും ഒരു പ്രളയം ഉണ്ടായിരുന്നതിനെപ്പറ്റി ഐതീഹ്യം ഉണ്ട്‌. ഇങ്ങനെ പല തെളിവുകള്‍ ഉള്ളതുകൊണ്ട്‌ നോഹയുടെ കാലത്തെ പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്ന് തീരുമാനിക്കാവുന്നതാണ്‌.



ചോദ്യം: നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ്‌ ദൈവം ഏദെന്‍ തോട്ടത്തില്‍ വെച്ചത്‌?

ഉത്തരം:
ഏദെന്‍ തോട്ടത്തില്‍ ദൈവം നന്‍മതിന്‍മകളെ അറിയുന്ന വൃക്ഷം വെച്ചതിന്റെ ഉദ്ദേശം മനുഷന്‍ ദൈവത്തെ അനുസരിക്കുവാനോ അനുസരിക്കാതിരിക്കുവാനോ ഒരു അവസരം ഉണ്ടാകേണ്ടതിനാണ്‌. ഈ വൃക്ഷത്തിന്റെ കനി ഭക്ഷിക്കുന്നതൊഴികെ മറ്റെന്തു ചെയ്യുവാനും ആദമിനും ഹവ്വയ്ക്കും അനുവാദം ഉണ്ടായിരുന്നു. "യെഹോവയായ ദൈവം മനുഷനോട്‌ കല്‍പിച്ചതെന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലങ്ങളും നിനക്ക്‌ ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്‌. തിന്നുന്ന നാളില്‍ നീ മരിക്കും" (ഉല്‍പ.2:16-17). ഇങ്ങനെ തെരഞ്ഞെടുക്കുവാന്‍ അവര്‍ക്ക്‌ ഒരു അവസരം ഇല്ലായിരുന്നു എങ്കില്‍ മനുഷന്‍ വെറും ഒരു യന്ത്രത്തെപ്പോലെ മാത്രം ആയിപ്പോകുമായിരുന്നു. എന്നാല്‍ ദൈവം മനുഷനെ സൃഷ്ടിച്ചത്‌ തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉള്ളവനായിട്ടായിരുന്നു. ആ സ്വാതന്ത്ര്യം പ്രായോഗികം ആക്കണമെങ്കില്‍ അതിനുള്ള അവസരം ഉണ്ടായിരിക്കണമല്ലോ. അതിനുവേണ്ടിയായിരുന്നു തോട്ടത്തിലെ ആ വൃക്ഷം.

ആ മരത്തിന്‌ അതില്‍ത്തന്നെ ഒരു തിന്‍മയും ഇല്ലായിരുന്നു. അതിന്റെ ഫലം തിന്നതുകൊണ്ട്‌ അവരുടെ അറിവ്‌ പെട്ടെന്ന് വളര്‍ന്നും ഇല്ല. അവരുടെ അനുസരണക്കേടായിരുന്നു തിന്‍മയിലേയ്ക്ക്‌ അവരുടെ കണ്ണുകളെ തുറപ്പിച്ചത്‌. അവരുടെ അനുസരണക്കേടു നിമിത്തം പാപമും തിന്‍മയും ലോകത്തിലേയ്ക്ക്‌ പ്രവേശിച്ചു. ദൈവത്തെ അനുസരിക്കാതെ ആ ഫലം തിന്നതുകൊണ്ട്‌, ആദമിനും ഹവ്വയ്ക്കും തിന്‍മയെക്കുറിച്ചുള്ള അറിവ്‌ വന്നു (ഉല്‍പ.3:6-7).

