യെരൂശലേമിലെ യോഗം
15
യെഹൂദ്യയില്‍ നിന്നും കുറെപ്പേര്‍ അന്ത്യൊക്ക്യയിലേക്കു വന്നു. അവര്‍ ജാതികളായ സഹോദരന്മാരെ ഉപദേശിച്ചു തുടങ്ങി: “പരിഛേദിക്കപ്പെടാത്തപക്ഷം നിങ്ങള്‍ രക്ഷിക്കപ്പെടില്ല. അങ്ങനെ ചെയ്യുവാന്‍ മോശെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.” ഈ ഉപദേശത്തിന് എതിരായിരുന്നു പെൌലൊസും ബര്‍ന്നബാസും. ഇക്കാര്യത്തില്‍ കാതലായ തര്‍ക്കം ഉണ്ടായിരുന്നു. അതിനാല്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റു ചിലരേയും യെരൂശലേമിലേക്ക് അയയ്ക്കാന്‍ ആ സംഘം തീരുമാനിച്ചു. ഈ പ്രശ്നം സംബന്ധിച്ച് അപ്പൊസ്തലന്മാരും മൂപ്പന്മാരുമായി സംസാരിക്കുന്നതിനായാണ് അവര്‍ അങ്ങോട്ടു പോകുന്നത്.
സഭയുടെ സഹായത്തോടെ ആണവര്‍ യാത്ര തിരിച്ചത്. ഫൊയ്നീക്ക്യ, ശമര്യ എന്നീ രാജ്യങ്ങളിലൂടെ അവര്‍ കടന്നുപോയി. സത്യദൈവത്തിലേക്കു ജാതികള്‍ വന്ന കാര്യമെല്ലാം അവര്‍ ആ രാജ്യക്കാരോടു പ്രസംഗിച്ചു. ആ വാര്‍ത്തകള്‍ സഹോദരന്മാരെ ആഹ്ലാദിപ്പിച്ചു. പെൌലൊസും ബര്‍ന്നബാസും മറ്റുള്ളവരും യെരൂശലേമില്‍ എത്തി. അപ്പൊസ്തലന്മാരും മൂപ്പന്മാരും വിശ്വാസിസമൂഹവും അവരെ സ്വാഗതം ചെയ്തു. ദൈവം തങ്ങളിലൂടെ ചെയ്ത തെല്ലാം അവര്‍ വിശദീകരിച്ചു. യെരൂശലേമിലെ വിശ്വാസികളില്‍ ചിലര്‍ പരീശന്മാരുടെ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. അവര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “ജാതികളില്‍ നിന്നുവന്ന വിശ്വാസികള്‍ പരിച്ഛേദിക്കപ്പെടണം. മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാനും നാം അവരോടു പറയണം.”
അനന്തരം ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒത്തുകൂടി. ഒരു വലിയ ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടന്നു. അപ്പോള്‍ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, മുന്‍ദിവസങ്ങളില്‍ എന്താണുണ്ടായതെന്നു നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്ന് എനിക്കറിയാം. ജാതികളോട് സുവിശേഷം പ്രസംഗിക്കുന്നതിന് അന്ന് ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുത്തു. അവര്‍ എന്നില്‍ നിന്ന് സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തു. എല്ലാ മനുഷ്യരുടെ ചിന്തകളും ദൈവത്തിന് അറിയാം. അവന്‍ ജാതികളെ സ്വീകരിക്കുകയും ചെയ്തു. നമ്മളോടു ചെയ്തതുപോലെ തന്നെ അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ടാണ് ഇതു നമുക്കു കാട്ടിത്തന്നത്. ദൈവത്തിന് അവര്‍ നമ്മില്‍നിന്നും വ്യത്യസ്തരല്ല. അവര്‍ വിശ്വസിച്ചപ്പോള്‍ ദൈവം അവരുടെ ഹൃദയങ്ങള്‍ പരിശുദ്ധമാക്കി. 10 പിന്നെ എന്തിനാണു നിങ്ങള്‍ ജാതികളില്‍ നിന്നു വന്ന സഹോദരന്മാരുടെ കഴുത്തില്‍ ഭാരം വയ്ക്കുന്നത്? നിങ്ങള്‍ ദൈവകോപം ഉണ്ടാക്കുകയല്ലേ? നമ്മള്‍ക്കോ, നമ്മുടെ പിതാക്കള്‍ക്കോ ആ ഭാരം ചുമക്കാന്‍ പര്യാപ്തമായ ശക്തിയില്ലായിരുന്നു. 11 കര്‍ത്താവായ ദൈവത്തിന്‍റെ കാരുണ്യത്താല്‍ നമ്മളും ഇവരും രക്ഷ പ്രാപിയ്ക്കുമെന്ന് നാം വിശ്വസിക്കുന്നു.”
