പത്രൊസ് യെരൂശലേമിലേക്കു മടങ്ങുന്നു
11
ജാതികള്‍ക്കും ദൈവവചനം ലഭിച്ചു എന്ന വാര്‍ത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിലെ വിശ്വാസികളും കേട്ടു. അങ്ങനെ പത്രൊസ് യെരൂശലേമില്‍ വന്നപ്പോള്‍ ഏതാനും യെഹൂദ വിശ്വാസികള്‍ അവനുമായി തര്‍ക്കിച്ചു. അവര്‍ പറഞ്ഞു, “ജാതികളും പരിച്ഛേദനം ചെയ്യാത്തവ രുമായവരുടെ വീടുകളില്‍ നീ പോയി, നീ അവരോടൊപ്പമിരുന്ന് ഭക്ഷിക്കുകകൂടി ചെയ്തു.”
അതുകൊണ്ട് സംഭവം മുഴുവനും പത്രൊസ് അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. പത്രൊസ് പറഞ്ഞു, “ഞാന്‍ യോപ്പാനഗരത്തിലായിരുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു ദര്‍ശനമുണ്ടായി. ആകാശത്തുനിന്ന് എന്തോ താഴേക്കിറങ്ങിവരുന്നതു ഞാന്‍ കണ്ടു. അതൊരു വലിയ വിരിപ്പുപോലെ കാണപ്പെട്ടു. അതിന്‍റെ നാലു മൂലകളിലും പിടിച്ചു താഴേക്കു കൊണ്ടുവരികയായിരുന്നു. അത് എന്‍റെ അടുത്തു വന്നു നിന്നു. ഞാന്‍ അതിന് ഉള്ളിലേക്കു നോക്കി. വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇഴജന്തുക്കളും പക്ഷികളും അതില്‍ ഞാന്‍ കണ്ടു. ഒരശരീരി എന്നോടു പറഞ്ഞതായും കേട്ടു, ‘എഴുന്നേല്‍ക്കൂ പത്രൊസേ; ഇവയില്‍ ഏതെങ്കിലും ഒന്നിനെ കൊന്നുതിന്നുക.’
“പക്ഷേ ഞാന്‍ പറഞ്ഞു, ‘ഞാനതൊരിക്കലും ചെയ്യില്ല കര്‍ത്താവേ! അശുദ്ധവും മലിനമാക്കപ്പെട്ടതുമായ ഒന്നും ഞാനിതുവരെ ഭക്ഷിച്ചിട്ടില്ല!’
“പക്ഷേ അശരീരി വീണ്ടും ഉണ്ടായി. ‘ദൈവം ഇവയെല്ലാം ശുദ്ധമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അവയെ അശുദ്ധമെന്നു വിളിക്കരുത്.’
10 “മൂന്നു തവണ ഇങ്ങനെ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തിലേക്ക് എടുക്കപ്പെട്ടു. 11 അപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് മൂന്നു പേര്‍ കയറി വന്നു. അവര്‍ കൈസര്യായില്‍ നിന്ന് എന്‍റെ അടുത്തേക്ക് അയയ്ക്കപ്പെട്ടവരായിരുന്നു. 12 സംശയിക്കാതെ അവരോടൊത്തു പോകുവാന്‍ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു വിശ്വാസികളും എന്നോടൊത്തു വന്നു. ഞങ്ങള്‍ കൊര്‍ന്നേല്യൊസിന്‍റെ വീട്ടിലേക്കാണ് പോയത്. 13 തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്‍ക്കുന്നത് കണ്ടതിനെപ്പറ്റി കൊര്‍ന്നേല്യൊസ് പറഞ്ഞു. ‘ഏതാനും പുരുഷന്മാരെ യോപ്പയിലേക്ക് അയയ്ക്കുക. ശിമോന്‍ പത്രൊസിനെ ഇങ്ങോട്ടു ക്ഷണിക്കുക. 14 അവന്‍ നിങ്ങളോടു സംസാരിക്കും. നിന്നെയും നിന്‍റെ കുടുംബത്തെയും അവന്‍റെ വാക്കുകള്‍ രക്ഷിക്കും.’
15 “ഞാന്‍ അവരോടു പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെ ആംഭത്തില്‍ നമുക്കുണ്ടായതുപോലെ പരിശുദ്ധാത്മാവ് അവരിലേക്കു വന്നു. 16 അപ്പോള്‍ ഞാന്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിച്ചു. കര്‍ത്താവ് പറഞ്ഞു, യോഹന്നാന്‍ ജനങ്ങളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടും! 17 കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച നമുക്ക് തന്നതു പോലുള്ള ദാനം തന്നെ ദൈവം ഇവര്‍ക്കും കൊടുത്തു. അപ്പോള്‍ ദൈവത്തിന്‍റെ ആ പ്രവൃത്തി നിര്‍ത്താന്‍ ഞാനാരായിരുന്നു?”
18 ഇതെല്ലാം കേട്ട യെഹൂദവിശ്വാസികള്‍ തര്‍ക്കം അവസാനിപ്പിച്ചു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു, “മാനസാന്തരപ്പെടുവാനും നമ്മുടേതുപോലുള്ള ജീവിതം നേടാനും ദൈവം ജാതികളെ അനുവദിച്ചു.”