ആദമും ഹവ്വയും പാപം ചെയ്യണം എന്ന ദൈവം ആഗ്രഹിച്ചില്ല. എന്നാല്‍ അവര്‍ പാപം ചെയ്യും എന്ന് ദൈവം അറിഞ്ഞിരുന്നു. പാപത്തിന്റെ പരിണിതഫലങ്ങളായ തിന്‍മയും, കഷ്ടവും, മരണവും ലോകത്തില്‍ പ്രവേശിക്കും എന്നും അവന്‍ അറിഞ്ഞിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ്‌ പിശാച്‌ അവരെ പരീക്ഷിക്കുവാന്‍ അവന്‍ അനുവദിച്ചത്‌? പിശച്‌ പരീക്ഷിച്ചതുകൊണ്ട്‌ അവര്‍ ഒരു തീരുമാനം എടുക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. അവര്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ദൈവത്തിനു എതിരായി തീരുമാനിച്ചു. അതിന്റെ പരിണിത ഫലമായി തിന്‍മയും, രോഗവും, മരണവും ലോകത്തില്‍ പ്രവേശിച്ചു. ആദമിന്റേയും ഹവ്വയുടേയും സന്തതികളായി ജനിച്ച ഏവരും പാപപ്രകൃതി ഉള്ളവരായി ജനിക്കുവാന്‍ അത്‌ കാരണമായിത്തീര്‍ന്നു. അതിന്റെ ഫലമായി മനുഷന്റെ പാപപ്രരിഹാരാര്‍ത്ഥം ക്രിസ്തു ക്രൂശില്‍ മരിക്കേണ്ടിയും വന്നു. ഇന്ന് ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്ക്‌ പാപത്തിന്റെ ശിക്ഷയില്‍ നിന്നും ഒടുവില്‍ പാപത്തില്‍ നിന്നു തന്നെയും വിടുതല്‍ പ്രാപിക്കുവാന്‍ കഴിയും. അപ്പൊസ്തലനായ പൌലൊസ്‌ റോമ.7:24-25 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ നമുക്കും പ്രതിധ്വനിക്കാം. "അയ്യോ, ഞാന്‍ അരിഷ്ട മനുഷന്‍; ഈ പാപ ശരീരത്തില്‍ നിന്ന് ആര്‍ എന്നെ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നിമിത്തം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു".



ചോദ്യം: ഡയനൊസറസിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനൊസറസിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?

ഉത്തരം:
ഈ ഭൂമിയുടെ വയസ്സ്‌, ഉല്‍പത്തിപ്പുസ്തകത്തിന്റെ വ്യാഖ്യാനം, നമുക്കു ചുറ്റുമുള്ള വസ്തുക്കളെപ്പറ്റിയുള്ള അഭിപ്രായം എന്നിവ ക്രിസ്തീയ വിശ്വാസികള്‍ക്കുള്ളില്‍ത്തന്നെ വിവാദ വിഷയങ്ങളായതുപോലെ ഡയനസറസിനെപ്പറ്റിയുള്ള ചോദ്യവും അക്കൂട്ടത്തില്‍ത്തന്നെയുള്ളതാണ്‌. ഈ ഭൂമിക്ക്‌ പലകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌ എന്നു വിശ്വസിക്കുന്നവര്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി ഒന്നും പറയുന്നില്ല, കാരണം ഭൂമിയില്‍ മനുഷവാസം തുടങ്ങുന്നതിന്‌ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇത്തരം ജീവികള്‍ ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ ബൈബിള്‍ എഴുത്തുകാര്‍ക്ക്‌ ഇത്തരം ജീവികളെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നാണ്‌.

ഭൂമിക്ക്‌ താരതമ്യേന പ്രായം കുറവാണ്‌ എന്നു വിശ്വസിക്കുന്നവര്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ ഡയനൊസറസ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടില്ല എന്നതു വാസ്തവമാണെങ്കിലും, വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി പ്രതിപാദ്യം ഉണ്ട്‌ എന്നാണ്‌. എബ്രായഭാഷയിലെ 'റ്റാനി`ന്‍' എന്ന വാക്ക്‌ മലയാളത്തില്‍ സര്‍പ്പമെന്നും, അഗ്നിസര്‍പ്പമെന്നും, ലിവ്യാത്ഥാനെന്നും മറ്റും തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്‌ ഇത്തരം ജീവിയെയാണ്‌ കുറിക്കുന്നത്‌ എന്നാണ്‌. കരയിലും വെള്ളത്തിലും ജീവിക്കുവാന്‍ കഴിവുള്ള ഇത്തരം ഇഴജീവികളെപ്പറ്റി വേദപുസ്തകത്തില്‍ മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ട്‌.

