പെൌലൊസ് റോമയിലേക്കു കപ്പല്‍ കയറുന്നു
27
നമ്മള്‍ കടല്‍മാര്‍ഗ്ഗം ഇതല്യെക്കു പോകണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. ശതാധിപനായ യൂലിയൊസ് പെൌലൊസിനും മറ്റു ചില തടവുകാര്‍ക്കും കാവല്‍ നിന്നു. ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ അംഗമായിരുന്നു യൂലിയോസ്. ഞങ്ങള്‍ ഒരു കപ്പലില്‍ കയറി യാത്ര ചെയ്തു. ആ ഗ്രാമത്തില്‍നിന്നും ആസ്യയിലെ പല ഭാഗങ്ങളിലേക്കും പോകുന്ന കപ്പലായിരുന്നു അത് അരിസ്തര്‍ഹൊസും ഞങ്ങളോടൊത്തുണ്ടായിരുന്നു. മക്കെദോന്യയിലെ തെസ്സലൊനിക്യക്കാരനായിരുന്നു അയാള്‍.
പിറ്റേന്നു ഞങ്ങള്‍ സീദോന്‍നഗരത്തിലേക്കു വന്നു. പെൌലൊസിനെ സംബന്ധിച്ചിടത്തോളം യൂലിയൊസ് നല്ലവനായാരുന്നു. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്യം അയാള്‍ പെൌലൊസിനു നല്‍കിയിരുന്നു. ആ സുഹൃത്തുക്കള്‍ പൌ ലൊസിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. ഞങ്ങള്‍ സീദോന്‍ വിട്ടു. കാറ്റ് ഞങ്ങള്‍ക്കു പ്രതികൂലമായിരുന്നതിനാല്‍ ഞങ്ങള്‍ കുപ്രൊസ് ദ്വീപിലേക്കു പോയി. കിലിക്യ, പംഫുല്യ എന്നിവിടങ്ങളിലൂടെ ഞങ്ങള്‍ കടന്നു. പിന്നീട് ഞങ്ങള്‍ ലൂക്കിയായിലെ മുറായില്‍ എത്തി. അവിടെ അലക്സെന്ത്രിയായില്‍ നിന്നുള്ള ഒരു കപ്പല്‍ ശതാധിപന്‍ കണ്ടെത്തി. അത് ഇതെല്യയിലേക്കു പോവുകയായിരുന്നതിനാല്‍ അയാള്‍ ഞങ്ങളെ അതില്‍ കയറ്റി.
ഞങ്ങള്‍ വളരെ പതുക്കെ അനേകദിവസം യാത്ര ചെയ്തു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ ക്നീദോനില്‍ എത്തുന്നതിന് ഞങ്ങള്‍ വളരെ ക്ലേശിച്ചു. ഈ വഴിക്ക് ഞങ്ങള്‍ക്ക് അധികം യാത്ര ചെയ്യാനായില്ല. അതിനാല്‍ ഞങ്ങള്‍ ശല്‍മോനിനടുത്തുള്ള ക്രേത്തദ്വീപിന്‍റെ തെക്കുവശത്തുകൂടി യാത്ര ചെയ്തു. തീരത്തിനടുത്തൂടെയുള്ള ഞങ്ങളുടെ യാത്ര ദുഷ്കരമായിരുന്നു. പിന്നീട് ഞങ്ങള്‍ ‘ശുഭതുറമുഖം’ എന്ന സ്ഥലത്തെത്തി. ലസയ്യാനഗരം അതിന് അടുത്തായിരുന്നു.
