പത്രൊസും കൊര്‍ന്നേല്യൊസും
10
കൈസര്യനഗരത്തില്‍ കൊര്‍ന്നേല്യൊസ് എന്നൊരാള്‍ ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്‍റെ ‘ഇത്താലിക’ വിഭാഗത്തിന്‍റെ ശതാധിപനാണയാള്‍. കൊര്‍ന്നേല്യൊസ് വലിയൊരു ഭക്തനായിരുന്നു. അവനും അവന്‍റെ കുടുംബവും സത്യമായ ദൈവത്തെ ആരാധിച്ചിരുന്നു. തന്‍റെ പണത്തിലധികവും അയാള്‍ പാവങ്ങള്‍ക്കു ദാനം ചെയ്തു. അയാള്‍ എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കൊര്‍ന്നേല്യൊസിന് ഒരു ദര്‍ശനമുണ്ടായി. അവനതു വ്യക്തമായി കണ്ടു. ദര്‍ശനത്തില്‍ ദൈവത്തിന്‍റെ ഒരു ദൂതന്‍ വന്നു അവനോടു പറഞ്ഞു, “കൊര്‍ന്നേല്യൊസ്!”
കൊര്‍ന്നേല്യൊസ് ദൂതനെ നോക്കി. അവന്‍ ഭയന്നു ചോദിച്ചു, “എന്താണു പ്രഭോ?”
ദൂതന്‍ കൊര്‍ന്നേല്യൊസിനോടു പറഞ്ഞു, “ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ കേട്ടിരിക്കുന്നു. നീ പാവങ്ങളോടു ചെയ്തതൊക്കെ അവന്‍ കണ്ടിട്ടുണ്ട്. ദൈവം നിന്നെ ഓര്‍മ്മിക്കുന്നു. ഏതാനും പേരെ ഇപ്പോള്‍ തന്നെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ എന്നു പേരായ ഒരുവനെ കൊണ്ടുവ രാന്‍ നിന്‍റെ ഭൃത്യരെ അയയ്ക്കുക. ശിമോന് പത്രൊസ് എന്നും പേരുണ്ട്. ശിമോന്‍ എന്നു പേരായ മറ്റൊരാളുടെ വസതിയിലാണ് പത്രൊസ് താമസിക്കുന്നത്. ആ ശിമോന്‍ ഒരു തുകല്‍പ്പണിക്കാരനാണ്. കടലിനടുത്താണ് അവന്‍റെ വീട്.” ദൂതന്‍ അപ്രത്യക്ഷനായി. അപ്പോള്‍ കൊര്‍ന്നേല്യൊസ് തന്‍റെ രണ്ടു ഭൃത്യരെയും ഒരു ഭടനെയും വിളിച്ചു. ഭടനും ഒരു ഭക്തനായിരുന്നു. കൊര്‍ന്നേല്യൊസിന്‍റെ അടുത്ത സഹായികളില്‍ ഒരുവനായിരുന്നു ആ ഭടന്‍. കൊര്‍ന്നേല്യൊസ് മൂന്നു പുരുഷന്മാരോടും എല്ലാം വിശദീകരിച്ചു. എന്നിട്ടവരെ യോപ്പയിലേക്ക് അയച്ചു.
പിറ്റേന്ന് അവര്‍ യോപ്പയ്ക്കടുത്തെത്തി. ആ സമയം പത്രൊസ് വീടിന്‍റെ മട്ടുപ്പാവിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോവുകയായിരുന്നു. അപ്പോള്‍ സമയം ഉച്ചയായിരുന്നു. 10 പത്രൊസിനു വിശന്നു, അവനു ആഹാരം വേണമായിരുന്നു. അവര്‍ പത്രൊസിനു ഭക്ഷണം ഉണ്ടാക്കവേ അയാള്‍ക്കൊരു ദര്‍ശനമുണ്ടായി. 11 തുറന്ന ആകാശത്തുനിന്നും എന്തോ താഴ്ന്നു വരുന്നതു അയാള്‍ കണ്ടു. വലിയൊരു വിരിപ്പു താഴ്ന്നു വരുംപോലെ. നാലു മൂലയ്ക്കും പിടിച്ച് അതിനെ താഴോട്ടിറക്കുകയായിരുന്നു. 12 എല്ലാത്തരം മൃഗങ്ങളും അതിന്മേലുണ്ടായിരുന്നു. നടക്കുന്നവ, ഇഴയുന്നവ, പറവകള്‍ അങ്ങനെയെല്ലാം. 13 അപ്പോള്‍ ഒരു ശബ്ദം പത്രൊസിനോടു പറഞ്ഞു, “എഴുന്നേല്‍ക്കൂ പത്രൊസേ; മൃഗത്തെ കൊന്നു തിന്നോളൂ.”
