2
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എത്രമാത്രം ക്ലേശിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലവുദിക്യയില്‍ ഉള്ളവരെയും എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റാള്‍ക്കാരേയും സഹായിക്കാന്‍ മല്ലിടുന്നു. അവര്‍ എല്ലാവരും സ്നേഹത്തില്‍ പരസ്പരം ഒന്നിച്ചു ശക്തിയാര്‍ജ്ജിക്കണമെന്നും വിജ്ഞാനത്തില്‍ നിന്നും ഉളവാകുന്ന ഉറച്ച വിശ്വാസത്തില്‍ അവര്‍ സന്പന്നരാകണമെന്നും ഞാനാഗ്രഹിക്കുന്നു. ദൈവം വെളിപ്പെടുത്തിയ ആ രഹസ്യ സത്യം നിങ്ങള്‍ പൂര്‍ണ്ണമായി അറിയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സത്യം ക്രിസ്തു തന്നെയാണ്. വിവേകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും നിധികുംഭങ്ങള്‍ ക്രിസ്തുവില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
നല്ലതെന്നു തോന്നിക്കുന്ന തെറ്റായ ആശയങ്ങള്‍ പറഞ്ഞ് ആരും നിങ്ങളെ വിഡ്ഢികളാക്കരുതെന്നു കരുതിയാണ് ഞാനിതു പറയുന്നത്. ഞാന്‍ നിങ്ങളോടുകൂടെ അവിടെ ഇല്ലെങ്കിലും എന്‍റെ ഹൃദയം നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ നല്ല ജീവിതവും, ക്രിസ്തുവിലുള്ള ദൃഢമായ വിശ്വാസവും കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ക്രിസ്തുവില്‍ ജീവിതം തുടരുക
നിങ്ങള്‍ക്ക് കര്‍ത്താവായ ക്രിസ്തുയേശുവിനെ ലഭിച്ചു. അതുകൊണ്ട് ഒരു മാറ്റവും വരുത്താതെ അവനെ പിന്തുടരുക. നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുക. ജീവനും ബലവും അവനില്‍ നിന്നു വരുന്നു. ആ സത്യം നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥമായ ആ ഉപദേശത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ബോദ്ധ്യം വരുത്തണം. എപ്പോഴും നന്ദിയുള്ളവരായിരിക്കണം.
തെറ്റായതും അര്‍ത്ഥരഹിതവുമായ ആശയങ്ങളാല്‍ ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാന്‍ ശ്രദ്ധിക്കുക. അത്തരം ആശയങ്ങള്‍ ക്രിസ്തുവില്‍ നിന്നുമല്ല, പക്ഷേ ലോകജനതയുടെ വിലയില്ലാത്ത ആശയങ്ങളാണ് അതൊക്കെ. ദൈവത്തിലുളളതെല്ലാം ക്രിസ്തുവില്‍ പൂര്‍ണ്ണമായി ജീവിക്കുന്നു. (ക്രിസ്തുവിന്‍റെ ഭൂമിയിലുള്ള ജീവിതത്തില്‍ പോലും) 10 ക്രിസ്തുവില്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരാണ്, എല്ലാ അധികാരശക്തികളെയും ഭരിക്കുന്നത് ക്രിസ്തു ആണ്.
11 ക്രിസ്തുവില്‍ നിങ്ങള്‍ക്കൊരു വ്യത്യസ്തമായ പരിച്ഛേദനയായിരുന്നു ഉള്ളത്. ആ പരിച്ഛേദന ഒരുവന്‍റേയും കൈയാല്‍ നടത്തുന്നതല്ല. നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തില്‍ നിന്നും നിങ്ങളെ സ്വതന്ത്രരാക്കി എന്നതാണ് ഞാനുദ്ദേശിക്കുന്നത്. അതാണു ക്രിസ്തു നല്‍കുന്ന പരിച്ഛേദന. 12 നിങ്ങള്‍ സ്നാനപ്പെട്ടപ്പോള്‍ ക്രിസ്തുവിനോടൊപ്പം നിങ്ങളേയും സംസ്കരിച്ചു. അതുമാത്രമല്ല നിങ്ങളുടെ ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസം വഴി ക്രിസ്തുവിനോടു കൂടി ആ സ്നാനത്താല്‍ നിങ്ങളേയും ഉയിര്‍പ്പിച്ചു. ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയിര്‍ത്തിയതു വഴി ദൈവത്തിന്‍റെ ശക്തി സ്പഷ്ടമാക്കപ്പെട്ടു. 13 നിങ്ങളുടെ പാപം കൊണ്ടും നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തിന്‍റെ ശക്തിയില്‍ നിന്നും മോചിതരാകാതിരുന്നതു കൊണ്ടും നിങ്ങള്‍ മരിച്ചു. എന്നാല്‍ ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളേയും ജീവിപ്പിച്ചു. ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു. 14 ദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചതുകൊണ്ട് നാം കടക്കാരായി. നാം പിന്തുടരുന്നതില്‍ വീഴ്ചവരുത്തിയ എല്ലാ ചട്ടങ്ങളും ആ കടത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ദൈവം നമ്മളോടു പൊറുത്തു. ആ കടങ്ങളെല്ലാം കുരിശില്‍ തറച്ചു. 15 ദൈവം എല്ലാം ആത്മീയ അധികാരങ്ങളെയും ശക്തികളെയും പരാജയപ്പെടുത്തി. കുരിശുകൊണ്ട് ദൈവം വിജയം നേടിയെടുത്ത് ആ അധികാരികളെയും ശക്തികളെയും തോല്പിച്ചു. അവര്‍ ശക്തിഹീനരാണെന്ന് ദൈവം ലോകത്തിനു കാണിച്ചു കൊടുത്തു.
