9
ഞാനൊരു സ്വതന്ത്രനാണ്. ഞാനൊരു അപ്പൊസ്തലനാണ്. നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്. കര്‍ത്താവിലുള്ള എന്‍റെ ജോലിയുടെ ഉദാഹരണമാണ് നിങ്ങള്‍. മറ്റുള്ളവര്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കുകയില്ല, പക്ഷേ നിങ്ങള്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കും. ഞാന്‍ കര്‍ത്താവില്‍ ഒരു അപ്പൊസ്തലനാണെന്നതിനു തെളിവാണു നിങ്ങള്‍.
ചിലര്‍ക്കു എന്നെ വിധിക്കണം. അവര്‍ക്കു നല്‍കുവാനുള്ള എന്‍റെ ഉത്തരം ഇതാണ്. ഞങ്ങള്‍ക്കു തിന്നുവാനും കുടിക്കുവാനുമുള്ള അവകാശമില്ലേ? യാത്ര ചെയ്യുന്പോള്‍ വിശ്വാസിയായ ഭാര്യയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? മറ്റ് അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫായും ഒക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്. ബര്‍ന്നബാസും ഞാനും മാത്രം ഉപജീവനത്തിനു വേണ്ടി അദ്ധ്വാനിക്കണം എന്നാണോ? സ്വന്തം ശന്പളം സ്വയം നല്‍കുന്ന ഒരു പട്ടാളക്കാരനുമില്ല. സ്വയം നട്ടുവളര്‍ത്തിയ മുന്തിരിത്തോട്ടത്തില്‍ നിന്ന് ഏതാനും മുന്തിരി തിന്നാത്ത ഒരുവനുമില്ല. ആട്ടിന്‍പറ്റത്തെ നയിച്ചിട്ട് അതിന്‍റെ പാലു കുടിക്കാത്തവനുമില്ല.
ഇതൊക്കെ മനുഷ്യര്‍ ചിന്തിക്കുന്നതു മാത്രമല്ല. ദൈവത്തിന്‍റെ ന്യായപ്രമാണം ഇതു തന്നെ പറയുന്നു. അതെ, മോശെയുടെ ന്യായപ്രമാണത്തില്‍ ഇതു തന്നെ എഴുതിയിട്ടുണ്ട്.
“ധാന്യം മെതിക്കാനുപയോഗിക്കുന്ന മൃഗത്തിന്‍റെ വായ പൊത്തി ധാന്യം തിന്നുന്നതില്‍ നിന്ന് അതിനെ തടയരുത്.* “ധാന്യം … തടയരുത്” ഉദ്ധരണി ആവ. 25:4. ദൈവം ഇതു പറയുന്പോള്‍ അവന്‍ പണിമൃഗങ്ങളെപ്പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളോ? അല്ല. 10 അവന്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളെപ്പറ്റിയാണു പറഞ്ഞിരുന്നത്. തിരുവെഴുത്തിലെ ആ ഖണ്ഡിക ഞങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്. കൊയ്യുന്നവനും മെതിക്കുന്നവനും വേലയ്ക്കു കൂലിയായി അല്പം ധാന്യം കിട്ടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്യണം. 11 ഞങ്ങള്‍ നിങ്ങളില്‍ ആത്മീയവിത്ത് വിതച്ചു. അതുകൊണ്ട് നിങ്ങളുടെ ഭൌതീകമായതില്‍ നിന്നും ഈ ജീവിതത്തിന് ഞങ്ങള്‍ക്ക് കുറച്ച് വിളവെടുക്കാമല്ലോ. തീര്‍ച്ചയായും അതൊരു അത്യാഗ്രഹമല്ല. 12 മറ്റുള്ളവര്‍ക്ക് നിങ്ങളില്‍നിന്ന് കിട്ടുവാന്‍ അവകാശമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കും ഈ അവകാശമുണ്ട്. പക്ഷേ ഞങ്ങള്‍ ആ അവകാശം ഉപയോഗിക്കുന്നില്ല. ഇല്ല, ക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ആരെയും തടയാതിരിക്കാന്‍ ഞങ്ങള്‍ എല്ലാം സഹിക്കുന്നു. 13 ദൈവാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടുന്നു തന്നെ ഭക്ഷണം കിട്ടുമെന്ന് നിങ്ങള്‍ക്കറിയാം. യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടതിന്‍റെ പങ്കു കിട്ടും. 14 സുവിശേഷ പ്രസംഗകരുടെ കാര്യത്തിലും അങ്ങനെ തന്നെ. സുവിശേഷ പ്രസംഗകര്‍ക്ക് ജീവനാംശം അവരുടെ തൊഴിലില്‍ നിന്നു തന്നെ കിട്ടണമെന്നു കര്‍ത്താവു കല്പിച്ചിട്ടുണ്ട്.
