ഏഴുപേരെ പ്രത്യേകം തെരഞ്ഞെടുക്കുന്നു
6
കൂടുതല്‍ കൂടുതല്‍ പേര്‍ യേശുവിന്‍റെ അനുയായികളായിക്കൊണ്ടിരുന്നു. അതേസമയം യവനഭാഷ സംസാരിക്കുന്ന അനുയായികള്‍ക്ക് മറ്റ് യെഹൂദരുമായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ദിവസം തോറുമുള്ള സാധാരണ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ക്ക് പങ്കു കിട്ടാറില്ലെന്നവര്‍ പരാതിപ്പെട്ടു. പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ അനുയായികളെ ഒന്നടങ്കം വിളിച്ചു കൂട്ടി. അപ്പൊസ്തലന്മാര്‍ അവരോടു പറഞ്ഞു,
“ഞങ്ങള്‍ ദൈവവചന ഉപദേശം നിര്‍ത്തി. അതു നന്നല്ല. ഭക്ഷണം വിതരണം ചെയ്യുന്നതിലും നല്ലത് ദൈവവചനം ഉപദേശിക്കുന്നതാണ്. അതുകൊണ്ട്, സഹോദരന്മാരേ, നിങ്ങളില്‍ നിന്ന് ഏഴുപേരെ തിരഞ്ഞെടുക്കുക. നല്ലവരെന്ന് എല്ലാവര്‍ക്കും അഭിപ്രായം ഉള്ളവരായിരിക്കണം അവര്‍. ജ്ഞാനവും ആത്മാവും നിറഞ്ഞവരായിരിക്കണം അവര്‍. അവര്‍ക്ക് ഞങ്ങള്‍ ഈ ജോലി നല്‍കാം. അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമയം പ്രാര്‍ത്ഥനയ്ക്കും ദൈവവചനഘോഷണത്തിനും ഉപയോഗിക്കാം.”
എല്ലാവര്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ഇനി പറയുന്ന ഏഴു പേരെ തിരഞ്ഞെടുത്തു: സ്തെഫാനൊസ്, (അതിയായ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരുവന്‍), ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്ക്യാക്കാരനായ നിക്കൊലാവൊസ്. അവര്‍ ഈ ഏഴു പേരെയും അപ്പൊസ്തലന്മാരുടെ മുന്പില്‍ നിര്‍ത്തി. അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ക്കു മേല്‍ വെക്കുകയും ചെയ്തു.
ദൈവവചനം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കൊണ്ടിരുന്നു. യെരൂശലേമിലെ അനുയായികളുടെ എണ്ണം പെരുകിവന്നു. ഒരു വലിയ സംഘം യെഹൂദ സഹോദരന്മാര്‍ പോലും വിശ്വാസത്തിനു അധീനരായിത്തീര്‍ന്നു.
യെഹൂദന്മാര്‍ സ്തെഫാനോസിന് എതിര്
സ്തെഫാനൊസിന് ഒരു വലിയ അനുഗ്രഹം ലഭിച്ചു. വീര്യപ്രവര്‍ത്തികളും അടയാളങ്ങളും ജനങ്ങള്‍ക്കു കാട്ടാനുള്ള ശക്തികൂടി ദൈവം അവനു നല്‍കി. പക്ഷേ ഏതാനും യെഹൂദര്‍ സ്തെഫാനൊസിനോട് തര്‍ക്കമായി. അവര്‍ ഒരു യെഹൂദപ്പള്ളിയില്‍ നിന്നുള്ളവരായിരുന്നു. വിമോചിതരുടെ യെഹൂദപ്പള്ളി എന്നാണതറിയപ്പെട്ടിരുന്നത്. (കുറേനക്കാര്‍ക്കും അലക്സന്ത്രിയക്കാര്‍ക്കും കൂടി വേണ്ടിയുള്ളതായിരുന്നു ഈ യെഹൂദപ്പള്ളി.) കിലിക്യയില്‍നിന്നും ആസ്യയില്‍നിന്നുമുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരെല്ലാവരും വന്ന് സ്തെഫാനൊസിനോടു വാദിച്ചു. 10 പക്ഷേ ജ്ഞാനിയെപ്പോലെ സംസാരിക്കാന്‍ ആത്മാവ് സ്തെഫാനൊസിനെ സഹായിച്ചു. യെഹൂദര്‍ക്ക് വാദിക്കാന്‍ പറ്റാത്തവിധം ശക്തങ്ങളായിരുന്നു അവന്‍റെ വാക്കുകള്‍.
11 “സ്തെഫാനൊസ് മോശെക്കും ദൈവത്തിനുമെതിരായി പ്രസംഗിക്കുന്നത് ഞങ്ങള്‍ കേട്ടു.” എന്നു പറയാന്‍ ഒടുവില്‍ അവര്‍ ചിലരെ ചട്ടം കെട്ടി. 12 അങ്ങനെ ചെയ്യുക വഴി ഈ യെഹൂദര്‍ ജനങ്ങളെയും ജനത്തിന്‍റെ മൂപ്പന്മാരെയും ശാസ്ത്രിമാരെയും കോപാകുലരാക്കി. അവര്‍ കോപത്തോടെ വന്ന് സ്തെഫാനൊസിനെ പിടികൂടി. അവര്‍ അവനെ യെഹൂദനേതാക്കളുടെ ഒരു സഭയിലേക്ക് കൊണ്ടുപോയി.
13 യെഹൂദര്‍ ചില ആളുകളെ സഭയില്‍ വരുത്തി. സ്തെഫാനൊസിനെതിരെ കള്ളസാക്ഷി പറയാന്‍ യെഹൂദര്‍ ഏര്‍പ്പെടുത്തിയിരുന്നവര്‍ പറഞ്ഞു, “ഈ ദൈവാലയത്തെപ്പറ്റി ഇയാള്‍ ദുഷിച്ചുകൊണ്ടിരിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തെയും ഇയാള്‍ ദുഷിക്കാറുണ്ട്. 14 നസറെത്തിലെ യേശു ഈ സ്ഥലം നശിപ്പിക്കുമെന്ന് അവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. മോശെ നമുക്കു തന്ന ആചാരക്രമങ്ങളെ യേശു തിരുത്തുമെന്നും ഇയാള്‍ പറയാറുണ്ടായിരുന്നു.” 15 സഭയില്‍ കൂടിയിരുന്നവരെല്ലാം സ്തെഫാനൊസിനെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ മുഖം ഒരു ദൂതന്‍റെ മുഖം പോലെയായിരിക്കുന്നത് അവര്‍ കണ്ടു.