കൈസറിനെ കാണാന്‍ പെൌലൊസ് അനുമതി തേടുന്നു
25
ഗവര്‍ണറായതിനു മൂന്നു മാസങ്ങള്‍ക്കു ശേഷം ഫെസ്തൊസ് കൈസര്യായില്‍ നിന്നും യെരൂശലേമിലേക്കു പോയി. മഹാപുരോഹിതരും യെഹൂദനേതാക്കളും പെൌലൊസിനെതിരെ ഫെസ്തൊസിനു മുന്നില്‍ ആരോപണമുന്നയിച്ചു. തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഫെസ്തൊസിനോടഭ്യര്‍ത്ഥിച്ചു: പെൌലൊസിനെ യെരൂശലേമിലേക്ക് മടക്കി അയയ്ക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മാര്‍ഗ്ഗമദ്ധ്യേ പെൌലൊസിനെ പതിയിരുന്നു വധിക്കാനായിരുന്നു അവരുടെ പരിപാടി. എന്നാല്‍ ഫെസ്തൊസ് മറുപടി പറഞ്ഞു, “ഇല്ല! പെൌലൊസിനെ കൈസര്യായില്‍ തന്നെ താമസിപ്പിക്കും. ഞാന്‍ നേരിട്ടു കൈസര്യായില്‍ ഉടന്‍ പോകും. നിങ്ങളുടെ നേതാക്കളില്‍ ചിലര്‍ എന്‍റെ കൂടെ വന്ന് ഇയാള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റാരോപണം നടത്തട്ടെ.”
ഫെസ്തൊസ് എട്ടു പത്തു ദിവസങ്ങള്‍കൂടി യെരൂശലേമില്‍ തങ്ങി. എന്നിട്ടവന്‍ കൈസര്യയിലേക്കു മടങ്ങി. പിറ്റേന്നു പെൌലൊസിനെ തന്‍റെ മുന്പില്‍ ഹാജരാക്കുവാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു. ഫെസ്തൊസ് നീതിപീഠത്തിലി രുന്നു. പെൌലൊസ് മുറിയിലേക്കു വന്നു. യെരൂശലേമില്‍നിന്നും വന്ന യെഹൂദര്‍ അവനു ചുറ്റും കൂടി. പെൌലൊസ് വളരെ ഗൌരവമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നവര്‍ ആരോപിച്ചു. എന്നാല്‍ അവയില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്കായില്ല. തന്‍റെ ന്യായവാദം പെൌലൊസ് ഇങ്ങ നെയാണ് അവതരിപ്പിച്ചത്: “ഞാന്‍ യെഹൂദ ന്യായപ്രമാണത്തിനോ, ദൈവാലയത്തിനോ, കൈസറിനോ എതിരായി ഒരു തെറ്റും ചെയ്തിട്ടില്ല.”
എന്നാല്‍ ഫെസ്തൊസ് യെഹൂദരുടെ പക്ഷമായിരുന്നു. അതിനാല്‍ അയാള്‍ പെൌലൊസിനോടു ചോദിച്ചു, “നിനക്കു യെരൂശലേമിലേക്കു പോകണോ? അവിടെ ഞാന്‍ നിന്‍റെ ന്യായവിധി നടത്തണമോ?”
10 പെൌലൊസ് പറഞ്ഞു കൈസറിന്‍റെ ന്യായപീഠത്തിന്‍റെ മുന്പിലാണു ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇവിടെയാണു ഞാന്‍ വിധിയ്ക്കപ്പെടേണ്ടത്! ഞാന്‍ യെഹൂദര്‍ക്കെതിരെ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന സത്യം അങ്ങയ്ക്കു നന്നായി അറിയാവുന്നതാണ്. 11 ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ന്യായപ്രമാണം ആവശ്യപ്പെടുന്നപ്രകാരം വധശിക്ഷയ്ക്കു വിധേയനാകാന്‍ പോലും ഞാന്‍ തയ്യാറാണ്. എനിക്കതില്‍നിന്നും ഒഴിഞ്ഞു മാറാനാവില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെങ്കില്‍ എന്നെ ഈ യെഹൂദര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ആര്‍ക്കും കഴികയില്ല. ഇല്ല! കൈസര്‍ എന്‍റെമേല്‍ വിചാരണ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം.”
12 ഫെസ്തൊസ് തന്‍റെ ഉപദേഷ്ടാക്കളുമായി ഇതു ചര്‍ച്ച ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു, “കൈസറിന്‍റെ അടുത്തു വിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ നീ അവിടേക്കു തന്നെ പോവുക.
പെൌലൊസിനെപ്പറ്റി ഫെസ്തൊസ് അഗ്രിപ്പാരാജാവിനോട് ചോദിക്കുന്നു
13 ഏതാനും ദിവസങ്ങള്‍ക്കു ശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നിക്കയും കൈസര്യായില്‍ ഫെസ്തൊസിനെ സന്ദര്‍ശിക്കാനെത്തി. 14 അവരവിടെ വളരെ ദിവസങ്ങള്‍ തങ്ങി. ഫെസ്തൊസ് രാജാവിനോടു പെൌലൊസിന്‍റെ കാര്യം പറഞ്ഞു, “ഫേലിക്സ് തടവറയിലിട്ട ഒരാള്‍ ഇവിടെ ഉണ്ട്. 15 ഞാന്‍ യെരൂശലേമിലേക്കു പോയപ്പോള്‍ അവിടെയുള്ള മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അവനെ വധശിക്ഷയ്ക്കു വിധിക്കാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടു. 16 പക്ഷേ ഞാന്‍ മറുപടി പറഞ്ഞു, ‘ഒരാളില്‍ തെറ്റുകള്‍ ആരോപിക്കപ്പെട്ടാല്‍ അയാളുടെ മേല്‍ വിധിയ്ക്കുന്നതിന് മറ്റുള്ളവരെ ഏല്പിക്കുക റോമാക്കാരുടെ പതിവല്ല. ആദ്യം ആരോപണം നടത്തുന്നവനുമായി അയാള്‍ മുഖാമുഖം വാദിക്കണം. അതിനുശേഷം അവന് സ്വന്തം ന്യായങ്ങള്‍ നിരത്താന്‍ അവസരം കൊടുക്കണം.’