12 സഭ മുഴുവന്‍ അടങ്ങി. അവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും വാക്കുകള്‍ ശ്രദ്ധിച്ചു. ജാതികള്‍ക്കിടയില്‍ തങ്ങളിലൂടെ ദൈവം പ്രവര്‍ത്തിച്ച എല്ലാ വീര്യപ്രവൃത്തികളെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും പെൌലൊസും ബര്‍ന്നബാസും അവരോടു പറഞ്ഞു, 13 അവര്‍ പ്രഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യാക്കോബ് പ്രസംഗിച്ചു. അവന്‍ പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, എന്നെ ശ്രദ്ധിക്കുക. 14 ജാതികളോട് തന്‍റെ സ്നേഹം ദൈവം എങ്ങനെ വെളിപ്പെടുത്തിയെന്ന് ശിമോന്‍ പത്രൊസ് നമ്മോടു പറഞ്ഞു. ആദ്യമായി ദൈവം ജാതികളെ തിരഞ്ഞെടുത്ത് തന്‍റെ ജനമാക്കി. 15 പ്രവാചകരും ഇതുതന്നെ പറയുന്നു:
16 ഇതിനുശേഷം ഞാന്‍ തിരിച്ചു വരും.
ദാവീദിന്‍റെ ഭവനം ഞാന്‍ വീണ്ടും പണിയും.
അതിപ്പോള്‍ വീണിരിക്കുകയാണ്.
ജീര്‍ണ്ണിച്ചു കിടക്കുന്ന അതിന്‍റെ ഭാഗങ്ങള്‍ ഞാന്‍ വീണ്ടും പണിയും.
അവന്‍റെ വീട് ഞാന്‍ പുത്തനാക്കും.
17 പിന്നീട് മറ്റുള്ളവരും കര്‍ത്താവിനെ അന്വേഷിക്കും.
അതോടൊപ്പം എന്‍റെ ആളുകളായി മാറിയ ജാതികളും.
ഇതെല്ലാം ചെയ്ത കര്‍ത്താവ് ഇത് അരുളി.
അവനാണല്ലോ ഇതെല്ലാം സഫലമാക്കുക. ആമോസ് 9:11-12
18 “ആരംഭം മുതല്‍ക്കേ ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിരുന്നു.
19 “ദൈവത്തിലേക്കു തിരിഞ്ഞ ജാതികളുടെ കാര്യത്തില്‍ അതിനാല്‍ നമ്മള്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു. 20 പകരം നാം അവര്‍ക്കു കത്തെഴുതണം. അതില്‍ അവരോടു നാം ഇതൊക്കെ പറയണം:
വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കരുത്. (അതു ഭക്ഷണത്തെ അശുദ്ധമാക്കുന്നു.)
വ്യഭിചരിക്കരുത്, രക്തം രുചിക്കരുത്.
ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ തിന്നരുത്.
21 മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നവര്‍ എല്ലായിടവും ഉള്ളതിനാല്‍ അവര്‍ക്കിതൊന്നും ചെയ്യാനാവില്ല. മോശെയുടെ വചനങ്ങള്‍ വര്‍ഷങ്ങളായി എല്ലാ ശബ്ബത്തുദിവസവും യെഹൂദപ്പള്ളികളില്‍ വായിക്കപ്പെടാറുണ്ട്.”
ജാതികളില്‍ നിന്നുള്ള വിശ്വാസികള്‍ക്കുള്ള കത്ത്
22 പെൌലൊസിനോടും ബര്‍ന്നബാസിനോടും ഒപ്പം ഏതാനും പേരെ അന്ത്യൊക്ക്യയിലേക്ക് അയയ്ക്കണമെന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തന്നെ ആലോചിച്ചു. തങ്ങള്‍ക്കിടയില്‍നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിച്ചു. ബര്‍ശബാസ് എന്ന പേരിലും വിളിയ്ക്കുന്ന യൂദയേയും, ശീലാസിനെയും അവര്‍ തിരഞ്ഞെടുത്തു. യെരൂശലേമിലെ സഹോദരന്മാര്‍ക്ക് ആദരണീയനാണവന്‍. 23 സഭ അവരുടെ കൈയില്‍ ഒരു കത്തും കൊടുത്തയച്ചു. കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു:
നിങ്ങളുടെ സഹോദരന്മാരായ അപ്പൊസ്തലന്മാരില്‍നിന്നും, മൂപ്പന്മാരില്‍ നിന്നും അന്ത്യൊക്ക്യയിലെയും സുറിയായിലെയും കിലിക്യായിലെയും ജാതികളില്‍നിന്നും വന്ന എല്ലാ സഹോദരന്മാര്‍ക്കും.
പ്രിയ സഹോദരന്മാരേ,
24 ഞങ്ങള്‍ക്കിടയിലെ ഏതാനും പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നതായി ഞങ്ങളറിഞ്ഞു, അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുകയും കുഴക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ അയച്ചവരല്ല അവര്‍. 25 ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പ്രിയസുഹൃത്തുക്കളായ ബര്‍ന്നബാസിനോടും പെൌലൊസിനോടും ഒപ്പം ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത യയ്ക്കും. 26 ബര്‍ന്നബാസും പെൌലൊസും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. 27 അതിനാല്‍ ഞങ്ങള്‍ യൂദയേയും, ശീലാസിനെയും അവരോടൊത്ത് അയയ്ക്കുന്നു. അവര്‍ നിങ്ങളോട് അതേ കാര്യങ്ങള്‍ വായ്വാക്കാല്‍ പറയും. 28 നിങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടാകരുതെന്ന് പരിശുദ്ധാത്മാവ് വിചാരിക്കുന്നതിനാല്‍ ഞങ്ങള്‍ അത് അംഗീകരിക്കുന്നു. നിങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ:
29 വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കരുത്.
രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്.
വ്യഭിചരിക്കരുത്.
ഇക്കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു കഴിഞ്ഞാല്‍ നിങ്ങള്‍ നന്നായി വരും.
നന്നായി വരട്ടെ.
30 അതുകൊണ്ട് പെൌലൊസും, ബര്‍ന്നബാസും, യൂദയും, ശീലാസും, യെരൂശലേം വിട്ടു. അവര്‍ അന്ത്യൊക്ക്യയിലേക്കു പോയി. അന്ത്യൊക്ക്യയില്‍ അവര്‍ വിശ്വാസികളെ വിളിച്ചുകൂട്ടുകയും കത്ത് അവര്‍ക്കു നല്‍കുകയും ചെയ്തു. 31 അതു വായിച്ച വിശ്വാസികള്‍ ആഹ്ലാദിച്ചു. കത്ത് അവരെ ആശ്വസിപ്പിച്ചു. 32 പ്രവാചകരുമായ യൂദയും ശീലാസും സഹോദരന്മാരെ ശക്തിപ്പെടുത്താന്‍ സഹായിച്ച ഒട്ടനവധി കാര്യങ്ങള്‍ അവരോടു പറഞ്ഞു, 33 അല്പനാള്‍ അവിടെ തങ്ങിയതിനുശേഷം യൂദയും ശീലാസും അവിടം വിട്ടു. സഹോദരന്മാര്‍ സമാധാനത്തോടെ അവരെ അനുഗ്രഹിച്ചയച്ചു. യൂദയും ശീലാസും തങ്ങളെ അയച്ച യെരൂശലേമിലെ സഹോദരന്മാരുടെ അടുത്തേക്ക് മടങ്ങി. 34  + ചില ഗ്രീക്കു പതിപ്പുകളില്‍ 34-ാം വാക്യത്തില്‍ “പക്ഷേ ശീലാസ് അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു” എന്നും കൂടിയുണ്ട്.
35 എന്നാല്‍ പെൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ തങ്ങി. അവര്‍ മറ്റനേകം പേരോടൊപ്പം സുവിശേഷം പ്രസംഗിക്കുകയും കര്‍ത്താവിന്‍റെ സന്ദേശം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു.
പെൌലൊസും ബര്‍ന്നബാസും വേര്‍പിരിയുന്നു
36 ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, പെൌലൊസ് ബര്‍ന്നബാസിനോടു പറഞ്ഞു, “കര്‍ത്താവിന്‍റെ സന്ദേശം നമ്മള്‍ പല പട്ടണങ്ങളിലും പ്രസംഗിച്ചു. നമുക്ക് ആ പട്ടണങ്ങളിലേക്കു മടങ്ങി അവിടുത്തെ സഹോദരീ സഹോദരന്മാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാം.”
37 യോഹന്നാന്‍ എന്ന മര്‍ക്കോസിനെയും തങ്ങളുടെ കൂടെ കൊണ്ടുപോകാന്‍ ബര്‍ന്നബാസ് ആഗ്രഹിച്ചു. 38 പക്ഷേ അവരുടെ ആദ്യയാത്രയില്‍ തന്നെ പംഫുല്യായില്‍ വച്ചുതന്നെ യോഹന്നാന്‍ (മര്‍ക്കൊസ്) അവരെ വിട്ടുപോവുകയും ജോലിയില്‍ അവരോടൊപ്പം തുടരാതിരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും കൊണ്ടുപോകരുതെന്ന് പെൌലൊസ് ശക്തമായി ആവശ്യപ്പെട്ടു. 39 ഇതെപ്പറ്റി പെൌലൊസും ബര്‍ന്നബാസും വലിയ തര്‍ക്കത്തിലായി. അവര്‍ വേര്‍പിരിഞ്ഞ് വ്യത്യസ്തമാര്‍ഗ്ഗങ്ങളിലേക്കു പോയി. ബര്‍ന്നബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്ക് കപ്പല്‍ കയറി.
40 പെൌലൊസ് ശീലാസിനെയും തന്നോടൊത്തു കൂട്ടി. അന്ത്യൊക്ക്യായിലുള്ള സഹോദരന്മാര്‍ കര്‍ത്താവിന്‍റെ കൃപയില്‍ പെൌലൊസിനെ ഏല്പിച്ചു. 41 പെൌലൊസും ശീലാസും സുറിയ, കിലിക്യാ എന്നീ രാജ്യങ്ങളില്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ടു പര്യടനം നടത്തി.