മാനുഷിക ചട്ടങ്ങളെ പിന്തുടരരുത്
16 തിന്നുകയോ കുടിക്കുകയോ അല്ലെങ്കില്‍ യെഹൂദരുടെ ആചാരക്രമങ്ങളെയോ കുറിച്ച് നിങ്ങളുടെ മേല്‍ ചട്ടങ്ങള്‍ അടിച്ചേല്പിക്കുവാന്‍ ആരേയും അനുവദിക്കാതിരിക്കുക. (ഉത്സവങ്ങള്‍, ചന്ദ്രോത്സവങ്ങള്‍, ശബ്ബത്തുകള്‍). 17 മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളത്രയും വരുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു നിഴലായിരുന്നു. എന്നാല്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ക്രിസ്തുവില്‍ കണ്ടെത്തി. 18 ദൂതന്മാരെ ആരാധിക്കുന്നതിലും വിനീതരാണെന്നു നടിക്കുന്നതിലും ചില ആള്‍ക്കാര്‍ അവര്‍ക്കു കിട്ടിയ ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും പറയുന്നു. “ഈ കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ട് നിങ്ങള്‍ തെറ്റുകാരാണെന്നു” പറയുവാന്‍ അത്തരം ആള്‍ക്കാരെ അനുവദിക്കാതിരിക്കുക. അവരിലാകെ മന്ദന്‍ അഹംഭാവമാണ്, കാരണം ദൈവീക ചിന്തകള്‍ക്കു പകരം ജഡീക ചിന്തകളാണ് അവരുടേത്. 19 അവര്‍ അവരെത്തന്നെ തലയായ ക്രിസ്തുവിനു കീഴ്പ്പെടുത്തുന്നില്ല. ശരീരം മുഴുവനും ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തു മൂലം ശരീരത്തിലെ എല്ലാ ഭാഗങ്ങളും പരസ്പരം കരുതുകയും അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ ബലപ്പെടുത്തുകയും അതിനെ ഒന്നായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ശരീരം വളരും.
20 നിങ്ങള്‍ ക്രിസ്തുവിനൊപ്പം മരിച്ചതുകൊണ്ട് ലോകത്തിന്‍റെ വ്യര്‍ത്ഥചട്ടങ്ങളില്‍ നിന്നും മുക്തരായി. അതുകൊണ്ട് ഇപ്പോഴും ലോകത്തിന്‍റേതെന്ന പോലെ എന്തിന് പ്രവര്‍ത്തിക്കണം? ഇത്തരം ചട്ടങ്ങളെന്തിനു പിന്തുടരുന്നു എന്നാണു ഞാനര്‍ത്ഥമാക്കുന്നത്. 21 “അതു തിന്നരുത്,” “അതു രുചിക്കരുത്,” “ആ സാധനം തൊടരുത്” എന്നിങ്ങനെ. 22 ഉപയോഗം കഴിഞ്ഞ് ത്യജിച്ച വസ്തുക്കളെപ്പോലെയാണ് ഈ ചട്ടങ്ങള്‍. ഈ കാര്യങ്ങളത്രയും ദൈവത്തില്‍നിന്നുള്ളതല്ല, മറിച്ച് അവയെല്ലാം ജനങ്ങളുടെ ആജ്ഞയും ആശയങ്ങളുമാണ്. 23 ഈ ചട്ടങ്ങള്‍ വിവേകപൂര്‍ണ്ണമെന്നു തോന്നാം. പക്ഷെ മനുഷ്യ നിര്‍മ്മിതങ്ങളായ മതങ്ങളുടെ ഭാഗമാണവ. ആ മതങ്ങള്‍ ആളുകളെ വിനീതര്‍ എന്നു നടിപ്പിക്കുന്നതിന് തങ്ങളുടെ ശരീരങ്ങളെ ശിക്ഷിക്കുന്നതിനും കൂട്ടു നില്‍ക്കുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ അവരുടെ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്ന ദുഷ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ സഹായിക്കുന്നില്ല.