കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാം ലേഖനം
1
ദൈവേച്ഛ അനുസരിച്ച് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായിത്തീര്‍ന്ന പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിലെ മുഴുവന്‍ ദൈവജനത്തിനുമായി ആശംസകള്‍ അയയ്ക്കുന്നത്.
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
പൌലൊസ് ദൈവത്തിനു നന്ദി പറയുന്നു
ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായവനു സ്തുതി. പൂര്‍ണ്ണമായും കാരുണ്യം നിറഞ്ഞ പിതാവാകുന്നു ദൈവം. എല്ലാ ആശ്വാസത്തിന്‍റെയും ദൈവമാകുന്നു അവന്‍. നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്പോഴൊക്കെ അവന്‍ നമ്മെ ആശ്വസിപ്പിക്കും, അതുകൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ നമുക്കവരെ ആശ്വസിപ്പിക്കാന്‍ കഴിയും. ദൈവം നമുക്കു നല്‍കുന്ന അതേ ആശ്വാസം നമുക്കു മറ്റുള്ളവര്‍ക്കും നല്‍കാന്‍ കഴിയും. ക്രിസ്തുവിന്‍റെ പല കഷ്ടങ്ങളിലും നമ്മള്‍ പങ്കു ചേരുന്നു. അതുപോലെ ക്രിസ്തുവിലൂടെ നമുക്ക് വളരെ ആശ്വാസം കൈവരുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ ആ പ്രശ്നങ്ങള്‍ നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്കും ഉള്ളതാണ്. ഇത് ഞങ്ങള്‍ക്കുള്ള അതേ കഷ്ടങ്ങള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങളിലുള്ള ഞങ്ങളുടെ പ്രതീക്ഷ ശക്തമാണ്. നിങ്ങള്‍ ഞങ്ങളുടെ കഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളുടെ ആശ്വാസവും പങ്കുവയ്ക്കുന്നുവെന്നും ഞങ്ങളറിയുന്നു.
സഹോദരീ സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളെപ്പറ്റി നിങ്ങള്‍ അറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. അവിടെ വലിയ പീഢകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ ഞങ്ങള്‍ക്കു താങ്ങാനാവുന്നതിലും വലുതായിരുന്നു. ജീവിതത്തിന്‍റെ പ്രതീക്ഷപോലും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. ഞങ്ങള്‍ മരിക്കുമെന്ന് ഞങ്ങള്‍ മനസ്സില്‍ കരുതി. ഞങ്ങള്‍ ഞങ്ങളുടെ സ്വയത്തില്‍ ആശ്രയിക്കാതെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദൈവത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നതിനാലാണ് അതു സംഭവിച്ചത്. 10 ആ മരണസദൃശ്യമായ അപകടങ്ങളില്‍ നിന്നും ദൈവം ഞങ്ങളെ രക്ഷിച്ചു. അവന്‍ ഞങ്ങളെ തുടര്‍ന്നും രക്ഷിക്കും. ഞങ്ങള്‍ അവനില്‍ പ്രതീക്ഷ അര്‍പ്പിച്ചു. തുടര്‍ന്നും അവന്‍ ഞങ്ങളെ കാക്കും. 11 നിങ്ങള്‍ക്കു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ സഹായിക്കാനാകും. അപ്പോള്‍ അനേകംപേര്‍ വളരെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ക്കായി നന്ദി പറയും
പൌലൊസിന്‍റെ പദ്ധതിയിലെ മാറ്റം
12 ഈ ലോകത്തില്‍ ഞങ്ങള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവത്തില്‍ നിന്നും കിട്ടിയ ശുദ്ധഹൃദയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. തുറന്ന ഹൃദയത്തോടെ ഇതു സത്യമാണെന്ന് എനിക്കു പറയാനാകും. അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങളോടൊത്തു ഞങ്ങള്‍ ചെയ്തവ കൂടുതല്‍ സത്യമാണ്. ലൌകീകമായ വിജ്ഞാനം കൊണ്ടല്ല, ദൈവത്തിന്‍റെ കൃപകൊണ്ടാണ് ഞങ്ങളിതു ചെയ്തത്. 13 നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാനാകുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നുള്ളൂ. 14 നിങ്ങള്‍ക്കിതിനകം ഞങ്ങളെ ഭാഗികമായി മനസ്സിലാക്കാന്‍ കഴിഞ്ഞതുപോലെ നിങ്ങള്‍ക്കെപ്പോഴും മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ഞങ്ങള്‍ നിങ്ങളെപ്പറ്റി അഭിമാനം കൊള്ളുന്നതുപോലെ നിങ്ങള്‍ക്കു ഞങ്ങളെപ്പറ്റിയും അഭിമാനിക്കാമെന്നത് നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീ ക്ഷിക്കുന്നു.