പക്ഷേ ഞങ്ങള്‍ക്കു വളരെയധികം സമയം നഷ്ടപ്പെട്ടു. ഇപ്പോള്‍ കടല്‍യാത്ര വളരെ അപകടമായി. കാരണം യെഹൂദരുടെ ഉപവാസദിനം കഴിഞ്ഞിരുന്നു. അതിനാല്‍ പെൌലൊസ് അവരെ താക്കീതു ചെയ്തു. 10 “മനുഷ്യരേ, ഈ യാത്ര പ്രയാസകരമാകുന്നു എന്നു എനിക്കു കാണാന്‍ കഴിയുന്നു. കപ്പലും അതിലെ സാമാനങ്ങളും നഷ്ടമാകും. നമ്മുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാം.” 11 എന്നാല്‍ കപ്പിത്താനും കപ്പലുടമയും അത് അംഗീകരിച്ചില്ല. അതിനാല്‍ ശതാധിപന്‍ പെൌലൊസിനെ വിശ്വസിച്ചുമില്ല. പകരം, കപ്പിത്താന്‍റെയും കപ്പലുടമയുടെയും വാക്കുകളാണയാള്‍ വിശ്വസിച്ചത്. 12 ആ തുറമുഖമാകട്ടെ ശൈത്യകാലത്ത് അധിക ദിവസം തങ്ങാന്‍ പറ്റിയതുമല്ല. അതിനാല്‍ കപ്പല്‍ ആ സ്ഥലം വിടണമെന്ന് അധികം പേരും നിശ്ചയിച്ചു. ഫൊയ്നീക്യയില്‍ എത്തിപ്പെടാമെന്നവര്‍ പ്രതീക്ഷിച്ചു. തണുപ്പുകാലം അവിടെ കഴിക്കാമെന്നവര്‍ കരുതി. തെക്കു പടിഞ്ഞാറേക്കും, വടക്കു പടിഞ്ഞാറേക്കും തിരിഞ്ഞുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണ് ഫെയ്നീക്യ.
കൊടുങ്കാറ്റ്
13 അപ്പോള്‍ തെക്കു നിന്നൊരു നല്ല കാറ്റു വീശാന്‍ തുടങ്ങി. കപ്പലിലുണ്ടായിരുന്നവര്‍ അപ്പോള്‍ പറഞ്ഞു, “ആ കാറ്റാണു നമുക്കു വേണ്ടത്. ഇപ്പോഴതു കിട്ടി.” അതിനാല്‍ അവര്‍ നങ്കൂരം വലിച്ചു. ക്രേത്തദ്വീപിനു വളരെ അടുത്തേക്കു ഞങ്ങള്‍ സഞ്ചരിയ്ക്കുകയും ചെയ്തു. 14 എന്നാല്‍ അപ്പോള്‍ തന്നെ ദ്വീപു മുറിച്ചുകൊണ്ട് “തെക്കുകിഴക്കന്‍” എന്നു പേരായ അതിശക്തമായ ഒരു കാറ്റും വീശി. 15 ആ കാറ്റ് കപ്പലിനെ ദൂരേക്കു എടുത്തുകൊണ്ടു പോയി. കപ്പലിന് കാറ്റിനെതിരെ സഞ്ചരിക്കാനായില്ല. അതിനാല്‍ ഞങ്ങള്‍ ആ ശ്രമം നിര്‍ത്തിയിട്ട് കാറ്റിനൊപ്പിച്ചു സഞ്ചരിച്ചു.
16 ഞങ്ങള്‍ ക്ലെൌദ എന്നൊരു ദ്വീപിന്‍റെ അരികു പറ്റി സഞ്ചരിച്ചു. അപ്പോള്‍ രക്ഷാവഞ്ചി കപ്പലിലേക്കെടുക്കുവാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു. 17 രക്ഷാവഞ്ചി കപ്പലിലേക്കെടുത്തതിനു ശേഷം ആളുകള്‍ കയറുകൊണ്ടു കപ്പല്‍ വലിച്ചു കെട്ടി സുരക്ഷിതമാക്കി. സുവര്‍ത്തീസിലെ മണല്‍ത്തിട്ടയില്‍ കപ്പല്‍ ഉറയ്ക്കുമെന്ന് അവര്‍ ഭയന്നു. അതിനാലവര്‍ പായ താഴ്ത്തിക്കെട്ടി കപ്പലിനെ സ്വതന്ത്യമാക്കി.
18 പിറ്റേന്ന് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അവര്‍ ചില സാധനങ്ങളെടുത്ത് പുറത്തേക്കെറിഞ്ഞു. 19 പിറ്റേന്ന് അവര്‍ കപ്പലിലെ ഉപകരണങ്ങള്‍ പുറത്തേക്കെറിഞ്ഞു. 20 പല ദിവസങ്ങളോളം തങ്ങള്‍ക്കു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അത്ര ഭീകരമായിരുന്നു. ജീവനോടെ ഇരിക്കാമെന്ന എല്ലാ പ്രതീക്ഷകളും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. മരിക്കേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതി.