17 “അതിനാല്‍ ഈ യെഹൂദര്‍ വിചാരണ നടത്തുന്നതിന് ഇവിടെ കൈസര്യയിലെത്തി. ഞാന്‍ സമയം പാഴാക്കിയുമില്ല. പിറ്റേന്ന് ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് അയാളെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. 18 യെഹൂദര്‍ എഴുന്നേറ്റു നിന്ന് അവനില്‍ കുറ്റാരോപണം നടത്തി. എന്നാല്‍ അത്ര മോശമായ കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല. അവരങ്ങനെ ചെയ്യുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. 19 അവര്‍ പറഞ്ഞ തര്‍ക്കങ്ങള്‍ അവരുടെ മതത്തെയും യേശു എന്നൊരുവനെയും മാത്രം പറ്റിയായിരുന്നു. യേശു മരിച്ചു. പക്ഷേ പെൌലൊസ് പറയുന്നു അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന്. 20 ഇക്കാര്യത്തെപ്പറ്റി എനിക്കധികമൊന്നും അറിവില്ലാത്തതിനാല്‍ ഞാന്‍ പിന്നെ അധികം ചോദ്യം ചെയ്തില്ല. എങ്കിലും ഞാന്‍ പെൌലൊസിനോടു ചോദിച്ചു, ‘നിനക്കു യെരൂശലേമിലേക്കു പോയി അവിടെവച്ചു ഈ കാര്യങ്ങളെപ്പറ്റി വിധിക്കപ്പെടണമെന്നുണ്ടോ?’ 21 എന്നാല്‍ കൈസര്യയില്‍ തന്നെ സൂക്ഷിക്കപ്പെടണമെന്നായിരുന്നു അവന്‍റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിയുടെ തീരുമാനമായിരുന്നു അവന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ റോമയില്‍ കൈസറിന്‍റെ സമക്ഷത്തേക്ക് അവനെ എനിക്കയയ്ക്കാന്‍ കഴിയുംവരെ അവനെ തടവില്‍ സൂക്ഷിക്കാന്‍ ഞാന്‍ ഉത്തരവിട്ടു.”
22 അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “എനിക്കയാളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.”
ഫെസ്തൊസ് പറഞ്ഞു, “നാളെയാകട്ടെ, അങ്ങയ്ക്കവനെ ശ്രവിക്കാം!”
23 പിറ്റേന്ന് അഗ്രപ്പായും ബെര്‍ന്നിക്കയും പ്രത്യക്ഷപ്പെട്ടു. അവന്‍ വളരെ പ്രധാനപ്പെട്ട മനുഷ്യരെപ്പോലെ വസ്ത്രം ധരിയ്ക്കുകയും നടക്കുകയും ചെയ്തിരുന്നു. അഗ്രിപ്പായും ബെര്‍ന്നിക്കയും ശതാധിപന്മാരും കൈസര്യായിലെ മുഖ്യന്മാരും ന്യായാസനമുറിയിലേക്കു കയറി. പെൌലൊസിനെ അകത്തേക്കു കൊണ്ടുവരാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു.
24 ഫെസ്തൊസ് പറഞ്ഞു, “അഗ്രിപ്പാരാജാവും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ എല്ലാവരും ഈ മനുഷ്യനെ നോക്കിയാലും. ഇവിടെയും യെരൂശലേമിലുമുള്ള എല്ലാ യെഹൂദരും ഇയാളെപ്പറ്റി എന്നോടു പരാതിപ്പെട്ടിട്ടുണ്ട്. അവരൊക്കെ അവനെ കൊല്ലണമെന്നു വിളിച്ചു കൂവി. 25 എന്നാല്‍ അവനില്‍ തെറ്റൊന്നും കാണാന്‍ എനിക്കു കഴിഞ്ഞില്ല. അവനെ കൊല്ലാനുത്തരവിടാന്‍ ഞാനൊരു കാരണവും കാണുന്നില്ല. പക്ഷേ കൈസര്‍ തന്‍റെ ന്യായവിധി നടത്തണമെന്നും അവന്‍ ആവശ്യപ്പെട്ടു. അതിനാല്‍ അവനെ റോമിലേക്ക് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. 26 എന്നാല്‍ ഇയാളെക്കുറിച്ച് കൈസറോട് എന്തു പറയണമെന്നും സത്യത്തില്‍ എനിക്കറിയില്ല. അതിനാല്‍ ഞാനിവനെ നിങ്ങളുടെ മുന്പില്‍, പ്രത്യേകിച്ചും അഗ്രിപ്പാരാജാവേ അങ്ങയുടെ മുന്പില്‍ കൊണ്ടുവന്നിരിക്കുന്നു. അങ്ങയ്ക്ക് ഇവനെ ചോദ്യം ചെയ്യുവാനും കൈസറിനു ഞാന്‍ കൊടുക്കേണ്ട മറുപടി പറഞ്ഞുതരാനും കഴിയുമെന്ന് ഞാന്‍ കരുതുന്നു. 27 ഒരു തടവുപുള്ളിയെ വ്യക്തമായ ആരോപണങ്ങളില്ലാതെ കൈസറിനു മുന്നിലേക്ക് അയയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാം.”