7
പ്രിയപ്പെട്ട സ്നേഹിതരേ, നമുക്ക് ദൈവത്തില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ ഉണ്ട്. അതുകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും അശുദ്ധമാക്കുന്ന എല്ലാത്തില്‍ നിന്നും നമുക്ക് മോചനം നേടണം. നമ്മള്‍ ജീവിക്കുന്ന മാര്‍ഗ്ഗത്തില്‍ത്തന്നെ പൂര്‍ണ്ണരാകുവാന്‍ നമുക്കു ശ്രമിക്കാം. കാരണം നമ്മള്‍ ദൈവത്തെ ബഹുമാനിക്കുന്നു.
പൌലൊസിന്‍റെ ആഹ്ലാദം
നിങ്ങളുടെ ഹൃദയം ഞങ്ങള്‍ക്കു തുറക്കുക. ഞങ്ങള്‍ ആരോടും തെറ്റു ചെയ്തിട്ടില്ല. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ നശിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. നിങ്ങളോടൊത്തു ജീവിക്കാനും മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അത്രമാത്രം ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഞാന്‍ മുന്പു നിങ്ങളോടു പറഞ്ഞിട്ടുണ്ട്. എനിക്കു നിങ്ങളില്‍ വലിയ വിശ്വാസമുണ്ട്. ഞാന്‍ നിങ്ങളില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ എനിക്കു വളരെ ധൈര്യം തരുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും എനിക്കു വലിയ ആഹ്ലാദം തോന്നുന്നു.
മക്കെദോന്യയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കു വിശ്രമമുണ്ടായില്ല. ഞങ്ങള്‍ക്കു ചുറ്റും കഷ്ടതകളായിരുന്നു. ഞങ്ങള്‍ക്ക് ഉള്ളില്‍ ഭയവും പുറത്തു യുദ്ധവുമായിരുന്നു. പക്ഷേ പ്രശ്നങ്ങളുള്ളവരെ ദൈവം ആശ്വസിപ്പിക്കുന്നു. തീത്തൊസ് വന്നപ്പോള്‍ ദൈവം ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്‍റെ വരവും അവനു നിങ്ങള്‍ നല്‍കിയ ആശ്വാസവും ഞങ്ങളെ ആശ്വസിപ്പിച്ചു. നിങ്ങള്‍ക്ക് എന്നെ കാണുവാനുള്ള ആഗ്രഹം തീത്തൊസ് ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു നിങ്ങളുടെ പ്രവൃത്തികളില്‍ വളരെ ദുഃഖമുണ്ടെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു എന്‍റെമേലുള്ള മഹത്തായ ശ്രദ്ധയെക്കുറിച്ചും തീത്തൊസ് പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു.
ഞാന്‍ നിങ്ങള്‍ക്കയച്ച എഴുത്ത് നിങ്ങളെ മുന്പ് ദുഃഖിതരാക്കിയിരുന്നു. എങ്കിലും അങ്ങനെ എഴുതിയതില്‍ എനിക്കു കുണ്ഠിതമില്ല. ആ കത്ത് നിങ്ങളെ വേദനിപ്പിച്ചു എന്നെനിക്കറിയാം. അതില്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ കുറച്ചു കാലത്തേക്കല്ലേ വേദന ഉണ്ടായുള്ളൂ. ഇപ്പോളെനിക്കു സന്തോഷം തോന്നുന്നു. നിങ്ങളെ ദുഃഖിതരാക്കിയതിലല്ല നിങ്ങളുടെ സങ്കടം നിങ്ങളില്‍ മാനസാന്തരമുണ്ടാക്കി എന്നതിലാണെന്‍െറ സന്തോഷം. ദൈവേച്ഛ പോലെ തന്നെ നിങ്ങള്‍ ദുഃഖിതരായി. അതിനാല്‍ നിങ്ങള്‍ ഒരു വഴിയിലും ഞങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടില്ല. 10 ദൈവം ആഗ്രഹിക്കുന്ന പ്രകാരം ഖേദിക്കുന്ന ഒരുവന് മാനസാന്തരം സംഭവിക്കുന്നു. ഇത് ഒരുവനെ രക്ഷയിലേക്കു നയിക്കുന്നു. നമുക്കതില്‍ ദുഃഖിക്കേണ്ടതില്ല. എന്നാല്‍, ലോകത്തിനുള്ള ദുഃഖത്തിന്‍റെ രീതി മരണത്തെ വരുത്തും. 11 ദൈവീകമായ ദുഃഖം നിങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ ദുഃഖം നിങ്ങള്‍ക്കെന്താണു കൊണ്ടുവന്നതെന്നു കാണുക. ആ ദുഃഖം നിങ്ങളെ വളരെ ഗൌരവക്കാരാക്കി. നിങ്ങള്‍ തെറ്റുകാരല്ലെന്നു സ്ഥാപിക്കാന്‍ നിങ്ങള്‍ക്കത് ആഗ്രഹമുണ്ടാക്കി. അതു നിങ്ങളെ കോപാകുലരും ഭീരുക്കളുമാക്കി. അത് എന്നെ കാണുന്നതിനു നിങ്ങളെ പ്രേരിപ്പിച്ചു. അതു നിങ്ങളെ ശ്രദ്ധാലുക്കളാക്കി. ശരി മാത്രം ചെയ്യുന്നതിന് അതു നിങ്ങളെ പ്രേരിപ്പിച്ചു. ആ പ്രശ്നത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 12 ഞാന്‍ ആ കത്തെഴുതിയതു ഉപദ്രവം ചെയ്തവനോ, ഉപദ്രവിക്കപ്പെട്ടവനോ വേണ്ടിയുമല്ല. പക്ഷേ നിങ്ങള്‍ക്കു ഞങ്ങളുടെ മേലുള്ള ശുഷ്കാന്തി ദൈവത്തിനു മുന്പാകെ കാണിക്കുന്നതിനായിരുന്നു ഞാന്‍ ആ കത്തെഴുതിയത്. 13 അതുകൊണ്ടാണു ഞങ്ങള്‍ ആശ്വസിപ്പിക്കപ്പെട്ടത്.
ഞങ്ങള്‍ വളരെ ആശ്വസിപ്പിക്കപ്പെട്ടു. കൂടാതെ തീത്തൊസിന്‍റെ ആഹ്ലാദത്തില്‍ ഞങ്ങള്‍ക്കു കൂടുതല്‍ സന്തോഷമുളവായി. നിങ്ങളെല്ലാവരും അവന്‍റെ മനസ്സിന് സ്വസ്ഥത നല്‍കി. 14 നിങ്ങളെക്കുറിച്ച് ഞാന്‍ തീത്തൊസിനു മുന്പില്‍ പ്രശംസ നടത്തി. നിങ്ങളുടെ കാര്യത്തില്‍ എനിക്കു തെറ്റു പറ്റിയില്ലെന്നും നിങ്ങള്‍ തെളിയിച്ചു. 15 നിങ്ങളെല്ലാവരും അനുസരിക്കാന്‍ തയ്യാറായിരുന്നു എന്നും ഓര്‍ക്കുന്പോള്‍ നിങ്ങളിലുള്ള അവന്‍റെ സ്നേഹം അധികം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ അവനെ ഭയത്തോടും വിറയലോടും സ്വീകരിച്ചു. 16 എനിക്കു നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നതിനാല്‍ എനിക്കു വളരെ സന്തോഷം.