അപ്പൊസ്തലന്മാരുടെ
പ്രവൃത്തികള്‍
ലൂക്കൊസ് മറ്റൊരു ഗ്രന്ഥമെഴുതുന്നു
1
പ്രിയപ്പെട്ട തെയോഫിലൊസേ,
യേശു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെപ്പറ്റിയാണ് ഞാന്‍ എന്‍റെ ആദ്യത്തെ ഗ്രന്ഥമെഴുതിയത്. യേശുവിന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തെപ്പറ്റിയാണ് ഞാനെഴുതിയത്. അതിനു മുന്പ് യേശു താന്‍ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചിരുന്നുവല്ലോ. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെയാണ് യേശു അപ്പൊസ്തലന്മാരോട് എല്ലാം നിര്‍ദ്ദേശിച്ചത്. മരണത്തിനു ശേഷം യേശു താന്‍ ജീവിച്ചിരിക്കുന്നുവെന്ന് അപ്പൊസ്തലന്മാര്‍ക്കു കാണിച്ചു കൊടുത്തു. ധാരാളം അത്ഭുതങ്ങളില്‍ കൂടെ അവന്‍ അതു തെളിയിച്ചു കൊടുത്തു. നാല്പതു ദിവസത്തോളം അവന്‍ അവര്‍ക്കു പ്രത്യക്ഷനായി. യേശു അപ്പൊസ്തലന്മാരോടു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു. ഒരിക്കല്‍ അവരോടൊത്തു ഭക്ഷിച്ചുകൊണ്ടിരിക്കവെ യേശു അവര്‍ക്കു ഈ ആജ്ഞ കൊടുത്തു, “പിതാവ് നിങ്ങള്‍ക്കു വാഗ്ദാനം നല്‍കിയതിനെപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. ആ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ യെരൂശലേമില്‍ തന്നെ കാത്തിരിക്കുക. യോഹന്നാന്‍ ആളുകളെ വെള്ളത്താല്‍ സ്നാനം കഴിപ്പിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാല്‍ സ്നാനം ലഭിക്കും.”
യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം
അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരിക്കെ അവര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഇപ്പോഴാണോ യെഹൂദര്‍ക്കു നീ അവരുടെ രാജ്യം വീണ്ടും നല്‍കുക?”
യേശു അവരോടു പറഞ്ഞു, “തീയതിയും സമയവുമൊക്കെ നിശ്ചയിക്കാന്‍ അധികാരമുള്ളത് പിതാവിനു മാത്രമാണ്. അതൊന്നും നിങ്ങള്‍ക്ക് അറിയാനാവില്ല. എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് വരും. അപ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും. നിങ്ങള്‍ എന്‍റെ സാക്ഷികളായി ജനങ്ങളോട് എന്നെപ്പറ്റി പറയും. ആദ്യം നിങ്ങള്‍ യെരൂശലേംകാരോടു പറയും. പിന്നീട് യെഹൂദ്യയിലും ശരമ്യയിലും ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലും ഉള്ള ആളുകളോട് നിങ്ങള്‍ പറയും.”
ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശു ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു. അപ്പൊസ്തലന്മാര്‍ നോക്കിനില്‍ക്കേ യേശു മേഘങ്ങള്‍ക്കിടയില്‍ പോയി മറഞ്ഞു കാണാതായി. 10 യേശു പോയി മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പൊസ്തലന്മാര്‍ ആകാശത്തേക്കു നോക്കിനില്‍ക്കവേ വെള്ള വസ്ത്രമണിഞ്ഞ രണ്ടു പുരുഷന്മാര്‍ (ദൂതന്മാര്‍) അവരുടെ അടുത്തു നിന്നു. 11 ഇരുവരും അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഗലീലാക്കാരേ, നിങ്ങളെന്താണ് ആകാശത്തേക്കു നോക്കി ഇവിടെ നില്‍ക്കുന്നത്? യേശു നിങ്ങളുടെ ഇടയില്‍ നിന്നും ആകാശത്തേക്കു ഉയര്‍ത്തപ്പെടുന്നതു നിങ്ങള്‍ കണ്ടു. അവന്‍ പോകുന്നതു നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ മടങ്ങിവരും.”
ഒരു പുതിയ അപ്പൊസ്തലന്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടു
12 അനന്തരം അപ്പൊസ്തലന്മാര്‍ ഒലീവുമലയില്‍നിന്നും യെരൂശലേമിലേക്ക് മടങ്ങിയെത്തി. (യെരൂശലേമില്‍നിന്നും ഒന്നര നാഴിക അകലെയായിരുന്നു ഈ മല) 13 അപ്പൊസ്തലന്മാര്‍ നഗരത്തില്‍ പ്രവേശിച്ചു. അവര്‍ മുകളിലത്തെ നിലയിലുള്ള തങ്ങളുടെ വാസസ്ഥലത്തേക്കു കയറി. പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പോസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫയുടെ പുത്രനായ യാക്കോബ്, സെലട്ട് എന്നും അറിയപ്പെട്ട എരിവുകാരനായ ശിമോന്‍, യാക്കോബിന്‍റെ പുത്രന്‍ യൂദാ, എന്നിവരായിരുന്നു അവര്‍.