സുവിശേഷം അന്ത്യൊക്ക്യായിലേക്ക്
19 സ്തെഫാനൊസിന്‍റെ മരണശേഷം ഉണ്ടായ ഉപദ്രവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ ചിതറിപ്പോയിരുന്നു. വിശ്വാസികളില്‍ ചിലര്‍ ഫൊയ്നിക്യ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നിങ്ങനെയുള്ള വിദൂരദേശങ്ങളിലേക്കു പോയി. അവര്‍ അവിടെയൊക്കെ സുവിശേഷം പ്രചരിപ്പിച്ചു; പക്ഷേ യെഹൂദരോടു മാത്രമേ അവര്‍ ഇതു പറഞ്ഞുള്ളൂ. 20 അവരില്‍ ചിലര്‍ കുപ്രൊസുകാരും കുറേനക്കാരും ആയിരുന്നു. അന്ത്യൊക്ക്യയിലെത്തിയ അവര്‍ യവനക്കാരോടും സുവിശേഷം പ്രസംഗിച്ചു. കര്‍ത്താവായ യേശുവിനെപ്പറ്റിയുള്ള സുവിശേഷം അവര്‍ യവനക്കാരോടു പ്രസംഗിച്ചു. 21 കര്‍ത്താവ് വിശ്വാസികളെ സഹായിക്കുകയായിരുന്നു. ഒരു വലിയ സംഘം ആള്‍ക്കാര്‍ വിശ്വസിക്കുകയും കര്‍ത്താവിന്‍റെ അനുയായികളാകുകയും ചെയ്തു.
22 യെരൂശലേമിലെ സഭയും അന്ത്യൊക്ക്യയിലെ പുതിയ സഭയെപ്പറ്റി കേട്ടു. അതിനാല്‍ യെരൂശലേമിലെ വിശ്വാസികള്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയിലേക്ക് അയച്ചു. 23-24 ബര്‍ന്നബാസ് നന്മനിറഞ്ഞവനായിരുന്നു. അവന്‍ പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനായിരുന്നു. അന്ത്യൊക്ക്യയിലെത്തിയ ബര്‍ന്നബാസ്, അവിടുത്തുകാരെ ദൈവം നന്നായി അനുഗ്രഹിച്ചിട്ടുള്ളത് കണ്ടു. അത് അയാളെ സന്തുഷ്ടനാക്കി. അയാള്‍ അന്ത്യൊക്ക്യയിലെ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. ആയാള്‍ അവരോടു പറഞ്ഞു, “ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഹൃദയം തുറന്ന് കര്‍ത്താവിനെ എപ്പോഴും അനുസരിക്കുക.” അനേകം അനേകം ആളുകള്‍ കര്‍ത്താവായ യേശുവിന്‍റെ അനുയായികളായി മാറി.
25 പിന്നീട് ബര്‍ന്നബാസ് തര്‍സൊസിലേക്കു പോയി. ശെൌലിനെ തെരഞ്ഞാണു പോയത്. 26 ശെൌലിനെ കണ്ടെത്തി അയാളെ ബര്‍ന്നബാസ് അന്ത്യൊക്ക്യയില്‍ കൊണ്ടുവന്നു. ഇരുവരും ഒരു വര്‍ഷം അവിടെ തങ്ങി. വിശ്വാസിസംഘങ്ങള്‍ എപ്പോഴും ഒന്നിച്ചു ചേരുകയും ബര്‍ന്നബാസും ശെൌലും അവരെ സന്ദര്‍ശിക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യൊക്ക്യായില്‍ യേശുവിന്‍റെ അനുയായികള്‍ ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു വിളിക്കപ്പെട്ടു.
27 അതേസമയം ഏതാനും പ്രവാചകന്മാര്‍ യെരൂശലേമില്‍നിന്നും അന്ത്യൊക്ക്യായിലേക്കു പുറപ്പെട്ടു. 28 അഗബൊസ് എന്നായിരുന്നു അവരില്‍ ഒരാളുടെ പേര്. അഗബൊസ് അന്ത്യൊക്ക്യായില്‍ പ്രസംഗിച്ചു. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ അവന്‍ പറഞ്ഞു, “ലോകത്തിലാകമാനം വളരെ കഷ്ടകരമായ ഒരു സമയം വരുന്നു. കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകും.” (ക്ലെൌദ്യൊസ് ചക്രവര്‍ത്തിയായിരുന്ന കാലത്താണ് അത് സംഭവിച്ചത്.) 29 യെഹൂദ്യയിലെ തങ്ങളുടെ സഹോദരരെ എങ്ങനെയും സഹായിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. ഓരോ വിശ്വാസിയും കഴിവിന് അനുസരിച്ചു സഹായം അയച്ചു. 30 പണം സ്വരൂപിച്ച് അവര്‍ ബര്‍ന്നബാസിനെയും ശെൌലിനെയും ഏല്പിച്ചു. ബര്‍ന്നബാസും ശെൌലും അത് യെഹൂദ്യയിലെ മൂപ്പന്മാര്‍ക്ക് എത്തിച്ചു.