ഇത്തരം ജീവികളെപ്പറ്റി മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ടെന്നു മാത്രമല്ല ചില വേദപണ്ഡിതന്‍മാര്‍ കരുതുന്നത്‌ ഇയ്യോ.40:15 ല്‍ കാണുന്ന നദീഹയം എന്ന് തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന വാക്ക്‌ വാസ്തവത്തില്‍ ഡയനൊസറസിനെപ്പറ്റിയാണ്‌ എന്നാന്ന്. മറ്റു വേദപണ്ഡിതന്‍മാര്‍ ഈ വാക്ക്‌ ആനയെയോ നീര്‍ക്കുതിരയെയോ കുറിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ആനക്കും നീര്‍ക്കുതിരക്കും വാലിന്‌ വണ്ണം കുറവാണല്ലോ. നദീഹയത്തിന്റെ വാലിനെ ദേവദാരു വൃക്ഷത്തോടാണല്ലോ ഉപമിച്ചിരിക്കുന്നത്‌. ഡയനൊസറസിന്റെ വാലിനും അത്തരം ഉപമാനം ശരിയാകുമല്ലോ എന്ന് ആദ്യത്തെ കൂട്ടര്‍ പറയുന്നു..

ഭൂമിയിലുള്ള പല പഴയ സംസ്കാരങ്ങളും ഇത്തരം ഭീമാകാരമുള്ള ഇഴജീവികളെപ്പറ്റി പറയുന്നുണ്ട്‌. ഡയനൊസറസിനെപ്പോലെയുള്ള ചിത്രീകരണങ്ങളും ശില്‍പങ്ങളും വടക്കെ അമ്മേരിക്ക, തെക്കേ അമ്മേരിക്ക എന്നി രാജ്യങ്ങളിലും, റോമാ, മായാ, ബാബിലോണ്‍ തുടങ്ങിയ സംസ്കാരങ്ങളിലും കാണാവുന്നതാണ്‌. മാര്‍ക്കോ പോളോയുടെ വിവരണങ്ങളില്‍ പോലും അന്നത്തെ മനുഷര്‍ക്ക്‌ ഇത്തരം ജീവികളെ പരിചയമുണ്ടായിനുന്നുവെന്ന് ചിന്തിക്കത്തക്ക പരാമര്‍ശം ഉണ്ട്‌. ആധുനീക യുഗത്തിലും ചിലര്‍ ഇത്തരം ജീവികളെ കണ്ടതായി പറയുന്നുണ്ടെങ്കിലും അത്‌ വിശ്വസനീയമല്ല. ഏതായാലും മനുഷനും ഇത്തരം ജീവികളും ഒരേസമയത്തു ഈ ഭൂമിയില്‍ സഹവാസം ചെയ്തിരുന്നു എന്നത്‌ തെളിയിക്കുവാന്‍ ചില ഫോസ്സിലുകളും ചില കാല്‍പ്പാടുകളും വടക്കേ അമ്മേരിക്കയിലും മദ്ധ്യപൂര്‍വ ഏഷ്യയിലും ചിലര്‍ കാണിക്കുന്നുണ്ട്‌.

വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി പറയുന്നുണ്ടോ? തീര്‍ത്തുപറയുക അസാദ്ധ്യം എന്നേ പറയാനൊക്കൂ. ഒരാള്‍ വേദപുസ്തകത്തെയും ഇന്നത്തെ കണ്ടുപിടുത്തങ്ങളേയും എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ഇവിടെ ഞങ്ങള്‍ വിശ്വസിക്കുന്നത്‌ ഈ ഭൂമിക്ക്‌ പ്രായം കുറവാണെന്നും ഇത്തരം ജീവികള്‍ നോഹയുടെ പ്രളയത്തിനു മുമ്പ്‌ മനുഷരോടൊപ്പം ഉണ്ടായിരുന്നു എന്നുമാണ്‌. ബൈബിളില്‍ ആ പേര്‌ ഉപയോഗിച്ചിട്ടില്ലെങ്കിലും ആ ജീവിയെപ്പറ്റി ബൈബിളില്‍ വായിക്കുന്നുണ്ട്‌ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.