ക്രിസ്തീയ ദാനം
8
സഹോദരന്മാരേ, മക്കെദോന്യയിലെ സഭകള്‍ക്കു ദൈവം നല്‍കിയ കൃപയെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വലിയ ദുരന്തങ്ങളിലൂടെ ആ വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ വളരെ പാവങ്ങളാണ്. എന്നാല്‍ അവര്‍ തങ്ങള്‍ക്കുണ്ടായ മഹത്തായ ആനന്ദം കൊണ്ട് വളരെ ദാനം ചെയ്തു. കഴിയാവുന്നത്ര അവര്‍ ദാനം ചെയ്തുവെന്ന് എനിക്കു നിങ്ങളോടു പറയുവാന്‍ കഴിയും. താങ്ങാവുന്നതിലധികം പോലും ആ വിശ്വാസികള്‍ ദാനം ചെയ്തു. സൌജന്യമായാണ് അവരിത് ചെയ്തത്. ആരും പറഞ്ഞിട്ടുമല്ല. ദൈവത്തിന്‍റെ ജനതയ്ക്കായി ആ ശുശ്രൂഷ പങ്കുവയ്ക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് അവര്‍ തങ്ങളോട് വീണ്ടും വീണ്ടും യാചിച്ചു. ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണവര്‍ ദാനം ചെയ്തത്. അവര്‍ പണം ദാനം ചെയ്യുന്നതിനു മുന്പുതന്നെ തങ്ങളെത്തന്നെ കര്‍ത്താവിനും ഞങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞിരുന്നു. അതാണു ദൈവം ആഗ്രഹിക്കുന്നതും.
അതുകൊണ്ട് കൃപയുടേതായ ഈ പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ തീത്തൊസിനോടു ആവശ്യപ്പെട്ടു. തീത്തൊസാണ് ആ ജോലി തുടങ്ങിയത്. നിങ്ങള്‍ എല്ലാക്കാര്യത്തിലും സന്പന്നരാണ്. വിശ്വാസത്തില്‍, വചനത്തില്‍, അറിവില്‍, എല്ലാക്കാര്യത്തിലുമുള്ള ഔത്സുക്യത്തില്‍ ഞങ്ങളില്‍ നിന്നു പഠിച്ച സ്നേഹത്തില്‍. അതുപോലെ ദാനം ചെയ്യുന്നതിലും നിങ്ങള്‍ സന്പന്നരാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ദാനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല. എന്നാല്‍ നിങ്ങളുടെ സ്നേഹം യഥാര്‍ത്ഥ സ്നേഹമാണോ എന്നാണ് എനിക്കറിയേണ്ടത്. മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ എത്രമാത്രം തല്പരരാണെന്നു കാണിച്ചു തന്നുകൊണ്ടാണു ഞാനതു ചെയ്യുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയെപ്പറ്റി നിങ്ങള്‍ക്കറിയാം. ക്രിസ്തു ധനികനായിരുന്നു; പക്ഷേ നിങ്ങളെ ധനികരാക്കാന്‍വേണ്ടി അവന്‍ ദരിദ്രനായി.