15 ഇതെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു, അതുകൊണ്ടാണ് നിങ്ങളെ ആദ്യം തന്നെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ ആലോചിച്ചത്. അപ്പോള്‍ നിങ്ങള്‍ക്കു രണ്ടു തവണ അനുഗൃഹീതരാവാം. 16 മക്കെദൊന്യയിലേക്കു പോകും വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. മടങ്ങുന്പോഴും നിങ്ങളെ കാണാമെന്ന് ഞാന്‍ കരുതി. യെഹൂദ്യയിലേക്കുള്ള എന്‍റെ യാത്രയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു. 17 ചിന്തിക്കാതെയാണ് ഞാന്‍ ആ പരിപാടികളിട്ടതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഒരേ സമയം “അതെ, അതെ,” എന്നു പറഞ്ഞിട്ട് അതേ സമയം “അല്ല, അല്ല,” എന്നു പറയുന്ന ലൌകീകരെപ്പോലെയാണു ഞാന്‍ പരിപാടികളിടുന്നതെന്നു നിങ്ങള്‍ ചിന്തിച്ചിരിക്കാം.
18 നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ നിങ്ങളോടു ഒരിയ്ക്കലും “അതെ” എന്നും “അല്ല” എന്നും ഒരേ സമയത്ത് പറയുകയില്ലെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാം. 19 ദൈവപുത്രനായ യേശുക്രിസ്തുവും സില്വാനൊസും തിമൊഥെയൊസും ഞാനും പ്രസംഗിച്ചത് “അതെ” എന്നും “അല്ല,” എന്നുമല്ല. ക്രിസ്തുവില്‍ അതെപ്പോഴും “അതെ” എന്നായിരുന്നു. 20 ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവില്‍ “അതെ” എന്നാണ്. അതുകൊണ്ടാണ് ക്രിസ്തുവിലൂടെ നാമെപ്പോഴും ദൈവത്തിന്‍റെ മഹത്വത്തിന് “ആമേന്‍” എന്നു പറയുന്നത്. 21 ദൈവമാണ് ക്രിസ്തുവില്‍ നിങ്ങളെയും ഞങ്ങളെയും ശക്തരാക്കുന്നത്. ദൈവം ഞങ്ങളെ അഭിഷിക്തരാക്കി, തന്‍റെ വിശേഷപ്പെട്ട അനുഗ്രഹവും ഞങ്ങള്‍ക്കു നല്‍കി. 22 ഞങ്ങള്‍ അവന്‍റേതാണെന്നു തെളിയിക്കാന്‍ അവന്‍ ഞങ്ങള്‍ക്ക് അവന്‍റെ അടയാളമിട്ടു. അവന്‍ വാഗ്ദാനം ചെയ്തതു നല്‍കുമെന്നതിന് ഒരു തെളിവെന്ന നിലയില്‍ അവന്‍റെ ആത്മാവിനെ-ഒരു ഉറപ്പെന്ന പോലെ-ഞങ്ങളുടെ ഹൃദയത്തില്‍ നിറച്ചു.
23 ഞാന്‍ നിങ്ങളോടു പറയുന്നു, ഇത് സത്യമാണെന്നതിനു ദൈവം എന്‍റെ സാക്ഷിയാകണമെന്നു ഞാന്‍ അപേക്ഷിക്കുന്നു: നിങ്ങളെ ശിക്ഷിക്കുകയോ മുറിവേല്പിക്കുകയോ ചെയ്യാതിരിക്കാനാണ് ഞാന്‍ കൊരിന്തിലേക്കു മടങ്ങി വരാതിരുന്നത്. 24 നിങ്ങളുടെ വിശ്വാസം നിയന്ത്രിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങളുടേത് അടിയുറച്ച വിശ്വാസമാണ്. പക്ഷേ ഞങ്ങള്‍ നിങ്ങളുടെ തന്നെ സന്തോഷത്തിനായി നിങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്നവരാണ്.