14 എന്നാല്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, അത് ഞാനൊരിക്കലും ചെയ്യില്ല! അശുദ്ധവും മലിനവുമായ യാതൊന്നും ഞാനിതേവരെ ഭക്ഷിച്ചിട്ടില്ല.”
15 എന്നാല്‍ ആ സ്വരം അവനോടു വീണ്ടും പറഞ്ഞു, “ദൈവം ഇവയെ വൃത്തിയുള്ളവയെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ അവയെ ‘അശുദ്ധമെന്നു’ വിളിക്കരുത്!” 16 ഇതു മൂന്നു തവണ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തേക്ക് എടുക്കപ്പെട്ടു. 17 ഈ ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്തായിരിക്കാമെന്ന് പത്രൊസ് അത്ഭുതപ്പെട്ടു.
കൊര്‍ന്നേല്യൊസ് അയച്ച ഭൃത്യന്മാര്‍ ശിമോന്‍റെ വസതി അന്വേഷിച്ചു കണ്ടുപിടിച്ചു. 18 വാതില്‍ക്കല്‍ നിന്ന് അവര്‍ വിളിച്ചു ചോദിച്ചു, ശിമോന്‍ പത്രൊസ് ഇവിടെയാണോ താമസം?”
19 പത്രൊസ് അപ്പോഴും ദര്‍ശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആത്മാവ് അവനോടു പറഞ്ഞു, “നോക്കൂ! മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു. 20 എഴുന്നേറ്റു താഴത്തെ നിലയിലേക്കു ചെല്ലുക. സംശയാലുവാകാതെ അവരോടൊത്തു പോകുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുകയും ചെയ്യുക. ഞാനാണ് അവരെ നിന്‍റെ അടുത്തേക്ക് അയച്ചത്.” 21 പത്രൊസ് താഴെ അവരുടെ അടുത്തേക്കു പോയി. അവന്‍ പറഞ്ഞു, “നിങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി ഞാനാണ്. എന്തിനാണ് നിങ്ങളിവിടെ വന്നത്?”
22 അവര്‍ പറഞ്ഞു, “നിന്നെ തന്‍റെ വസതിയിലേക്കു ക്ഷണിക്കാന്‍ ഒരു വിശുദ്ധദൂതന്‍ കൊര്‍ന്നേല്യൊസിനോട് ആജ്ഞാപിച്ചു. കൊര്‍ന്നേല്യൊസ് ഒരു ശതാധിപനാണ്. അയാള്‍ ഒരു ഭക്തനും യഥാര്‍ത്ഥദൈവത്തെ ആരാധിക്കുന്നവനുമാണ്. യെഹൂദര്‍ അയാളെ ആദരിക്കുന്നു. നിനക്കു പറയാനുള്ളത് കേള്‍ക്കുന്നതിന് നിന്നെ വീട്ടിലേക്കു ക്ഷണിക്കാന്‍ ദൂതന്‍ കൊര്‍ന്നേല്യൊസിനോടു കല്പിച്ചു.” 23 അകത്തു വന്ന് അന്നു രാത്രി അവിടെ തങ്ങാന്‍ പത്രൊസ് അവരോട് അഭ്യര്‍ത്ഥിച്ചു.
പിറ്റേദിവസം പത്രൊസ് ആ മൂന്നു പേരോടൊത്തു പോയി. യോപ്പയിലെ ഏതാനും വിശ്വാസികളും പത്രൊസിനോടൊത്തു പോയി. 24 പിറ്റേന്ന് അവര്‍ കൈസര്യയിലെത്തി. കൊര്‍ന്നേല്യൊസ് അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. അയാള്‍ തന്‍റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അവിടെ വിളിച്ചുകൂട്ടിയിരുന്നു.
