വിവാഹത്തെപ്പറ്റി
7
ഇനി, നിങ്ങള്‍ എനിക്കെഴുതിയ കാര്യങ്ങളെപ്പറ്റി പറയാം. വിവാഹം കഴിയ്ക്കാതിരിക്കുകയാണ് ഒരാള്‍ക്കു നല്ലത്. പക്ഷേ ലൈംഗികപാപത്തിന്‍റെ പ്രശ്നം അപകടം ആണ്. അതുകൊണ്ട് ഓരോ പുരുഷനും സ്വന്തം ഭാര്യയുണ്ടാവണം. അതുപോലെ ഓരോ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവുണ്ടായിരിക്കണം. ഭാര്യയെന്ന നിലയ്ക്ക് അവള്‍ക്കു വേണ്ടതെല്ലാം ഭര്‍ത്താവ് നല്‍കിയിരിക്കണം. അതു പോലെ ഭര്‍ത്താവെന്ന നിലയ്ക്ക് അയാള്‍ക്കു വേണ്ടതെല്ലാം ഭാര്യയും നല്‍കിയിരിക്കണം. ഭാര്യയ്ക്കു തന്‍റെ ശരീരത്തിനുമേല്‍ അധികാരമുണ്ടായിരിക്കുകയില്ല. ഭര്‍ത്താവിനാണ് അവളുടെ ശരീരത്തില്‍ അധികാരം. ഭര്‍ത്താവിനു തന്‍റെ തന്നെ ശരീരത്തിനുമേല്‍ അധികാരമില്ല. ഭാര്യയ്ക്കാണയാളുടെ ശരീരത്തിനുമേല്‍ അധികാരം. നിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം നല്കാന്‍ മടിക്കരുത്. എന്നാല്‍ ഒരു സമയത്തു പരസ്പര സമ്മതത്തോടു മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്നു നിങ്ങള്‍ നിശ്ചയിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള സമയം അതിനായി മാറ്റിവയ്ക്കണം. എന്നിട്ടു വീണ്ടും ചേര്‍ന്നു കൊള്ളുക. സാത്താന്‍ നിങ്ങളുടെ ദൌര്‍ബ്ബല്യം പ്രലോഭനത്തിനു വിധേയമാക്കാതിരിക്കാനാണിത്. അല്പനേരത്തേക്ക് എങ്കിലും വേര്‍പിരിയാന്‍ നിങ്ങളെ അനുവദിക്കുന്നതിനാണു ഞാനിതു പറഞ്ഞത്. ഇതൊരു കല്പനയല്ല. എല്ലാ ജനങ്ങളും എന്നെപ്പോലെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവനവന്‍റേതായി ദൈവത്തിന്‍റെ കൃപാവരമുണ്ട്. ഒരാള്‍ക്ക് ഒരു കൃപാവരം വേറൊരാള്‍ക്ക് മറ്റൊന്ന്.
ഇനി അവിവാഹിതര്‍ക്കും വിധവകള്‍ക്കുമായി ഞാനിതു പറയുന്നു. എന്നെപ്പൊലെ ഒറ്റയായിരിക്കുകയാണ് അവര്‍ക്കു നല്ലത്. എന്നാല്‍ അവര്‍ക്കു തങ്ങളുടെ ശരീരത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കണം. ലൈംഗികേച്ഛയുമായി എരിഞ്ഞു പോകുന്നതിലും ഭേദം വിവാഹം കഴിയ്ക്കുകയാണ്.
10 ഇനി ഞാന്‍ വിവാഹിതര്‍ക്ക് ഈ കല്പന നല്‍കുന്നു. (കല്പന എന്നില്‍ നിന്നുള്ളതല്ല; കര്‍ത്താവില്‍ നിന്നുള്ളതാണിത്.) ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്. 11 എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ അവള്‍ വിവാഹം കഴിക്കരുത്. അല്ലെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകണം. അതുപോലെ ഭര്‍ത്താവ് ഭാര്യയുമായുള്ള ബന്ധവും വേര്‍പെടുത്തരുത്.
