എഫെസ്യര്‍ക്ക് എഴുതിയ ലേഖനം
1
ദൈവേച്ഛയാല്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് എന്ന ഞാന്‍ എഴുതുന്നു:
യേശുക്രിസ്തുവിലെ വിശ്വാസികളായ എഫെസൊസിലെ ദൈവത്തിന്‍റെ വിശുദ്ധജനത്തിന്.
നിങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും ആശംസിക്കുന്നു.
ക്രിസ്തുവിലെ ആത്മീയ അനുഗ്രഹങ്ങള്‍
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായവന് സ്തുതി. ക്രിസ്തുവില്‍ ദൈവം എല്ലാ ആത്മീയ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ നമുക്കു നല്‍കിയിരിക്കുന്നു. ലോകസൃഷ്ടിക്കു മുന്പു തന്നെ ദൈവം ക്രിസ്തുവില്‍ നമ്മളെ തിരഞ്ഞെടുത്തു. അവനു മുന്പില്‍ നാം പരിശുദ്ധരും കുറ്റമില്ലാത്തവരും ആകേണ്ടതിന് തന്‍റെ സ്നേഹം നിമിത്തം ദൈവം നമ്മെ തിരഞ്ഞെടുത്തു. ലോകസൃഷ്ടിക്കു മുന്പേ നമ്മെ യേശുക്രിസ്തുവില്‍ തന്‍റെ സ്വന്തം മക്കളാക്കുവാന്‍ ദൈവം തീരുമാനിച്ചിരുന്നു. ദൈവം ആഗ്രഹിച്ചത് അതായിരുന്നു. അതവനെ സന്തോഷിപ്പിക്കുകയും ചെയ്തു. അത് അവന്‍റെ അത്ഭുതകരമായ കാരുണ്യത്തിന് പുകഴ്ച ഉണ്ടാക്കുകയും ചെയ്യുന്നു. അവന്‍ ആ കാരുണ്യം നിര്‍ലോഭം നമുക്കു തന്നു. തന്‍റെ പ്രിയപ്പെട്ടവനായ ക്രിസ്തുവിലൂടെയാണ് ആ കാരുണ്യത്തെ അവന്‍ തന്നത്.
ക്രിസ്തുവില്‍ അവന്‍റെ മരണംകൊണ്ട് നാം സ്വതന്ത്രരാക്കപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യസമൃദ്ധിയില്‍ നമുക്ക് പാപങ്ങളില്‍ നിന്നു മാപ്പ്. ദൈവം തന്‍റെ കാരുണ്യം പൂര്‍ണ്ണമായും സൌജന്യമായും നമ്മില്‍ കോരിച്ചൊരിഞ്ഞു. അവന്‍ തന്‍റെ രഹസ്യ പദ്ധതിയെ മുഴുവന്‍ വിജ്ഞാനത്തിലും വിവേകത്തിലും നമ്മെ അറിയിച്ചു. ദൈവേച്ഛ അങ്ങനെയായിരുന്നു. അതൊക്കെ ക്രിസ്തുവിലൂടെ നിറവേറ്റാനായിരുന്നു അവന്‍റെ പരിപാടി. 10 ശരിയായ സമയത്ത് തന്‍റെ പരിപാടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ക്രിസ്തുവിനെ ശിരസ്സാക്കിക്കൊണ്ട് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും എല്ലാ വസ്തുക്കളേയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം പരിപാടിയിട്ടു.