21 വളരെ നേരത്തേക്ക് അവര്‍ ഒന്നും കഴിച്ചില്ല. ഒരു ദിവസം പെൌലൊസ് അവരുടെ മുന്പില്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “കൂട്ടരേ, ക്രേത്തില്‍നിന്നും പുറപ്പെടരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളത് ചെവിക്കൊള്ളണമായിരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഈ കുഴപ്പങ്ങളും നഷ്ടങ്ങളും ഉണ്ടാ കുമായിരുന്നില്ല. 22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, സന്തുഷ്ടരായി ഇരിക്കുവിന്‍. നിങ്ങളിലാര്‍ക്കും മരിക്കേണ്ടിവരില്ല. പക്ഷേ കപ്പല്‍ നമുക്കു നഷ്ടപ്പെടും. 23 കഴിഞ്ഞ രാത്രി ദൈവത്തില്‍ നിന്നൊരു ദൂതന്‍ എന്‍റെയടുത്തേക്കു വന്നു. ഞാന്‍ നമസ്കരിക്കുന്ന ദൈവത്തില്‍ നിന്ന് ഞാന്‍ അവന്‍റേതാകുന്നു! 24 ദൈവത്തിന്‍റെ ദൂതന്‍ പറഞ്ഞു, ‘പെൌലൊസെ ഭയപ്പെടേണ്ട! നീ കൈസറിനു മുന്പില്‍ നില്‍ക്കും. ദൈവം നിനക്ക് ഈ വാഗ്ദാനം തന്നിട്ടുമുണ്ട്. നിന്നോടൊപ്പം കപ്പലില്‍ വരുന്നവരുടെയെല്ലാം ജീവന്‍ അവന്‍ നിനക്കുവേണ്ടി രക്ഷിക്കും.’ 25 അതുകൊണ്ട് കൂട്ടരേ, സന്തോഷിക്കുവിന്‍! ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍റെ ദൂതന്‍ എന്നോടു പറഞ്ഞതുപോലെയെല്ലാം സംഭവിക്കും. 26 എന്നാല്‍ നമ്മള്‍ ഒരു ദ്വീപില്‍ ചെന്നിടിക്കും.”
27 പതിനാലാം രാത്രിയില്‍ ഞങ്ങള്‍ അദ്രിയ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. ഞങ്ങള്‍ കരയോടടുത്തുവെന്ന് കപ്പല്‍ ജോലിക്കാര്‍ കരുതി. 28 അവര്‍ ഒരറ്റത്തു ഭാരം കെട്ടിയ ഒരു കയര്‍ കടലിലേക്കിട്ടു. അവിടെ നൂറ്റിയിരുപതടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു എന്നവര്‍ കണ്ടു. അവര്‍ അല്പം കൂടി മുന്പോട്ടേക്കു ചെന്ന് കയര്‍ വീണ്ടും എറിഞ്ഞു. അപ്പോള്‍ തൊണ്ണൂറു അടിയായിരുന്നു ആഴം. 29 ഞ ങ്ങള്‍ പാറകളിന്മേല്‍ ചെന്നിടിക്കുമെന്ന് ജോലിക്കാര്‍ കരുതി. അതിനാലവര്‍ നാലു നങ്കൂരങ്ങള്‍ വെള്ളത്തിലേക്കിട്ടു. എന്നിട്ടവര്‍ പകല്‍ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു. 30 ഏതാനും ജോലിക്കാര്‍ കപ്പല്‍ വിട്ടു പോകാനൊരുങ്ങി. അവര്‍ രക്ഷാവഞ്ചി വെള്ളത്തിലിറക്കി. അവര്‍ കൂടുതല്‍ നങ്കൂരങ്ങള്‍ കപ്പലിന്‍റെ മുകള്‍ഭാഗത്തുനുന്നും വെള്ളത്തിലേക്ക് ഇടുകയാണെന്ന് ഭാവിച്ചു. 31 എന്നാല്‍ പെൌലൊസ് ശതാധിപനോടും മറ്റു ഭടന്മാരോടും പറഞ്ഞു, ഇവര്‍ കപ്പലില്‍ തങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ജീവനും രക്ഷപെടുകയില്ല. 32 അതുകൊണ്ട് ഭടന്മാര്‍ കയറുകള്‍ മുറിയ്ക്കുകയും രക്ഷാവഞ്ചി വെള്ളത്തിലേക്ക് ഇടുകയും ചെയ്തു.