12 മറ്റെല്ലാവര്‍ക്കുമായി ഞാന്‍ ഇങ്ങനെ പറയുന്നു. (ഞാനാണിതു പറയുന്നത്; കര്‍ത്താവല്ല:) ക്രിസ്തുവില്‍ സഹോദരനായ ഒരുവന് അവിശ്വാസിയായ ഒരു പത്നി ഉണ്ടാവാം. അവള്‍ അവനോടൊത്ത് താമസിക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ ഒരിക്കലും അവളെ ഉപേക്ഷിക്കരുത്. 13 അതുപോലെ ഒരു സ്ത്രീയ്ക്ക് അവിശ്വാസിയായ ഒരു ഭര്‍ത്താവുണ്ടായേക്കാം. അവന്‍ അവളോടൊത്തു താമസിക്കാന്‍ തയ്യാറായാല്‍ അവള്‍ അവനെ ഉപേക്ഷിക്കരുത്. 14 അവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിയായ ഭാര്യയിലൂടെ വിശുദ്ധനാക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യ വിശ്വാസിയായ ഭര്‍ത്താവിലൂടെ വിശുദ്ധയാക്കപ്പെടുകയും ചെയ്യുന്നു. ഇതു ശരിയല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ ശുദ്ധരാകുമായിരുന്നില്ല. പക്ഷേ ഇന്നു നിങ്ങളുടെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരുമാണ്.
15 എന്നാല്‍ അവിശ്വാസിയായ ഒരുവന്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചാല്‍ അവന്‍ പൊയ്ക്കൊള്ളട്ടെ. ഇതു സംഭവിക്കുന്പോള്‍ ക്രിസ്തുവില്‍ സഹോദരനോ സഹോദരിയോ ആയവര്‍ ബന്ധിതരല്ല. ദൈവം നമ്മെ സമാധാനമായൊരു ജീവിതത്തിനു വിളിച്ചു. 16 ഭാര്യമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കപ്പെടുത്തിയേക്കാം; ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ രക്ഷിക്കപ്പെടുത്തിയേക്കാം. പിന്നീട് എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ അറികയില്ല.
ദൈവം നിങ്ങളെ വിളിച്ചതു പോലെ ജീവിക്കുക
17 എന്നാല്‍ ഓരോരുത്തരും ദൈവം അവനു ജീവിക്കാന്‍ നല്‍കിയ വഴിയേ ജീവിക്കുക. ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ സഞ്ചരിച്ചിരുന്ന വഴി. ഞാന്‍ എല്ലാ സഭകളിലും ഉണ്ടാക്കുന്ന ഒരു ചട്ടമാണിത്. 18 വിളിക്കപ്പെട്ട സമയത്ത് ഒരുവന്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടെങ്കില്‍, അവന്‍ തന്‍റെ പരിച്ഛേദനം ഉപേക്ഷിക്കരുത്. വിളിക്കപ്പെടുന്പോള്‍ പരിച്ഛേദനം ചെയ്തിട്ടില്ലാത്തവന്‍ ഇനി അതു ചെയ്യുകയുമരുത്. 19 ഒരാള്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയാണ് പ്രധാനം. 20 ഓരോരുത്തരും, ദൈവം അവനെ വിളിച്ചപ്പോഴത്തെ വഴിയില്‍ തുടരണം. 21 ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ ഒരു അടിമയായിരുന്നുവെങ്കില്‍ അതേപ്പറ്റി വ്യാകുലപ്പെടേണ്ട, പക്ഷേ നിങ്ങള്‍ക്കു സ്വതന്ത്രനാകാന്‍ പറ്റുമെങ്കില്‍ സ്വതന്ത്രനായിക്കൊള്ളാനുള്ള അവസരം ഉപയോഗിക്കുക. 22 കര്‍ത്താവ് വിളിച്ചപ്പോള്‍ അടിമയായിരുന്നവന്‍ കര്‍ത്താവില്‍ സ്വതന്ത്രനും കര്‍ത്താവിന്‍റെ സ്വന്തവുമാകുന്നു. അതുപോലെ വിളിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനായിരുന്നവന്‍ ഇപ്പോള്‍ ക്രിസ്തുവിന്‍റെ അടിമയുമാകുന്നു. 23 നിങ്ങളെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് മനുഷ്യരുടെ അടിമകളാകരുത്. 24 സഹോദരീസഹോദരന്മാരേ, ദൈവത്തോടൊത്തുള്ള നിങ്ങളുടെ പുതിയ ജീവിതത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നോ ആ മാര്‍ഗ്ഗം തുടരണം.