14 അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരുന്നു, അവര്‍ സമര്‍പ്പണത്തോടെ ഏകമനസ്കരായി പ്രാര്‍ത്ഥിക്കുകയായിരുന്നു. യേശുവിന്‍റെ അമ്മ മറിയയും അവന്‍റെ സഹോദരന്മാരും മറ്റു ചില സ്ത്രീകളും അവരോടൊപ്പം ഉണ്ടായിരുന്നു.
15 ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെ വിശ്വാസികളുടെ ഒരു യോഗം നടന്നു. (നൂറ്റിരുപതു പേരോളം ഉണ്ടായിരുന്നു.) പത്രൊസ് എഴുന്നേറ്റ് നിന്നു പറഞ്ഞു, 16-17 “സഹോദരന്മാരേ, ചിലതൊക്കെ സംഭവിക്കുമെന്ന് പരിശിദ്ധാത്മാവ് തിരുവെഴുത്തുകളില്‍ ദാവീദിലൂടെ പറഞ്ഞിട്ടുണ്ട്. നമ്മളില്‍ ഒരാളും, ശുശ്രൂഷകനുമായ യൂദയെപ്പറ്റിയായിരുന്നു അവന്‍ പറഞ്ഞത്. യേശുവിനെ പിടികൂടാന്‍ അവനെ തടവിലാക്കിയവരുടെ വഴികാട്ടിയായി യൂദാ അവരെ നയി ക്കുമെന്ന് ആത്മാവു പറഞ്ഞിട്ടുണ്ട്.”
18 (തന്‍റെ പ്രവൃത്തിയ്ക്ക് യൂദയ്ക്കു പ്രതിഫലമായി കുറെ പണം കിട്ടി. ആ പണത്തിന് അവന്‍ ഒരു വയല്‍ വാങ്ങി. പിന്നീട് അവന്‍ തലയടിച്ചു വീഴുകയും ശരീരം പൊട്ടിപ്പിളരുകയും ചെയ്തു. അവന്‍റെ കുടലുകള്‍ പുറത്തു ചാടി. 19 യെരൂശലേംകാര്‍ മുഴുവനും അതറിഞ്ഞു. അതിനാല്‍ ആ സ്ഥലത്തെ അവര്‍ അക്കല്‍ദാമ എന്നു വിളിച്ചു. അവരുടെ ഭാഷയില്‍ “രക്തത്തിന്‍റെ നിലം” എന്നാണ് അക്കല്‍ദാമയ്ക്ക് അര്‍ത്ഥം.)
20 പത്രൊസ് പറഞ്ഞു, “സങ്കീര്‍ത്തന പുസ്തകത്തില്‍ യൂദയെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു:
‘അയാളുടെ നിലത്തേക്കാരും പോകാതാകട്ടെ;
ആരും അതില്‍ വസിക്കാതാകട്ടെ. സങ്കീര്‍ത്തനങ്ങള്‍ 69:25
മാത്രവുമല്ല:
‘അവന്‍റെ ജോലി മറ്റൊരാള്‍ എറ്റെടുക്കട്ടെ എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 109:8
21-22 അതിനാല്‍ മറ്റൊരുവന്‍ നമ്മോടൊപ്പം ചേരുകയും യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനു സാക്ഷിയാകുകയും വേണം. കര്‍ത്താവായ യേശു നമ്മോടൊപ്പം ഉണ്ടായിരുന്ന കാലമത്രയും നമ്മുടെ സംഘത്തില്‍ ഉണ്ടായിരുന്നവനായിരിക്കണം അയാള്‍. യോഹന്നാന്‍ ജനങ്ങളെ സ്നാനം കഴിപ്പിച്ചു തുടങ്ങിയ നാള്‍ മുതല്‍ യേശു നമുക്കിടയില്‍ നിന്നും ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതു വരെയുള്ള നാളുകളില്‍ അവന്‍ നമ്മോടൊപ്പം ഉണ്ടായിരുന്നിരിക്കണം.”
23 അപ്പൊസ്തലന്മാര്‍ രണ്ടുപേരെ സംഘത്തിന് മുന്നില്‍ നിറുത്തി. യുസ്തൊസ് എന്നു വിളിക്കപ്പെടുന്ന യോസേഫ് ബര്‍ശബായും മത്ഥിയാസുമായിരുന്നു അവര്‍. 24-25 അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിച്ചു, “കര്‍ത്താവേ, നിനക്ക് എല്ലാവരുടെയും മനസ്സറിയാം. ഈ രണ്ടു പേരിലാരെയാണു നീ തിരഞ്ഞെടുക്കുന്നതെന്നു കാട്ടിയാലും. യൂദാ അതില്‍ നിന്നു വിട്ട് തനിക്കര്‍ഹമായ സ്ഥലത്തേക്കു പോയി. കര്‍ത്താവേ പറഞ്ഞാലും. യൂദയുടെ സ്ഥാനത്ത് അപ്പൊസ്തലനാകാന്‍ ആരെ തിരഞ്ഞെടുക്കും?” 26 രണ്ടു പേരിലൊരാളെ തിരഞ്ഞെടുക്കാന്‍ അപ്പൊസ്തലന്മാര്‍ നറുക്കിട്ടു. മത്ഥിയാസിനെയാണു കര്‍ത്താവിനു ആവശ്യമെന്നു നറുക്കെടുപ്പു തെളിയിച്ചു. അങ്ങനെ അവന്‍ മറ്റു പതിനൊന്നു പേരോടൊപ്പം അപ്പൊസ്തലനായി.