ക്രിസ്തുവിലുള്ള പുതിയ ജീവന്‍
3
ക്രിസ്തുവിനോടൊപ്പം നിങ്ങളെയും മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങള്‍ കിട്ടുവാന്‍ ഹൃദയംഗമായി ആഗ്രഹിക്കുക. അവിടെ ദൈവത്തിന്‍റെ വലതു വശത്തായി ക്രിസ്തു ഇരിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങളെക്കുറിച്ചു മാത്രമേ വിചാരിക്കാവൂ, ഭൌമിക കാര്യങ്ങളെക്കുറിച്ചു പാടില്ല. നിങ്ങളുടെ പാപം നിറഞ്ഞ പഴയ സ്വയം മരിക്കുകയും നിങ്ങളുടെ പുതുജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ സംരക്ഷിക്കുകയും ചെയ്തു. ക്രിസ്തു ആണ് നിങ്ങളുടെ ജീവന്‍. ക്രിസ്തു വീണ്ടും വരുന്പോള്‍ നിങ്ങള്‍ അവന്‍റെ മഹത്വം പങ്കുവയ്ക്കും.
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദുഷ്ടതകളെയും:- ലൈംഗികപാപങ്ങള്‍, കളങ്കം, കാമം, ദുഷ്ചിന്തകള്‍ ഇവയെ നീക്കുക. വിഗ്രഹാരാധന നിങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. ദുഷ്കാര്യങ്ങള്‍ ആഗ്രഹിക്കരുത് ഇവയെ പുറത്താക്കുക. ഈ ആഗ്രഹം ഒരു കള്ളദൈവത്തിനു ശുശ്രൂഷ ചെയ്യുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഈ കാര്യങ്ങളൊക്കെ ദൈവത്തെ കോപാകുലനാക്കുന്നു. പണ്ടത്തെ നിങ്ങളുടെ ദുഷ്ടജീവിതത്തില്‍ നിങ്ങളും ഈ കാര്യങ്ങളൊക്കെ ചെയ്തിരുന്നു.
എന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്. പരസ്പരം കള്ളം പറയരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പാപജീവിതവും പണ്ടു ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു. 10 പുതുജീവിതം നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആ പുതുജീവനില്‍ നിങ്ങളെ പുതിയവരാക്കി, നിങ്ങളെ സൃഷ്ടിച്ചവനെപ്പോലെ നിങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആ പുതുജീവിതം ദൈവത്തിന്‍റെ യഥാര്‍ത്ഥമായ വിജ്ഞാനം നിങ്ങള്‍ക്കു കൊണ്ടുവരുന്നു. 11 അതില്‍ യവനനെന്നോ യെഹൂദനെന്നോ ഉള്ള വ്യത്യാസമില്ല. പരിച്ഛേദനക്കാരനെന്നോ അഗ്രചര്‍മ്മിയെന്നോ, വിദേശിയെന്നോ, സ്വദേശിയെന്നോ, പരിഷ്കൃതനെന്നോ, അപരിഷ്കൃതരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. എന്നാല്‍ ക്രിസ്തു അങ്ങനെയുള്ള എല്ലാ വിശ്വാസികളിലും ഉണ്ട്. ക്രിസ്തുവാണ് സര്‍വ്വോല്‍കൃഷ്ടന്‍.
12 ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് തന്‍റെ വിശുദ്ധ ജനമാക്കി. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. അതിനാല്‍ എല്ലാവരോടും കരുണയുള്ളവരാകുവിന്‍. ദയാലുവും വിനീതനും മൃദുലനും ശാന്തനും ആകുവിന്‍. 13 പരസ്പരം ദേഷ്യപ്പെടാതെ ക്ഷമിക്കുവിന്‍. കാരണം, കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചു. 14 ഇതെല്ലാം പാലിക്കുക. എന്നിരുന്നാലും ഏറ്റവും പ്രധാനം സ്നേഹമാണ്. പരിപൂര്‍ണ്ണ ഏകതയില്‍ നിങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് സ്നേഹമാണ്. 15 ക്രിസ്തു നിങ്ങള്‍ക്കു നല്‍കുന്ന സമാധാനം നിങ്ങളുടെ വിചാരങ്ങളെ നിയന്ത്രിക്കട്ടെ. സമാധാനം കിട്ടുന്നതിനായി നിങ്ങളെ എല്ലാവരെയും ഒരു ശരീരത്തിലേക്കു ഒരുമിച്ചു വിളിച്ചിരിക്കുന്നു. എപ്പോഴും നന്ദിയുള്ളവരാകുവിന്‍.