വിവാഹം കഴിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍
25 ഇനി ഞാന്‍ അവിവാഹിതരെപ്പറ്റി എഴുതുന്നു. എനിക്കിതേപ്പറ്റി കര്‍ത്താവില്‍ നിന്നും കല്പനകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു. കര്‍ത്താവ് എനിക്കായി വച്ചുനീട്ടിയ കാരുണ്യം കൊണ്ട് എനിക്ക് വിശ്വസ്തനായിരിക്കാന്‍ കഴിയും. 26 ഇതൊരു കുഴപ്പം പിടിച്ച കാലമാണ്. അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെതന്നെ (അവിവാഹിതരായി) തുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. 27 നിങ്ങള്‍ക്കൊരു ഭാര്യയുണ്ടെങ്കില്‍, അവളില്‍ നിന്ന് വേര്‍പെടാന്‍ മുതിരരുത്. നിങ്ങള്‍ക്കു ഭാര്യയില്ലായെങ്കില്‍ ഒരു ഭാര്യയെ കണ്ടെത്താനും ശ്രമിക്കരുത്. 28 പക്ഷേ വിവാഹം കഴിക്കാന്‍ നിങ്ങള്‍ നിശ്ചയിച്ചാല്‍ അതൊരു പാപമല്ല. ഒരിക്കലും വിവാഹം കഴിക്കാതിരുന്ന ഒരു പെണ്‍കുട്ടി വിവാഹം ചെയ്യുകയാണെങ്കില്‍ പാപം ചെയ്യുന്നില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഈ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാകും. നിങ്ങള്‍ ഈ പ്രയാസങ്ങളില്‍ നിന്ന് മോചിതരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
29 സഹോദരീ സഹോദരന്മാരേ, ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നമുക്ക് ഇനിയും അധികം സമയം മിച്ചമില്ല. അതുകൊണ്ട് ഇപ്പോള്‍ മുതല്‍ ഭാര്യമാരുള്ളവര്‍ തങ്ങള്‍ക്കു ഭാര്യമാരില്ലാത്തപ്പോഴെന്നപോലെ കര്‍ത്താവിനെ സേവിക്കുക. 30 ദുഃഖിതരായവര്‍ ദുഃഖിതരല്ലാത്തതുപോലെ ജീവിക്കുക. സന്തോഷവാന്മാരായിട്ടുള്ളവര്‍ സന്തോഷമില്ലാത്തവരായി ജീവിക്കുക. സാധനങ്ങള്‍ വാങ്ങുന്നവന്‍ ഒന്നുമില്ലാത്തതുപോലെ ജീവിക്കുക. 31 ലൌകികമായ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധനങ്ങള്‍ തങ്ങള്‍ക്കു പ്രധാനമല്ല എന്ന രീതിയില്‍ ജീവിക്കണം. ഈ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉടന്‍ തന്നെ മാറും എന്നതിനാലാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ജീവിക്കണമെന്നു പറയുന്നത്.