15 പക്ഷേ ഞാന്‍ ഇതില്‍ ഒരവകാശവും ഉപയോഗിച്ചിട്ടില്ല. ഞാനിതൊന്നും നേടാന്‍ ശ്രമിക്കുന്നുമില്ല. ഞാനിതെഴുതുന്നതിന്‍റെ ലക്ഷ്യവും അതല്ല. അഭിമാനിക്കാനുള്ള എന്‍റെ അവകാശം എടുത്തുമാറ്റപ്പെടുന്നതിലും മരിക്കുകയാണ് എനിക്കു ഭേദം. 16 സുവിശേഷം പ്രസംഗിക്കുന്നത് എനിക്കു പ്രശംസിക്കാന്‍ വേണ്ടിയല്ല. സുവിശേഷ പ്രസംഗം ഞാന്‍ ചെയ്യേണ്ട എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിച്ചില്ലെങ്കിലാണ് എനിക്കു ദുരിതം. 17 ഇത് ഞാന്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നുവെങ്കില്‍ സുവിശേഷം ഞാന്‍ പ്രസംഗിച്ചാല്‍ ഞാനൊരു പ്രതിഫലം അര്‍ഹിക്കുന്നു. പക്ഷേ എനിക്കു മറ്റു പോംവഴികളില്ല. ഞാന്‍ സുവിശേഷം പ്രസംഗിക്കണം. എന്നില്‍ ഏല്പിക്കപ്പെട്ട കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നു മാത്രം. 18 പിന്നെ എന്തു പ്രതിഫലമാണെനിക്കു കിട്ടുക? ഇതാണെന്‍റെ പ്രതിഫലം. സുവിശേഷം പ്രസംഗിക്കുന്പോള്‍ എനിക്കു പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അതു പറയാം. ആ രീതിയില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലത്തിനുള്ള അവകാശം ഞാനുന്നയിക്കരുത്.
19 ഞാന്‍ സ്വതന്ത്രനാണ്. ഞാനാരുടേയും ആളല്ല. പക്ഷേ ഞാനെന്നെ എല്ലാവരുടേയും അടിമയാക്കുന്നു. കഴിയുന്നത്ര ആള്‍ക്കാരെ രക്ഷിക്കാന്‍ സഹായിക്കുകയാണ് ഞാനിതുകൊണ്ടു ചെയ്യുന്നത്. 20 യെഹൂദര്‍ക്കു ഞാനൊരു യെഹൂദനെപ്പൊലെയായി. യെഹൂദരെ രക്ഷിക്കാനാണു ഞാനിതു ചെയ്തത്. ഞാനൊരു ന്യായപ്രമാണത്തിന്‍റെയും ചട്ടക്കൂടിലല്ല. എങ്കിലും നിയമം കൊണ്ടു ഭരിക്കപ്പെടുന്നവര്‍ക്ക് ഞാനും അങ്ങനെയായി. അത്തരക്കാരെ രക്ഷിക്കാനാണ് ഞാനങ്ങനെയായത്. 21 ന്യായപ്രമാണമില്ലാത്തവര്‍ക്ക് ഞാന്‍ ന്യായപ്രമാണമില്ലാത്തവനായി. ന്യായപ്രമാണമില്ലാത്തവരെ രക്ഷിക്കാനാണു ഞാനങ്ങനെയായത്. (പക്ഷേ, യഥാര്‍ത്ഥത്തില്‍ ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിലാണ് -ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തിന്‍ കീഴിലാണ് ഞാന്‍.) 22 ദുര്‍ബ്ബലരെ രക്ഷിക്കാന്‍ ഞാനും ദുര്‍ബ്ബലനായി. ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. ആകുന്നത്രയും ചില ആളുകളെ രക്ഷിക്കാനാണ് ഞാനതു ചെയ്തത്. 23 സുവിശേഷം മൂലമാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളില്‍ എനിക്കു പങ്കു പറ്റാമെന്നതു കൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത്.
24 ഓട്ടമത്സരത്തില്‍ എല്ലാ ഓട്ടക്കാരും ഓടുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ ഒരു ഓട്ടക്കാരനേ സമ്മാനം കിട്ടൂ. അതുകൊണ്ട് ഓടുക. സമ്മാനം കിട്ടാന്‍ ഓടുക. 25 എല്ലാ കളികളിലും പങ്കെടുക്കുന്നവര്‍ കര്‍ശനമായി പരിശീലനം നടത്താറുണ്ട്. കിരീടം നേടുന്നതിനാണവരിതു ചെയ്യുന്നത്. ആ കിരീടം അല്പനേരത്തേക്കു മാത്രം നിലനില്‍ക്കുന്ന ഒരു ലൌകിക കാര്യമാണ്. പക്ഷേ നമ്മുടെ കിരീടം എന്നും നിലനില്‍ക്കുന്നതാണ്. 26 അതുകൊണ്ട് ലക്ഷ്യമുള്ള ഒരാ ളെപ്പോലെ ഞാന്‍ ഓടുന്നു. വായുവിലല്ലാതെ, ഇടിക്കുന്ന ഒരു മുഷ്ടിയുദ്ധക്കാരനെപ്പോലെ ഞാന്‍ പൊരുതുന്നു. 27 ഞാന്‍ എന്‍റെ തന്നെ ശരീരത്തിലാണ് ഇടിക്കുന്നത്. അതിനെ ഞാനെന്‍റെ അടിമയാക്കി. ഞാന്‍ തന്നെ തിരസ്കരിക്കപ്പെടാതിരിക്കാനാണ്, അതും മറ്റുള്ളവരോടു പ്രസംഗിച്ചശേഷം, ഞാനിതു ചെയ്യുന്നത്.