10 നിങ്ങള്‍ ഇങ്ങനെ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം: കഴിഞ്ഞ വര്‍ഷം ദാനം ചെയ്യേണ്ടുന്നവരില്‍ മുന്പന്മാര്‍ നിങ്ങളായിരുന്നു. നല്‍കിയവരിലും നിങ്ങളായിരുന്നു മുന്പന്മാര്‍. 11 അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ തുടങ്ങിയ ജോലി മുഴുമിപ്പിക്കുക. അപ്പോള്‍ നിങ്ങളുടെ “പ്രവൃത്തികള്‍” “ചെയ്യുവാനുള്ള നിങ്ങളുടെ ആഗ്രഹത്തോട് സമമാകും.” നിങ്ങള്‍ക്കുള്ളതില്‍ നിന്നും ദാനം ചെയ്യുക. 12 നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ ദാനം സ്വീകരിക്കപ്പെടും. നിങ്ങള്‍ക്കുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ദാനം വിലയിരുത്തപ്പെടുന്നത്; അല്ലാതെ ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തിലല്ല. 13 മറ്റുള്ളവര്‍ ആശ്വസിപ്പിക്കപ്പെടുന്പോള്‍ നിങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്കിഷ്ടമില്ല. എല്ലാത്തിലും ഞങ്ങള്‍ ആഗ്രഹിക്കുന്നതു സമത്വം ആണ്. 14 ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഉണ്ട്. നിങ്ങള്‍ക്കുള്ള ഈ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു ആവശ്യമുള്ളതു നല്‍കുവാന്‍ സഹായിക്കും. പിന്നീട്, അവര്‍ക്ക് ആവശ്യത്തിനുണ്ടാകുന്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ക്കു കഴിയും. അങ്ങനെ എല്ലാവരും തുല്യരാകും. 15 തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടതുപോലെ,
“ധാരാളം സന്പാദിച്ചവന് അധികമുണ്ടാകില്ല,
അധികം സന്പാദിക്കാത്തവന് തീരെ ഇല്ലാതാകയുമില്ല.” പുറപ്പാട് 16:18
തീത്തൊസും സഹചാരികളും
16 എനിക്കു നിങ്ങളോടുള്ള അതേ സ്നേഹം തീത്തൊസിന്‍റെ ഹൃദയത്തിലും നിറച്ചതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. 17 ഞങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതു തീത്തൊസ് സ്വീകരിച്ചു. നിങ്ങളിലേക്കു വരുവാന്‍ അവന്‍ വളരെ ഏറെ താല്പര്യപ്പെട്ടതിനാല്‍ സ്വന്തം ഇച്ഛക്കടിമപ്പെട്ട് അവന്‍ ഇപ്പോള്‍ പുറപ്പെടുന്നു. 18 എല്ലാ സഭാംഗങ്ങളും പ്രകീര്‍ത്തിക്കുന്ന സഹോദരനെ ഞങ്ങള്‍ തീത്തൊസിനോടൊപ്പം അയയ്ക്കുന്നു. സുവിശേഷത്തെ സേവിച്ചതിനാലാണ് അയാള്‍ കീര്‍ത്തിമാനായത്. 19 ഈ ദാനവുമായുള്ള ഞങ്ങളുടെ യാത്രയില്‍ അനുഗമിക്കാനും സഭ ഈ സഹോദരനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ത്താവിന് മഹത്വം കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. കൂടാതെ സേവനത്തിനുള്ള ഞങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കാനും.
20 ഉദാരമായ ദാനം കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുണ്ടായേക്കാവുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുന്‍കരുതലുകളും ആവശ്യമാണ്. 21 കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ മാത്രമല്ല മനുഷ്യന്‍റെ കണ്ണിലും ശരിയായ കൃത്യം ചെയ്യണമെന്ന നിര്‍ബന്ധമേ ഞങ്ങള്‍ക്കുള്ളൂ.
22 സദാ സേവനസന്നദ്ധനായ ഞങ്ങളുടെ സഹോദരനേക്കൂടി അവരോടൊത്ത് അയയ്ക്കുന്നു. പലതരത്തില്‍ അവനത് തെളിയിച്ചിട്ടുണ്ട്. അവന് നിങ്ങളില്‍ വളരെ വിശ്വാസമുള്ളതുകൊണ്ട് വരുവാന്‍ കൂടുതല്‍ തിടുക്കമുണ്ട്.
23 ഇനി, തീത്തൊസിനെക്കുറിച്ച്-ഞങ്ങളുടെ ദൌത്യത്തില്‍ പങ്കാളിയായ അവന്‍ എന്നോടൊത്തു നിങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റു സഹോദരന്മാരെപ്പറ്റി- സഭകളയച്ച അവര്‍ ക്രിസ്തുവിനു മഹത്വം കൊടുക്കുന്നു. 24 അതുകൊണ്ട് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്നേഹമു ണ്ടെന്ന് അവര്‍ക്കു കാട്ടിക്കൊടുക്കുക. ഞങ്ങള്‍ നിങ്ങളെച്ചൊല്ലി എന്തുകൊണ്ട് അഭിമാനിക്കുന്നുവെന്ന് അവരെ കാണിക്കുക. അപ്പോള്‍ എല്ലാ സഭകള്‍ക്കും അതു കാണുവാന്‍ കഴിയും.