33 നേരം വെളുക്കുംമുന്പ് എന്തെങ്കിലും ആഹാരം കഴിയ്ക്കാന്‍ പെൌലൊസ് ജനങ്ങളെ നിര്‍ബന്ധിച്ചു. അവന്‍ പറഞ്ഞു, “കഴിഞ്ഞ രണ്ടാഴ്ചകളായി നിങ്ങള്‍ ആകാംക്ഷാഭരിതരായിട്ട് ഇരിക്കുകയായിരുന്നു. നിങ്ങളൊന്നും കഴിച്ചിട്ടുമില്ല. 34 ഇപ്പോഴെന്തെങ്കിലും കഴിയ്ക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങള്‍ക്കു ജീവന്‍ നിലനിര്‍ത്തണമല്ലോ. ആരുടെയും ഒരു മുടി പോലും നഷ്ടപ്പെടുകയില്ല. 35 അവനിതു പറഞ്ഞതിനു ശേഷം ഏതാനും അപ്പമെടുത്ത് അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അവന്‍ ഒരു കഷണം മുറിച്ചെടുത്ത് തിന്നു തുടങ്ങി. 36 എല്ലാവരും സന്തുഷ്ടരായി. അവരെല്ലാം ആഹാരം കഴിച്ചു തുടങ്ങി. 37 ഞങ്ങളെല്ലാവരും കൂടി ഇരുന്നൂറ്റി എഴുപത്തിയാറു പേരുണ്ടായിരുന്നു. 38 ആവശ്യമുള്ളത്ര ഞങ്ങള്‍ തിന്നു. എന്നിട്ട് മിച്ചമുള്ള ധാന്യം കടലിലേക്കെറിഞ്ഞ് അവര്‍ കപ്പലിന്‍റെ ഭാരം കുറച്ചു തുടങ്ങി.
കപ്പല്‍ നശിപ്പിക്കപ്പെട്ടു
39 നേരം പുലര്‍ന്നപ്പോള്‍ അവര്‍ കര കണ്ടു. പക്ഷേ അത് ഏതു സ്ഥലമാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒരു ഉള്‍ക്കടലും തീരവും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. 40 നങ്കൂരത്തെ താങ്ങി നിര്‍ത്തിയിരുന്ന കയറുകള്‍ അവര്‍ മുറിയ്ക്കുകയും ചെയ്തു. എന്നിട്ടവര്‍ മുന്നിലത്തെ പായ നിവര്‍ത്തി തീരത്തേക്ക് കപ്പല്‍ ഓടിച്ചു. 41 പക്ഷേ കപ്പലൊരു മണല്‍ത്തിട്ടയില്‍ ഇടിച്ചു. കപ്പലിന്‍റെ മുന്‍ഭാഗം അതില്‍ ഉറച്ചു. കപ്പലിന് അനങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ വലിയ തിരമാലകള്‍ വന്ന് കപ്പലിന്‍റെ പിന്‍ഭാഗത്തെ കഷണങ്ങളായി തകര്‍ത്തു.
42 തടവുകാര്‍ ആരും നീന്തി രക്ഷപ്പെടാതിരിക്കാന്‍ ഭടന്മാര്‍ അവരെ കൊല്ലാന്‍ തീരുമാനിച്ചു. 43 പക്ഷേ ശതാധിപന്‍ പെൌലൊസിനെ കൊല്ലാതിരിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ അയാള്‍ മറ്റു തടവുകാരെ വധിക്കാന്‍ അനുവദിച്ചില്ല. നീന്തലറിയാവുന്നവര്‍ ആദ്യം വെള്ളത്തില്‍ ചാടി നീന്തി കരയിലേക്കു പോകുവാന്‍ യൂലിയൊസ് ജനങ്ങളോടു പറഞ്ഞു. 44 ചിലര്‍ മരക്കഷണങ്ങളും കപ്പലിന്‍റെ തകര്‍ന്ന ഭാഗങ്ങളും ഉപയോഗിച്ച് കരയിലേക്ക് നീന്തി. അങ്ങനെ എല്ലാവരും കരയ്ക്കടുത്തു. ആരും മരണമടഞ്ഞില്ല.