25 തന്‍റെ വീട്ടിലേക്കു വന്ന പത്രൊസിനെ കൊര്‍ന്നേല്യൊസ് ചെന്നു കണ്ടു. അയാള്‍ പത്രൊസിന്‍റെ കാല്‍ക്കല്‍ വീഴുകയും ആരാധിക്കുകയും ചെയ്തു. 26 പത്രൊസ് അയാളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു, പത്രൊസ് പറഞ്ഞു, എഴുന്നേ ല്‍ക്കൂ, ഞാന്‍ നിന്നെപ്പോലെ ഒരു മനുഷ്യനാണ്. 27 പത്രൊസ് കൊര്‍ന്നേല്യൊസുമായി സംഭാഷണം തുടര്‍ന്നു. പിന്നീട് ഉള്ളിലേക്കു കടന്നപ്പോള്‍ വലിയൊരു ആള്‍ക്കൂട്ടത്തെ പത്രൊസ് കണ്ടു.
28 പത്രൊസ് അവരോടു പറഞ്ഞു, യെഹൂദനല്ലാത്ത ഒരുവനുമായി ബന്ധപ്പെടുകയോ അയാളെ സന്ദര്‍ശിക്കുകയോ ചെയ്യുന്നത് യെഹൂദന്യായപ്രമാണത്തിന് വിരുദ്ധമാണെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ ആരെയും ‘അശുദ്ധന്‍’ എന്നോ, ‘മലിനപ്പെട്ടവന്‍’ എന്നോ ഞാന്‍ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചു തന്നു. 29 അതിനാലാണ് ഇവരെന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ തര്‍ക്കിക്കാഞ്ഞത്. ഇപ്പോള്‍ ദയവായി പറയൂ എന്തിനാണു നിങ്ങള്‍ എനിക്കായി ആളയച്ചത്.
30 കൊര്‍ന്നേല്യൊസ് പറഞ്ഞു, “നാലുദിവസം മുന്പ് ഞാന്‍ എന്‍റ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. സമയം ഉച്ചയ്ക്ക് മൂന്നു മണിയോളമായി. പെട്ടെന്നൊരാള്‍ എന്‍റെ മുന്പില്‍ വന്നു നിന്നു. പ്രകാശമാനമായി തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു ദൂതന്‍. 31 ദൂതന്‍ പറഞ്ഞു, ‘കൊര്‍ന്നേല്യൊസ്! ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. പാവങ്ങളോടുള്ള നിന്‍റെ കാരുണ്യപ്രവര്‍ത്തി ദൈവം കണ്ടിരിക്കുന്നു. അവന്‍ നിന്നെ ഓര്‍മ്മിക്കുന്നു. 32 നിന്‍റെ ഏതാനും ഭൃത്യന്മരെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ പത്രൊസിനോടു ഇങ്ങോട്ടു വരാന്‍ പറയുക. തുകല്‍ പണിക്കാരനും ശിമോന്‍ എന്നുതന്നെ പേരുള്ളവനുമായ ഒരുവന്‍റെ വസതിയാലാണവന്‍ താമസിക്കുന്നത്. ആ വീട് കടല്‍ത്തീരത്താണ്.’ 33 അപ്പോള്‍ തന്നെ ഞാന്‍ നിനക്കു ആളയച്ചു. നീ ഇവിടെ വന്നതു വളരെ നല്ലതുതന്നെ. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ദൈവത്തിന്‍റെ മുന്പില്‍ അവന്‍ നിന്നോടു പറയുവാന്‍ കല്പിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കുന്നു.
പത്രൊസ് കൊര്‍ന്നേല്യൊസിന്‍റെ വീട്ടില്‍ പ്രസംഗിക്കുന്നു
34 പത്രൊസ് പ്രസംഗിച്ചു തുടങ്ങി: “ദൈവത്തിന് എല്ലാവരും ഒരുപോലെയാണെന്ന് ഞാനിപ്പോള്‍ യഥാര്‍ത്ഥത്തില്‍ പഠിച്ചു. 35 തന്നെ ആരാധിക്കുന്നവനേയും നീതി ചെയ്യുന്നവനെയും ദൈവം സ്വീകരിക്കുന്നു. ഒരുവന്‍ ഏതു രാജ്യത്തുനിന്നും വരുന്നു എന്നതല്ല പ്രധാനം. 36 ദൈവം യെഹൂദരോടു സംസാരിച്ചു. യേശുക്രിസ്തുവിലൂടെ സമാധാനം കൈവന്നു എന്ന സുവിശേഷം യേശു അവര്‍ക്കു നല്‍കി. യേശുവാണ് എല്ലാ ജനതയുടേയും കര്‍ത്താവ്.