11 ദൈവത്തിന്‍റെ ജനമായി ക്രിസ്തുവില്‍ അവന്‍ നമ്മെ തെരഞ്ഞെടുത്തു. അവന്‍റെ ആഗ്രഹത്തിനനുസരിച്ച് ഞങ്ങളെ അവന്‍റെ ആളുകളാക്കാന്‍ ദൈവം കാലേതന്നെ ആ ലോചിച്ചിരുന്നു. എല്ലാം തന്‍റെ തീരുമാനത്തിനും ആഗ്രഹത്തിനും അനുസരിച്ച് ആക്കിത്തീര്‍ക്കുന്നവനാണ് ദൈവം. 12 ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശ അര്‍പ്പിച്ചവരാണ് ഞങ്ങള്‍. ദൈവമഹത്വത്തെ ഞങ്ങള്‍ വാഴ്ത്തും എന്നതിനാലാണ് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. 13 നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ സത്യ ഉപദേശമായ രക്ഷയുടെ സുവിശേഷം നിങ്ങള്‍ കേട്ടു. അതു കേട്ടപ്പോള്‍ നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ദൈവം തന്‍റെ വാഗ്ദാനത്തിന് അനുസരിച്ച് പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിക്കൊണ്ട് ക്രിസ്തുവില്‍ അവന്‍ തന്‍റെ അടയാളം നിങ്ങളുടെമേല്‍ ചാര്‍ത്തി. 14 ദൈവം തന്‍റെ ജനതയ്ക്കു വാഗ്ദാനം ചെയ്തതെല്ലാം നമുക്കു ലഭിക്കുമെന്നതിനു തെളിവാണ് ഈ പരിശുദ്ധാത്മാവ്. അത് ദൈവത്തിന്‍റെ ജനതയെ പൂര്‍ണ്ണ സ്വതന്ത്രരാക്കും. ഇതിന്‍റെ എല്ലാം ആത്യന്തിക ലക്ഷ്യം ദൈവമഹത്വത്തിന്‍റെ പുകഴ്ചയാണ്.
പൌലൊസിന്‍റെ പ്രാര്‍ത്ഥന
15-16 അതുകൊണ്ടൊക്കെ ഞാന്‍ നിങ്ങളെ എന്‍റെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍മ്മിക്കുകയും നിങ്ങള്‍ക്കായി ദൈവത്തോടു നന്ദി പറയുകയും ചെയ്യുന്നു. കര്‍ത്താവായ യേശുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും ദൈവത്തിന്‍റെ ജനതയോടു നിങ്ങള്‍ കാട്ടുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതല്‍ ഞാന്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. 17 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവമായ മഹത്വം നിറഞ്ഞ പിതാവിനോട് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് അവനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന വിവേകത്തിന്‍റെയും അറിവിന്‍റെയും ആത്മാവിനെ ദൈവം നല്‍കണം എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
18 നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തിനെന്ന പ്രത്യാശ നിങ്ങളറിയും. ദൈവം തന്‍റെ വിശുദ്ധജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ സന്പന്നവും മഹത്തുമാണെന്നു നിങ്ങളറിയും. 19 വിശ്വസിക്കുന്ന നമുക്ക് ദൈവത്തിന്‍റെ ശക്തി വളരെ മഹത്താണെന്നും നിങ്ങളറിയും. 20 ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ദൈവം ഉപയോഗിച്ച അതേ മഹല്‍ശക്തിയാണത്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ ദൈവം ക്രിസ്തുവിനെ തന്‍റെ വലതു വശത്തു ഇരുത്തി. 21 ദൈവം യേശുവിനെ എല്ലാ ഭരണാധിപന്മാരിലും അധികാരികളിലും ശക്തികളിലും രാജാക്കന്മാരിലും പ്രധാനിയാക്കി. ഈ ലോകത്തിലോ അടുത്ത ലോകത്തിലോ ഉള്ള ശക്തിയുള്ള എന്തിനേക്കാളും പ്രധാനമാണ് ക്രിസ്തു. 22 ദൈവം എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ ശക്തിയിന്‍ കീഴിലാക്കി. സഭയ്ക്കുവേണ്ടി എല്ലാറ്റിന്‍റെയും അധിപതിയായും (തല) ദൈവം യേശുവിനെ വാഴിച്ചു. 23 സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭ ക്രിസ്തുവിനാല്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. അവന്‍ എല്ലാം എല്ലാത്തരത്തിലും പൂര്‍ണ്ണമാക്കുന്നു.