32 നിങ്ങള്‍ ഉല്‍ക്കണ്ഠാകുലമായ ചിന്തകളില്‍നിന്നും മോചിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരാള്‍ കര്‍ത്താവിന്‍റെ ജോലിയില്‍ വ്യാപൃതനാകുന്നു. കര്‍ത്താവിനെ സന്തുഷ്ടനാക്കുവാനാണ് അയാളുടെ ശ്രമം. 33 എന്നാല്‍ വിവാഹിതനായ ഒരുവന്‍ ലൌകികകാര്യങ്ങളില്‍ വ്യാപൃതനുമാണ്. അവന്‍ തന്‍റെ ഭാര്യയെ സന്തുഷ്ടയാക്കുവാനാണു ശ്രമിക്കുന്നത്. 34 അയാള്‍ രണ്ടു കാര്യങ്ങളെപ്പറ്റി ആലോചിക്കണം- സ്വന്തം ഭാര്യയെ പ്രസാദിപ്പിക്കുക, കര്‍ത്താവിനെ പ്രസാദിപ്പിക്കുക. അവിവാഹിതയായ ഒരു സ്ത്രീയോ ഒരിക്കലും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയോ അവരുടെ മുഴുവന്‍ സമയവും കര്‍ത്താവിനായി സമര്‍പ്പിക്കും. അവള്‍ക്ക് തന്‍റെ ആത്മാവും ശരീരവും മുഴുവനും കര്‍ത്താവിനു സമര്‍പ്പി ക്കാനാകണം. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ലൌകികകാര്യങ്ങളില്‍ വ്യാപൃതയാണ്. തന്‍റെ ഭര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണവള്‍ ചെയ്യുന്നത്. 35 നിങ്ങളെ സഹായിക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങളെ പരിമിതപ്പെടുത്താനല്ല ഞാനിതു പറയുന്നത്. പക്ഷേ നിങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നാണ് എനിക്കാഗ്രഹം. നിങ്ങളുടെ ശ്രദ്ധ വേറെ കാര്യങ്ങളില്‍ വ്യതിചലിക്കാതെ കര്‍ത്താവിന് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
36 ഒരുവന്‍ തന്‍റെ കന്യകയായ മകളെ വിവാഹത്തിനു നല്ല പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു ചിന്തിച്ചേക്കാം. വിവാഹം അനിവാര്യമാണെന്ന് അയാള്‍ ആലോചിച്ചേക്കാം. അയാള്‍ അവളെ വിവാഹം കഴിക്കാനും അനുവദിക്കണം. അതു പാപമല്ല. 37 പക്ഷേ മറ്റൊരാള്‍ കുറേക്കൂടി ഉറച്ച മനസ്സുള്ളവനായിരിക്കും. വിവാഹത്തിന്‍റെ പ്രശ്നമേ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവൃത്തിക്കാം. തന്‍റെ കന്യകയായ പുത്രിയെ അവിവാഹിതയായി തുടരാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാള്‍ ചെയ്യുന്നത് ശരിയാണ്. 38 തന്‍റെ കന്യകയായ പുത്രിയെ വിവാഹം ചെയ്തുകൊടുത്തയാള്‍ ചെയ്യുന്നത് നല്ലതാണ്. അവളെ കല്യാണം കഴിച്ചു കൊടുക്കാത്തയാള്‍ അതിലും നല്ല കാര്യമാണ് ചെയ്യുന്നത്.
39 ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് ജീവിച്ചിരിക്കുവോളം കാലം അയാളില്‍ ബന്ധിതയാണ്. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടാകും. പക്ഷേ അവള്‍ കര്‍ത്താവില്‍ വിവാഹം കഴിക്കണം. 40 വീണ്ടും വിവാഹിതയാകാതിരുന്നാല്‍ അവള്‍ക്ക് കൂടുതല്‍ സന്തോഷം. ഇത് എന്‍റെ അഭിപ്രായമാണ്; എനിക്ക് ദൈവത്തിന്‍റെ ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.