37 “യെഹൂദ്യയില്‍ എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാം. സ്നാനത്തെപ്പറ്റി യോഹന്നാന്‍ ജനങ്ങളോട് പ്രസം ഗിച്ചതിനു ശേഷം ഗലീലയിലാണ് അതാരംഭിച്ചത്. 38 നസറെത്തിലെ യേശുവിനെപ്പറ്റി നിങ്ങള്‍ക്കറിയാം. ദൈവം അവന് പരിശുദ്ധാത്മാവിനെയും ശക്തിയേയും നല്‍കിക്കൊണ്ട് അവനെ ക്രിസ്തുവാക്കി. ആളുകള്‍ക്കു നന്മ ചെയ്തുകൊണ്ട് യേശു നാടെങ്ങും ചുറ്റി സഞ്ചരിച്ചു. പിശാചു പീഢിപ്പിച്ചവരെ അവന്‍ സുഖപ്പെടുത്തി. ഇതൊക്കെ യേശുവിനോടൊപ്പമാണ് ദൈവം എന്നതിനു സാക്ഷ്യങ്ങളാണ്.
39 “യെഹൂദ്യയിലും യെരൂശലേമിലും യേശു ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സാക്ഷികളാണ്. പക്ഷേ യേശു കൊല്ലപ്പെട്ടു. അവര്‍ അവനെ മരക്കുരിശില്‍ തറച്ചു. 40 എന്നാല്‍ മരണത്തിന്‍റെ മൂന്നാം നാള്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു! ദൈവം ആളുകള്‍ക്ക് യേശുവിനെ വ്യക്തമായി കാണിച്ചു കൊടുത്തു. 41 പക്ഷേ എല്ലാ ആളുകളും യേശുവിനെ കാണില്ല. ദൈവം തെരഞ്ഞെടുത്ത സാക്ഷികള്‍ മാത്രം അവനെ കണ്ടു. ആ സാക്ഷികളാണു ഞങ്ങള്‍. അവന്‍റെ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പിനു ശേഷം ഞങ്ങള്‍ അവനോടൊത്തു തിന്നുകയും കുടിയ്ക്കുകയും ചെയ്തു.
42 “ജനങ്ങളോടു പ്രഭാഷണം നടത്താന്‍ യേശു ഞങ്ങളോടു ആവശ്യപ്പെട്ടു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ന്യായവിധി നടത്താന്‍ ദൈവം നിയോഗിച്ചവനാണ് അവനെന്ന് എല്ലാവരോടും പറയാന്‍ അവന്‍ ഞങ്ങളോടു പറഞ്ഞു. 43 യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും. യേശുവിന്‍റെ നാമത്തി ലൂടെ അവന്‍റെ പാപങ്ങളെ ദൈവം പൊറുക്കും. ഇതു സത്യമാണെന്ന് എല്ലാ പ്രവാചകരും പറയുന്നു.
പരിശുദ്ധാത്മാവ് ജാതികളിലേക്ക്
44 പത്രൊസ് ഇങ്ങനെ പ്രഭാഷണം ചെയ്യവേ അവന്‍റെ വാക്കുകള്‍ കേള്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. 45 പത്രൊസിനോടൊപ്പം വന്ന യെഹൂദവിശ്വാസികള്‍ അത്ഭുതപ്പെട്ടു. ജാതികളിലും പരിശുദ്ധാത്മാവ് അതുപോലെ വര്‍ഷിക്കപ്പെട്ടതിനാലാണ് അവര്‍ക്കത്ഭുതം. 46 കാരണം ആ ജാതികള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രൊസ് പറഞ്ഞു, 47 “വെള്ളത്തില്‍ സ്നാനപ്പെടുന്നതില്‍ നിന്ന് ഇവരെ തടയാന്‍ നമ്മള്‍ക്കാവില്ല. നമ്മള്‍ക്കു കിട്ടിയതുപോലെ തന്നെ ഇവര്‍ക്കും പരിശുദ്ധാത്മാവിനെ ലഭിച്ചു!” 48 കൊര്‍ന്നേല്യൊസും അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ പത്രൊസ് കല്പിച്ചു. അപ്പോള്‍ ആ ജനം തങ്ങളോടൊപ്പം കുറച്ചു നാള്‍ കൂടി വസിക്കാന്‍ പത്രൊസിനോടു അഭ്യര്‍ത്ഥിച്ചു.