16 ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സന്പന്നമായി ജീവിക്കട്ടെ. പരസ്പരം ശക്തിപ്പെടുത്താനും നിങ്ങളുടെ എല്ലാ അറിവും ഉപയോഗപ്പെടുത്തുക. ദൈവത്തോടു ഹൃദയത്തില്‍ നന്ദിയുള്ളവരായി സങ്കീര്‍ത്തനങ്ങളും ഗീതങ്ങളും ആത്മീയഗാനങ്ങളും പാടുവിന്‍. 17 നിങ്ങളുടെ സംഭാഷണവും പ്രവൃത്തിയും എല്ലാം നിങ്ങളുടെ കര്‍ത്താവായ യേശുവിനു വേണ്ടിയാകട്ടെ. നിങ്ങളുടെ എല്ലാ പ്രവൃത്തികള്‍ക്കും പിതാവായ ദൈവത്തിന് യേശുക്രിസ്തു വഴി നന്ദി പറയുവിന്‍.
പുതുജീവന്‍ പരസ്പരബന്ധത്തില്‍
18 ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തിനു കീഴ്പ്പെടുക. ഇതാണു ക്രിസ്തുവില്‍ ചെയ്യേണ്ടതായ ശരിയായ രീതി.
19 ഭര്‍ത്താവ് തന്‍റെ ഭാര്യയെ സ്നേഹിക്കുകയും അവളോടു സൌമ്യത ഉള്ളവനുമായിരിക്കണം.
20 മക്കള്‍ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കണം. ഇതു കര്‍ത്താവിനെ പ്രീതിപ്പെടുത്തും.
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ നിങ്ങള്‍ കോപിപ്പിക്കരുത്. നിങ്ങളെ പ്രീതിപ്പെടുത്തുന്നത് കഠിനമായ ഒരു കാര്യമാണെങ്കില്‍ നിങ്ങളെ പ്രീതിപ്പെടുത്തുന്നതില്‍ നിന്ന് അവര്‍ നിരുത്സാഹപ്പെടും.
22 വേലക്കാര്‍ തങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യങ്ങളിലും അനുസരിക്കണം. യജമാനന്മാര്‍ നിങ്ങളുടെ അടുത്ത് ഇല്ലാത്ത സമയവും അനുസരിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മനുഷ്യരെ പ്രീതിപ്പെടുത്താനല്ല ശ്രമിക്കുന്നത്. പിന്നെയോ കര്‍ത്താവിനെയാണ്. അതിനാല്‍ സത്യസന്ധതയോടുകൂടെ അനുസരിക്കുക. കാരണം നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുന്നു. 23 നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും നിങ്ങളെക്കൊണ്ട് ആകാവുന്നതിന്‍റെ പൂര്‍ണ്ണതയില്‍ ചെയ്യുവിന്‍. ദൈവത്തിനുവേണ്ടി ജോലി ചെയ്യുന്നതുപോലെ ചെയ്യുവിന്‍. അതുവഴി നിങ്ങള്‍ ആളു കളെയല്ല ദൈവത്തെയാണ് സേവിക്കുന്നത്. 24 കര്‍ത്താവില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിഫലം കിട്ടുമെന്ന് ഓര്‍ക്കുവിന്‍. തന്‍റെ ജനത്തിനു വാഗ്ദാനം ചെയ്തത് അവന്‍ നിങ്ങള്‍ക്കു തരും. നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുവിനെയാണു ശുശ്രൂഷിക്കുന്നത്. 25 തെറ്റു ചെയ്താല്‍ ആ തെറ്റിനെപ്രതി ശിക്ഷിക്കപ്പെടുമെന്ന് ഓര്‍ക്കുവിന്‍. ദൈവം എല്ലാവരോടും ഒരുപോലെ പെരുമാറുന്നു.